രചന: വിദ്യ ഗോപിനാഥ്
ഇത്തവണ ക്രിസ്മസിന് ഞങ്ങളുടെ തറവാട്ട് വീട്ടിൽ ആയിരുന്നു എല്ലാവരും ഒത്തു കൂടിയത്.. എല്ലാവരും കൂടി ആയപ്പോൾ ശരിക്കും ഒരു ആഘോഷമായി മാറി അന്നത്തെ ദിവസം……
ആഘോഷം എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നതിന് ശേഷം കെട്ട്യോൾക്ക് നമ്മളെ തീരെ മൈൻഡ് ഇല്ല… വീട്ടിലെ എല്ലാ കാര്യങ്ങളും പഴയത് പോലെ നോക്കുകയും ചെയ്യുന്നുമുണ്ട്.. പക്ഷെ അത് പൂർണ മനസോടെയല്ല എന്നു അവളുടെ പ്രവൃത്തിയിൽ നിന്നും എനിക്ക് മനസിലാക്കാമായിരുന്നു… ആദ്യമൊക്കെ പുറകെ നടന്നു എന്താണ് കാര്യമെന്ന് ചോദിക്കാതെ അറിയാൻ ശ്രമിച്ചു… അപ്പോഴൊക്കെ ഒരുതരം ഒഴിഞ്ഞുമാറൽ…
അവസാനം രണ്ടും കൽപ്പിച്ചു പിടിച്ചു നിർത്തിയിട്ടു ഞാൻ ചോദിച്ചു..
“എന്നതാ കൊച്ചേ നിന്റെ പ്രശ്നം…”
“ഒന്നുമില്ല..” എന്നു പറഞ്ഞു അവൾ ഒഴിഞ്ഞു മാറി…
എങ്കിലും ആ ‘ഒന്നുമില്ല’യിൽ എന്തോ ഒന്നില്ലേ എന്നു എന്റെ മനസ് പറഞ്ഞു… എന്നതാ അവൾക്ക് പറ്റിയതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.. പിറ്റേ ദിവസം ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞെത്തിയപ്പോഴും അവളുടെ മുഖം അത്ര തെളിഞ്ഞിട്ടില്ലായിരുന്നു…
ഒരു പുരുഷന്റേതായ പിടിവാശി എനിക്കും ഉണ്ടായിരുന്നു… ഒരുതരം ഈഗോ…
അവളുടെ മുഖത്തു പോലും നോക്കാതെ നേരെ ബെഡ് റൂമിലേക്ക് ഞാൻ പോയി.. ചായ കൊണ്ടുവന്നു ടേബിളിൽ വെച്ചപ്പോഴും ഞാൻ അവളെ ശ്രദ്ധിക്കാൻ പോയില്ല… കുറച്ചു ദിവസത്തേക്ക് ഈ മൗനവ്രതം മുൻപോട്ട് പോയി… സാധാരണ വഴക്കിട്ടാൽ ഒരു ദിവസം പിന്നിടാത്തതാണ്.. ഇതിപ്പോൾ വന്നുവന്ന് ഒരാഴ്ചയായി.. അവളോട് മിണ്ടാതിരിക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട്…
അവൾ എന്നെ ‘പാപ്പായി’ എന്നാണ് വിളിക്കുന്നത്… ഞങ്ങളുടെ ആദ്യരാത്രിയിൽ അവൾ എന്നോട് ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ… തന്നെ പാപ്പായി എന്നു വിളിച്ചോട്ടെ എന്ന്… കാരണം അമ്മയും ഒരു അനിയത്തിയും മാത്രമുള്ള അവൾക്ക് ഞാൻ ഭർത്താവ് മാത്രമല്ല അപ്പനും സഹോദരനും കൂട്ടുകാരനും ഒക്കെയായി മാറുക ആയിരുന്നു…
അവളുടെ പാപ്പായി എന്നുള്ള വിളിയിൽ സന്തോഷത്തേക്കാളേറെ അഭിമാനം ആയിരുന്നു തോന്നിയത്.. കാരണം എന്നെ ഇതുപോലെ ഇത്ര സ്നേഹത്തിൽ ആരും തന്നെ വിളിച്ചിട്ടില്ല…. സ്വന്തം അപ്പനും അമ്മയും പോലും…. ഇനിയും വിട്ടാൽ ശരിയാവില്ല എന്നറിയാവുന്നത് കൊണ്ട് ഈഗോ ഒക്കെ വലിച്ചെറിഞ്ഞുകൊണ്ടു നേരെ അവളോട് മിണ്ടാൻ ചെന്നു…
പക്ഷെ പെണ്ണ് കണ്ണും നിറച്ചു എന്റെ നേരെ ഒരു നോട്ടം… അതെന്റെ ഹൃദയത്തിലാണ് കൊണ്ടത്… അവളുടെ കണ്ണു നിറഞ്ഞാൽ എനിക്ക് സഹിക്കുകേലാ… അത് കല്യാണം കഴിഞ്ഞുള്ള നാൾ മുതൽ തുടങ്ങിയതാണ്…
എനിക്കെന്തോ വല്ലാത്ത വിഷമമായി അവളുടെ കണ്ണു നിറഞ്ഞത് കണ്ടപ്പോൾ… എന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞു… ഇപ്പോൾ ചോദിച്ചാൽ ശരിയാവില്ല എന്നറിയാവുന്നത് കൊണ്ട് നേരെ ബെഡിൽ വന്നു ഓരോന്നോർത്തു കിടന്നു… ***********
വീട്ടിൽ നാലുമക്കളിൽ ഏറ്റവും ഇളയവൻ ആണ് ഞാൻ.. പക്ഷെ അപ്പനും അമ്മക്കും മറ്റ് മക്കളോടായിരുന്നു എന്നേക്കാൾ ഇഷ്ട്ടം….
അപ്പൻ സ്നേഹം പ്രകടിപ്പിക്കാത്ത ഗൗരവക്കാരൻ ആയിരുന്നു… അമ്മ എന്നോട് അത്ര സ്നേഹം ഒന്നും കാണിച്ചിട്ടില്ല… ഒരു പക്ഷെ മൂന്ന് ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ച അവർക്ക് വീണ്ടും ഒരു ആൺകുഞ്ഞിനെ ദൈവം കൊടുത്തപ്പോൾ ആ സ്നേഹം കുറഞ്ഞു പോയതാകാം എന്നു ഞാൻ ആശ്വസിച്ചു…
കുഞ്ഞുന്നാൾ മുതൽ ആ വേർതിരിവ് അനുഭവിച്ചാണ് ഞാൻ വളർന്നത് .. അതുകൊണ്ട് തന്നെ മറ്റുള്ളവരോടാരോടും അത്ര കടപ്പാടും സ്നേഹവും തോന്നിയിട്ടില്ലായിരുന്നു… ടെസ്സ… എന്റെ ഭാര്യ…. അവൾ എന്റെ ലൈഫിൽ വന്നതിന് ശേഷമാണ് ജീവിതത്തിനു ഒരു വർണനിറം ഉണ്ടായതും അർത്ഥമുണ്ടായതും…. ഞാൻ ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് എന്റെ വിവാഹ ശേഷമാണ്….
അതുകൊണ്ട് തന്നെ ഒരിക്കൽ പോലും അവളുടെ കണ്ണ് നിറയുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു… ഒരു വാക്ക് കൊണ്ട് പോലും ഇന്നേവരെ ഞാൻ അവളെ വേ- ദനിപ്പിച്ചിട്ടില്ല…
ടെസ്സയെ വിവാഹം കഴിച്ചതിന് ശേഷം തറവാട്ട് വീട്ടിൽ തന്നെ ആയിരുന്നു ഞങ്ങളും താമസിച്ചിരുന്നത്… എന്നോടുള്ള വേർതിരിവ് എന്റെ ഭാര്യയോടും വീട്ടുകാർ കാണിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മനസിലായി വീട്ടിൽ നിന്നും ഞങ്ങൾ മാറി താമസിക്കാൻ അവർ പറയാതെ പറയുക ആണെന്ന്…
വേറൊന്നും നോക്കിയില്ല ഉടനെ തന്നെ ഒരു വീട് ശരിയാക്കി ഞാൻ അവളെയും കൊണ്ട് അങ്ങോട്ടേക്ക് മാറി… ഞങ്ങളുടേത് മാത്രമായ ലോകത്തിലേക്ക് രണ്ട് മാലാഖ കുഞ്ഞുങ്ങൾ കൂടി വന്നപ്പോൾ സ്വർഗ്ഗതുല്യമായി മാറി ഞങ്ങളുടെ വീട്….
മൂത്ത മകൾ എട്ടാം ക്ലാസ്സിലും ഇളയ മകൾ നാലാം ക്ലാസ്സിലുമായെങ്കിലും ഞാനും ടെസ്സയും ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുവാണ്… ഞങ്ങളുടെ സ്നേഹം കണ്ടുവേണം അവർ വളരാൻ എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു….
മാതാപിതാക്കൾ എപ്പോഴും മക്കളുടെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരിക്കണം എന്നു ഞാൻ എപ്പോഴും ടെസ്സയോട് പറയാറുണ്ട്… നമ്മൾ നമ്മുടെ മക്കളെ എങ്ങനെ സ്നേഹിക്കുന്നോ അതിന്റെ ഇരട്ടിയായി അവർ നമ്മളെ തിരിച്ചും സ്നേഹിക്കും….
എന്റെ മനസ് ടെസ്സ നല്ലത് പോലെ മനസിലാക്കിയത് കൊണ്ടാവും ഇന്നേവരെ ഒരു പരാതിയോ പരിഭവമോ അവൾ എന്നോട് പറഞ്ഞിട്ടില്ല.. ഇടക്ക് സൗന്ദര്യ പിണക്കം ഉണ്ടാവുമെങ്കിലും ഇതിപ്പോൾ എത്ര ദിവസമായി അവൾ എന്നോട് ഒന്ന് മിണ്ടിയിട്ട്… ഇന്ന് എന്തായാലും അവളുടെ പിണക്കം മാറ്റണം എന്നു തന്നെ മനസിൽ ഉറപ്പിച്ചു… ************
രാത്രി അവൾ റൂമിൽ കിടക്കാൻ വന്നപ്പോൾ ഞാൻ ഉറങ്ങാതെ ഒരു ബുക്കും വായിച്ചുകൊണ്ട് ബെഡിൽ ചാരി ഇരിക്കുവായിരുന്നു… ഈ പിണക്കത്തിന് ശേഷം അവൾ റൂമിൽ വരുമ്പോഴേക്കും ഞാൻ ഉറക്കം നടിച്ചു കിടന്നിരിക്കും…
ഞാൻ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾ റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ചെന്ന് അവളുടെ കയ്യിൽ പിടുത്തമിട്ടു…
“ദേ കൊച്ചേ .. നീ കുറച്ചു ദിവസമായി എന്നെയിട്ടു വട്ട് കളിപ്പിക്കാൻ തുടങ്ങിയിട്ട്… എന്നതാ നിന്റെ പ്രശ്നം..” കുറച്ചു ദേഷ്യത്തിൽ ആയിരുന്നു ചോദിച്ചത്….
അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു… “നീ ഇങ്ങനെ മിണ്ടാതെ നില്കുന്നത് എനിക്ക് സഹിക്കാൻ പറ്റത്തില്ലെന്നെ.. എന്നതാ കാര്യമെന്ന് പറ…”
അവൾ എന്റെ കൈവിടുവിച്ചു പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ ദേഷ്യവും സങ്കടത്തോടെയും വിളിച്ചു…
“ടെസ്സ കൊച്ചേ….” എന്റെ വിളിയിൽ അവൾ അവിടെ തന്നെ നിന്നു… ഞാൻ അടുത്തു ചെന്നിട്ട് തനിക്ക് അഭിമുഖമായി നിർത്തിയിട്ടു ഞാൻ മയത്തിൽ ചോദിച്ചു…
“എന്നതാടാ… നിന്റെ പ്രശ്നം… ഒരാഴ്ച്ച ആയല്ലോ ഈ മൗനവ്രതം തുടങ്ങിയിട്ട്… നീ പറഞ്ഞാൽ അല്ലെ കാര്യം എന്താണെന്നും അത് പരിഹരിക്കാനും പറ്റു…”
പെട്ടെന്ന് കരഞ്ഞുകൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു… അവളുടെ കരച്ചിൽ എന്നെ ആകെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു… ഒരുവിധത്തിൽ അവളെ ഞാൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നു… അവസാനം അവളുടെ കരച്ചിൽ ഒന്നു അടങ്ങിയപ്പോൾ ഞാൻകാര്യം തിരക്കി …
അവൾ പറഞ്ഞു…. “ക്രിസ്‌മസിന് തറവാട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞില്ലേ പാപ്പായിയെ അവരിൽ നിന്നെല്ലാം അകറ്റി, മാറി താമസിക്കുന്നതിന് കാരണം ഞാൻ ആണെന്ന്… അമ്മ അത് പറഞ്ഞപ്പോൾ ചേച്ചിമാരും അതിനൊപ്പം കൂടി… പാപ്പായി അത് കേട്ടിട്ട് ഒരക്ഷരം തിരിച്ചു മിണ്ടിയോ..
