രചന: Saran Prakash
“ഹണി- മൂൺ വിത്ത് സ്വീറ്റ് ഹസ്…” രാവിലെ ഫേസ്ബുക്ക് തുറന്നതും ആദ്യം കണ്ണിലുടക്കിയത് അതായിരുന്നു…. ഹണി- മൂണിന് മലേഷ്യയിലേക്ക് പറന്ന പൂർവ്വകാമുകിയുടെ പോസ്റ്റും കൂടെ അവരൊരുമിച്ചൊരു സെൽഫിയും…. ഫേസ്ബുക്ക് കണ്ടുപിടിച്ചവനോട് ആദ്യമായി വെറുപ്പ് തോന്നിയ ആ നിമിഷത്തിൽ, നാവിൽ വിളഞ്ഞ വികടസരസ്വതിയെ അപ്പാടെ വിഴുങ്ങിക്കൊണ്ടു അഴിഞ്ഞുകിടന്നിരുന്ന മുണ്ടെടുത്ത് തലവഴി മൂടി വീണ്ടും ഉറക്കത്തെ കൂട്ടുപിടിക്കുവാൻ ഞാനൊരു ശ്രമം നടത്തിനോക്കി…
പക്ഷെ, മലേഷ്യയുടേയും, അവരുടേയും മുഖങ്ങൾ മനസ്സിൽ മാറി മാറി തെളിഞ്ഞതോടെ ഉറങ്ങാൻ കണ്ണുകളെന്നെ അനുവദിച്ചില്ല….. വാതിൽ തുറന്നു മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ, അകത്തളത്തിൽ പത്രം വായിച്ചുകൊണ്ടിരുന്ന പെങ്ങൾ, ചുമരിലെ ക്ലോക്കിലേക്കും എന്നെയും മാറി മാറി മിഴിച്ചു നോക്കി… അവൾക്കറിയില്ലല്ലോ… ഉറക്കം കളഞ്ഞൊരു കണിയാണ് ഞാൻ ഇന്ന് കണ്ടതെന്ന്….. പുറത്തേ വാതിൽ തുറന്നു മുറ്റത്തേക്കിറങ്ങുമ്പോൾ കിഴക്ക് സൂര്യൻ ഉദിച്ചുയരുന്നതേയുണ്ടായിരുന്നുള്ളു…. ഒരുപക്ഷേ കാലങ്ങൾക്ക് ശേഷമായിരിന്നിരിക്കണം ഉയർത്തെഴുന്നേറ്റു വരുന്ന സൂര്യനെ ഞാനും, സൂര്യൻ എന്നെയും മുഖത്തോടു മുഖം നോക്കി കാണുന്നത്…
അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ ആ കണ്ടുമുട്ടലിൽ അവളുടെ കണ്ണിലുണ്ടായിരുന്ന അതേ അമ്പരപ്പ് സൂര്യന്റെ കണ്ണിലുമുണ്ടായിരുന്നുവോ!!! കൂട്ടിൽ കിടക്കുന്ന ജിമ്മി എന്നെ കണ്ടതും വാലാട്ടിക്കൊണ്ടവൻ ചാടിയെഴുന്നേറ്റു….. ജീവിതത്തിലിന്നോളം ആത്മാർത്ഥമായ സ്നേഹം ഞാൻ കണ്ടിട്ടുണ്ടേൽ അതവനിൽ മാത്രമായിരുന്നു….. മുറ്റത്തേക്കിറങ്ങി പോർച്ചിലിരിക്കുന്ന ബുള്ളറ്റിനരികിലെത്തി ഞാൻ അവന്റെ പുറത്തൊന്നു തഴുകി…. എന്നെയും എന്റെ പ്രണയത്തെയും ചേർത്തുപിടിച്ചുകൊണ്ട് വർഷങ്ങളോളം ഉലകം കറങ്ങിയവൻ….. ഒരുപക്ഷെ നഷ്ടപ്പെട്ടപ്പോൾ എന്നെക്കാളുപരി അവൻ ഒരുപാട് വിഷമിച്ചിരിക്കണം…….
