രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ.. അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ സങ്കടം ആയിരുന്നോ എന്നെനിക്കു മനസ്സിലായിരുന്നില്ല.
എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു. കേറിവാ എന്ന് അവളുടെ അടുത്ത് മാത്രമേ അമ്മ പറഞ്ഞുള്ളു.
പൂജാമുറിയിൽ വിളക്കു വെച്ച ശേഷം. അവളെ ഞാൻ എന്റെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയി..
ഹേയ് താൻ ഇതൊന്നും കാര്യമാക്കണ്ട… അതൊക്കെ ശരിയായിക്കോളും എന്നു പറഞ്ഞു ഞാൻ മുറിയിൽ നിന്നു പുറത്തേക്കു ഇറങ്ങി. എങ്ങിനെ ശരിയാകും എന്നു മാത്രം എനിക്കറിയില്ലായിരുന്നു.
ഞാൻ നേരെ ചെന്നത് അടുക്കളയിലേക്കാണ്..
അമ്മ പെരുമാറുന്ന പത്രങ്ങൾക്കു പതിവില്ലാതെ ശബ്ദമാറ്റം..
എന്നാലും പിന്നിൽ കൂടെ ചെന്നു ഞാൻ അമ്മേടെ രണ്ടു തോളിലും കൈ വെച്ചു ഒരു തോളിൽ മുഖം ചേർത്തു വെച്ചു.. സോറി അമ്മ.. എന്നു പറഞ്ഞപ്പോൾ.. അമ്മേടെ ഉള്ളിൽ നിന്നു വന്നത് ഒരു ഏങ്ങലായിരുന്നു
ആ ഏങ്ങലിലും അമ്മ പറഞ്ഞു എന്നെ നീ അങ്ങിനെ വിളിക്കണ്ട എന്നു.
ഇങ്ങനെ ഒരു കല്യാണം കഴിക്കേണ്ട ഗതികേടൊന്നും ഇന്നു വരെ ഈ കുടുംബത്തിൽ ഉണ്ടായിട്ടില്ല.
എന്നെ ഓർക്കേണ്ട നീ അല്ലെങ്കിലും നിനക്കൊക്കെ വേണ്ടി അന്യനാട്ടിൽ കിടന്നു കഷ്ടപ്പെട്ട് പറയുന്നതൊക്കെയും വാങ്ങി തന്നു ഒരു കുറവുമില്ലാതെ. വളർത്തിയ അച്ഛനെ പറ്റിയെങ്കിലും നീ ഓർത്തോ? നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖത്തുഎങ്ങിനെ നോക്കും ഞങ്ങൾ
അമ്മയുടെ ചോദ്യങ്ങൾക്കൊന്നും എനിക്കു ഉത്തരമില്ലായിരുന്നു .
എന്നാലും ഞാൻ പറഞ്ഞു.. അമ്മ വിചാരിക്കണപോലെ എടുത്തുചാടി തീരുമാനിച്ചു കൊണ്ടുവന്നതൊന്നുമല്ല ഞാൻ..
എന്റെ ഓഫീസിൽ Work ചെയ്യുന്ന കുട്ടിയാണ്..
അവളുടെ മാത്രം പ്രയത്നം കൊണ്ടു കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിച്ച ജോലിയാണ്.. എന്റെ ഫ്രണ്ട് ആയിരുന്നു പിന്നെപ്പോഴോ..
അവളുടെ അമ്മ മരിച്ചതിൽ പിന്നെ അവളും അവളുടെ രണ്ടാനച്ഛനും മാത്രമായി… അയാളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നപ്പോൾ.. അതു ഞാനങ്ങിനെയാ പറയാ. ആ ഒരു അവസ്ഥയിൽ ആയപ്പോൾ ആ വീട്ടിൽ അവളൊട്ടും സുരക്ഷിതയല്ലായിരുന്നു..
അവളു ഹോസ്റ്റലിൽ നിൽക്കേണ്ട അവസ്ഥയായി.. അയാളു അവിടെയും വന്നു പ്രശ്നങ്ങൾ തുടങ്ങി..
ഒരു ദിവസം ഓഫീസിൽ വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ. ഞാൻ പ്രതികരിച്ചു..
ഒന്നു കൊടുക്കേണ്ടി വന്നു.. ഇനി അവിടെ നിന്നാൽ ശരിയാവില്ല നമ്മുടെ നാടല്ലല്ലോ എന്നു പറഞ്ഞു മാനേജ്മെന്റ് നാട്ടിലേക്ക് ട്രാൻസ്‌ഫെർ അടിച്ചുതന്നു.
ആരുമില്ലാത്ത അവസ്ഥയിൽ വിട്ടിട്ടു പോരാൻ മനസുവന്നില്ല. അതാണ്കൂടെ കൊണ്ടുവന്നത്..
പിന്നെ അമ്മ ഈ പറയുന്ന ബന്ധുക്കളൊക്കെ കുറ്റം പറയാൻ അല്ലാതെ എന്തിനാ വരാറ്.
