രചന: അനിതരാജു
അരുന്ധതി
പതിവുപോലെ അലാറം വെച്ച് രാവിലെ കട്ടിലിൽ നിന്ന് വേഗം എഴുന്നേറ്റു. പെട്ടന്ന് ഓർമ വന്നു എന്തിനാണ് ഞാൻ ധൃതിയിൽ ഒരുങ്ങാൻ പോകുന്നത്? എങ്ങോട്ട് പോകാൻ ആണ്? തിരക്കുകളും അദ്ധ്യാപന ജോലിയും എല്ലാം കഴിഞ്ഞു.
അതെ ഇന്നലെ മുപ്പത്തിയഞ്ചു വർഷത്തെ സേവനത്തിനു വിരാമം കുറിച്ച്. അദ്ധ്യാപിക ആയി ജോലിയിൽ പ്രവേശിച്ചു പ്രധാന അദ്ധ്യാപിക ആയി വിരമിച്ചു, മികച്ച അധ്യാപികക്കുള്ള പുരസ്‌കാരം പലതവണ കിട്ടി. സഹപ്രവർത്തകർ തനിക്കു നൽകിയ വിശേഷണങ്ങൾ, സൗമ്യ ശീല, ക്ഷമയോടെ എല്ലാം കേട്ടിരിക്കുന്ന പ്രധാന അദ്ധ്യാപിക, കുട്ടികളോട് അമിത കർക്കശം ഇല്ലാത്ത സ്നേഹമയി, അങ്ങനെ പോകുന്നു. ഇന്നലെ വിരമിക്കൽ ചടങ്ങിൽ തന്നെ പറ്റി പറയുമ്പോൾ പലരുടേയും കണ്ഠം ഇടറി, ചിലർക്ക് കണ്ണ് നിറഞ്ഞു, ഇതൊക്കെ തനിക്കു കിട്ടിയ വലിയ അംഗീകാരം ആയി തോന്നി. യാത്ര പറഞ്ഞു പിരിയുമ്പോൾ തന്റെ കണ്ണുനീർ ആരും കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇനി ഒന്നും ചെയ്യാൻ ഇല്ല, കുട്ടികളോ ബഹളങ്ങളോ ഇല്ല ടീച്ചറെ എന്ന് പുറകിൽ നിന്നുള്ള വിളി ഇല്ല എല്ലാം ശൂന്യം തന്റെ ജീവിതം പോലെ. ശാന്ത പത്രവും , ചായക്കപ്പുമായി എത്തി, പതിവുപോലെ പ്രധാന വാർത്തകൾ നോക്കി, പിന്നെ ചരമ പേജും.
രമേശൻ നായർ വയസ്സ് അറുപത്തഞ്ചു, ഹൃദയഘാതത്തെ തുടർന്നുള്ള മരണം. എത്ര നേരം ആ ഫോട്ടോയിൽ നോക്കി ഇരുന്നു എന്ന് അറിയില്ല, തന്റെ കണ്ണുകൾ തന്നെ പറ്റിച്ചു, അത് നിറഞ്ഞു ഒഴുകാൻ തുടങ്ങി. കണ്ണുകളുടെ മേലുള്ള തന്റെ നിയന്ത്രണം കൈവിട്ടു പോയിരിക്കുന്നു. മേൽവിലാസം മനസ്സിൽ കുറിച്ച്, സംസ്ക്കാരം വൈകിട്ട് നാലു മണിക്ക്. പെട്ടന്ന് തയ്യാർ ആയി ഇറങ്ങി, കുറച്ചു നേരത്തെ യാത്ര ഉണ്ട്, ഇറങ്ങാൻ നേരം ശാന്തയുടെ ചോദ്യം.. ” എങ്ങോട്ടാ സാറമ്മേ ഇത്ര ധൃതിയിൽ പോകുന്നെ ഇനി സ്കൂളിൽ പോകണ്ടാല്ലോ?” മറുപടി ഒന്നും പറയാൻ തോന്നിയില്ല.
ഡ്രൈവ് ചെയുന്നതിനിടയിൽ ഓർമ്മകൾ തന്നെ കുത്തി നോവിച്ചു കൊണ്ട് ഇരുന്നു. മൂന്നുവർഷത്തെ ദാമ്പത്യം. അവിടെ വെച്ച് രണ്ടുപേരും രണ്ടു വഴിക്കു പിരിഞ്ഞു. എന്തിനായിരുന്നു പിരിഞ്ഞത്? പരമാവധി താൻ അഡ്ജസ്റ്റ് ചെയ്തു. ആദ്യത്തെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള പുരസ്‌കാരം തനിക്കാണ് എന്നുപറഞ്ഞപ്പോൾ “ഓ വലിയ കാര്യം ആയി പോയി, നല്ല ടീച്ചർ ആയിരിക്കും എന്നാൽ നീ ഒരു നല്ല ഭാര്യ അല്ല,” ആ വാക്കുകൾ മനസ്സിനെ വേദനിപ്പിച്ചു,. നമുക്ക് ഒരു ഡോക്ടറെ കാണാം. “എന്തിന് ”
രണ്ടു വർഷം കഴിഞ്ഞില്ലേ വിവാഹം കഴിഞ്ഞിട്ട്. ആരുടെ കുഴപ്പം ആണെന്ന് അറിയാല്ലോ? എനിക്ക് കുഴപ്പം ഒന്നും ഇല്ല നിന്റെ കുഴപ്പം ആയിരിക്കും നീ വേണേ പൊക്കോ ഞാൻ ഇല്ല ” പിന്നെ താൻ ആ ആഗ്രഹം പറഞ്ഞിട്ടില്ല. ദിനം പ്രതി പൊരുത്തക്കേടുകൾ കൂടി വന്നു. അത് കിടപ്പറയിലും പ്രതിധ്വാനിച്ചു തുടങ്ങി. ഭാര്യ എന്ന നിലയിൽ നീ ഒരു പരാജയം ഈ വാക്കുകൾ സ്ഥിരം പല്ലവി ആയി തുടർന്ന്. ഒരുദിവസം വഴക്കിന്റെ ശക്തി പതിവിൽ കൂടുതൽ ആയി ” നിനക്ക് ഒന്ന് ഒഴിഞ്ഞുപോകാമോ പ്രസവിക്കാൻ പോലും കഴിവില്ലാത്ത മരപ്പാവ ”
തനിക്കു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അന്ന് ആ വീട് വിട്ടു ഇറങ്ങി. അദ്ദേഹം തന്നെ വിളിക്കാൻ വരുമെന്ന് പ്രതീക്ഷിച്ചു പക്ഷെ വന്നില്ല. അച്ഛൻ അദ്ദേഹവുമായി സംസാരിച്ചു രമ്യതയിൽ എത്തിക്കാൻ ശ്രമിച്ചു. “ഞാൻ പറഞ്ഞു വിട്ടതല്ല സ്വന്തം ഇഷ്ട്ട പ്രകാരം ഇറങ്ങി പോയതാണ് വേണമെങ്കിൽ വരട്ടെ ”
താനും വാശിയിൽ ഒട്ടും പിന്നിൽ അല്ലായിരുന്നു. വിവാഹമോചനത്തിന്റെ നോട്ടീസ് കൈപ്പറ്റുമ്പോഴും വാശിക്ക് ഒരു കുറവും ഇല്ലായിരുന്നു. കോടതിയിൽ വെച്ച് അവസാനം ആയി കാണുമ്പോഴും രണ്ടുപേർക്കും വിജയ്ച്ചതിന്റെ ഭാവം ആയിരുന്നു.
കുറച്ചു നാൾ കഴിഞ്ഞു ആരോ പറയുന്നത് കേട്ടു അദ്ദേഹം വിവാഹിതൻ ആയി എന്ന്. അന്ന് മനസ്സിൽ ആ ഓർമ്മകൾക്ക് താഴിട്ടു പൂട്ടിയതാണ്, രമേശൻ നായർ എന്ന അധ്യായം. ആ ഓർമ്മകൾ തന്റെ അനുവാദം ചോദിക്കാതെ പൂട്ട് പൊളിച്ചു പുറത്തു വന്നു.
മേൽവിലാസ പ്രകാരം ഉള്ള വീട് എത്തി വളരെ കുറച്ചു ആളുകൾ അവിടവിടെ നിൽക്കുന്നു, ചിലർ സഹതപിക്കുന്നു, ചിലർ കുറ്റം പറയുന്നു “ഒരു മൂഷേട്ടാ സ്വഭാവക്കാരൻ ആയിരുന്നു ഭാര്യ നേരത്തെ മരിച്ചു രക്ഷപെട്ടു അങ്ങനെ നീളുന്നു കഥകൾ.
വെള്ളത്തുണിയിൽ അദ്ദേഹം നിശ്ചലനായി കിടക്കുന്നു, തലമുടി മുക്കാലും നരച്ചു, ഇപ്പോഴും മുഖത്തിന്റെ ഐശ്വര്യം പഴയതുപോലെ. തൊട്ടടുത്തു ഒരു വീൽ ചെയറിൽ ഒരു സുന്ദരി ആയ പെൺകുട്ടി അച്ഛാ എന്ന് വിളിച്ചു പൊട്ടി ക്കരയുന്നു, ഭിത്തിയിൽ ഭാര്യയുടെ ഫോട്ടോ മാല ഇട്ടു വെച്ചിട്ടുണ്ട്. അവിടെ ഇരുന്ന സ്ത്രീകൾ പലരും അപരിചിത ഭാവത്തിൽ തന്നെ നോക്കുന്നു, ആരാണ് താൻ എന്ന് ചോദിക്കാൻ ആരും മുതിർന്നില്ല.
സ്ത്രീകളുടെ സംഭാഷണത്തിൽ നിന്നും മനസ്സിലായി, ഒരുപാടു വർഷത്തെ ചികിത്സക്കും വഴിപാടുകൾക്കും ശേഷം ആണ് മകളെ കിട്ടിയത്, അദ്ദേഹത്തിനായിരുന്നു ചികിത്സ, ജന്മനാൽ കാലുകൾ തളർന്ന കുട്ടിയെ ആണ് ദൈവം നൽകിയത്. മകൾ ജനിച്ചു നാലു വർഷം കഴിഞ്ഞപ്പോൾ അമ്മ ഭൂമിയിൽ നിന്ന് യാത്ര ആയി. പിന്നെ മകൾ ആയിരുന്നു അദ്ദേഹത്തിനു എല്ലാം.
അദ്ദേഹത്തിന്റെ സൗന്ദര്യം അതുപോലെ പകർത്തി വെച്ച മകൾ. താൻ അവളെ കുറേ നേരം നോക്കി നിന്ന് പോയി. ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പലവഴിക്കായി പിരിഞ്ഞു പോയി. താനും തിരിച്ചു യാത്രക്കായി ഇറങ്ങിയപ്പോൾ അവിടെ ഇരുന്ന സ്ത്രീകളിൽ ഒരാൾ പറഞ്ഞവാക്കുകൾ മനസ്സിനെ അലട്ടി കൊണ്ട് ഇരുന്നു “കാല് തളർന്നു പോയ ആ കൊച്ചു ഇനി എന്ത് ചെയ്യും, അതിന് ആരും ഇല്ല, കാണാനും സുന്ദരി ഏതവനെങ്കിലും വിരളി പിടിച്ചു വന്നാൽ ഒന്ന് ഓടി രക്ഷപെടാൻ പോലും ആ പാവത്തിന് കഴിയില്ല, രമേശൻ ചേട്ടൻ പൊന്നുപോലെ വളർത്തിയ കൊച്ചല്ലേ ”
താൻ തിരിച്ചു കയറി ങ്ങിപൊട്ടി കരയുന്ന മകളുടെ അടുത്ത് ചെന്ന് കൈകളിൽ പിടിച്ചു, അവൾ മുഖം ഉയർത്തി നോക്കി, ആ വേദനയിൽ തന്നെ നോക്കി ചിരിച്ചു. ” മോൾക്ക് എന്നെ മനസ്സിലായോ “? അതെ എന്ന് അവൾ തലയാട്ടി… എങ്ങനെ? അച്ഛന്റെ പേഴ്സിൽ ഫോട്ടോ ഇരിപ്പുണ്ട്, അച്ഛൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്, ഒരുപാട് ഇഷ്ട്ടം ആയിരുന്നു കേട്ടോ,
തന്റെ കണ്ണുകൾ നിറഞ്ഞു, “എന്താണ് മോളുടെ പേര് “? അവളുടെ മറുപടി കേട്ടു പൊട്ടികരഞ്ഞുപോയി “ഈ മുഖം മറക്കാതിരിക്കാൻ അച്ഛൻ എനിക്ക് ഇട്ട പേര് അരുന്ധതി എന്നാണ്, ആന്റിയുടെ പേര് തന്നെ ”
ഒറ്റപ്പെട്ടു പോയ അവളെയും കൂട്ടി യാത്ര തിരിക്കുമ്പോൾ “അമ്മ ” എന്ന് വിളിക്കാൻ താൻ പഠിപ്പിച്ചു. അദ്ദേഹം തന്നെ ഇത്ര സ്നേഹിച്ചിരുന്നോ?
എല്ലാവരും നിർബന്ധിച്ചിട്ടും ഭർത്താവിന്റെ സ്ഥാനത്തു മറ്റൊരാൾ തനിക്കു കഴിയില്ലായിരുന്നു. യാത്രക്കിടയിൽ വഴിയോരത്തു കേട്ട പാട്ടിന്റെ വരികൾ കാതിൽ അലയടിച്ചു “ഇനിയും ഉണ്ടൊരു ജന്മം എങ്കിൽ എനിക്ക് നീ ഇണ ആകണം “.
രചന: അനിതരാജു