നമ്മൾ ജീവിതം തുടങ്ങിയതെയുളളുവെന്ന കാര്യം മറക്കണ്ട…

രചന: Saji Mananthavady

” ഹലോ അച്ഛാ ഗുഡ് മോണിംഗ് . എഴുന്നേറ്റോ ? ഇപ്പോ നടുവേദന കുറവുണ്ടോ ? അച്ഛനിന്ന് രജിസ്റ്റർ ഓഫീസിൽ പോയിട്ട് വരുമ്പോൾ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ കയറി കുറച്ച് കുഴമ്പ് വാങ്ങാൻ മറക്കണ്ട .പിന്നെ അച്ഛന്റെ അധാർ കാർഡും ഒറിജിനൽ ആധാരവും എടുക്കാൻ മറക്കല്ലെ ? എന്റെ ഡ്രൈവർ വേണു ഒൻപതരക്ക് എത്തും. അതിന് മുമ്പ് റെഡിയായിക്കണം കേട്ടോ . ഇന്ന് കടയിൽ പിടിപ്പത് പണിയുണ്ട് അല്ലെങ്കിൽ ഞാനും വരുമായിരുന്നു. പിന്നെ രജിസ്ട്രേഷൻ എന്തായിന്ന് ചേച്ചിയും ജ്യേഷ്ഠനും ചോദിച്ചിരുന്നു. അവർക്ക് ആ പണം കിട്ടിയിട്ട് എന്തൊക്കെയോ പ്രൊജക്ടുകൾ ചെയ്യാനുണ്ടെന്നാണ് പറഞ്ഞത്. അച്ഛനെ പോലെ ഒരാളെ കിട്ടിയത് നമ്മുടെ ഭാഗ്യമാ . ഈ ഞായാറാഴ്ച ഞങ്ങൾ കുടംബസമേതം വരുന്നുണ്ട്. അച്ഛൻ ഏറ്റവും ഇഷ്ടപ്പെട്ട ചില വിഭവങ്ങൾ സുജയുണ്ടാക്കിയിട്ടുണ്ട്. കടയിൽ പോകാൻ സമയമായിയെന്ന് സുജ പറയുന്നു. ഞാൻ വൈകുന്നേരം വിളിക്കാം. അച്ഛാ ഞാൻ പറഞ്ഞതൊന്നും മറക്കല്ലേ .”