ഉപകാരമില്ലാത്ത അഭിപ്രായങ്ങൾ പറഞ്ഞിട്ട് പോവാനല്ലാതെ വേറെന്താ അവരെക്കൊണ്ടൊക്കെ ഉണ്ടായേക്കുന്നതു..
എല്ലായിടത്തേക്കും ആദ്യം ഓടി ചെല്ലുന്നതു നമ്മളല്ലായിരുന്നോ? എന്നിട്ട് മ്മക്കൊരു ആവശ്യം വന്നപ്പോൾ ആരെയും കണ്ടില്ലല്ലോ..
ഞാൻ അവിടെ രജിസ്റ്റർ ചെയ്തു എന്നേ ഉള്ളൂ..
അമ്മേ, നിയമത്തിന്റെ ഒരു പ്രൊട്ടക്ഷൻ.. ആരും ഇനി അവകാശം പറഞ്ഞുവരാതിരിക്കാൻ വേണ്ടി..
ഇനി ഞാനേ ഉള്ളൂ.. അവൾക്കു.. അല്ല നമ്മളെ ഉള്ളൂ.. ഒരു പാവം ആണ്.. സംസാരിക്കാൻ കൂടി പറ്റില്ല അവൾക്കു.. അമ്മ ഉപേക്ഷിക്കരുത്.
പിന്നെ നാടും നാട്ടുകാരെയും വിളിച്ചു ആർഭാടം ഒക്കെയായി നടത്തുമ്പോൾ ചിലപ്പോൾ നമ്മൾക്ക് മനസ്സിന് പിടിച്ച ആളാവണം എന്നൊന്നും ഇല്ലല്ലോ.. സ്നേഹിച്ചുപോയി അമ്മാ..
പിന്നെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ല ഒന്നും. ഒരുപക്ഷേ പറഞ്ഞാലും അമ്മ സമ്മതിക്കോ.
ആരുമില്ലാത്ത ഒരു കുട്ടിയെ അതും സംസാരശേഷി ഇല്ലാത്തൊരു കുട്ടിയെ. എല്ലാവരും കൂടി എതിർത്താൽ ഞാൻ ചിലപ്പോൾ.. ആ ശാപം ഞാൻ എവിടെകൊണ്ടോയിട്ടാ തീർക്കാ?
സഹതാപം കൊണ്ടുള്ള ഇഷ്ടമൊന്നുമല്ല ശരിക്കും ഇഷ്ടമുള്ളതുകൊണ്ടുതന്നെയാണ്. കൂടെ കൊണ്ടുവന്നതും
ഞാൻ എന്തായാലും അച്ഛനെ വിളിക്കട്ടെ.. അച്ഛന്റെ തീരുമാനം ആണ് എന്റെയും തീരുമാനം..
പ്രതീക്ഷിച്ചപോലെ അച്ഛൻ പൊട്ടിതെറിച്ചില്ല..
അച്ഛന്റെ തീരുമാനം ഇതായിരുന്നു കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു താലികെട്ട് വേണ്ടപ്പെട്ട കുറച്ചുപേരെ വിളിച്ചു ഒരു വിരുന്നു. അങ്ങിനെ കല്യാണമെന്ന ചടങ്ങ് കഴിഞ്ഞു..
കണക്കുകൂട്ടലുകൾ തെറ്റിച്ച എന്നോട് മനസ്സിൽ വിരോധം ഉണ്ടായിരുന്നു. രണ്ടുപേർക്കും…
അതവളുടെ പെരുമാറ്റം കൊണ്ടു അലിഞ്ഞില്ലാതായി..
ഇപ്പോൾ അവളെന്നു വെച്ചാൽ ജീവനാണ്.. രണ്ടാൾക്കും…
അളവ്കോലുകളില്ലാത്ത സ്നേഹത്തിനു മുൻപിൽ തീരാവുന്ന പിണക്കങ്ങളല്ലേ.. നമുക്കിടയിൽ ഉണ്ടാവൂ..
ചില തീരുമാനങ്ങളൊക്കെ പെട്ടെന്ന് എടുക്കേണ്ടതാണ്… മാറി നിന്നു നോക്കുന്നവർക്ക് പറയാൻ ഒരുപാടു അഭിപ്രായങ്ങളും ഉണ്ടാകും..
ജീവിതം നമ്മുടേതാണ് നമ്മുടേത് മാത്രമാണ്…
നിങ്ങളുടെ സ്വന്തം ചെറുകഥ ഈ പേജിൽ ചേർക്കാൻ മടിക്കാതെ ഇപ്പോൾ തന്നേ ഇൻബോക്സിലേക്ക് അയക്കൂ….
സ്നേഹപൂർവ്വം
രചന : ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
Crazy Love Stories – Episode 4
Real love stories narrated – യഥാർത്ഥ പ്രണയകഥകൾ