രചന : Soumya Dinesh
“നേരം വൈകി പെണ്ണേ.. വന്ന് കേറെടി വേഗം.”
“ദാ വന്നു… ഹോ..രാമേശ്വരം കാണാൻ പൂതിയായിട്ടല്ല. നിങ്ങടെ കൂടെ അങ്ങനേലും കുറച്ചു സമയം ഇരിക്കാലോ ന്ന് കരുതീട്ടാ… അല്ലാതെ നിങ്ങക്കീ ജന്മം ലീവെടുത്തു എന്നെ എവിടേലും കൊണ്ടോവാനോ സ്നേഹിക്കാനോ നേരല്ല്യാലോ. ”
അതും പറഞ്ഞു ഞാൻ വണ്ടിയിലോട്ട് കേറി. ഞങ്ങളിന്ന് ഒരു യാത്ര പോവാണ്. രാമേശ്വരം. വയസായതോണ്ട് പോകുന്നതല്ല. എന്റെ പാതി ഒരു ഡ്രൈവർ ആണ്. ടൂറിസ്റ്റ് ബസിന്റെ സാരഥി. സാധാരണ ജോലികളെ പോലെ ലീവ് എടുക്കാൻ പറ്റാത്ത മേഖലയാണ് ഇത്. ഒരു ദിവസത്തെ ലീവിന് ചിലപ്പോ ഒരാഴ്ച വീട്ടിലിരിക്കേണ്ടി വരും. അറിയാവുന്ന കാര്യമായിട്ട് പോലും മിക്കപ്പോഴും ഞാൻ വഴക്കിടാറുണ്ട്.
“നിങ്ങൾക്ക് മാത്രേ ഈ ലോകത്തു ബസ് ഓടിക്കാൻ അറിയുള്ളൂ. വേറെ ഒരാളെ വിളിച്ചു ഏൽപ്പിച്ചു ലീവെടുത്താ ആകാശം ഇടിഞ്ഞു വീഴോ മനുഷ്യാ…” ഒന്നും മിണ്ടാതെ എണീറ്റ് പോകും പാവം. ഞാനാണേൽ കർക്കിടകത്തിലെ മഴ പോലെയാ. പെയ്യാൻ വിചാരിച്ചാൽ പിന്നെ തോരില്ല. പെയ്തുകൊണ്ടേ ഇരിക്കും. അതവിടെ നിക്കട്ടെ. ഞങ്ങൾ പുറപ്പെട്ടത് രാമേശ്വരത്തേക്കാണ്. ഏട്ടന്റെ ബസിൽ ഞങ്ങളൊരുമിച്ചു ഒരു ട്രിപ്പ്. ബസിൽ കയറി ഡ്രൈവർ തനി ഡ്രൈവർ ആയി. ഞാനെന്നൊരാൾ കൂടെയുണ്ടെന്ന് തന്നെ മറന്നു. ഞാനാണേൽ പൊട്ടൻ ചന്തയ്ക്കു പോയ പോലെ ബാക്കിൽ ഒരു വിൻഡോ സീറ്റിൽ ഇരുന്ന് ചുറ്റും നോക്കി. പരിചയമില്ലാത്ത കുറെ ആളുകൾ. ദേവീ.. വരണ്ടായിരുന്നു. എത്ര നേരം ഇങ്ങനെ ബോറടിച്ചിരിക്കും…
“ഇന്ന് നമുക്ക് ഒരു പുതിയ ആള് കൂടി കൂട്ടിനുണ്ട്. വേറാരും അല്ല. നമ്മടെ ബിനുക്കുട്ടന്റെ ഭാര്യ.. പരിചയപ്പെട്ടോളൂ…” വൽസേട്ടന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി.ബസിൽ എല്ലാരും പരസ്പരം പരിചയപ്പെടുന്നത് മൈക്ക് ല് വൽസേട്ടൻ പരിചയപെടുത്തുമ്പോഴാണത്രെ. ഭഗവാനേ.. ഇങ്ങേരിനി മൈക്കും കൊണ്ട് എന്റടുത്തേക്ക് വരുവോ. എനിക്കാണേൽ ആ സാധനം കൈ കൊണ്ട് തൊട്ടാലേ വെളിച്ചപ്പാട് വാ-ളെടുത്ത പോലെ നിന്ന് വി-റയ്ക്കും..
“ഒന്ന് സ്വയം പരിചയപ്പെടുത്തൂ…ഇവിടെ എല്ലാര്ക്കും പരസ്പരം അറിയാം. മോളെയൊഴികെ. പോയി വരും വരെ നമ്മളൊരു കുടുംബമാണ്…” മൈക്ക് കണ്ടതും എന്റെ കിളി പറന്ന് പോയി.. വരുന്നത് വരട്ടെ. ഞാനത് ഏറ്റു വാങ്ങി. ബസിന്റെ സെന്ററിലേക്ക് നീങ്ങി നിന്ന് മ്മടെ പരിപാടി തുടങ്ങി.
“എല്ലാര്ക്കും നമസ്ക്കാരം. എന്റെ പേര് സൗമ്യ.. വീട് തൃശ്ശൂർ.ഞാൻ ഈബസിന്റെ ഡ്രൈവറുടെ ഭാര്യയാണ്…” “മോളേ.. ഡ്രൈവറല്ല. അവൻ ഞങ്ങടെ അനിയനും മോനും ഒക്കെയാണ്. നീയവനെ ഡ്രൈവർ എന്ന് പറയുമ്പോ എന്തോ പോലെ. ബിനു ന്ന് പറഞ്ഞാ മതി…”
എന്റെ ഇടതു വശത്തിരുന്ന ഒരാന്റിയാണ് അത് പറഞ്ഞത്. എല്ലാരും അതെ അഭിപ്രായക്കാരായിരുന്നു. അന്നേരം എനിക്കെന്തോ ഭയങ്കര സന്തോഷം തോന്നി. ആ യാത്രയിലുടനീളം അവരെല്ലാവരും ആ സ്നേഹം എന്നോട് കാണിച്ചിരുന്നു. രാത്രിയായി. ആഹാരം കഴിക്കാനായി മാത്രമാണ് ബസ് നിർത്തിയിരുന്നത്. അതും പെ-ട്രോൾ പമ്പുകൾ സമീപത്തുള്ള ഏതെങ്കിലും ഹോട്ടലുകളിൽ. അതെന്താണെന്നു ഞാൻ ഏട്ടനോട് ചോദിച്ചു.
“എടി.. പോത്തേ (സ്നേഹം വല്ലാണ്ട് കൂടുമ്പോ എന്നെ അങ്ങേരങ്ങനെയാ വിളിക്ക്യാ.. അല്ലാതെ ഇരട്ടപ്പേരല്ല.)വണ്ടിയിൽ ഡീ-സലടിക്കണം. ഫുഡ് കഴിക്കണം. ലേഡീസിന് ടോയ്‌ലെറ്റിൽ പോകണം. സമയം കുറെ പോകും. ഇതാവുമ്പോ അവർക്കു കുറച്ചു പേർക്ക് ഹോട്ടലിലെ ടോ-യ്ലറ്റ് യൂസ് ചെയാം. കുറച്ചു പേർക്ക് പമ്പിലെ ടോ-യ്ലറ്റ് യൂസ് ചെയാം. ഫുഡും കഴിക്കാം. എനിക്കെന്റെ വണ്ടിയിൽ ഡീസലും അടിക്കാം. എങ്ങനെ… ”
അമ്പട ഭർത്താവേ നിങ്ങള് ആള് കൊള്ളാല്ലോ… (മനസ്സിൽ തോന്നിയതാണ്.ഉറക്കെ പറഞ്ഞാൽ രണ്ടിഞ്ച് പൊന്തും നിലത്തൂന്ന്.. അതാ ) വീണ്ടും യാത്ര തുടങ്ങി. സമയം 2മണി കഴിഞ്ഞു. എനിക്കുറക്കം വന്നില്ല. പാട്ടുണ്ട് വണ്ടിയിൽ. ഞാൻ മെല്ലെ എണീറ്റ് മുൻപിലോട്ട് നടന്നു. ഡ്രൈവറുടെ ക്യാബിനിലേക്ക് യാത്രക്കാർ കയറില്ല. ഞാൻ പക്ഷെ യാത്രക്കാരിയല്ലല്ലോ.. ചെല്ലുമ്പോ ഉറങ്ങാതെ കാവലിരിക്കേണ്ട ക്‌ളീനർ ചെക്കൻ ഇരുന്ന് കൂർക്കം വലിക്കുന്നു. ഹൈ റേഞ്ച് കേറുന്ന വണ്ടി പോലെ.. അവന്റെ മണ്ടയ്ക്കൊരു കിഴുക്ക് കൊടുത്തു.
“നീയിതിനാണോ വണ്ടിയിൽ കേറിയത്. മാറെടാ…” എന്റെ ചോദ്യം കേട്ട് അവനൊന്ന് മിഴിച്ചു നോക്കി. എന്നിട്ട് പതിയെ നീങ്ങിയിരുന്നു. ക്യാബിനിലേക്ക് കയറി ബർത്തിനു മുകളിൽ മലമുകളിൽ അയ്യപ്പസ്വാമി ഇരിക്കും പോലുള്ള എന്റെ ഇരിപ്പു നോക്കി ഏട്ടനൊന്നു ചിരിച്ചു.
“നിനക്കെന്താടി ഉറക്കൊന്നുല്ല്യേ. പോയി കെടന്നുറങ്ങിക്കോ. പുലർച്ചയെ അവിടെത്തൂ.. അല്ലേൽ നീയീ ബർത്തിൽ കിടന്നോ.”
“വേണ്ട. നിങ്ങള് വണ്ടിയോടിക്കുന്നത് നോക്കിയിരിക്കാനാ ഞാൻ വന്നേ. ഇവിടിരുന്നോളാം.” വഴിയിൽ കണ്ട ഓരോ കാഴ്ചകൾക്കും വിശദീകരണം ചോദിച്ചും മറുപടി തന്നും ദൂരങ്ങൾ താണ്ടി ഞങ്ങൾ പൊയ്ക്കൊണ്ടേ ഇരുന്നു. ലോകം മുഴുവൻ ഉറങ്ങുന്നു. ഈ സമയത്തും 52പേരുടെ ജീവനും ജീവിതവും കയ്യിൽ പിടിച്ചിരിക്കുന്ന വളയത്തിൽ അർപ്പിച്ചു ഉറങ്ങാത്ത മനസും പതറാത്ത വേഗവുമായി ഏട്ടൻ… ഈശ്വരാ.. ഈ കൈയോ മനസോ ഒന്നിടറിയാൽ ന്റേതടക്കം ഒരുപാടു പേരുടെ സ്വപ്‌നങ്ങൾ തക-ർന്നു വീ-ഴും. ഒരുപാട് ജീവിതങ്ങൾ അസ്തമിക്കും.. അരുത്. ഉറങ്ങാൻ പാടില്ല നീയും എന്ന് ആരോ ഉള്ളിലിരുന്ന് പറയുംപോലെ തോന്നി. അന്നാദ്യമായി ഞാനറിഞ്ഞു. എന്റെ പാതിജീവൻ എനിക്കെത്ര വിലപ്പെട്ടതാണെന്ന്. വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്കു വരുന്ന ഏട്ടനെ നിസ്സാര കാര്യങ്ങൾക്കു പോലും തർക്കിച്ചു സ്വൈര്യം കെടുത്തിയിരുന്ന എന്നെയോർത്തു എനിക്ക് തന്നെ പുച്ഛം തോന്നിപ്പോയി. രണ്ടു രാത്രിയും മൂന്നു പകലും വളരെക്കുറച്ചു സമയമേ ഏട്ടനുറങ്ങിയിട്ടുള്ളൂ. ദേവീ.. ജോലി കഴിഞ്ഞു വീട്ടിലെത്തി ഉറങ്ങാൻ കിടക്കുന്ന ആ മനുഷ്യനെ ഞാനെത്ര ശല്യം ചെയ്തിരിക്കുന്നു.
“എപ്പഴും ഉറങ്ങാൻ നിങ്ങളെന്താ കുംഭകർണൻ ആണോ.. ബാക്കിയുള്ളവരും ഉറങ്ങാൻ ആഗ്രഹമുള്ളവര് തന്നെയാ…”
“എത്ര ഉറങ്ങിയാലും എനിക്ക് മതിയാവൂല്ലെടി. അത് പറഞ്ഞാൽ നിനക്ക് മനസിലാവൂല്ല.”
ശരിയാണ്. ഉറങ്ങാൻ പരിമിതികളുള്ള ജോലിയാണിതെന്ന് ഇപ്പോ എനിക്കറിയാം. ഇനി ഒരിക്കലും ഞാനിങ്ങേരെ ശല്യം ചെയ്യില്ല. തിരികെ വരുമ്പോൾ ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ഒരാളുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടിയും വന്നു ആ പാവത്തിന്. ട്രാഫിക്കിൽ ബ്രേക്കിട്ടപ്പോൾ ഒരു കാർ ബസിന്റെ ബാക്കിൽ ഒന്ന് തട്ടി. ബസിന്റെ റൈറ്റ് സൈഡിലെ ലൈറ്റും കാറിന്റെ ലെഫ്റ്റ് സൈഡിലെ ലൈറ്റും പൊട്ടി. കണ്ടാലേ അറിയാം അയാള് ഓവർ ടേക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അത് സംഭവിച്ചതെന്ന്. പക്ഷെ അയാൾക്ക് നഷ്ടപരിഹാരം വേണം. ഏട്ടന് വേണ്ടി എല്ലാരും പുറത്തിറങ്ങി അയാളോട് തർ-ക്കിക്കുന്നത് കണ്ട് എനിക്ക് ഉള്ളിൽ ചെറിയൊരു സമാധാനം തോന്നി. അത് വരെ ഡീസന്റ് ആയി അധികം ബഹളമൊന്നും ഉണ്ടാക്കാതെ ഇരുന്നിരുന്ന ഒരു പയ്യനുണ്ടായിരുന്നു ബസിൽ. എംബിബിഎസ് നു പഠിക്കുന്നവനാണ്. ചാടിയിറങ്ങി അയാളുടെ നേരെ പാഞ്ഞടുത്തു.
“ചേട്ടൻ മര്യാദയ്ക്ക് തന്നെയാ ഡ്രൈവ് ചെയ്തേ. താനാ റോങ് ആയി കേറി വന്നത്. എന്നിട്ട് ന്യായം പറയുന്നോ…..” തർ-ക്കിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞു വൽസേട്ടനും ഏട്ടനും തോന്നിയിട്ടാകാം 2000രൂപ കൊടുത്തു അയാളെ ഒഴിവാക്കി. തിരികെ പോരുമ്പോ എന്റെ മുഖം കണ്ടിട്ടാവാം ഏട്ടൻ പറഞ്ഞത്.
“ഇനിയും അവിടെ നിന്നാൽ മ-രിച്ചു വണ്ടിയോടിക്കേണ്ടി വരും. അതോണ്ടാ ചോദിച്ച പൈസ കൊടുത്തു സെറ്റിൽ ചെയ്തത്. എല്ലാരേയും സമയത്തിന് ബസ് സ്റ്റാൻഡിലും ഓട്ടോ സ്റ്റാൻഡിലും ഒക്കെ വിടണ്ടേടി… ഇല്ലെങ്കില് വീടെത്താൻ കഴിയാണ്ട് അവര് ടെൻഷൻ ആവും. ”
“ന്റെ… കൃഷ്ണാ.. നിങ്ങടെയൊരു ആത്മാർത്ഥത. ഇതിന്റെ ഏഴിലൊന്നു ന്നോട് കാട്ടിയിരുന്നേ ന്റെ വായിലിരിക്കുന്നത് കേൾക്കണ്ട വല്ല കാര്യോം ണ്ടോ മനുഷ്യാ… കഷ്ടം…” പറഞ്ഞതങ്ങനെയെങ്കിലും ആ നല്ല മനസ്സോർത്തു ഞാൻ അഭിമാനിച്ചു. ഉള്ളതിൽ 41പേരും സ്ത്രീകളാണ്. അവരെക്കുറിച്ചു ഇത്രേം ഉത്തരവാദിത്വം ണ്ടേല് ന്റെ കാര്യത്തിലും ണ്ടാവുല്ലോ.. ന്നാലും ഒന്ന് കു-ത്തിയില്ലേൽ ഞാൻ പിന്നെ ഫാര്യ യാവോ… ന്തായാലും തിരിച്ചു തൃശൂരെത്തി എല്ലാരും എണീറ്റു. വൽസേട്ടൻ നന്ദി പറയാനെന്നോണം മൈക്ക് വീണ്ടുമെടുത്തു.
“യാത്രയ്ക്ക് സഹകരിച്ച എല്ലാരോടും നന്ദി….”
“വൽസേട്ടാ..ഒരു മിനിറ്റ്.. ” ആ ആന്റിയായിരുന്നു..
“എനിക്ക് ഒരാളോട്. മാത്രേ നന്ദി പറയാനുള്ളൂ. ഭാര്യ കൂടെയുണ്ടായിട്ടും അവളെ കൂടെക്കൂട്ടി കറങ്ങി നടക്കാതെ നമുക്ക് വേണ്ടി നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നമ്മളെ കൊണ്ട് പോയി പ്രതീക്ഷിച്ചതിലും നേരത്തെ നമ്മളെ തിരിച്ചെത്തിച്ച മ്മടെ ബിനുക്കുട്ടന്..താങ്ക് യൂ ടാ മോനേ. . ഭാര്യ കൂടെയുള്ളതോണ്ട് നന്ദി പറയണതല്ലട്ടോ.. മോളെ.. ”
യാത്ര പോയതിനേക്കാൾ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. സത്യത്തിൽ ഒരു കുന്ന് പരിഭവങ്ങളും കൊണ്ട് മുഖം വീർപ്പിച്ചിരുന്ന എനിക്കെന്തോ ആ സമയം ഒരു സംതൃപ്തി ഫീൽ ചെയ്തു. എല്ലാരും ഇറങ്ങി ലഗേജ് എടുക്കാൻ നേരം ഒരു ചേച്ചി വന്നെന്റെ കൈ പിടിച്ചു.
“മോളേ… നിന്റെ ഭാഗ്യമാണവൻ. വിടണ്ട. മുറുകെ പിടിച്ചോളൂ.. ആരുമല്ലാത്ത ഞങ്ങളെക്കുറിച്ചവൻ ഇത്രയും ചിന്തിക്കുന്നെങ്കിൽ നിന്നെ ഒരിക്കലും അവൻ കൈ വിടില്ല. ”
പൂരപ്പറമ്പിൽ പറ്റാനകളുടെ നടുവിൽ തിടമ്പേറ്റി നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഗമയായിരുന്നു എനിക്കപ്പോ. സത്യം… എല്ലാം കഴിഞ്ഞു എന്നെ വീട്ടിലാക്കി വീണ്ടും പുറപ്പെട്ടു മ്മടെ കെട്ടിയോൻ. അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്… ഹൈദരാബാദ്. ഇനി 11ദിവസം കഴിഞ്ഞേ വരൂ. അതാണൊരു ഡ്രൈവർ….
ഇനിയെന്റെ സഹോദരിമാരോട്…. കെട്ടിയോൻ ഏതു ജോലിക്കാരനായാലും പുറത്തു കൊണ്ട് പോയില്ല, സിനിമ കാണിച്ചു തന്നില്ല,കല്യാണത്തിന് കൂടിയില്ല,സ്നേഹത്തോടെ മിണ്ടിയില്ല എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തുമ്പോ ഓർക്കുക… അവന്റെ ജോലി, അതിന്റെ സ്വഭാവം ഒക്കെ.. എന്നിട്ട് കുറ്റപ്പെടുത്തുക. ഇത് പറഞ്ഞൂന്ന് കരുതി ഇപ്പോ ഞാൻ പരിഭവം പറയാത്ത നല്ല ഭാര്യയാണെന്ന് കരുതിയോ.. ഹിഹി.. തെറ്റി. ഞാനതു പറഞ്ഞില്ലേൽ അങ്ങേർക്കും മൂപ്പരതു കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചില്ലേൽ എനിക്കും ഉറക്കം വരൂല. അതോണ്ടാണല്ലോ ഡ്രൈവറെ കെട്ടിയാൽ ജന്മം പോക്കാണെന്ന് പറഞ്ഞിട്ടും ന്നാ പിന്നെ കെട്ടിയിട്ടേ ഉള്ളൂ കാര്യം ന്നും പറഞ്ഞു ഞാനങ്ങേരെ കെട്ടീത്. ഏത്…. (ന്നെ തപ്പണ്ട… ഞാൻ നാടുവിട്ടു.. ) ലൈക്ക് കമന്റ് ചെയ്യണേ…