ഓരോ സ്ത്രീയുടെയും ഉള്ളിലുമുണ്ട് സൗന്ദര്യം കൊതിക്കുന്ന ഒരു ഹൃദയം…

രചന: മിനു സജി

“അയ്യേ…. ഇതെന്തു കോലം ഡീ… വണ്ണം വെച്ച് വയറും ചാടി… അയ്യേ …. ഇപ്പൊ നിന്നെ കണ്ടാൽ എന്റെ ഒപ്പം പഠിച്ചതാണെന്ന് ആരെങ്കിലും പറയോ ഡീ… !! ”

പഠനം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷമാണ് രാഹുലും മീനയും കാണുന്നത്…രണ്ടാൾക്കും മുപ്പത് വയസാകുന്നതേയുള്ളു.. രാഹുൽ ഇപ്പഴും സ്ലിം ആയ ചുള്ളൻ ചെക്കൻ.. പക്ഷെ മീന രണ്ടു പ്ര-സവം കഴിഞ്ഞപ്പോഴേക്കും തടിച്ചിയായി..

“വെറുതെ വീട്ടിൽ ഇരുന്നു തിന്ന് തടി വെച്ചേക്കുകയാ പെണ്ണ്… രാവിലെ കുറച്ചു നേരമെങ്കിലും നിനക്ക് വ്യായാമം ചെയ്തൂടെ… കുറഞ്ഞത് രാവിലെ നടക്കാനെങ്കിലും ഇറങ്ങിക്കൂടെ.. ”

“കഴിഞ്ഞോ നിന്റെ പ്രസംഗം…!! “(രാഹുൽ പറഞ്ഞതത്രയും ക്ഷമയോടെ കേട്ടിരുന്ന മീന സംസാരിച്ചു തുടങ്ങി )

ഇനി ഞാൻ പറയുന്നത് കേൾക്കൂ…

നീ പറഞ്ഞതെല്ലാം ശരിയാണ്.. കല്യാണത്തിന് മുൻപ് ഈർക്കിലി എന്നായിരുന്നു നിങ്ങളൊക്കെ എന്നെ കളിയാക്കി വിളിച്ചിരുന്നത്… കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആയപ്പോഴേക്കും ആദ്യത്തെ ഡെലി-വറി കഴിഞ്ഞു… കുഞ്ഞിന് ഒരു വയസായപ്പോഴേക്കും രണ്ടാമതും ഗ-ർഭിണി ആയി… പിന്നെ ഉറക്കമില്ലാത്ത നാളുകൾ ആയിരുന്നു എനിക്ക്… അതിനിടയിൽ എന്റെ ശരീരം നോക്കാൻ പോയിട്ട് നേരത്തിനു ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിട്ടില്ല… ഇപ്പൊ മൂത്തയാൾക്ക് എട്ട് വയസ് കഴിഞ്ഞു രണ്ടാമത്തെ ആൾക്ക് ആറു വയസ്.. ഇനിയിപ്പോ അവർ അവരുടെ കാര്യങ്ങൾ ഓരോന്ന് നോക്കാൻ തുടങ്ങി… അപ്പോഴും എന്റെ കർത്തവ്യം തീരുന്നില്ല…

നീ പറഞ്ഞില്ലേ വീട്ടിൽ ഇരുന്നു തിന്ന് തടിച്ചി ആയെന്നു… ഞാൻ ജോലിക്ക് പോകാൻ തുടങ്ങിയിട്ട് ഇപ്പൊ ഒരു കൊല്ലം ആയിട്ടുള്ളു..

പിന്നെ നീ പറഞ്ഞത് പോലെ രാവിലെ നടക്കാൻ പോകാൻ എനിക്കും ഇഷ്ടാണ്… പക്ഷെ അതിനു വെളുപ്പിനെ നാലരക്ക് എഴുന്നേറ്റാൽ മാത്രമേ നടക്കാൻ പോയി തിരിച്ചു അഞ്ചര ക്കെങ്കിലും വീട്ടിൽ എത്താൻ സാധിക്കുകയുള്ളു.. . പിന്നെ അടുക്കളയിലെ എല്ലാ പണിയും തീരുമ്പോൾ ഏഴ് മണി കഴിയും… പിന്നെ കെട്ടിയോന്റെ കാര്യം പോട്ടെ… അദ്ദേഹം എല്ലാം സ്വയം ചെയ്തോളും പക്ഷെ കുഞ്ഞുങ്ങളെ നോക്കണ്ടേ…
അവരെ എഴുന്നേൽപ്പിച്ചു കഴിക്കാൻ കൊടുത്ത് ശേഷം എനിക്ക് ജോലിക്ക് പോകാൻ നോക്കണം… മിക്ക ദിവസവും ഞാൻ രാവിലത്തെ ഭക്ഷണം കഴിക്കാറുപോലുമില്ല.. ആവശ്യമില്ലാഞ്ഞിട്ടല്ല… സമയമില്ല…

നിനക്കിതൊക്കെ കേട്ട് ബോർ അടിക്കുന്നുണ്ടാവും…അല്ലേ… അപ്പോ എല്ലാ ദിവസവും ഒരുപോലെ ടൈം ചാർട്ടുള്ള ഞങ്ങൾ പെണ്ണുങ്ങളുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ… !! പിന്നെ നീ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ…

സ്ത്രീകൾ കല്യാണം കഴിഞ്ഞു ഏകദേശം ഒരു നാല്പത് വയസടുക്കുമ്പോൾ സ്വന്തം ശ-രീരത്തെയും സൗന്ദര്യത്തെയും ശ്രദ്ധിച്ചു തുടങ്ങും… അത് എന്താണെന്ന് അറിയുമോ… !!

കാണുന്നവർ പറയും… “ഇവളീ പ്രായത്തിൽ കുട്ടികളൊക്കെ വലുതായപ്പോ ആരെ കാണിക്കാനാണ് അണിഞ്ഞൊരുങ്ങി നടക്കുന്നതെന്ന്… !!”

“ഓരോ സ്ത്രീയുടെയും ഉള്ളിലുമുണ്ട് സൗന്ദര്യം കൊതിക്കുന്ന ഒരു ഹൃദയം.. അമ്മ ആയി കഴിയുമ്പോൾ മനഃപൂർവം സാഹചര്യം കൊണ്ട് മറന്നു കളയുന്ന ആ ഹൃദയം, പിന്നീട് തന്റെ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അവർ സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരായി കഴിയുമ്പോൾ മാത്രം പുറത്തേക്കു വരുന്നത്… സമയമെടുത്തുകൊണ്ട് അവൾ അവളെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങുന്നത്…”

രാഹുൽ ഇതെല്ലാം കേട്ട് ചമ്മിയ ചിരിയോടെ നിന്നു…

“ഓഹ്.., അപ്പോ നിനക്ക് സ്ലിം ആവാൻ ഇനിയും പത്തു വർഷത്തോളം സമയം ഉണ്ടെന്ന് ആവും പറഞ്ഞു വരുന്നത്… !!”

രാഹുലിന്റെ വാക്കുകൾക്ക് മീനയും അവനും പരസ്പരം നോക്കി ചിരിച്ചു…

പിന്നീട് വർഷങ്ങൾക്കപ്പുറം അവർ തമ്മിൽ കണ്ടപ്പോൾ രാഹുലും അവന്റെ കുട്ടികളും പിന്നെ തടിച്ചിയായ അവന്റെ ഭാര്യയും കൂടെ ശെരിക്കും ഒരു കുടുംബനാഥൻ ആയിട്ടായിരുന്നു…

ആ സമയം മീന വളരെ മാറിയിരുന്നു….
ലൈക്ക് ഷെയർ ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters