രചന: ജ്വാല മുഖി
“പൂജ… നീ ഇന്നു കല്യാണത്തിന് വരുന്നില്ലേ… ”
” ഇല്ല ഗംഗ… ശിവേട്ടൻ ഉണ്ടാകും അവിടെ… എനിക്കു പറ്റില്ല… ഫേസ് ചെയ്യാൻ.. ”
“പൂജ.. നീ നിന്റെ ജീവിതം ഇങ്ങനെ കളയരുത്.. ”
“ജീവിതത്തിൽ ഒരാളെ പൂജ സ്നേഹിച്ചിട്ടുള്ളു… വേറൊരാൾ ഈ മനസ്സിൽ കേറില്ല.. ശിവേട്ടൻ എന്നോടുള്ള വാശിയിൽ ഇറങ്ങി പോയി മറ്റൊരു പെണ്ണിനെ താലി കെട്ടുമ്പോളും എന്റെ കണ്ണുനീർ ഒരു ശാപം ആയി ശിവേട്ടനിൽ പതിക്കരുത് എന്ന് ഓർത്തിട്ടു ഒന്ന് ഏന്തി കരയാൻ പോലും എനിക്കു കഴിഞ്ഞിട്ടില്ല ഗംഗേ… എന്നിട്ടും ആ ജീവിതം തകർന്നു ബന്ധം വേർപെട്ടു എന്നറിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു പൂജേടെ ശാപം ആണെന്ന്… ഞാൻ ഒരിക്കലും ശപിച്ചിട്ടില്ല.. എനിക്ക് ഒരിക്കലും അതിനു കഴിയില്ല… ”
“അതൊക്കെ കഴിഞ്ഞില്ലേ മോളെ.. ഇത്രയും കാലം ഈ നാട്ടിൽ നിന്നു നീ മാറിനിന്നതു ശിവ നന്നായി ജീവിക്കാൻ അല്ലേ.. കൺവെട്ടത്തു നിന്നു തന്നെ മാറി കൊടുത്തില്ലേ മോളെ നീ.. എന്നിട്ടും… ആ ബന്ധത്തിന് അത്രയും ആയുസേ ഉള്ളായിരുന്നു എന്ന് ആശ്വസിക്കൂ… ”
“എല്ലാവരും ആഗ്രഹിച്ചൊരു കല്യാണം ആണ് ഗോപന്റെ… അതുകൊണ്ട് തന്നെ ആരെക്കാളും മുന്നേ ശിവേട്ടൻ അവിടെ കാണും.. ”
“ഇനി ആരെ ആടി നീ ഭയക്കനെ.. അവൻ നിനക്ക് ഉള്ളതാ.. അതാ… ”
“വേണ്ട ഗംഗാ… ഇനി ഒരിക്കലും അങ്ങനെ എനിക്ക്… ”
ഗംഗയുടെ നിർബന്ധത്തിൽ ഞാൻ പോകാൻ തീരുമാനിച്ചു.. പക്ഷേ… മനസ്സ് പെരുമ്പറ പോലെ മിടിക്കാൻ തുടങ്ങി… എങ്ങിനെ കാണും… ശക്തി തരണേ കണ്ണാ…
ഇളം പച്ചയിൽ ബ്ലൂ കളർ ബോർഡർ ആയുള്ള സാരിയുടുത്തു… കണ്ണാടിയിൽ നോക്കി മുഖം മിനുക്കി… ഈ ഇട ആയി ഒന്ന് സുന്ദരി ആയിട്ടുണ്ടോ എന്നൊരു സംശയം… മനസ്സിൽ പ്രണയം ഉണ്ടെങ്കിൽ എന്നും യൗവനം തന്നായിരിക്കും…. വയസ്സ് 29 കഴിഞ്ഞു… ഒരു വർഷം കൂടെ കഴിഞ്ഞാൽ 30.. വർഷങ്ങൾ എത്ര വേഗത്തിൽ ആണ് പോയത്…
ഗോവണി ഇറങ്ങി വന്ന തന്നെ കണ്ടു ഗംഗാ കണ്ണുമിഴിച്ചു നിൽപ്പുണ്ട്… അവളെ പറഞ്ഞിട്ട് കാര്യം ഇല്ല..കുറെ വർഷങ്ങൾ ആയി ഒരു പൊട്ട് പോലും തൊട്ടു അവൾ എന്നെ കണ്ടിട്ടില്ല…
എന്നും എന്തിനും കൂടെ ഉണ്ടായിരുന്നത് ഗംഗയാണ്..
