രചന: Manu MC
പറയാതെ പോയ പ്രണയം
പാതി ചാരിയ ജനാലയ്ക്കരികിൽ കൂടി പുറത്തേക്ക് നോക്കി ഇരിക്കുവാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു…. ശ-രീരത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ കഴച്ച കാലുകളെക്കാൾ വേദന ഓർമകളുടെ വേദന താങ്ങാൻ കഴിയാത്ത മനസിനായിരുന്നു…. നഷ്ട പ്രണയത്തിന്റെ കയിപ്പുനീർ സമ്മാനിച്ചവളെ നാളുകൾക്കപ്പുറം കണ്ടുമുട്ടുമ്പോൾ ഓർമകളുടെ വേദനകൾക്കപ്പുറം ഞാനിന്ന് സന്തോഷവാനാണ്.. ഒരുപക്ഷേ അന്ന് അങ്ങനൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ എനിക്കെന്റെ ശ്രീയെ കിട്ടില്ലായിരുന്നു.. ഇണക്കങ്ങളും പിണക്കങ്ങളും കളിയും ചിരിയും മാത്രം നിറഞ്ഞ ഒരു ജീവിതം എനിക്ക് ലഭിക്കില്ലായിരുന്നു…
മുറിയിലാകെ പടർന്ന നീല നിലാവെളിച്ചത്തിൽ ഗാഡനിദ്രയിലാഴുന്ന ശ്രീയുടെ മുഖം എന്നത്തേക്കാളും സുന്ദരമായി തോന്നി.. അല്ലെങ്കിലും ഉറങ്ങികിടക്കുന്ന അവളുടെ മുഖം ഇങ്ങനെ നോക്കി കാണാൻ ഒരു പ്രത്യേക സുഖമാണ്… ഞാനിവിടെ നിലാവും നോക്കി ഇരിക്കുന്നത് വല്ലതും നീ അറിയുന്നുണ്ടോ ശ്രീ…
വിവാഹം കഴിഞ്ഞ നാൾ തൊട്ട് ശ്രീ പറയുന്നതാണ് ഒരുമിച്ച് ഒരു ദിവസം ബീച്ചിൽ പോകണം അസ്തമയ സൂര്യനെ മതിവരുവോളം കാണണം നനഞ്ഞ പൂഴി മണലിൽ കൂടി തോളിൽ തല ചായ്ച്ച് നടക്കണം എന്നൊക്കെ.. വിവാഹം കഴിഞ്ഞു അധികം നാൾ ആയില്ലെങ്കിലും ഇതുപോലുള്ള ഒരായിരം കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഉള്ളതുകൊണ്ടു തന്നെ ഇന്നാണ് ഒന്ന് സമയം കിട്ടുന്നത്…
തല്ക്കാലത്തെ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റി കൊടുത്ത നിർവൃതിയിൽ ഒരു ഐസ്ക്രീം നുണഞ്ഞുകൊണ്ട് ആൾകൂട്ടത്തിന്റെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി കൈകൾ കോർത്തു പിടിച്ച് നടക്കുമ്പോഴാണ് കാലത്തിന്റെ വികൃതി എന്നോണം വീണ്ടും ഞാനവളെ കാണുന്നത്.. ഗീതാഞ്ജലി…
ഇരുണ്ട ഭൂതകാലത്തിന്റെ താളുകളിൽ പ്രണയാർദ്രമായ എന്തെങ്കിലും ഉണ്ടെങ്കിൽ അതവളുടെ ഓർമ്മകൾ മാത്രമാണ്.. കടൽ തീരത്തെ ആളൊഴിഞ്ഞ കോണിലെ കാറ്റാടി മരചുവട്ടിൽ ഭർത്താവിന്റെ മടിയിൽ തല ചായ്ച്ച് മയങ്ങുന്ന അവളെ കണ്ടപ്പോൾ മനസ്സ് ആകെ ശൂന്യമായിരുന്നു അതുകൊണ്ട് തന്നെയാവാം ഒന്ന് സംസാരിക്കാൻ പോലും നിൽക്കാതെ തിരിഞ്ഞു നടന്നത്…
ഗീതാഞ്ജലിയുടെ വിവാഹത്തിന്റെ അന്നാണ് ഇതിനു മുൻപ് ഞങ്ങൾ തമ്മിൽ അവസാനമായി കാണുന്നത്.. ചുവന്ന പട്ടു സാരിയുടുത്ത് നവ വധുവായി വിവാഹ മണ്ഡപത്തിൽ അവളെ കണ്ടപ്പോൾ മനസിന്റെ താളം എപ്പോഴൊക്കെയോ തെറ്റിയിരുന്നു. ഒരുപാട് രാത്രികളിൽ മനസ്സിലിട്ടു പാകപ്പെടുത്തിയ ഒരു രംഗം ആയിരുന്നു അത്. പക്ഷെ സ്വപ്നങ്ങളിൽ എല്ലാം മറ്റൊരാൾക്ക് പകരം താനാണെന്ന് മാത്രം. ചുവപ്പിനോട് അവൾക്കെന്നും പ്രിയമായിരുന്നു. ഞങ്ങളെ തമ്മിൽ അടുപ്പിച്ചതും ഇതേ ചുവപ്പ് നിറമാണ് ഒരു ചെങ്കൊടിയുടെ രൂപത്തിൽ…..
ഇടംകയ്യിൽ ചെങ്കൊടിയും ഇടനെഞ്ചിൽ സൗഹൃദവുമായി നടന്നിരുന്ന എന്റെ കോളേജ് ജീവിതം. അവിടെ വച്ചാണ് ഞങ്ങൾ തമ്മിൽ കാണുന്നതും അടുക്കുന്നതും. പാർട്ടി ഓഫീസിന്റെ വരാന്തകളിലെ സ്ഥിരം കണ്ടുമുട്ടലുകളും സമരമുഖങ്ങളിലെ സ്ഥിരം സാന്നിധ്യവും ഞങ്ങളെ നല്ല സുഹൃത്തുക്കൾ ആക്കി മാറ്റി…
വിവാഹത്തിന് മുൻപുള്ള പ്രണയത്തെക്കാൾ വിവാഹം കഴിഞ്ഞുള്ള പ്രണയ സങ്കൽപ്പങ്ങളോടായിരുന്നു പ്രിയം. അതുകൊണ്ട് തന്നെ ഇഷ്ടമാണെന്നു പറഞ്ഞു പുറകെ നടക്കുവാനോ കോളേജ് വരാന്തയിൽ കൂടി എല്ലാ കമിതാക്കളെയും പോലെ മുട്ടിയുരുമ്മി നടക്കാനോ ആഗ്രഹിച്ചിട്ടില്ല. എങ്കിലും മനസ്സ് നിറയെ അവളും അവളോടുള്ള പ്രണയവും ആയിരുന്നു.. ഒരിക്കൽ പോലും തുറന്ന് പറഞ്ഞിട്ടില്ലാത്ത പ്രണയം…
പഠനം കഴിഞ്ഞതോടെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നല്ലൊരു ജോലിക്ക് വേണ്ടി അലഞ്ഞതും അവൾക്ക് വേണ്ടി തന്നെ ആയിരുന്നു. ഓട്ടത്തിനിടയ്ക്ക് ബന്ധങ്ങളുടെ തീവ്രതയും എപ്പോഴൊക്കെയോ കൈമോശം വന്നു.. എല്ലാം ഒന്ന് കരയ്ക്ക് അടുപ്പിച്ചപ്പോഴേക്കും അവളുടെ വിവാഹ നിശ്ചയിച്ചിരുന്നു…
ഒരിക്കലെങ്കിലും എല്ലാം ഒന്ന് തുറന്ന് പറയണം എന്നുണ്ടായിരുന്നു.. അതിനു തുനിഞ്ഞതുമാണ്.. പക്ഷെ ഇന്നുവരെ അവളുടെ മുഖത്ത് കണ്ടിട്ടില്ലാത്തത്രയും സന്തോഷവും പുതിയ ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളും ആയിരുന്നു അവളിൽ നിറയെ എന്ന തിരിച്ചറിവും എനിക്ക് തോന്നിയ പലതും അവൾക്ക് ഇല്ലായിരുന്നു എന്ന തോന്നലും എല്ലാത്തിനും എന്റെ മനസ്സിൽ തന്നെ ചിതയൊരുക്കി…
ഒരിക്കൽ പോലും മറ്റൊരാളോട് പ്രണയം തോന്നാത്ത ആരും ഉണ്ടാവില്ല. നഷ്ട്ടപ്രണയം എന്നും ഒരു വേദനയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ കാലം കഴിയും തോറും മധുരം കൂടുന്ന സുഖമാർന്ന ഒരു വേദന. കാലം തനിക്കായി കാത്തു വെച്ചത് മറ്റൊന്നാണ്. ശ്രീയുടെ കൂടെയുള്ള ജീവിതത്തിൽ താൻ അനുഭവിക്കുന്ന സന്തോഷത്തിനും സംതൃപ്തിയ്ക്കും താൻ കടപ്പെട്ടിരിക്കുന്നത് ഗീതാഞ്ജലിയോടാണ്. ഇതിനേക്കാൾ നല്ലൊരു ജീവിതം എനിക്കിനി ലഭിക്കാനില്ല….
കിഴക്ക് വെള്ള കീറി തുടങ്ങിയിരിക്കുന്നു… മനസ്സിൽ അവളോട് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് പുതിയൊരു പുലരിയെ വരവേൽക്കുമ്പോഴേക്കും കുളിച്ച് ഈറനണിഞ്ഞ് കയ്യിൽ ഒരു ചായ കപ്പുമേന്തി നിറപുഞ്ചിരിയോടെ ശ്രീ തന്റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു… ഇഷ്ടമയെങ്കിൽ ലൈക്ക് ചെയ്ത് 2 വരി കുറിക്കണേ…