“മക്കൾക്ക് ഇപ്പോൾ എന്തൊരു സ്നേഹം ! ഗുഡ് മോണിംഗ് !തന്റെ പേരിലുള്ള നഗരത്തിലെ പത്ത് സെന്റ് സ്ഥലം വിറ്റത്തിന്റെ രജിസ്ട്രേഷൻ ഇന്നാണ്. അതിന് ലഭിക്കുന്ന രണ്ടര കോടി രൂപ കിട്ടാൻ വേണ്ടിയാണ് ഈ സ്നേഹം . കൈയിൽ കിട്ടിയ ഒരോ ചില്ലിക്കാശയം ചിലവഴിക്കാതെ ഒരുപാട് സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഇപ്പോ അവയിൽ നല്ലൊരു ഭാഗവും വിറ്റ് മക്കൾക്ക് കൊടുത്തു .എന്നിട്ടും അവർക്ക് ത്യപ്തിയായിട്ടിട്ടില്ല. ഗണപതിയെ കല്യാണത്തിന് ക്ഷണിച്ചതുപോലെ അവർ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നു. പണം കൈയിൽ കിട്ടുന്നതോടെ അവർക്ക് അച്ഛനോടുള്ള സ്നേഹവും തീരും. മക്കൾക്ക് വേണ്ടിയാണ് ഇത്രകാലം ജീവിച്ചത്. പക്ഷെ അവർക്ക് തന്നോട് സ്നേഹമുണ്ടോ ? ഇടക്ക് അവർ ചോദിക്കാറുണ്ട് അച്ഛനെന്തിനാ പണം? അച്ഛന് പെൻഷൻ കിട്ടുന്നുണ്ടല്ലോ. ശരിയാണ് പെൻഷനായിട്ട് നല്ലൊരു തുക കിട്ടുന്നുണ്ട്. അതുകൊണ്ട് തനിക്ക് സുഖമായി ജീവിക്കാം. എന്നാലും മക്കളോടൊപ്പം ജീവിക്കണമെന്നായിരുന്നു സൗമിനിയുടെ മരണ ശേഷം ആഗ്രഹിച്ചത്. പക്ഷെ മക്കളിൽ ഒരാളും അവരുടെ വീട്ടിലേക്ക് ക്ഷണിച്ചില്ല. അച്ഛൻ വീട്ടിലേയ്ക്ക് വരുന്നുണ്ടോയെന്ന് ഭംഗി വാക്കിന് പോലും പറഞ്ഞിട്ടില്ല. പക്ഷെ ഒരോ സ്ഥലവും വിൽക്കുമ്പോൾ അവരുടെ വീതം കിട്ടാൻ കൃത്യസമയത്ത് പൂർണ്ണ ചന്ദ്രനെ പോലെ പുഞ്ചിരി പൊഴിച്ച് ഓടിവരും. വീതം കിട്ടുന്നത്തോടെ പൂർണ്ണ ചന്ദ്രന്മാർ അമാവാസികളുമാകും. പിന്നീട് ആലുവ മണപ്പുറത്ത് കണ്ടഭാവം കാണിക്കില്ല. നമ്മുടെ മുൻജന്മ പാപങ്ങളാണ് സ്നേഹമില്ലാത്ത മക്കളുണ്ടാക്കാൻ കാരണമെന്ന് ബാലേട്ടൻ പറഞ്ഞത് ശരിയായിരിക്കാം. ഒറ്റക്കുള്ള ജീവിതം മടുത്തു. എന്നാലും ആത്മഹത്യ ചെയ്യാനും വയ്യ. ഹോ ഓരോന്ന് ചിന്തിച്ച് സമയം പോയതറിഞ്ഞില്ല. ”

മുരളിമാഷ് റെഡിയായപ്പോഴേക്കും ഇളയമകൻ പ്രവീണിന്റെ ഡ്രൈവർ വേണു കാറുമായെത്തി.

“സാറെ നമ്മുക്ക് പുറപ്പെട്ടാലോ ? നേരെത്തെയെത്തണമെന്നാ ആധാരം എഴുത്താപ്പീസിലെ വിപിൻ പറഞ്ഞത്. ”

” ഞാൻ റെഡിയാ നമ്മുക്ക് പോകാം.”

ആധാരം എഴുത്തുന്ന സ്ഥാപനത്തിലെ എഴുത്തുക്കുത്തുകൾ കഴിഞ്ഞപ്പോഴാണ് സ്ഥലം വാങ്ങുന്നത് തന്റെ പ്രായമുള്ള ഒരു സ്ത്രീയാണെന്നറിഞ്ഞത്. ” അല്ല വിപിനെ സ്ഥലം വാങ്ങുന്നത് ഒരു അലക്സ് എന്ന വ്യക്തിയാണെന്നാണല്ലോ പ്രവീൺ പറഞ്ഞത് ഇതൊരു സ്ത്രീയാണല്ലോ , ഒരു സെലിൻ . ”

” അതെന്താണെന്ന് പ്രവീൺ പറഞ്ഞില്ലേ ? അലക്സ് അമേരിക്കയിലല്ലേ ? അയാൾ ആറു മാസം കഴിഞ്ഞെ വരു. അതുകൊണ്ട് അയാളുടെ അമ്മയുടെ പേർക്കാ സ്ഥലം രജിസ്റ്റർ ചെയ്യുന്നത്. പിന്നെ ആർക്കായാലെന്താ നമ്മുക്ക് കാശ് കിട്ടിയാൽ പോരെ ?”

