കഴുത്തിൽ താലി കെട്ടുന്നവന്റെ കൂടെ ബുള്ളറ്റിൽ കെട്ടിപിടിച്ചിരുന്ന് ഹൈറേജ് കേറണം.

രചന:Sreenath Sree

“ഹായ്‌ ശ്രീയേട്ടാ സുഖമാണോ ”

രാത്രി ജോലിത്തിരക്കിനിടയിൽ ഇൻബോക്സിൽ വന്നൊരു മെസേജിൽ ഞാൻ ചുമ്മാ കണ്ണോടിച്ചു. കഥപറയുന്ന രണ്ട് കണ്ണുകൾ ഇൻബോക്സിൽ തെളിഞ്ഞു. മുൻപെപ്പോളോ എന്റെയൊരു സ്റ്റോറിയിൽ പരിചയപ്പെട്ട നാട്ടുകാരി പെൺകുട്ടി. പേര് “അമ്മു ”

“സുഖം കുട്ടി. അവിടെയോ ?” “സുഖം ശ്രീയേട്ടാ ”

“ഇതെന്താ ഇത്രയും രാത്രി ആയിട്ടും ഉറക്കമില്ലേ. ? ” “എന്തോ ഉറക്കം വന്നില്ല ശ്രീയേട്ടാ, അപ്പോൾ fbയിൽ ചുമ്മാ തോണ്ടി കളിക്കുമ്പോൾ ശ്രീയേട്ടൻ കുറച്ചുമുൻപ് ഓൺലൈനിൽ വന്നത് കണ്ടു അപ്പോൾ മെസ്സേജ് അയച്ചതാ. പുതിയ കഥ ഒന്നും ആയില്ലേ ശ്രീയേട്ടാ.. ?”

“ഹാ ഞാൻ ഡ്യൂട്ടിയിൽ ആണ് . അപ്പോൾ ഇടയ്ക്ക് ഇതുവഴി എത്തിനോക്കും അതാണ്. സ്റ്റോറി ഒന്നും ഇല്ല കുട്ടി . പിന്നെ ഉറക്കത്തെ കുറച്ച് ശബ്ദം കൂട്ടി വിളിച്ചു നോക്ക്… ചിലപ്പോൾ വരും കുട്ടി. ” “ഹഹഹ ശ്രീയേട്ടാ ചളി കോമഡി ആണെല്ലോ ”

“എന്റെ റെയിഞ്ചിൽ ഇതൊക്കെ വല്യ സംഭവം ആണ് കുട്ടി ” കളിയും ചിരിയും കലർന്ന അമ്മുന്റെ സംസാരം ദുബായിലെ ഒറ്റപ്പെടലിലും ജോലിയിലും ബോറടിച്ചിരുന്ന എനിക്കേറെ ഊർജം നൽകി. മണിക്കൂറുകൾ നീണ്ട് നിന്ന ചാറ്റിങ് പെട്ടന്ന് നിന്നു . ഉറക്കം വരാത്ത രാവിൽ വെറുതെ എന്റെ വിശേഷങ്ങൾ തിരക്കാൻ വന്ന പെൺകുട്ടി ഉറങ്ങിപോയി തോന്നുന്നു. ഞാൻ വീണ്ടും എന്റെ ജോലിയിൽ ശ്രദ്ധ തിരിച്ചു.
രാവിലെ റൂമിലെത്തി fb യിൽ ചുറ്റിക്കറങ്ങുന്ന ടൈം ആ മുഖം വീണ്ടും വന്നു ഒരു ശുഭദിനവും കൊണ്ട്. രാത്രിയിലെ പരിചയപ്പെടൽ രാവിലെയിലെ സംസാരത്തിന്റെ തീവ്രത കൂട്ടി. തുടരെ തുടരെയുള്ള എന്റെ കുട്ടി വിളിയിൽ നീരസം കാട്ടാനും അവൾ മറന്നില്ല.