അതുകൊണ്ടു തന്നെ ഇനി ഒരിക്കലും അതിനൊരവസരമുണ്ടാകില്ല എന്ന ഉറച്ച തീരുമാനത്തോടെ അവന്റെ പുറകിലെ സീറ്റഴിച്ചുമാറ്റാൻ ഞാൻ ഒരുങ്ങുമ്പോൾ, ഉമ്മറത്തിണ്ണയിൽ പതിവ് കട്ടൻകാപ്പിയുമായി പെങ്ങൾ വന്നിരിക്കുന്നുണ്ടായിരുന്നു…. ”സീറ്റഴിക്കും മുൻപേ ഒരുവട്ടം അതിലെന്നെ കേറ്റാമോ??” അവളുടെ കയ്യിൽ നിന്നും ചായഗ്ലാസ്സ് വാങ്ങി ഞാൻ ചുണ്ടോടു ചേർത്ത് ഊതിക്കുടിക്കുമ്പോൾ പതിഞ്ഞ സ്വരത്തിൽ അവളെന്നോട് ചോദിച്ചു….. കേൾക്കാത്തമട്ടിൽ ചായഗ്ലാസ്സുമായി വീണ്ടും പണിയായായുധങ്ങൾ കയ്യിലെടുക്കുമ്പോൾ വാടിയമുഖവുമായി അവൾ അകത്തേക്ക് നടന്നു….
ബുള്ളറ്റിനു പുറകിൽ പെണ്ണിരിക്കുന്നതുപോലെയല്ലല്ലോ പെങ്ങൾ….. വീണ്ടും സീറ്റഴിച്ചു മാറ്റാൻ ഒരുങ്ങവേ ജനലഴികളിൽ പ്രതീക്ഷയോടെ നോക്കി നിന്നിരുന്ന ആ കണ്ണുകൾ കണ്ടതും, അവളുടെ ആ നിഷ്കളങ്കമായ ആഗ്രഹം വീണ്ടും കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു…… തീരുമാനത്തിൽ മാറ്റം വരുത്തി ആയു- ധങ്ങളെല്ലാം തിരികെ എടുത്തുവെക്കുമ്പോൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു അവളുടെ ഒരു ചെറുചിരി…. അന്ന് ആ തണുത്ത പുലരിയിൽ, അവൾ ആശിച്ചതുപോലെ, അവളെയും പുറകിലിരുത്തി ഞങ്ങൾ യാത്ര തിരിച്ചു.. അവളുടെ ആഗ്രഹപ്രകാരം തറവാട്ടമ്പലം ലക്ഷ്യമാക്കിയുള്ള ആ യാത്രയിലുടനീളം ഞാൻ മൂകനായിരുന്നു….
ഒരുപക്ഷെ ഉദിച്ചുയർന്ന സൂര്യന്റെ പൊൻകിരണങ്ങളും, തണുത്ത കാറ്റുമെല്ലാം എന്റെ മനസ്സിൽ നിറച്ചത് മറക്കാൻ ശ്രമിക്കുന്ന പഴയ കുറേ ഓർമ്മകൾ മാത്രമായിരുന്നു…….. ഇടവഴികളിലൂടെ ഒരേമനസ്സും ശരീ- രവുമായി ഇണക്കുരുവികളെ പോലെ ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞും പറന്നു നടന്നിരുന്ന ആ നല്ല പ്രണയകാലം….. തറവാട്ടമ്പലത്തിന്റെ ആൽത്തറക്കടുത്തു വണ്ടി നിറുത്തി അവളെ അമ്പലത്തിനകത്തേക്ക് പറഞ്ഞുവിട്ട് ഞാൻ ആ ആൽത്തറയിൽ ഇരിപ്പുറപ്പിച്ചു…
ജീവിതത്തിൽ തോൽവി പിണഞ്ഞു നിൽക്കുന്നതിനാലാകാം ദൈവങ്ങളോടുള്ള വിശ്വാസം പാടെ നഷ്ടപ്പെട്ടിരുന്നു….. വീണ്ടും ആ പഴയ ഓർമ്മകളിലും മുഴുകിയിരിക്കുമ്പോഴായിരുന്നു പ്രദക്ഷിണം കഴിഞ്ഞവൾ അരികിലെത്തിയത്….. കയ്യിലെ പ്രസാദത്തിൽ നിന്നും ചന്ദനമെടുത്തവൾ എന്റെ നെറ്റിയിൽ കുറി വരയ്ക്കുമ്പോൾ, തട്ടിമാറ്റാൻ മനസ്സ് വെമ്പിയെങ്കിലും കൈകൾ ഉയർന്നില്ല…. കാരണം ചൂടുപിടിച്ചിരിക്കുന്ന എന്റെ നെറ്റിയിൽ ആ ചന്ദനക്കുറി കുളിരേകുന്നുണ്ടായിരുന്നു….. തിരികെ പോകാനായി ആൽത്തറയിൽനിന്നും ചാടിയിറങ്ങി വണ്ടിക്കരികിലേക്കായ് ഞാൻ നടന്നു നീങ്ങി….
”ചതിക്കപ്പെട്ടതിനു ദൈവത്തെ പഴിചാരിയിട്ടെന്താ കാര്യം???” അപ്രതീക്ഷിതമായി പുറകിൽ നിന്നുമുള്ള അവളുടെ ആ ചോദ്യത്തിൽ ഒരു ഞെട്ടലോടെ ഞാൻ അവളെ തിരിഞ്ഞു നോക്കി….
”എനിക്കറിയാം…. ഈ വാശി ആരോടാണെന്നും എന്തിനാണെന്നും….” എന്റെ കണ്ണുകളിലേക്ക് നോക്കിയവൾ പറയുമ്പോൾ മറുപടി പറയാനാകാതെ ഞാൻ തല താഴ്ത്തിനിന്നു…. ശരിയാകാം… കണ്ണടച്ചിരുട്ടാക്കി പാലുകുടിക്കുന്ന പൂച്ചക്കറിയില്ലല്ലോ എല്ലാം കാണുന്നവർ ചുറ്റിലുമുണ്ടെന്ന്….
‘ഏട്ടന് ഓർമ്മയുണ്ടോ എന്നെനിക്കറിയില്ല…. അന്നാദ്യമായി അച്ഛൻ വാങ്ങി തന്ന ബുള്ളറ്റിൽ കയറവേ ഉമ്മറവാതിൽക്കൽ പ്രതീക്ഷയോടെ ഞാൻ നിന്നിരുന്നു…. ഏട്ടന്റെ ഒരു വിളിക്കായ് കാതോർത്ത്……. പക്ഷെ….” വാക്കുകൾ മുഴുവനാക്കാതെ അവളെന്റെ കണ്ണിലേക്ക് നോക്കി….. പറയാതെ തന്നെ ആ കണ്ണുകൾ എന്നെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ആ ദിവസം…. അച്ഛന്റെ വക സമാനമായി കിട്ടിയ ബുള്ളറ്റും കൊണ്ട് ഞാൻ ചീ- റി പാഞ്ഞത് അവളുടെ അടുത്തേക്കായിരുന്നു….
എന്റെ പ്രണയിനിയുടെ…. അന്ന് പക്ഷെ പെങ്ങൾ പറഞ്ഞതുപോലെ ഉമ്മറവാതിൽക്കൽ ഞാൻ ആ കണ്ണുകൾ കണ്ടിരുന്നുവോ… അറിയില്ല…. ഒരുപക്ഷെ കണ്ടിട്ടുണ്ടേൽ ആ നോട്ടത്തിന്റെ പൊരുളറിയാൻ ശ്രമിച്ചിരുന്നില്ല…. കാരണം തലക്കുപിടിച്ചിരുന്നത് പ്രണയം മാത്രമായിരുന്നു…. ”ഏട്ടന്റെ പിറന്നാൾ ദിനങ്ങളിൽ ചില്ലറത്തുട്ടുകൾ കൂട്ടിവെച്ച കുടുക്ക പൊട്ടിച്ചു സമ്മാനപൊതിയുമായി ഞാൻ കാത്തിരിക്കുമ്പോൾ, ഏട്ടന്റെ ആഘോഷങ്ങളെന്നും മറ്റുള്ളവരോടൊപ്പമായിരുന്നു….”
കലങ്ങി തുടങ്ങിയ കണ്ണുകളോടെ പെങ്ങൾ പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു…. മറ്റുള്ളവരെന്ന് വിശേഷണത്തിന് ഒരാളുടെ മുഖം മാത്രമായിരുന്നു…. അവളുടെ… എന്റെ പ്രണയിനിയുടെ…. ശരിയാണ്…. പിറന്നാൾ ദിവസങ്ങളിൽ അവളോടൊപ്പം കറങ്ങി നടക്കാനേ നാളിതുവരെ ആശിച്ചിട്ടുള്ളു…. അവൾ തരുന്ന വിലകൂടിയ വലിയ സമ്മാനപ്പൊതികൾക്കിടയിൽ പെങ്ങളുടെ വലുപ്പം കുറഞ്ഞ സമ്മാനങ്ങൾ ഞാൻ കാണാതെ പോയിരുന്നു…. ഇന്നും വില നൽകാതെ മുറിയിലെ അലമാരകൾക്കിടയിൽ വെളിച്ചം കാണാതിരിപ്പുണ്ട് അവയിന്നും…..
”ഇനിയുമുണ്ടേറെ ഏട്ടാ… ഒരേട്ടനിൽ നിന്നും അനിയത്തികുട്ടി ആഗ്രഹിച്ച ഒരുപാട് സ്വപ്‌നങ്ങൾ…. ഉള്ളിന്റെ ഉള്ളിൽ നഷ്ടസ്വപ്നങ്ങളായി കുഴിച്ചുമൂടിയവ….” കലങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീർതുള്ളികൾ ധാരയായി ഒഴുകുമ്പോൾ, ഷാളിന്റെ തലപ്പുകൊണ്ട് ഞാൻ കാണാതെ അവൾ അത് തുടച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു….. പക്ഷെ അവൾക്കറിയില്ല…. എന്നിൽ നിന്നും ആ കണ്ണീർ തുള്ളികളെ ഒളിപ്പിച്ചുവെക്കുവാനെ അവൾക്ക് കഴിയുകയുള്ളു…. ആ ഉള്ളം നീറിപ്പുകയുന്നത് എനിക്കിപ്പോൾ കാണാം….
കാരണം, വെറുമൊരു പകൽക്കിനാവ് നഷ്ടപെട്ടതിനു എനിക്കിത്ര വിഷമമുണ്ടെങ്കിൽ,, ജീവിതത്തിലിത്രയും സ്വപ്നങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരുന്ന അവളുടെ മനസ്സിന്റെ വേദന എത്രത്തോളമുണ്ടാകും….. അവളോടെനിക്ക് പറയണമെന്നുണ്ടായിരുന്നു…. പ്രണയത്തിനും സൗഹൃദത്തിനുമപ്പുറം ഒരു വലിയ സ്നേഹമുണ്ടെന്നു…. ഉള്ളുകൊണ്ടു അതായിരുന്നു എനിക്കവളോടെന്നു…. പക്ഷെ…. ഈ സ്നേഹമെന്നു പറയുന്നത് ഉള്ളിലൊളിപ്പിക്കാനുള്ളതല്ല….. പ്രണയവും സൗഹൃദവും മാത്രം പ്രവർത്തികളിലും വാക്കുകളിലും നിറയുമ്പോൾ ഇടക്കെങ്കിലും സഹോദരിയേയും സ്നേഹിക്കാം…. അവളോടൊപ്പം കളിക്കാം…. ചിരിക്കാം… തമാശകൾ പറയാം…..
കാലമിത്രയും, ഞാൻ മറന്നുപോയൊരു തിരിച്ചറിവായിരുന്നു ഇന്നെനിക്ക് അവളുടെ ആ കണ്ണുനീർ നൽകിയത്….. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ കണ്ണാടിയിലൂടെ ഞാൻ അവളെ ഇടംകണ്ണാൽ നോക്കി…. വലിയൊരു സ്വപ്നം നേടിയെടുത്ത സന്തോഷമുണ്ടായിരുന്നു അവളുടെ മുഖത്തപ്പോൾ….. വഴിയരികിലെ ചായക്കടക്കരികിൽ വണ്ടി നിർത്തുമ്പോൾ കാര്യമെന്തെന്നറിയാതെ അവളെന്നെ കണ്ണുചുളിച്ചു നോക്കുന്നുണ്ടായിരുന്നു….
നാരായണേട്ടന്റെ കടയിൽ നിന്നും അവൾക്കേറെയിഷ്ടമുള്ള നല്ല ചൂടുള്ള പരിപ്പുവടയൊരെണ്ണം എന്റെ കൈകളാൽ എടുത്തുകൊടുക്കുമ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു…. ആ പുഞ്ചിരിയിൽ എന്റെ മനസ്സും കണ്ണുകളും ഒരുപോലെ നിറഞ്ഞിരുന്നു…. ചായക്കടയുടെ മുൻപിലെ ബഞ്ചിൽ അടുത്തടുത്തിരുന്നു ചായകുടിക്കുന്നതിനിടെ അവളെന്നെ നോക്കി കണ്ണിറുക്കി ചോദിച്ചു….
”മ്മക്കും ഒരു സെൽഫിയങ്ങെടുത്താലോ??” കള്ളചിരിയോടെയുള്ള അവളുടെ ആ ചോദ്യത്തിന് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു…. നെറ്റിയിലെ ചന്ദനക്കുറി പോലെ ആ കള്ളചിരി നീറിപ്പുകയുന്ന എന്റെ മനസ്സിലൊരു തണുത്തകാറ്റായ് വീശിയടിച്ചു….. ചേർന്നിരുന്നൊരു സെല്ഫിയുമെടുത്തു,, ഫേസ്ബുക്ക് കണ്ടുപിടിച്ചവരോട് നന്ദിയും പറഞ്ഞ്,, ഒടുവിൽ ഞാൻ എന്റെ വാശിക്ക് ഇങ്ങനെ വിരാമമിട്ടു… ”ഈറ്റിംഗ് പരിപ്പുവട വിത്ത് ക്യൂട്ട് സിസ് അറ്റ് നാരായണേട്ടൻസ് ചായക്കട….” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