പറ… ഞാൻ ആണോ അവരിൽ നിന്നെല്ലാം പാപ്പായിയെ അകറ്റി നിർത്തിയെക്കുന്നെ…”
എന്നും പറഞ്ഞു കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു…
എന്റെ കണ്ണെല്ലാം നിറഞ്ഞു വരുന്നുണ്ടായിരുന്നു… ഒരിക്കൽ പോലും എന്റെ വീട്ടുകാരെ കുറിച്ചു അവൾ മോശമായി പറഞ്ഞിട്ടില്ല … അവർ തരം കിട്ടുമ്പോൾ ഒക്കെ ഓരോന്ന് പറഞ്ഞു അവളെ വാക്കുകളാൽ വേദനിപ്പിക്കുമ്പോഴും അവൾ തന്നോട് പരിഭവപ്പെട്ടിട്ടില്ല. അത് ഒരുപക്ഷേ തന്റെ മുൻപിൽ വെച്ചു താൻ കേൾക്കെ അവർ പറയാത്തത് കൊണ്ടായിരിക്കാം…
ഇത് തന്റെ മുൻപിൽ വെച്ചാണ് അമ്മ അവളോട് പറഞ്ഞത്… അതിപ്പോൾ താനും ഓർക്കുന്നു അന്നത്തെ സംഭവം… നല്ലൊരു ദിവസമായിട്ടു താൻ കാരണം എല്ലാവരുടെയും സന്തോഷം നശിപ്പിക്കണ്ട എന്നു കരുതി മനപ്പൂർവം വിട്ടതാണ്.. അല്ലാതെ അതിന് മറുപടി നൽകാൻ കഴിയാഞ്ഞിട്ടല്ല…
അമ്മ പറഞ്ഞ വാക്കുകൾ അവളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെന്നു താൻ ഇപ്പോൾ മനസിലാക്കുന്നു…
“ടെസ്സ… സോറി കൊച്ചേ… ഞാൻ… എനിക്ക് …”
സങ്കടം കാരണം കണ്ണുകൾ നിറഞ്ഞത് കൊണ്ട് വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു…
“പാപ്പായി എന്നോട് സോറി പറയല്ലേ… അന്ന് എന്നെ വന്നു ഇതുപോലെ ചേർത്തു പിടിച്ചിട്ടു സാരമില്ല കൊച്ചേ.. എന്നൊരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു…. ”
“ഞാൻ എത്ര പ്രാവശ്യം വന്നെടി നിന്റെ പുറകെ… നീ അല്ലെ എന്നെ മൈൻഡ് ചെയ്യാതെ വിട്ടത്…”
“അത് പിന്നെ … എനിക്ക് അത്ര മാത്രം ഫീൽ ചെയ്തത് കൊണ്ടാ…. ഞാൻ അങ്ങനെ ഒക്കെ ചെയ്തത്…”
“എന്റെ കൊച്ചേ… ഇനി ഇങ്ങനെ വല്ലതും ഉണ്ടെങ്കിൽ നേരത്തെ പറയണേ… അതിന്റെ പേരിൽ നീ ഇങ്ങനെ മിണ്ടാതെ നടക്കല്ലേ…
നീ അല്ലാതെ എനിക്ക് മിണ്ടാനും സ്നേഹിക്കാനും വേറെ ആരാടി കൊച്ചേ ഉള്ളത്… നീ അല്ലെ എന്റെ എല്ലാം… എനിക്ക് എന്നും പ്രിയപ്പെട്ടവൾ….”
എന്നും പറഞ്ഞു ഞാൻ അവളെ വീണ്ടും ചേർത്തു പിടിച്ചു നെറുകയിൽ ഒരു മുത്തം കൊടുത്തു…
NB: നമ്മൾ നിസ്സാരമെന്നു കരുതുന്ന പല കാര്യങ്ങളും നമ്മുടെ ജീവിത പങ്കാളിക്ക് വിഷമം ഉണ്ടാക്കുന്നതാകാം… സപ്പോർട്ട് ചെയ്യേണ്ട സമയത്തു അവരെ സപ്പോർട്ട് ചെയ്യുക… പരസ്പരം മനസിലാക്കി തുറന്നു സംസാരിച്ചാൽ തീരവുന്നതെ ഉള്ളൂ എല്ലാ പ്രശ്നങ്ങളും… സ്നേഹിച്ചും മനസിലാക്കിയും ജീവിതം സുന്ദരമാക്കുക… ലൈക്ക് കമന്റ് ചെയ്യണേ…