“ശ്രീയേട്ടാ ഞാൻ കൊച്ച് പെണ്ണൊന്നും അല്ലാട്ടോ,എപ്പോളും കുട്ടീ കുട്ടീ വിളിക്കാൻ. എനിക്ക് നല്ലൊരു പേരില്ലേ അത് വിളിച്ചൂടെ. ”

“ഹഹഹ ന്റെ കുട്ടി, ഇടയ്ക്ക് ഞാൻ എന്റെ അമ്മയെയും ചേച്ചിയെയും വരെ കുട്ടി വിളിക്കും… അക്കൂടെ ഇജ്ജും കൂടിക്കോ. ”

” ഓഹോ അങ്ങനെയാണോ അപ്പോ ശരി ഇങ്ങള് വിളിച്ചോളി ശ്രീയേട്ടാ ” സൗഹൃദ സംഭാഷണം നീണ്ട് നീണ്ട് പല ദിനരാത്രങ്ങൾ കടന്ന് പോയി.

കഴുത്തിൽ താലി കെട്ടുന്നവന്റെ കൂടെ ബുള്ളറ്റിൽ കെട്ടിപിടിച്ചിരുന്ന് ഹൈറേജ് കേറണം. അതാണ് ശ്രീയേട്ടാ എന്റെ ഏറ്റവും വല്യ ആഗ്രഹമെന്നവൾ പറഞ്ഞപോൾ വെറുതെ ഒന്ന് ചോദിക്കാൻ തോന്നി ഞാൻ മേടിക്കണോ പെണ്ണേ ബുള്ളറ്റെന്ന്. അതിന് മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കിയവൾ സമ്മതം തരികെയായിരുന്നെന്നു തിരിച്ചറിയാൻ ഒരല്പംവൈകി.

പ്രണയമായിരുന്നു പിന്നീടവൾക്ക് ഈ സഖാവിനോട്. പ്രണയത്തിന്റെ എല്ലാ രൗദ്രഭാവങ്ങളും ഞങ്ങൾക്കിടയിൽ കടന്ന് പോയി. അങ്ങനെ ഒരുനാൾ ഞാനവളുടെ വീട്ടിൽ ചെന്നു പെണ്ണ് ചോദിക്കാൻ. ജാതകം ചേർന്നാൽ വിവാഹം നടത്താം അതായിരുന്നു അച്ഛന്റെ തീരുമാനം. ഇതുവരെ ജാതകം എഴുതിയിട്ടില്ലാത്തവളുടെ ജനന സമയവും ഡേറ്റ് ഓഫ്‌ ബർത്തും വാങ്ങി വളരെ സന്തോഷവാനായാണ് ഞാൻ അവിടെനിന്നും മടങ്ങിയത്.

ഒരുപലകയിൽ നാല് കരുക്കൾ നീക്കി അവന് ഈ യോഗം ഇവന് ഈ യോഗം എന്ന് പ്രവചിക്കാൻ ശേഷിയുള്ള ജ്യോത്സൻ വിധിയെഴുതി അവൾ ചൊവ്വാദോഷക്കാരിയാണ് ഒരിക്കലും ചേരാൻ പാടില്ലാത്ത രണ്ട് ജാതകമാണിത്. ഞാനൊരു സഖാവാണ് അന്ധവിശാസമില്ലാത്ത യഥാർത്ഥ സഖാവ്.!

അയാൾ ആവശ്യപ്പെട്ട പണം നൽകി അവിടെനിന്നും യാത്ര തിരിക്കുമ്പോൾ ഒരേയൊരു ലക്ഷ്യമേ മുന്നിലുണ്ടായിരുന്നൊള്ളു. ജാതകം നോക്കിയ കാര്യം അവൾ അറിയണ്ട, അവളുടെ നിറുകയിൽ സിന്ദൂരമായി എനിക്ക് കേറണം…!!

ഞാനൊരു ചൊവ്വാദോഷകാരി ആണെന്ന് ആ പാവം അറിയരുത്. അത്രക്കും മോഹങ്ങളും സ്വപ്നങ്ങളും നെഞ്ചിലേറ്റി നടക്കുകയാണ് അവൾ. എനിക്കും അവളെ അങ്ങനെ കളയാൻ കഴിയില്ല.

“അമ്മു ഒരുപക്ഷേ നമ്മുടെ ജാതകം ചേർന്നില്ലേൽ നിന്റെ വീട്ടുകാർ സമ്മതിക്കില്ല. നീ ഇറങ്ങി വരുമോ ഞാൻ വിളിച്ചാൽ ”

“ശ്രീയേട്ടൻ എന്തിനാ നെഗറ്റീവ് ആയി ചിന്തിക്കുന്നേ…… അങ്ങനെ ചേരാതിരിക്കില്ല ശ്രീയേട്ടാ… എനിക്കുറപ്പുണ്ട്. ” “ഉം. നിന്റെ ഉറപ്പുകളെ അല്ല അമ്മു എനിക്ക് വേണ്ടത്. എനിക്കെന്റെ മനസിന്‌ കൊടുക്കാനൊരു ഉത്തരമാണ് വേണ്ടത്.!”

“ശ്രീയേട്ടാ ഇതിനുത്തരം ഞാൻ മുൻപേ തന്നതാണ്. ഞാൻ ഇറങ്ങി വരില്ല ശ്രീയേട്ടാ… ഞാൻ അങ്ങനെ ഇറങ്ങിവന്നാൽ എന്റെവീട്ടുകാർ എല്ലാരുടെയും മുൻപിൽ തലതാഴ്ത്തി നിൽക്കണ്ടേ . എന്നെ ഇത്രയും വളർത്തി വലുതാക്കിയ അവർക്ക് ഞാൻ ആ അപമാനം നൽകണോ ?”

അവളുടെ ആ വാക്കുകൾക്ക് മുന്നിൽ ഞാൻ നിശബ്ദനായി. ശരിയാണ് അവൾ പറഞ്ഞത്. മുൻപും ഇതവൾ പറഞ്ഞതാണ്‌. ഇത്രയും നല്ലൊരു പെണ്ണിനെ ഞാനെങ്ങനെ പാതിയിൽ ഉപേക്ഷിക്കും..?? ഒടുവിൽ അവളുടെ സ്വപ്നങ്ങൾക്ക് നേരെ നിൽക്കുന്ന വി-ല്ലനെ ഞാൻ പറഞ്ഞുകൊടുത്തു, വായാടി പെണ്ണ് നിശബ്ദയായി…!!

പിന്നീടങ്ങോട്ട് എനിക്കുവേണ്ടി എന്നിൽ നിന്നും പടിയിറങ്ങുന്ന അവളെയാണ് ഞാൻ കണ്ടത്.

അന്ധവിശ്വാസത്തിന്റെ മതിൽ കെട്ടിൽ വളർന്നവൾ അങ്ങനെ ചെയ്യും.

അവസാനമായി ഞങ്ങളുടെ കൂടികാഴ്ചയാണിന്ന്. “ഇനി ഈ ജീവിതയാത്രയിൽ നമ്മൾ തമ്മിൽ കണ്ട് മുട്ടില്ല. നിനക്ക് തന്നെയറിയാലോ ഒരു ചൊവ്വാദോഷക്കാരി ജിവിതത്തിൽ തരണം ചെയേണ്ടി വരുന്ന പ്രശ്നങ്ങളെ. ദോഷമുള്ള മറ്റൊരു ജാതകക്കാരൻ തന്നെ വരണം നിന്നെ കെട്ടാൻ. അതൊരു പക്ഷെ കിളവനാവാം, അല്ലെങ്കിൽ ഒരാൾ വരും വരെ ഏറെകാലം നീ കാത്തിരിക്കണം. അപ്പോൾ പൊഴിയുന്നത് നിന്റെ മോഹങ്ങളും സ്വപ്നങ്ങളുമാവാം. ”

“ഉം. എല്ലാം അറിയാം ശ്രീയേട്ടാ. പക്ഷെ വീട്ടുകാരെ വേദനിപ്പിച്ച് എനിക്കൊന്നും നേടണ്ട. എനിക്കുമറിയാം ഇതെല്ലാം വെറും അന്ധവിശ്വാസം ആണെന്ന്. പക്ഷെ എന്ത് ചെയ്യാം ഞാനും ഏറെക്കുറെ അതിനടിക്റ്റായി പോയി. ശ്രീയേട്ടൻ എന്നാ തിരിച്ചു പോകുന്നെ ലീവ് തീരാറായില്ലേ. ?” “ആയി ഇനി പത്ത് നാൾ കൂടെ. ഡി പെണ്ണേ… എന്റെ ഒരാഗ്രഹം ഒന്ന് സാധിച്ചു തരുമോ ഈ ബുള്ളറ്റിൽ നിന്റെകൂടെയൊരു ഡ്രൈവ്… അതൊരു വല്ലാത്ത മോഹമായിരുന്നു.. സാധിച്ചു തരുമോ, ഒന്ന് കേറുമോ…? ഒരല്പദൂരം പോയി നമ്മുക്ക് പിരിയാം.!!!”