“സുന്ദരി ആയല്ലോ… ഇപ്പോൾ ശിവ കണ്ടാൽ അപ്പൊ കൊത്തി കൊണ്ട് പോകും നോക്കിക്കോ… ”
“ഒന്ന് പോടീ…” കാറിൽ കേറി… യാത്ര തുടങ്ങിയതും മനസ്സ് പഴയ നാളുകളിലേക്ക് ഊളാക്കിട്ടു… പ്രണയം കത്തി പടർന്ന നാളുകൾ..
അമ്മായിടെ വീട്ടിൽ പോകുമ്പോൾ അമ്മായിടെ മകൻ ഗോപന്റെ കൂട്ടുകാരൻ ആയിരുന്നു ശിവേട്ടൻ…
തുടക്കത്തിൽ ഞങ്ങൾ എന്നും പൊരിഞ്ഞ അടി ആയിരുന്നു… എന്ത് കളിച്ചാലും ശിവേട്ടൻ കള്ളക്കൊതി കാട്ടും… പാമ്പും കോണിം തീപ്പെട്ടി പടവും വളപ്പൊട്ടും ഒക്കെ കളിക്കുമ്പോൾ എന്നും അടിയിലെ അവസാനിക്കൂ …
എല്ലാരും ചെസ്സ് കളിക്കുമ്പോൾ എനിക്കാണേൽ അതൊട്ടു അറിയേം ഇല്ല..
.
“ഇതു ബുദ്ധി ഉള്ളവർ കളിക്കന കളി ആണ് പാറു.. നിനക്ക് പറ്റില്ല.. ”
“എന്നിട്ട് ശിവേട്ടൻ കളിക്കാനുണ്ടല്ലോ ”
എന്നും പറഞ്ഞു ഒരു അടി കൊടുത്തു ഞാൻ ഓടും.. പിന്നാലെ ശിവേട്ടനും…
ഒരിക്കൽ ശിവേട്ടൻ എന്നെ മച്ചിങ്ങ കൊണ്ട് എറിഞ്ഞു എന്റെ നെറ്റി പൊട്ടി ചോര വന്നു… അന്ന് ശിവേട്ടന് ആകെ സങ്കടം ആയി… അടുത്ത് വന്ന് എന്നെ കുറെ നേരം നോക്കി… കലിതുള്ളി നിൽക്കുന്ന എന്റെ നെറ്റിയിൽ ഒരുമ്മ തന്നു ശിവേട്ടൻ കണ്ടം വഴി ഓടി… അങ്ങനെ തരിച്ചു നിന്ന ഞാൻ ഭൂമിയിലേക്ക് ഇറങ്ങാൻ ഒരു മണിക്കൂർ എടുത്തു…
പിന്നീട് എനിക്കു ശിവേട്ടന്റെ മുഖത്തു നോക്കാൻ പറ്റാതെ ആയി.. എന്താ എന്നറിയില്ല… ആദ്യമായി എനിക്കു കിട്ടിയ ചുംബനം… അതെന്നിൽ വളർത്തിയത് പ്രണയം ആയിരുന്നോ…അറിയില്ല.. എന്തെന്നറിയാത്ത ഒരു വികാരം….
സത്യത്തിൽ അന്നുമുതൽ ഞാൻ ഒരു പെണ്ണിനെ പോലെ ചിന്തിച്ചു തുടങ്ങി.. അണിഞ്ഞു ഒരുങ്ങി… സുന്ദരി ആയി.. ശിവേട്ടന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും…
പക്ഷേ പഴയ പോലെ തല്ലുകൂടാൻ പറ്റുന്നില്ല… നാണം എന്നൊരു വൃത്തികെട്ട വികാരം അന്ന് എന്നെ ശിവേട്ടന്റെ മുന്നിൽ ഇട്ടു വരിഞ്ഞു…
പക്ഷെ ശിവേട്ടൻ വിടാൻ ഭാവം ഇല്ലായിരുന്നു… വക്കേഷൻ തീരാൻ ഒരാഴ്ച്ച മാത്രം ബാക്കി ഉള്ളൊരു ദിവസം… വൈകുന്നേരം നാമം ചൊല്ലി ഇരിക്കുമ്പോൾ ആണ് ഗോപനും ശിവേട്ടനും കൂടെ കയറി വരണേ…
ചൊല്ലിയ നാമങ്ങൾ ഒന്നിച്ചു തെറ്റി.. ഞാൻ ചാടി എണീറ്റു… നേരെ ടെറസിൽ പോയി നിന്നു… എന്തെന്നില്ലാത്ത ഒരു ചമ്മൽ.. താഴെ ചെന്നാൽ ശിവേട്ടൻ എന്തേലും മിണ്ടി വരും..
പക്ഷേ അതൊന്നും കേൾക്കാൻ ഇപ്പൊ എന്റെ കാതുകളിൽ പ്രണയം വന്നു അടഞ്ഞു ഇരിക്കുന്നത് കൊണ്ട് പറ്റില്ലല്ലോ…
പെട്ടന്ന് കാറ്റും മഴയും ആർത്തിരമ്പി വന്നു… ആ മഴ നനയാൻ ആയിരുന്നു അപ്പൊ തോന്നിയത്.. പെട്ടന്ന് പിന്നിൽ നിന്നാരോ വട്ടം പിടിച്ചപ്പോൾ ആണ് ഞെട്ടി തിരിഞ്ഞത്… നനഞ്ഞു കുതിർന്നു… മൂക്കിലൂടെ ഒഴുകി ഇറങ്ങിയ വെള്ളത്തുള്ളികളിൽ എന്റെ കണ്ണുനീർ അലിഞ്ഞു വീണു…. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല അന്ന് കരഞ്ഞു പോയി…. എന്നെ ചേർത്തു നിർത്തി കാതിൽ അന്ന് ശിവേട്ടൻ പറഞ്ഞു…
“ഈ കാന്താരി പെണ്ണിനെ ആർക്കും കൊടുക്കില്ല എന്ന്.. ”
തിരിച്ചു പറയാൻ നാവ് അനങ്ങിയില്ല…
പക്ഷേ ആ കവിളിൽ ഒരു മുത്തമിട്ടു ഞാൻ ഓടുമ്പോൾ എന്റെ പാദസരത്തിന്റെ കിലുക്കത്തിന് പോലും ഒരു പ്രണയം ഉണ്ടായിരുന്നു….
റൂമിൽ വന്ന് ഈറൻ മാറ്റി ഉമ്മറത്തു വരുമ്പോൾ എല്ലാരും കൂടെ ശിവേട്ടനെ കളിയാക്കുന്നുണ്ടായിരുന്നു….
“നട്ടപ്പാതിരക്കു ടെറസിൽ പോയി മഴ നനയാൻ മാത്രം വട്ടുണ്ടോ ശിവ നിനക്ക്… ”
“അതും ഒരു രസം ആട ഗോപാ.. ”
എന്നും പറഞ്ഞു ശിവേട്ടൻ എന്നെ ഒളിച്ചൊന്നു നോക്കിയപ്പോൾ മനസ്സിൽ ആയിരം മത്താപ്പൂ ഒന്നിച്ചു കത്തി…
വല്ലപ്പോളും ഉള്ള ആ കണ്ടുമുട്ടൽ ആയിരുന്നു ഞങ്ങളുടെ പ്രണയം..
ഇടക്ക് ആരും ഇല്ലാത്തപ്പോൾ വീട്ടിലെ ലാൻഡ്‌ഫോണിൽ വിളിക്കും.. കുറച്ചു നേരം സംസാരിക്കും…
അങ്ങനെ ഇരിക്കെ ശിവേട്ടന് ദുബായ് ൽ ജോലി ആയി പോയി. എനിക്കു വീട്ടിൽ കല്യാണം തകൃതി ആയി ആലോചിക്കാനും തുടങ്ങി… ആ ഇടക്ക് ശിവേട്ടൻ ലീവിൽ വന്നു… എന്റെ വീട്ടിൽ വന്നു പെണ്ണുചോദിച്ചു. … പ്രതാപിയായ എന്റെ അച്ഛൻ ഗവണ്മെന്റ് ജോലി ഇല്ലാത്ത വെറുമൊരു പ്രവാസിക്ക് മകളെ നൽകില്ല എന്ന് പറഞ്ഞു ശിവേട്ടന്റെ അച്ഛനെ ആട്ടി ഇറക്കി…
സ്വന്തം അച്ഛനെ അത്രയും പറഞ്ഞപ്പോൾ കേട്ടു നിന്നത് കൊണ്ടാകാം ശിവേട്ടന് എന്നോടുള്ള പ്രണയം അവിടെ പൊലിഞ്ഞത്…
പിന്നീട് എന്നേക്കാൾ മുന്നേ ശിവേട്ടന്റെ വിവാഹം കഴിഞ്ഞു… ഇറ്റലിയിൽ ജനിച്ചു വളർന്ന ഒരു സുന്ദരി കുട്ടി… അവിടുത്തെ സംസ്കാരവും ശൈലിയും കേരളത്തിൽ അവളെ ധിക്കാരി ആക്കി… അടിച്ചു പൊളി ലൈഫിൽ നിന്നും ശിവേട്ടനെ പോലൊരു നാട്ടുമ്പുറത്തു കാരനെ ഉൾകൊള്ളാൻ അവൾക്കും ആയില്ല…
അഞ്ചു വർഷം കടിച്ചു പിടിച്ചു നീക്കി ഒടുവിൽ ബന്ധം പിരിയുമ്പോൾ ഒരിറ്റു കണ്ണുനീർ രണ്ടു പേരിൽ നിന്നും വീണില്ല…
ശിവേട്ടന്റെ കല്യാണത്തിന്റെ തലേന്നാണ് ബാംഗ്ളൂരിലേക് പുതിയ ജോലി കിട്ടി ഞാൻ മാറുന്നത്… അവിടെ വച്ചാണ് ഗംഗയെ എനിക്കു കിട്ടിത്… ബാംഗ്ലൂരിന്റെ തിരക്ക് പിടിച്ച പാച്ചിലിൽ മാറാത്ത രണ്ടു രൂപങ്ങൾ ഞങ്ങൾ മാത്രം ആയിരുന്നിരിക്കും…
ഇഷ്ടപ്പെട്ട പുരുഷൻ മറ്റൊരു പെണ്ണിന്റെ സ്വന്തം ആയപ്പോൾ മ- രവിച്ചു പോയതായിരുന്നു എന്റെ ജീവിതം… വിവാഹം വേണ്ട എന്ന തീരുമാനവും എന്റെ മാത്രം ആയിരുന്നു…
ഇടക്ക് ആകെ നാട്ടിൽ വന്നത് അച്ഛൻ മരിച്ചപ്പോൾ മാത്രം ആണ്… അന്ന് ശിവേട്ടനും ദീപ യും കൂടെ അച്ഛനെ അവസാനമായി കാണാൻ വരുമ്പോൾ… രണ്ടു നിഴലുകളായേ തോന്നിയുള്ളൂ… തിരിച്ചു ജോലിയും തിരക്കിലും ഓടി ഒളിക്കുമ്പോൾ ആണ്… ശിവേട്ടന്റെ ഡിവോഴ്സ് നെ പറ്റി അറിയുന്നത്… വലിയൊരു ഷോക്ക് ആയിരുന്നു എനിക്കത്…
വർഷങ്ങൾക്ക് ശേഷം ഇപ്പൊ നാട്ടിൽ വന്നത് ഗോപന്റെ കല്യാണം കൂടാൻ ആണ്… ഇടക്ക് എന്നെ കാണാൻ ഗോപൻ ബാംഗ്ലൂർ വരുന്നത് കൊണ്ടു ഗംഗക്കും അവൻ ചങ്കായി…
കാർ കല്യാണവീടിന്റ മുന്നിൽ ചെന്നു നിന്നു…
ഞാൻ ഓടിക്കളിച്ച മുറ്റം… പഴകി ദ്രവിച്ച ആ ചാരുകസേര ഇന്നും ഉമ്മറത്തുണ്ട്… എല്ലാവരോടും ഒന്ന് ചിരിച്ചെന്നു വരുത്തി… പതുക്കെ ആ ഗോവണി കേറി ടെറസിൽ എത്തുമ്പോൾ എനിക്കു നഷ്ടപെട്ട എന്റെ പഴയ കാലം മുന്നിൽ തെളിയുകയായിരുന്നു…
താഴെ ഗംഗയെ ഗോപൻ ശിവക്ക് പരിചയപ്പെടുത്തുമ്പോൾ അറിയാതെ ഗംഗ മനസ്സിൽ വിചാരിച്ചു… വെറുതെ അല്ല പൂജ വിവാഹം വേണ്ടാന്ന് വച്ചേ… എന്നാ ഗ്ലാമർ ആണെന്ന്…
“ഇതാണ് ഗംഗ.. നമ്മുടെ പൂജേടെ കൂടെ വർക്ക് ചെയ്യുന്ന… ”
“ആഹാ.. മനസിലായി…. പാറു വന്നിട്ടില്ലേ .. ”
“ഉവ്വ്.. വരാൻ മടിച്ചു… ഒരുപാട് നിര്ബന്ധിക്കേണ്ടി വന്നു… ”
അവിടന്ന് ഓടി ആ ടെറസിൽ കേറുമ്പോൾ ശിവയും ആ പഴയ 25 കാരൻ ആവുകയായിരുന്നു…
ഓടി കിതച്ചു വന്ന അവനെ തിരിഞ്ഞു നോക്കിയതും എന്റെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു… എനിക്കേറെ ഇഷ്ടം ഉള്ള ബ്ലാക്ക് ഷർട്ട് ഉം മുണ്ടും… അതിൽ അവൻ ഒരുപാട് സുന്ദരൻ ആയിട്ടുണ്ട്… ഇന്നും തന്റെ ഇഷ്ടങ്ങൾ അവൻ ഓർക്കുന്നുണ്ടല്ലോ…
“പാറു…. ” ഒന്ന് മൂളാൻ പോലും തോന്നിയില്ല… “…..” “എന്താ എന്നോട് ഒന്നും പറയാൻ ഇല്ലെടാ നിനക്ക്… ”
“ഈ ഒരു നിമിഷം ആണ് ഞാൻ ഏറ്റവും ഭയന്നത്… കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു പോയതാണ് ഞാൻ …. വന്നു പോയി… ”
എന്റെ വാക്കുകൾ ആ മനുഷ്യനെ വല്ലാതെ തളർത്തി എന്ന് ആ കണ്ണുനീർ എന്നോട് പറയുന്നുണ്ടായിരുന്നു… മറുപടി കേൾക്കാൻ നില്കാതെ താഴോട്ട് ഇറങ്ങുമ്പോൾ മനസ്സിൽ ഒരു വാശി ആയിരുന്നു…. കല്യാണത്തിരക്കിലും ശിവേട്ടന്റെ കണ്ണുകൾ എന്റെ നേരെ ആണെന്ന് അറിഞ്ഞിട്ടും ഞാൻ അറിയാത്ത പോലെ നടിച്ചു…
“ശിവ… പൂജ.. ഈ കമിങ് monday ഓസ്ട്രേലിയ പോകുവാണ്… അവൾക്കു അവിടെ ജോബ് ആയി… ”
ഗംഗയുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ ശിവയുടെ കാതുകളിൽ പതിഞ്ഞു…
ഒന്നും പറയാതെ തിരിഞ്ഞു നടന്ന ആ മുഖം ഒരു കയ്യകലം അകലെ ഞാൻ കാണുന്നുണ്ടായിരുന്നു…
നേരെ മുല്ലക്കൽ അമ്മേടെ പാടത്തേക്കു ആയിരിക്കും പോയിരിക്കുക എന്ന് തോന്നിയത് കൊണ്ടാണ് ഞാനും അങ്ങോട്ട് നടന്നത്..