“അതു നേരാ .ചോദിച്ചു ന്നെയുളളു. ”

” സാറെ ഇവിടെത്തെ വർക്കെല്ലാം കഴിഞ്ഞു. ഇനി സാർ രജിസ്റ്റർ ഓഫീസിലേക്ക് പോയ്ക്കോ. ബ്രെയിക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോയാൽ മതി. ഒന്നുരണ്ട് മണിക്കൂർ താമസമുണ്ടാക്കാൻ സാധ്യതയുണ്ട്.

മാഷും വേണുവും ബ്രെയിക്ക്ഫാസ്റ്റ് കഴിച്ച് രജിസ്റ്റർ ഓഫിസിലെത്തി. സെലിന് പകരം എത്തിയത് മെർലിൻ എന്ന പെണകുട്ടിയായിരുന്നു. അവളെ കണ്ടതും വേണുവിന്റെ കണ്ണുകൾ വിടരുന്നത് മാഷ് കണ്ടു. വേണു മെർലിനെ പരിചയപ്പെടുത്തി.

“മാഷെ ഇത് മെർലിൻ . സെലിൻ മാഡത്തിന്റെ അസിസ്റ്റന്റാണ്. മാഡം കുറച്ച് കഴിഞ്ഞ് വരുമെന്നാണ് പറഞ്ഞത്. ”

കുറച്ച് നേരം കഴിഞ്ഞ് മെർലിനും വേണുവും കുറച്ച് മാറി നിന്ന് സംസാരിക്കുന്നതും മെർലിൻ കണ്ണു തുടക്കുന്നതും മാഷ് കാണുന്നുണ്ടായിരുന്നു. വേണു മുരളി മാഷിന്റെ അടുത്തു വന്നപ്പോൾ മാഷ് ചോദിച്ചു.

“വേണുവിന് മെർലിനെ നേരെത്തെ അറിയാമായിരുനോ ?”

” സാറെ ഞങ്ങൾ ബാല്യകാല സുഹൃത്തുകളും അയൽ വാസികളുമാണ്. ”

” നിങ്ങൾ വെറും സുഹൃത്തുകളാണോ? അല്ലെന്നാണെന്റെ വിശ്വാസം. ശരിയല്ലേ ?”

” ഞാൻ അവളെ ഇഷ്ടപ്പെടുന്നു. അവൾ എന്നെയും . പക്ഷെ . ”

” എന്താണൊരു പക്ഷെ ?”

“ഇപ്പോ മെർലിന്റെ പാരൻസ് അവൾക്കൊരു ചെറുക്കനെ കണ്ടു വെച്ചിരിക്കുകയാ . എനിക്കെന്തു ചെയ്യണമെന്നറിയില്ല. ഞാനാണെങ്കിൽ വാടക വീട്ടിലാ താമസിക്കുന്നെ. ഒരു സ്ഥിര വരുമാനമില്ലാതെ ഞാനെങ്ങിനെയാ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കും? സാർ പറ?”

” എടാ മോനെ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എനിക്കുമൊരു അഫയറുണ്ടായിരുന്നു .പക്ഷെ അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ ധൈര്യം കാണിച്ചില്ല. അത് ഇപ്പോഴും എന്നെ വേദനിപ്പിക്കാറുണ്ട്. അന്ന് ഞാൻ കുറച്ച് ധൈര്യം കാണിച്ചിരുന്നെങ്കിൽ …..

നിനക്കെന്റെ ഡ്രൈവറാകാൻ പറ്റുമോ? മാസം ഇരുപത്തയ്യായിരം ശമ്പളം തരാം. ഏതായാലും നമ്മൾ രജിസ്റ്റർ ഓഫീസിലാണല്ലോ മെർലിന് സമ്മതമാണെങ്കിൽ നിങ്ങളുടെ വിവാഹം ഇന്ന് തന്നെ രജിസ്റ്റർ ചെയ്യാം. എന്തു പറയുന്നു ?”

“അതിന് സാറിന് വണ്ടിയില്ലല്ലോ?”

“അത് സാരമില്ല ഡോ. ഒരു പുതിയ വണ്ടിയങ്ങ് വാങ്ങണം. അതൊന്നും വലിയ പ്രശ്നമല്ല. നീ മെർലിനോട് ചോദിച്ചോ? ” ” ശരി സാർ ”

പത്ത് മിനിട്ട് കഴിഞ്ഞ് വന്ന ബാലന്റെ മുഖം ബംമ്പറിയടിച്ചവന്റെത് പോലെയായി. അവൻ മാഷിനോട് പറഞ്ഞു,

“അവൾക്ക് സമ്മതമാണ്. സെലിൻ മാഡവും ഉടനെയെത്തും. അവർക്കും സമ്മതമാണ്. അവർ വന്നാലുടനെ രണ്ട് സാക്ഷികളെ കണ്ടെത്തണം. ”

” അത് പേടിക്കണ്ട . ഒരു സാക്ഷി ഞാനും രണ്ടാമത്തെ സാക്ഷിയായി അവരും മതിയല്ലോ ?”

“അത് ശരിയാണല്ലോ .എതായാലും അവർ വരട്ടെ. ”

ഇതു പറഞ്ഞ് തീർന്നതും ഒരു വലിയ SUV ഓഫിസിന്റെ മുറ്റത്തെത്തി. വലിയ കൂളിംഗ് ഗ്ലാസും മാസ്ക്കും ധരിച്ച് ഡ്രൈവർ സീറ്റിൽ നിന്ന് സെലിൻ ഇറങ്ങിയപ്പോൾ ഏതോ ഒരു സെലിബ്രിറ്റിയാണ് വന്നതെന്ന് കരുതി ഓഫീസിലെ സ്റ്റാഫടക്കം പുറത്തേക്ക് വന്നു. എന്തായാലും അവൾ അവിടെ ഒരു സെൻസേഷനുണ്ടാക്കിയെന്നത് സത്യം.

വേണുവിന്റെയും മെർലിന്റെയും വിവാഹം രജിസ്റ്റർ ചെയ്നായി ഓഫീസിന്റെ വാതിലിനരുകിൽ വന്നപ്പോഴാണ് സെലിനും മുരളിയും പരസ്പരം കണ്ടത്. രണ്ട് പേരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു.

“മുരളിയോ ?” ” “സെലിനോ ?”

ഒരു നോട്ടം അവരെ നാല്പത് വർഷം പുറകിലേക്ക് കൊണ്ടുപോയി. ഒരിക്കൽ കൂടി അവർ മഹാരാജാസ് കോളേജിലെ ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥികളായി. ഓർമ്മകൾ ശരവേഗത്തിൽ മുന്നോട്ടും പിന്നോട്ടും പാഞ്ഞു. ഇടക്ക് ചിരിയും ഗദ്ഗദവും മുഖത്ത് മിന്നി മാഞ്ഞു . അരമണിക്കൂർ നേരം കൊണ്ട് അവർ ഒരു പാട് കാര്യങ്ങൾ പങ്കുവെച്ചു. സെലിന്റെ മക്കളെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു

” എനിക്ക് മൂന്ന് മക്കൾ അവർ മൂന്ന് പേരും വിദേശത്താണ്. അവർക്ക് മക്കളുണ്ടായപ്പോൾ അവർ എന്നെ അങ്ങോട്ട് കൊണ്ടുപോയിരുന്നു. കുട്ടികൾ വളർന്നത്തോടെ അവരുടെ ആവശ്യം കഴിഞ്ഞു. ഞാൻ വീണ്ടും നാട്ടിലെത്തി. ”

” സേവ്യറിനെന്തു പറ്റി ?” അതിയാൻ ഇരുപത് കൊല്ലം മുമ്പ് എന്നെ വിട്ട് പോയി. ക്യാൻസറായിരുന്നു. മരണത്തിന്റെ തലേദിവസം വരെ നമ്മുടെ അഫയറിനെ കുറിച്ച് കുറ്റപ്പെടുത്താൻ അയാൾ സമയം കണ്ടെത്തിയിരുന്നു. ഇപ്പോൾ ഞാൻ തികച്ചും സന്തോഷവതിയാണ്. ആരെ കുറിച്ചും ഒന്നും ചിന്തിക്കേണ്ട, വിഷമിക്കുകയും വേണ്ട. മുരളിയുടെ അവസ്ഥയെന്താ ?”

“Same same. പിന്നെ ഞാനൊരു കാര്യം പറയട്ടേ ? നമ്മൾ തുല്യ ദു:ഖിതർ. മക്കൾക്ക് വേണ്ടി നമ്മൾ ഇത്രയും കാലം ജീവിച്ചു. ഇപ്പോൾ അവർക്ക് നമ്മളെ വേണ്ടാതായി. ഇനി നമ്മുക്ക് വേണ്ടിയൊന്ന് ജീവിച്ചാലോ ? എതായാലും പ്രായവും വിധിയും നമ്മുടെ പഴയ ആരോഗ്യത്തെയും സൗന്ദര്യത്തെയും നശിപ്പിച്ചു. എന്നാലും നമ്മുടെ പഴയ ആ മോഹമുണ്ടല്ലോ ഇന്ത്യയെ കണ്ടെത്തണമെന്ന മോഹം, അതിനായി ഒരു യാത്ര പോയാലോ ? എന്തായാലും ഒരിക്കൽ ആഗ്രഹിച്ചതായിരുന്നു നമ്മുടെ വിവാഹം അത് അന്ന് നടന്നില്ല. ഇപ്പോൾ അതിനു യോജിച്ച സമയമാണെന്ന് എനിക്ക് തോന്നുന്നു. സെലിനെന്തു പറയുന്നു ?”

“എനിക്കും ആരോടും ചോദിക്കാനില്ല. നമ്മുടെ പുതിയ മക്കളായി വേണുവിനെയും മെർലിനെയും കൊണ്ടുപോകാം. വേണുവിനും മെർലിനും ഹണി മൂണും നമ്മുക്ക് വെറും മൂണും .മുരളിയുടെ അഭിപ്രായമെന്താ?”

” ഞാനത് തന്നോട് പറയാൻ തുടങ്ങുകയായിരുന്നു. പിന്നെ പ്രണയത്തിന്റെ ഒരു കനലെങ്കിലും ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെങ്കിൽ നമ്മുടെ ജീവിതമെന്നും ഹണിമൂണായിരിക്കും.ഈ കാർ ആരുടെതാ ?”

” അത് എന്റെയാ. മക്കളുടെ മക്കളെ നോക്കിയതിന് അവർ തന്ന കൂലി. ”

“എന്നാൽ ഈ വണ്ടിയിലാകാം നമ്മുടെ ഇനിയുള്ള യാത്ര . ”

അരമണിക്കൂറിനുള്ളിൽ രണ്ട് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. യുവ മിഥുനങ്ങളായ വേണുവിന്റെയും മെർലിന്റെയും ഒപ്പം മനസ്സിൽ യുവത്വം ഒളിപ്പിച്ചുവെച്ച മുരളി മാഷിന്റെയും സെലിന്റെയും. സെലിന്റെ SUV യുടെ പുതിയ സാരഥിയായി വേണു ചാർജെടുത്തു. വേണു ആക്സിലേറിൽ അമർത്തി ചവിട്ടിയപ്പോൾ സെലിൻ പറഞ്ഞു,

“ഇത്ര ആക്രാന്തം വേണ്ട മോനെ . നമ്മൾ ജീവിതം തുടങ്ങിയതെയുളളുവെന്ന കാര്യം മറക്കണ്ട. SIow and steady wins the race.”

അവരെല്ലാവരും ആ താമാശ ആസ്വദിക്കുമ്പോൾ ബന്ധങ്ങളും ബന്ധനങ്ങളുമില്ലാത്ത പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കാർ കുതിച്ചു പായുകയായിരുന്നു.

രചന: Saji Mananthavady.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters