രചന: സജി തൈപ്പറമ്പ്
ദേ മോളുടെ ഫീസ് നാളെ തന്നെ കൊണ്ടടയ്ക്കണ്ടമെന്ന് ടീച്ചറിന്ന് ഡയറിയിൽ
എഴുതി കൊടുത്ത് വിട്ടിരിക്കുന്നു, ആദ്യമായിട്ടാണ്, അവളുടെ രണ്ട് മാസത്തെ ഫീസ് മുടങ്ങുന്നത്, ഭർത്താവിന് കഴിക്കാൻ കഞ്ഞിയും പയറും, മേശപ്പുറത്ത് കൊണ്ട് വച്ചിട്ട് ,ശാലിനി രമേശനോട് പറഞ്ഞു.
അതിന് മറുപടിയൊന്നും പറയാതെ, രമേശൻ ചൂട് കഞ്ഞി സ്പൂണിൽ കോരി വായിലേക്കൊഴിച്ചു.
ചിട്ടിപ്പിരിവിന് വന്ന മണിച്ചേച്ചി, ഇന്നും, ഇവിടെ വന്ന് വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞിട്ട് പോയി , കറണ്ട്ബില്ലടയ്ക്കാത്തത് കൊണ്ട്, ഇനി എപ്പോഴാ ഫ്യൂസൂരി കൊണ്ട് പോകുന്നതെന്നറിയില്ല, കുട്ടികൾക്ക് പരീക്ഷയാണെന്നും പറഞ്ഞ്, കേബിള് നേരത്തെ കട്ട് ചെയ്തത് കൊണ്ട്, അത്രയും സമാധാനം, ഹൊ മടുത്തു… എന്ന് തീരും എൻ്റീശ്വരാ.. ഈ ദാരിദ്ര്യം
നാശം പിടിക്കാൻ, തൊടങ്ങി അവളുടെ പരിവേദ-നങ്ങള്, ഈ ഒറ്റക്കാരണം കൊണ്ടാണ്, പുറത്ത് പോയാൽ, നേരം ഇരുട്ടുന്നത് വരെ ഞാൻ തിരിച്ച് വീട്ടിലോട്ട് വരാത്തത്, ഇവിടെ വന്നാൽ ഇതല്ലേ അവസ്ഥ, മനുഷ്യന് ഒരു സ്വസ്ഥതയും തരില്ല.
രമേശൻ മുന്നിലിരുന്ന കഞ്ഞി പാത്രം, അരിശത്തോടെ മുന്നോട്ട് തള്ളി നീക്കിയിട്ട്, എഴുന്നേറ്റ് മുറിയിലേക്ക് പോയി .
ഉറങ്ങിയോ ?
അടുത്ത മുറിയിൽ കുട്ടികളെ കിടത്തി ഉറക്കിയിട്ട് ,ബെഡ് റൂമിലേക്ക് വന്ന ശാലിനി, കട്ടിലിൽ കണ്ണുമടച്ച് കിടക്കുന്ന രമേശനോട് ചോദിച്ചു. അയാൾ മറുപടിയൊന്നും പറയാതെ തിരിഞ്ഞ് കിടന്നപ്പോൾ ,ശാലിനി, കട്ടിലിൽ അയാളുടെ അരികിൽ വന്നിരുന്നു.
ഞാൻ നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, എനിക്കറിയാം, ഇപ്പോഴത്തെ സാഹചര്യത്തിൽ, നിങ്ങളുടെ ബിസിനസ്സ് നഷ്ടത്തിലാണ് പോകുന്നതെന്നും, അത് കൊണ്ടാണ് ,നമുക്ക് വരുന്ന ആവശ്യങ്ങളൊക്കെ നിറവേറ്റാൻ, നിങ്ങൾക്ക് കഴിയാത്തതെന്നും, പക്ഷേ അതൊക്കെ സ്കൂളുകാരോടോ മറ്റുള്ളവരോടോ പറയാൻ പറ്റുമോ ?ഇക്കാലത്ത് ഒരു ചെറിയ കുടുംബത്തിൻ്റെ ചിലവുകൾ നിയന്ത്രിച്ച് കൊണ്ട് പോകണമെന്നുണ്ടെങ്കിൽ, ഭാര്യയ്ക്കും, ഭർത്താവിനും ജോലി ഉണ്ടായേ മതിയാവു, നമുക്ക് രണ്ട് പെൺകുട്ടികളാണ്, അതിലൊരാൾ വയസ്സറിയിക്കുകയും ചെയ്തു ,കണ്ണടച്ച് തുറക്കുമ്പോഴേക്കും, അവൾക്ക് വിവാഹ പ്രായവുമാകും,
ഇത് വരെ അവർക്ക് വേണ്ടി എന്തെങ്കിലും സമ്പാദിക്കാൻ നമുക്ക് കഴിഞ്ഞോ? അത് കൊണ്ട് ഞാൻ പറയുന്നത് നിങ്ങള് ക്ഷമയോടെ കേൾക്കണം, ദയവ് ചെയ്ത്, ഇനിയെങ്കിലും എന്നെ ജോലിക്ക് പോകാൻ അനുവദിക്കണം.
അയാളുടെ തഴമ്പിച്ച കൈപ്പത്തിയിൽ ,തൻ്റെ വിരലുകൾ കൊരുത്ത് കൊണ്ട് ശാലിനി യാചിച്ചു. മ്ഹും, എൻ്റെ ബിസിനസ്സ് ഒന്ന് ഡള്ളായപ്പോൾ, നിൻ്റെ മുന്നിൽ ഞാനൊന്നിനും കൊള്ളാത്തവനായി ,ശരിയാ നീ പറഞ്ഞത്, ഞാനിത് വരെ ഒന്നും സമ്പാദിച്ച് വച്ചില്ല, കിട്ടിയത് മുഴുവൻ ഭാര്യക്കും മക്കൾക്കും വേണ്ടി ധൂർത്തടിച്ചു, എന്തിനാ? മറ്റുള്ളവരെപോലെ നിങ്ങളും ഒരു കുറവുമില്ലാതെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു ,പക്ഷേ നിങ്ങളെ സന്തോഷിപ്പിക്കാനായി ഞാൻ ചെലവാക്കിക്കളഞ്ഞത്, പിശുക്ക് കാണിച്ച് സൂക്ഷിച്ച് വച്ചിരുന്നെങ്കിൽ ,നിനക്ക് എന്നോട് ഇങ്ങനെയൊന്നും സംസാരിക്കേണ്ടി വരില്ലായിരുന്നു ,സ്കൂളിലെ ഫീസും കറണ്ട് ചാർജ്ജും ,ചിട്ടിക്കാശും കൊടുത്താൽ , തല്ക്കാലം ഇവിടുത്തെ പ്രശ്നം തീരുമല്ലോ ?അത് ഞാൻ നാളെ തന്നെ ഒപ്പിച്ച് തരാം ,അതിന് നീ ജോലിക്ക് പോയി സമ്പാദിക്കണ്ടാ
എനിക്കറിയാം ,എന്തൊക്കെ സംഭവിച്ചാലും , നിങ്ങളെന്നെ ജോലിക്ക് വിടില്ലെന്ന് ,ഞാനെന്നും നിങ്ങളുടെ അടിമയായി ,നിങ്ങൾക്കും മക്കൾക്കും വച്ച് വിളമ്പി, നിങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങളും കഴുകി ,ഒരു വേലക്കാരിയെ പോലെ ഈ നാല് ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടി ജീവിച്ചോണം ,അതല്ലേ നിങ്ങളുടെ ആഗ്രഹം, ഈശ്വരാ. ..എൻ്റെയൊരു തലവിധി.
ശാലിനി, തലയില-ടിച്ച് കൊണ്ട് സ്വയം ശ-പിച്ചു.
അതിനയാൾ മറുപടിയൊന്നും പറയാതെ, കൈയ്യെത്തിച്ച് ,ബെഡ് സ്വിച്ച് ഓഫ് ചെയ്തു .
പിറ്റേന്ന് ശാലിനി ഉണർന്നപ്പോൾ, രമേശൻ കട്ടിലിൽ ഇല്ലായിരുന്നു, പുറത്തിറങ്ങി നോക്കിയപ്പോൾ ,പോർച്ചിൽ ബൈക്ക് കാണാതിരുന്നപ്പോഴെ മനസ്സിലായി, തൻ്റെ പരാതിയും പരിഭവവും കേൾക്കാൻ നില്ക്കാതെ, രാവിലെ തന്നെ സ്ഥലം വിട്ടതാണെന്ന്.
പ്രാതല് കഴിക്കാതെ പോയ ആള്, ഉച്ചയൂണിനും എത്താതിരുന്നപ്പോൾ, അവൾക്ക് വെ-പ്രാളമായി.
മൊബൈലെടുത്ത് അയാളെ വിളിച്ച് നോക്കി ,ആദ്യമൊന്നും അറ്റൻറ് ചെയ്തിരുന്നില്ല, തുടർച്ചയായി വിളിച്ചപ്പോൾ, ഫോണിൻ്റെ ഇയർ പീസിൽ അയാളുടെ ശബ്ദം കേട്ടപ്പോഴാണ്, ശാലിനിക്ക് ശ്വാസം നേരം വീണത്.
നിങ്ങളിത് എവിടെ പോയി കി-ടക്കുവാ ,ചോറ് വിളമ്പി ഞാനിവിടെ കാത്തിരിക്കുവാ.
ങ്ഹാ ഞാനൊരു അത്യാവശ്യകാര്യത്തിന് നില്ക്കുവാ, കുറച്ച് വൈകും, നീ കഴിച്ചോളു,
അത്രയും പറഞ്ഞയാൾ ഫോൺ കട്ട് ചെയ്തപ്പോൾ, അവൾ വല്ലാതെയായി. സന്ധ്യക്ക് കുട്ടികൾ നാമം ജപിച്ച് കൊണ്ടിരിക്കുമ്പോഴാണ്, അയാളുടെ ബൈക്ക് ഗേറ്റ് കടന്ന് വന്നത്. പതിവിന് വിപരീതമായി അയാളുടെ മുഖത്ത് ഒരു മന്ദഹാസം പതിഞ്ഞിരിക്കുന്നത് കണ്ട്, അവൾക്ക് ജി-ജ്ഞാസയായി.
എന്ത് പറ്റി ?ഇന്ന് നല്ല മൂഡിലാണെന്ന് തോന്നുന്നു ?
ഉം, ഏറെ നാളുകൾക്ക് ശേഷം ഞാൻ സ്വയമൊന്ന് മാറാൻ തീരുമാനിച്ചു , പാരമ്പര്യമായിട്ട് എൻ്റെ അപ്പനപ്പൂപ്പൻമാരൊക്കെ
ബിസിനസ്കാരായിരുന്നത് കൊണ്ട്, പഠിപ്പുണ്ടായിട്ടും ഒരു ഉദ്യോഗത്തിനായി അലഞ്ഞ് നടക്കാതെ, ഞാനും ഒരു ബിസിനസ്സ്കാരനാകാനാണ് ആഗ്രഹിച്ചത്, അത് കൊണ്ട് തന്നെയാണ് ,ബിസിനസ്സ് എട്ട് നിലയിൽ പൊട്ടിയിട്ടും, വരുമാന മാർഗ്ഗം തേടി മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാൻ ദുരഭിമാനം എന്നെ അനുവദിക്കാതിരുന്നത്, പക്ഷേ, നീയിന്നലെ എന്നെ ചിലതൊക്കെ പഠിപ്പിച്ചു ,ജീവിതമെന്ന് പറയുന്നത്, ചവിട്ട പടികൾ പോലെയാണെന്നും, അത് കയറി മുകളിലെത്താൻ മാത്രമല്ല, ഇടയ്ക്ക് താഴേക്ക് ഇറങ്ങാൻ കൂടിയുള്ളതാണെന്നും ഞാൻ പഠിച്ചു, അതെ ശാലു, ഒടുവിൽ ഞാൻ താഴേക്കിറങ്ങാൻ തന്നെ തീരുമാനിച്ചു , സ്ഥിരവരുമാനമുള്ളൊരു ജോലി ,അതിന് ഞാൻ കുറെ അലയേണ്ടി വന്നു, എങ്കിലും നമ്മുടെ ടൗണിലെ സൂപ്പർ മാർക്കറ്റിൽ തരക്കേടില്ലാത്തൊരു ജോലി ശരിയായി ,ശബ്ബളം അല്പം കുറവാണെങ്കിലും, എല്ലാ മാസവും മുടങ്ങാതെയത് കൈയ്യിൽ കിട്ടുന്നൊരുറപ്പുണ്ട്,
ഇനിമക്കളുടെ ഫീസും, കറണ്ട് ചാർജ്ജും, ചിട്ടി പൈസയും ഒന്നും മുടങ്ങില്ല ,സന്തോഷായില്ലേ നിനക്ക്.
ഉം… നിങ്ങള് ഫ്രഷായിട്ട് വാ, ഞാൻ ചായ എടുത്ത് വയ്ക്കാം, ശാലിനിയുടെ മുഖത്ത് ,താൻ വിചാരിച്ച പോലുള്ള അമിത സന്തോഷം കാണാതിരുന്നപ്പോൾ, അയാൾക്ക് നിരാശയായി.
തറവാട്ടീന്ന് അമ്മയെ ,നമുക്ക് നാളെ തന്നെ കൂട്ടിക്കൊണ്ട് വരണം, വിളിച്ചാൽ അമ്മ വരുമോന്നാണ് എൻ്റെ സംശയം, കിടക്കാനായി ബെഡ്ഷീറ്റ് വിരിക്കുന്ന ശാലിനിയോട് രമേശൻ പറഞ്ഞു.
ഹ ഹ ഹ നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ ? സൂപ്പർ മാർക്കറ്റിൽ ചെറിയൊരു ജോലി കിട്ടിയെന്നും പറഞ്ഞ്, അമ്മയെ കൂടെ ഈ ബുദ്ധിമുട്ടുകൾക്കിടയിലേക്ക് കൊണ്ട് വരുന്നതെന്തിനാ?, അത് കൊണ്ടല്ല ശാലു ,നാളെ മുതൽ നമ്മള് ജോലിക്ക് പോയി തുടങ്ങിയാൽ, മക്കളുടെ കാര്യം നോക്കാൻ ആരെങ്കിലും വേണ്ടേ?
ങ്ഹേ? നിങ്ങളെന്താ പറഞ്ഞേ?, അതേ ശാലു ,നിന്നെ അന്ന് റിസപ്ഷനിസ്റ്റായി ജോലിക്ക് ക്ഷണിച്ച ആ ഹോട്ടൽ മുതലാളിയെയും ഞാനിന്ന് കണ്ട് സംസാരിച്ചിരുന്നു, അവിടെയിപ്പോഴൊരു അക്കൗണ്ടൻ്റിൻ്റെ ഒഴിവുണ്ട്, നിന്നെ നാളെ മുതൽ അങ്ങോട്ട് വിടാമെന്ന്, ഞാൻ പറഞ്ഞിട്ടാ വന്നത്.
ങ്ഹേ, നേരാണോ രമേശേട്ടാ.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, എന്നെ ഒരിക്കലും ജോലിക്ക് വിടില്ലെന്നാണ് ഞാൻ കരുതിയത്
ശരിയാ ശാലൂ.. ഉദ്യോഗസ്ഥകളായ ഒരു പാട് പെൺകുട്ടികളുടെ ആലോചനകളും, കൈ നിറയെ സത്രീധനവും, കാറുമൊക്കെ ഓഫർ ഉണ്ടായിരുന്നിട്ടും, നാട്ടിൻ പുറത്ത് കാരിയായ ജോലിയില്ലാത്ത നിന്നെ തന്നെ വിവാഹം ചെയ്യാൻ ഞാൻ ഒരുങ്ങിയത്, മറ്റൊന്നും കൊണ്ടല്ല, ഭർത്താവ് ജോലി ചെയ്ത് തള-ർന്ന് വരുമ്പോൾ ,നിറപുഞ്ചിരിയോടെ വാതില്ക്കൽ കാത്ത് നിന്ന് സ്വീകരിക്കുകയും, കടുപ്പമുള്ള ചൂട്ചായ കൊടുത്ത് ,അയാളുടെ അരികിലിരുന്ന്, അന്നത്തെ വിശേഷങ്ങൾ പരസ്പരം പങ്ക് വയ്ക്കുകയും ,ചെയ്യുന്ന, നല്ലൊരു കുടുംബിനിയായ ഭാര്യയായിരുന്നു എൻ്റെ സങ്കല്പത്തിലുണ്ടായിരുന്നത്, അത് കൊണ്ട് തന്നെയാണ് ,കുടുംബത്തിലെ ചിലവുകൾ വർദ്ധിച്ചപ്പോഴും, നീ ജോലിക്ക് പോകാൻ പല പ്രാവശ്യം ശ്രമിച്ചിട്ടും, ഞാൻ സമ്മതിക്കാതിരുന്നത്, ഇപ്പോൾ നീ ചിന്തിക്കുന്നുണ്ടാവും, സ്വന്തം സന്തോഷത്തിനും, സ്വാർത്ഥ താല്പര്യത്തിനും വേണ്ടി, ഇത്രയും നാൾ, നിന്നെ ഞാൻ ബ-ലിയാടാക്കുകയായിരുന്നെന്ന്,
ഒരിക്കലുമല്ല ശാലു, നമ്മുടെ സന്തോഷവും, സമാധാനവും നിറഞ്ഞ ജീവിതം മാത്രമായിരുന്നു ,ഞാൻ ആഗ്രഹിച്ചത്, എനിക്കറിയാം, എൻ്റെ സുഹൃത്തുക്കളിൽ പലർക്കും, ജോലിക്കാരിയായ ഭാര്യമാരുണ്ട് , അവർക്കൊന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്ല ,പക്ഷേ രണ്ട് പേരുടെയും ജോലിത്തിരക്കുകൾ കാരണം, അവർക്ക് നഷ്ടപ്പെട്ട് പോയത്, ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ലഭിക്കുന്ന ചില നല്ല മുഹൂർത്തങ്ങളായിരുന്നു, ങ്ഹാ ഇനി അത്തരം ആഗ്രഹങ്ങളുമായി നടന്നിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി, അതാ ഞാനിപ്പോൾ പ്രായോഗികമായി ചിന്തിച്ച് തുടങ്ങിയത്, എങ്കിൽ നീ കാടന്നോളു, നമുക്ക് അതിരാവിലെ എഴുന്നേല്കേണ്ടതല്ലേ?
അയാൾ കൈയ്യെത്തിച്ച് ,ബെഡ് സ്വിച്ച് ഓഫ് ചെയ്തു. പിറ്റേന്ന് രമേശൻ ഡ്രെസ്സ് ചെയ്ത് കഴിഞ്ഞിട്ടും ,ശാലിനി അടുക്കളയിലെ ജോലിയിൽ നിന്നും മോചിതമായിട്ടില്ലായിരുന്നു.
അല്ല ശാലൂ.. നീ റെഡിയാവുന്നില്ലേ? നേരം ഒരുപാടായി, ഇല്ല രമേശേട്ടാ … ഞാൻ ജോലിക്കൊന്നും പോകുന്നില്ല, എൻ്റെ ഭർത്താവിൻ്റെ സങ്കല്പത്തിലെ ഭാര്യയായി ജീവിക്കാനാണ് എനിക്കുമിഷ്ടം,
രമേശേട്ടൻ പറഞ്ഞത് പോലെ, ജീവിതം ഒന്നേയുള്ളു ,അത് പരമാവധി ആസ്വദിച്ച് തന്നെ ജീവിക്കുക ,അല്ലാതെ ഈ ചെറിയ ജീവിതം, ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടി തീർക്കേണ്ടതല്ലെന്ന് എനിക്കും മനസ്സാലായി.
അത് കേട്ട് രമേശൻ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു.
NB :- ഓരോരുത്തർക്കും ജീവിതത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ,ഇതിൽ രമേശൻ്റെ കാഴ്ചപ്പാടുകളെ അനുകൂലിക്കുന്നവരെക്കാൾ പ്രതികൂലിക്കുന്നവരാണ് കൂടുതലും ഉണ്ടാവുക എന്നെനിക്കറിയാം, എങ്കിലും രമേശനെപ്പോലെ ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ കഥ, അല്ലാതെ ഇതാണ് നല്ലതെന്ന് പറഞ്ഞ് ആരുമായും തർക്കിക്കാൻ ഞാനാളല്ല ,സന്തോഷത്തോടെ ദാമ്പത്യ ജീവിതം നയിക്കുന്ന, ഉദ്യാഗസ്ഥരായ നിരവധി ഭാര്യാഭർത്താക്കന്മാരും ഉണ്ടെന്നെനിക്കറിയാം , അത് കൊണ്ട് അങ്ങനെയുള്ളവരെ വിമർശിക്കുകയല്ല ഞാനെന്ന്, മനസ്സിലാക്കണമെന്ന് അപേക്ഷിക്കുന്നു.
രചന: സജി തൈപ്പറമ്പ്