രചന: ഉണ്ണി ആറ്റിങ്ങൽ
കടുത്ത മാനസിക സംഘർഷവുമായി ആണ് മിഥുൻ എന്ന ചെറുപ്പക്കാരൻ ആദ്യമായി എന്നെക്കാണാൻ എത്തുന്നത്….
ഡോക്ടർ എന്റെ പേര് മിഥുൻ, വിദേശത്താണ് ജോലി ചെയ്യുന്നത്. ഭാര്യ മിത്ര, ഒരു മകളുണ്ട് അമ്മു. മിഥുൻ സ്വയം പരിചയപ്പെടുത്തി….
പറയൂ മിഥുൻ…
ഡോക്ടർ, കുറച്ച് കാലമായി എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളത് പോലെ, എന്റെ സ്വഭാവം നല്ലതല്ല ഡോക്ടർ.. എപ്പോഴും വഴക്കുണ്ടാക്കും, മനസ്സ് നിറയെ സ്നേഹമുണ്ട്, പക്ഷെ ആ സ്നേഹം ആർക്കും മനസ്സിലാകുന്നില്ല.
അല്ല സ്നേഹം കാട്ടാൻ എനിക്കറിയില്ല, പിന്നെയും, പിന്നെയും എന്തൊക്കെയോ, ആർക്കും എന്നോടിഷ്ടമില്ല, എന്റെ മിത്ര അവൾക്കു പോലും ഇപ്പൊ എന്നെ വേണ്ട ഡോക്ടർ….
ആരാ മിഥുനോട് ഇതൊക്കെ പറഞ്ഞത്… മിത്ര പറഞ്ഞോ മിഥുനെ വേണ്ടാന്ന്..
ഇല്ല ഡോക്ടർ, ആരും പറഞ്ഞതല്ല, എനിക്കറിയാം എന്റെ ക്യാരക്ടർ നല്ലതല്ല, എനിക്ക് ചികിത്സ വേണം ഡോക്ടർ. പഴയ പോലെ എന്റെ മിത്ര, അവളെന്നെ സ്നേഹിക്കണം, അവളല്ലാതെ എനിക്ക് മറ്റാരുമില്ല, എന്നെ സഹായിക്കണം സർ..
ഒരു വല്ലാത്ത മാനസികാവസ്ഥയിൽ ആയിരിന്നു മിഥുനപ്പോൾ…
ശരി ഞാൻ മിഥുനെ സഹായിക്കാം, പക്ഷെ അങ്ങനെ തോന്നാനുള്ള കാരണം എന്താണെന്ന് മിഥുൻ തുറന്ന് പറയണം, എങ്കിലേ എനിക്ക് എല്ലാം മനസ്സിലാക്കി തന്നെ ചികിൽസിക്കാൻ കഴിയൂ…
പറയാം ഡോക്ടർ, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി, പ്രേമവിവാഹം ആയിരിന്നു.
അതോടെ രണ്ടു പേരുടെയും കുടുംബങ്ങൾ ശത്രുക്കളായി, ഒരു ചെറിയ വാടക വീട്ടിൽ ആയിരിന്നു പിന്നീടുള്ള താമസം. എനിക്കവളും അവൾക്കു ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു.
അമ്മു മോളും കൂടി വന്നപ്പോ ഒരു കൊച്ചു സ്വർഗം തന്നെ ആയിരിന്നു ഞങ്ങളുടെ ജീവിതം. പക്ഷെ എന്റെ ചെറിയ വരുമാനം കൊണ്ട് ജീവിക്കാൻ കഴിയാത്ത ഒരു സാഹചര്യം വന്നപ്പോഴാണ് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു വിസ ശരിയാക്കിയതും ഞാൻ സൗദിയിലേക്ക് പോയതും…
എല്ലാ ദിവസവും മുടങ്ങാതെ ഞാനവളെ വിളിക്കുകയും മെസ്സേജ് ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. എന്റെ ഒരു മെസ്സേജിനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് കണ്ട് എനിക്ക് തന്നെ പലപ്പോഴും അത്ഭുതം തോന്നിട്ടുണ്ട്, പക്ഷേ കഴിഞ്ഞ കുറെ മാസങ്ങളായി അവൾ ആകെ മാറി, ഇപ്പൊ അവൾക്കെന്നെ വേണ്ട ഡോക്ടർ, അവൾക്കു എന്നെക്കാൾ വലുതിപ്പോ അവളുടെ ഓൺലൈൻ സുഹൃത്തുക്കളാണ്. അവരൊക്കെ വന്നപ്പോൾ അവള് പഴയതെല്ലാം മറന്നു. ഇപ്പോ അവൾക്കെന്റെ മെസ്സേജിന് ഒരു മറുപടി തരാൻ പോലും സമയമില്ല ഡോക്ടർ…
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓൺലൈനിൽ കാണുമ്പോൾ ഞാനവളെ വഴക്കു പറയാറുണ്ട്, പക്ഷെ അത് അവളുടെ നന്മക്കു വേണ്ടിയാണെന്നും സ്നേഹം കൊണ്ടാണെന്നും അവള് മനസ്സിലാക്കുന്നില്ല.
ദിവസവും പത്രങ്ങളിലും ടിവിയിലും ഒക്കെ ഓരോന്നു കാണുമ്പോൾ എനിക്ക് പേടിയാണ് ഡോക്ടർ. അവൾ പാവമാണ്, ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിപ്പെണ്ണ്, ആർക്കു വേണോ അവളെ പറ്റിക്കാൻ വളരെ എളുപ്പമാണ്, അതുകൊണ്ടാണ് ഞാനവളെ വഴക്കു പറയുന്നത്. എനിക്കവള് മാത്രേ ഉള്ളു സർ. പക്ഷെ അവൾ പറയുന്നത് എനിക്കെന്തോ മാനസിക പ്രശനം ഉള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നാണ്.
കഴിഞ്ഞ കുറേ മാസങ്ങളായി ഇതിന്റെ പേരിൽ വഴക്കൊഴിഞ്ഞ ഒരു ദിവസം പോലും ഞങ്ങൾക്കിടയിൽ ഇല്ല ഡോക്ടർ…
നിറഞ്ഞു തളുമ്പിയ കണ്ണുകളോടെ പിന്നെയും മിഥുൻ ഒരുപാട് കാര്യങ്ങൾ കാര്യങ്ങൾ പറഞ്ഞു.
പൊസസ്സീവ്നെസ്സ് ആണ് മിഥുന്റെ മനസ്സിനെ ബാധിച്ചിട്ടുള്ള പ്രശ്നം എന്നെനിക്കു മനസ്സിലായി, അതിനോടൊപ്പം മിത്രയോടുള്ള അമിതമായ സ്നേഹവും ഇന്നത്തെ കാലത്തെ ഓൺലൈൻ ചതിക്കുഴികളെ പറ്റിയുള്ള ഉൾഭയവും ആയിരിന്നു അയാളുടെ മനസ്സിനെ ബാധിച്ചിരിന്നത്….
ഞാൻ മിഥുനെ സമാധാനിപ്പിച്ചു, ശരി, മിഥുൻ പറഞ്ഞു കേട്ടിടത്തോളം മിഥുന് ഒരു പ്രശ്നവും ഉള്ളതായി എനിക്ക് തോന്നുന്നില്ല. എന്റെ അഭിപ്രായത്തിൽ ചികിത്സ വേണ്ടത് മിത്രക്കാണ്.
എനിക്ക് മിത്രയോടാണ് സംസാരിക്കേണ്ടത്. നാളെ മിത്രയെയും കൂട്ടി വരാമെന്ന ഉറപ്പ് തന്ന് മിഥുൻ യാത്ര പറഞ്ഞിറങ്ങി…
പിറ്റേന്ന് രാവിലെ തന്നെ മിഥുനും മിത്രയും ഒരുമിച്ച് എന്നെക്കാണാനെത്തി, മിഥുനോട് അല്പനേരം പുറത്തിരിക്കാൻ പറഞ്ഞു മിത്രയോട് മാത്രമായി ഞാൻ സംസാരിച്ച് തുടങ്ങി. മിത്രക്കും പറയാനുണ്ടായിരുന്നത് ഇതൊക്കെ തന്നെ ആയിരുന്നു, എന്തു ചെയ്താലും മിഥുൻ എപ്പോഴും കുറ്റം മാത്രം കണ്ടെത്തുന്നു, എപ്പോഴും വഴക്കു പറയുന്നു, ഓൺലൈനിൽ തന്റെ സുഹൃത്തുക്കളോട് മിണ്ടാൻ പോലും സമ്മതിക്കുന്നില്ല, എന്നോട് ഒരു സ്നേഹവുമില്ല, തുടങ്ങി പരാതികളും പരിഭവങ്ങളും മാത്രം….
എനിക്കെന്നല്ല ഒരു ഡോക്ടർക്കും മിഥുനെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ല. കാരണം പൊസസ്സീവ്നെസ്സ് ഒരിക്കലും ഒരു രോഗമല്ല. മിഥുന്റെ മനസ്സിനെ ബാധിച്ച ഒരവസ്ഥ മാത്രമാണത്. ഇന്ന് മിക്ക കുടുംബങ്ങളിലും കണ്ടു വരുന്ന ഒരു പ്രശനം തന്നെയാണ് പൊസസ്സീവ്നെസ്സ്, ഒന്നുകിൽ ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന്, മറ്റുള്ളവരിൽ നിന്നും കൂടുതൽ തന്നെ മാത്രം സ്നേഹിക്കണം എന്നുള്ള സ്വാർഥത, ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ മനസ്സിൽ മറ്റെല്ലാവരെക്കാളും മുൻഗണന തനിക്ക് മാത്രം ആയിരിക്കണം എന്നുള്ള വാശി, ഇതിനെയൊക്കെയാണ് പൊസസ്സീവ്നെസ്സ് എന്ന് വിളിക്കുന്നത്. മിക്കവരും പരസ്പരം കുറ്റപ്പെടുത്തുകയല്ലാതെ എന്തു കൊണ്ടാണ് പൊസസ്സീവ്നെസ്സ് ഉണ്ടാകുന്നത് എന്ന് ആരും ചിന്തിക്കാറില്ല. പങ്കാളിയോട് തനിക്കുള്ള പറഞ്ഞറിയിക്കാൻ കഴിയാത്ത ആത്മാർഥമായ സ്നേഹം തന്നെയാണ് ഇതിന് കാരണം…
ഭാര്യ അല്ലെങ്കിൽ ഭർത്താവ് മറ്റുള്ളവരോട് കൂടുതൽ അടുക്കുമ്പോൾ തന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമോന്നുള്ള ഭയം, സുഹൃത്തുക്കൾ കൂടിയപ്പോൾ തന്നെ അവഗണിക്കുന്നു എന്നുള്ള തോന്നൽ, താൻ കൂടെയില്ലെങ്കിൽ ചതിക്കുഴികളിൽ പോയി പെട്ടുപോകുമോന്നുള്ള പേടി, ഇതൊക്കെയാണ് മിക്കവരുടെയും മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ.
പക്ഷെ ഇതെല്ലാം അവർ നിങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ടാണെന്ന് മാത്രം ആരും മനസ്സിലാക്കുന്നില്ല. സ്നേഹം കൊണ്ടല്ലാതെ ദേഷ്യം കൊണ്ടോ വാശി കൊണ്ടോ ഇത്തരക്കാരെ ഒരിക്കലും നേരെയാക്കുവാനും നമുക്ക് കഴിയില്ല. കാരണം അവർ ആഗ്രഹിക്കുന്നത് നിങ്ങളുടെ സ്വത്തോ പണമോ ഒന്നുമല്ല, നിങ്ങളുടെ മനസ്സ് നിറഞ്ഞ സ്നേഹവും സാമിപ്യവും മാത്രമാണ്, അതവർക്ക് നൽകാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നിങ്ങളുടെ ഏത് ആഗ്രഹത്തിനും മുന്നിൽ ഉണ്ടാവുക അവർ തന്നെ ആയിരിക്കും..
മിത്ര ഒന്നു മനസ്സിലാക്കണം, താലി കെട്ടിയ ഭർത്താവിനേക്കാൾ വലുതല്ല ഒരു ഓൺലൈൻ സുഹൃത്തുക്കളും, ഇവിടെ മിത്രക്ക് മറ്റാരേക്കാളും വലുത് മിഥുൻ തന്നെയാണെന്നുള്ള വിശ്വാസം അയാളുടെ മനസ്സിൽ ഉണ്ടാക്കാൻ തനിക്കു കഴിഞ്ഞാൽ നിങ്ങളുടെ പ്രശ്നങ്ങളും അവിടെ അവസാനിക്കും. അതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് ക്ഷമയോടെയും സ്നേഹത്തോടെയും മാത്രം മിഥുനോട് പെരുമാറുക എന്നത് മാത്രമാണ്…..
ഇത്രയൊക്കെ വിഷമങ്ങൾ ഉണ്ടായിട്ടും മിത്രയെ കുറ്റപ്പെടുത്താതെ എനിക്കാണ് രോഗം എന്നു മിഥുൻ പറഞ്ഞത് അയാൾക്ക് മിത്രയെ അത്രത്തോളം ജീവൻ ആയത് കൊണ്ട് മാത്രമാണ്. സംശയം ഉണ്ടെങ്കിൽ മിത്ര ഇതു കേട്ട് നോക്കു. മിഥുൻ അറിയാതെ റെക്കോഡ് ചെയ്ത അയാളുടെ മനസ്സിലെ സങ്കടങ്ങളും ആവലാതികളും ഞാൻ മിത്രയെ കേൾപ്പിച്ചു… എല്ലാം കേട്ടു കഴിഞ്ഞു നിറകണ്ണുകളോടെ യാത്ര പറഞ്ഞിറങ്ങുമ്പോൾ മിത്ര എനിക്കൊരു വാക്കു തന്നിരുന്നു…
താനായിട്ട് ഇനി ഒരിക്കലും മിഥുനെ വേദനിപ്പിക്കില്ല എന്നൊരു വാക്ക്……
മാസങ്ങൾക്കു ശേഷം അവരുടെ വിവാഹ വാർഷികത്തിന് ക്ഷണിക്കാൻ മിത്രയും മിഥുനും എന്നെക്കാണാൻ വന്നിരുന്നു. മിഥുൻ വളരെ സന്തോഷവാൻ ആയിരിന്നു, ഡോക്ടർ ആണ് ഞങ്ങളുടെ ജീവിതം തിരിച്ചു തന്നതെന്ന് പറഞ്ഞു തൊഴു കൈകളോടെ എന്റെ മുന്നിൽ നിന്ന അവരോടു പറയാൻ എനിക്ക് ഒന്നേ ഉണ്ടായിരുന്നുള്ളൂ…..
“നിങ്ങളുടെ സന്തോഷത്തിന് വേണ്ടി ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല. നിങ്ങളുടെ ആത്മാർഥ സ്നേഹം പരസ്പരം മനസ്സിലാക്കാൻ ഞാൻ ഒരു നിമിത്തമായി എന്നു മാത്രം. ഈ ലോകത്ത് കുറ്റങ്ങളും കുറവുകളുമില്ലാത്ത ആരും തന്നെയില്ല. അതു തിരിച്ചറിഞ്ഞ് പരസ്പരം സ്നേഹിക്കാനും മനസ്സിലാക്കാനുമുള്ള മനസ്സു നിങ്ങൾ ഓരോരുത്തരും കാണിച്ചാൽ ഭൂമിയിലെ ഓരോ കുടുംബങ്ങളും സ്വർഗം തന്നെയാണ്……
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ..
കൂടുതൽ കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…
രചന: ഉണ്ണി ആറ്റിങ്ങൽ