കല്യാണവീട്ടിൽ ആഘോഷം തകർക്കുമ്പോൾ എന്റെ മനസിലും ഒരു മേളം നടക്കുവായിരുന്നു…
കലിങ്കിൽ അമ്പലത്തിലേക്ക് നോക്കി ഏന്തി കരയുന്ന എന്റെ ശിവേട്ടനെ കണ്ടതും എന്റെ ചങ്കും പിടഞ്ഞു… “ശിവേട്ട… ” “മാപ്പ്.. പാറു…. നിന്നെ അല്ലാതെ ആരെയും ഇതുപോലെ സ്നേഹിക്കാൻ എനിക്കു കഴിയില്ലാടി…. അറിയില്ല പാറു… നിന്നെ ഒന്ന് കാണാൻ ഒരുപാട് കൊതിച്ചാണ് വന്നെ… ”
“കഴിഞ്ഞതെല്ലാം മറക്കൂ ശിവേട്ട .. ”
“വയ്യ പാറൂ… ദീപയെ ഒരു വാശിയിൽ താലി കെട്ടുമ്പോളും അച്ഛനോടും നിന്നോടും.. എന്തിനു എന്നോട് തന്നെ ഒരു തരം വാശി ആയിരുന്നു…. പക്ഷേ അവൾക്കു ഒരു നല്ല ഭർത്താവാകാൻ എനിക്കു കഴിഞ്ഞില്ല… ഒരു താലി ആയിരുന്നു അവൾക്കും വേണ്ടിയിരുന്നത്… ”
“ഇനി എന്തിന് ഇതൊക്കെ പറയുന്നു… ”
“നീ അറിയണം പാറൂ… ശിവ നിന്നെ അത്രത്തോളം സ്നേഹിക്കുന്നുണ്ട്… എന്തായാലും നീ പോകല്ലേ… ഇനി എന്ന് കാണും എന്നറിയില്ലല്ലോ… ഇന്നു ഒരു ദിവസം എന്റെ കൂടെ ചിലവഴിച്ചൂടെ നിനക്ക്… ”
“ആ പഴയ ഇഷ്ടം ഉള്ളിൽ ഉണ്ടെങ്കിൽ ഒരു ദിവസം അല്ല… ഈ ജന്മം മൊത്തം ഞാൻ ഉണ്ടാകും കൂടെ…. ” കേട്ടത് വിശ്വസിക്കാൻ ആകാതെ അന്തം വിട്ടു നിന്നു പോയ ശിവേട്ടന്റെ മാറിലേക്ക് മുഖം അമർത്തി… കൈകൾ ആ ശരീരത്തെ മുറുകെ പുണർന്നപ്പോൾ..തിരിച്ചും എല്ലുമുറിയുന്ന വണ്ണം എന്നെ പുണരുമ്പോൾ മുല്ലക്കൽ അമ്മ പോലും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…..
എട്ടു വർഷത്തെ എന്റെ കണ്ണുനീർ….. അത് മഴ പോലെ പെയ്തിറങ്ങി… ഒപ്പം ഒരുപാട് സ്വപ്നങ്ങളുമായി…
ശിവേട്ടൻ എന്റെ കയ്യും പിടിച്ചു ആ മുറ്റത്തേക്ക് കേറുമ്പോൾ അന്ന് എതിർത്ത എന്റെ ബന്ധുക്കൾ എല്ലാം ഗോപനെയും പെണ്ണിനേയും ആരതി ഉഴിഞ്ഞതോടൊപ്പം ഞങ്ങളെയും ഉഴിയുന്നുണ്ടായി…. ഒരുപാട് സന്തോഷത്തോടെ….
ഇനി എനിക്കു ജീവിക്കണം എന്റെ ശിവേട്ടന്റെ പെണ്ണായിട്ട്…. ഒരുപാട് കാലം… ലൈക്ക് കമന്റ് ചെയ്യണേ…