“ഹല്ല ശ്രീ എത്രാമത്തെ തവണയാ ഈ കഥ കേൾക്കുന്നത്. ?” പിന്നിലൂടെ വന്ന് തോളിൽ കൈയിട്ടുകൊണ്ട് കർണേട്ടൻ ചോദിച്ച ചോദ്യത്തെ ഒരു പുഞ്ചിരിയോടെ ഞാൻ സ്വീകരിച്ചു.

“ഹാ ഇന്നിത് പറയാൻ ഒരു കാരണം ഉണ്ട് കർണേട്ടാ, ഞങ്ങളുടെ മൂത്ത മകൾ ദേവൂന്റെ വിവാഹമാണ് അടുത്ത മാസം പത്തിന് . അതിന് ക്ഷണിക്കാൻ കൂടെയാണ് ഞങ്ങൾ വന്നത്. അവളവിടെ അകത്ത് മിനിചേച്ചിയോട് സംസാരിക്കുന്നു , ഏട്ടന്റെ പുത്രൻമാർക്ക് ശ്രീമാമന്റെ പ്രണയകഥ കേൾക്കണം പോലും. ”

” ആഹാ അമ്മുവും വന്നിട്ടുണ്ടോ. അപ്പോ നീ ഇവന്മാർക്ക് കഥ പറഞ്ഞു കൊടുക്ക് ഞാനൊന്ന് അമ്മുനെ കണ്ടിട്ട് വരാം ”

” എന്നിട്ട് ശ്രീമാമ… അമ്മുവാന്റി അന്നാ ബുള്ളറ്റിൽ കേറിയോ?. ” “ഉം… കേറി, എന്നിട്ട് പിന്നിലൂടെ കെട്ടിപിടിച്ചു പറഞ്ഞു ഇനിയെന്നെ ഇറക്കിവിടല്ലേ ശ്രീയേട്ടാ എന്ന്….!! പിന്നെ ആ വണ്ടി എവിടെയും നിന്നില്ല. കൊട്ടിയൂരപ്പന്റെ മകളെയും കൊണ്ട് ഗുരുവായൂരപ്പന്റെ മുന്നിലേക്ക്‌, അവിടെ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പിന്നെ കുറച്ച് എന്റെ മറ്റ് കൂട്ടുകാരുടെയും മുന്നിൽ വച്ചൊരു മംഗല്യം., നീയൊക്കെ അപ്പോൾ പൊടികുപ്പികളാ. ”

ഞങ്ങളെ ഒന്നാവാൻ സഹായിച്ച ഏട്ടനോട് ഞങ്ങളുടെ മകൾക്ക് വേണ്ടി ഇനി പ്രാർത്ഥിക്കണം എന്നും പറഞ്ഞ് അവിടെ നിന്നും യാത്രയായി. അപ്പോഴും ആ മനസിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതു കേൾക്കാം… കൂട്ടുകാരന് വേണ്ടിയുള്ള കൂട്ടുകാരന്റെ പ്രാർത്ഥന…!!

“മിനി ആ പോകുന്നത് കണ്ടോ വർഷങ്ങൾക്കു മുൻപ് fb യിൽ നിന്നും ഞാൻ കണ്ടെത്തിയ സഹോദരൻ, ചൊവ്വാദോഷക്കാരി ആണെങ്കിലും ഞാനവളെ കെട്ടുമെന്ന് ചങ്കുറ്റത്തോടെ പറഞ്ഞവൻ, അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പോവാതെ ഈശ്വരനെ മാത്രം വിശ്വസിച്ചവൻ, ജീവിതം വിജയിച്ച് ഇന്ന് ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം മകളുടെ വിവാഹം ക്ഷണിച്ചിരിക്കുന്നു. ഇതുവരെ അവന്റെ കൂടെ നിന്നതിൽ എനിക്കും സന്തോഷിക്കാം, അന്ധവിശ്വാസം വെറും അന്ധ മെന്ന് തെളിയിച്ച ശ്രീ എന്റെ ചങ്കെന്നു പറഞ്ഞ്.! ”

ഒരീശ്വരനും… അതിൽ ഒരു നീതിയും… മണ്ണിൽ മനുഷ്യന്. അതിൽ ചൊവ്വയും ബുധനും വ്യാഴവും വെറും നോക്കുകുത്തികൾ…!!! ലൈക്ക് കമൻറ് ചെയ്യണേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters