അവിടുന്ന് യാത്രയാക്കുമ്പോൾ അവളുടെ പൂച്ച കണ്ണുകൾ തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു…

രചന: Shanavas Jalal

മൂന്ന് വർഷങ്ങൾക്ക് ശേഷം തിരിച്ചു പോകാനായി സാധനങ്ങൾ പാക്ക് ചെയ്യുമ്പോഴും മനസ്സിൽ അവളുടെ ആ വാക്കുകൾ അലയടിക്കുന്നുണ്ടായിരുന്നു….

“ഇത്ര ക്ഷമയോടെ നിന്റെ കൂട്ട് ഈ ലോകം വേറെ ആരും എനിക്ക്‌ കാണിച്ചു തന്നിട്ടില്ല എന്ന് ….”

പ്രായമായ മൂന്ന് പെങ്ങന്മാരുടെ ഒരേയൊരു ആങ്ങള , മൂത്തത് മൂന്നും പെണ്ണായത് കൊണ്ടാണോ എന്തോ ഉമ്മിക്ക് എന്നെയും കൂടി നൽകിയിട്ടാണ് ഉപ്പ ഞങ്ങളെ വിട്ട് പോയത് , കഷ്ടപ്പെട്ടിട്ടാ ഉമ്മ ഞങ്ങൾ നാല് പേരെയും വളർത്തിയത് , മൂത്ത ഇത്താനെ കെട്ടിച്ചതോ ഉള്ള കിടപ്പാടം പണയപ്പെടുത്തിയും …

വീട്ടിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും കണ്ടിട്ടാണ് , അയൽക്കാരൻ ബഷിറിക്കാന്റെ സൗദിയുടെ വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോൾ അത് എനിക്കായി മാറ്റിവെച്ചത് ..

ഉമ്മയെയും നാടിനെയും പിരിയുവാൻ കഴിയില്ലെങ്കിലും , രണ്ടു ഇത്തമാരുടെ നിക്കാഹും , മൂത്തവൾക്കു വേണ്ടി പണയപ്പെടുത്തിയ വീടും തിരിച്ചെടുക്കാൻ വേണ്ടിയാണു വിമാനം കയറിയത് ..

ഉമ്മാന്റെ പ്രാർത്ഥന കൊണ്ടാകണം , നല്ല വീടും വീട്ടുകാരും .. ആകെയുള്ള ഒരോട്ടം ഇവിടത്തെ മൂത്ത മോളെയും കൊണ്ട് സ്കൂളിൽ പോവുക , തിരിച്ചു വരുക എന്നത് മാത്രമായിരുന്നു ..

വീട്ടിലെ വേലക്കാരിയായ ശ്രീലങ്കൻ സ്വദേശിനിയോടൊപ്പമാണ് അവളെ എന്റെ കൂടെ പറഞ്ഞു വിടാറ് , തല പോകും , ജയിലിൽ കിടക്കണം എന്നൊക്കെ പറഞ്ഞു കൂട്ടുകാർ ഭയപ്പെടുത്തിയത് കൊണ്ട് ഇടക്ക് ഇടക്ക് വണ്ടിയുടെ മിററിലൂടെ അവളെ ഒന്ന് നോക്കും എന്നല്ലാതെ , ഞാൻ ഇത് വരെ നല്ലത് പോലെ അവളെ ഒന്ന് കണ്ടിട്ടില്ല …

അന്ന് അവളെ കൊണ്ടുവിട്ടു തിരികെയുള്ള യാത്രയിലാണ് ഗദ്ധാമ ആ സത്യം എന്നോട് പറയുന്നത് , അവളുടെ പേരു നൂറ എന്നാണെന്നും , ജന്മനാ കാഴ്ചയില്ലാത്ത കുട്ടിയാണെന്നും പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയാഞ്ഞത് ഇടക്ക് ഇടക്ക് ഞാൻ കാണുന്ന കണ്ണിനു അത്രക്ക് മൊഞ്ചായിരുന്നത്‌ കൊണ്ടാകണം .

മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് , ഗദ്ധാമ ശ്രീലങ്കയിലേക്ക് പോയതിൽ പിന്നെ , അവൾ ഒറ്റക്കായിരുന്നു വണ്ടിയിൽ പിന്നീട് , സ്കൂൾ ഗേറ്റിൽ അവളെയും കാത്തു ഒരു ടീച്ചർ എപ്പോഴും ഉണ്ടാകും , അവരാണ് ഗേറ്റിൽ നിന്ന് ക്ലാസിലേക്കും തിരിച്ചു വണ്ടിയിലേക്കും അവളെ കൊണ്ടാക്കുക ..

യാത്രയിൽ പതിയെ പതിയെ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങിയിരുന്നു , എന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമെല്ലാം സംസാരിക്കുമെങ്കിലും അവൾക്ക് കേൾക്കാൻ കൂടുതൽ താൽപ്പര്യം , നാട്ടിലെ മഴയും കാടുകളും ഒക്കെയാണ് ….അറിയാവുന്ന കാര്യങ്ങൾ , കുറച്ചു അറബിയിലും , ഇംഗ്ലീഷിലും ഒക്കെ പറഞ്ഞു ഫലിപ്പിക്കാൻ ഞാൻ ശ്രമിക്കാറുമുണ്ടായിരുന്നു ..

അന്ന് ലേറ്റായിട്ടാണ് അവൾ വീട്ടിൽ നിന്നും ഇറങ്ങിയത് , കയറി കുറച്ചു മുന്നോട്ട് പോയപ്പോഴാണ് ഗ്ലാസിലൂടെ എന്നും കാണും പോലെ ഓളുടെ കണ്ണൊന്ന് കാണാൻ വേണ്ടി നോക്കിയ ഞാൻ ഞെട്ടിപ്പോയിരുന്നു , ധൃതി പിടിച്ചു ഇറങ്ങിയത് കൊണ്ടാകണം പർദ്ധയുടെ മുകൾ ഭാഗം മൊത്തം തുറന്ന് കിടക്കുന്നു ,

അവിടെ കൊണ്ടിറക്കിയാൽ കണ്ടു നിൽക്കുന്നവർക്ക് ഇവൾ ഒരു കാഴ്ച വസ്തുവാകും , എന്നത് കൊണ്ട് തന്നെയാ അവളോട് തന്നെ ഞാൻ ഈ കാര്യം പറഞ്ഞത് , പെട്ടന്നത് കേട്ടത് കൊണ്ടാകും കൈ കൊണ്ട് നെഞ്ച് മറച്ചു , കരഞ്ഞു കൊണ്ട് വണ്ടി തിരിച്ചു വീട്ടിലേക്ക് വിടാൻ അവൾ ആവശ്യപ്പെട്ടത് ..

തിരിച്ചു അവളുടെ വീടിന്റെ മുന്നിൽ എത്തിയതും, നെഞ്ച് മറച്ചു കരഞ്ഞു കൊണ്ട് ഡോർ തുറന്ന് ഇറങ്ങിയതോ ഓളുടെ ഉപ്പാടെ മുന്നിലും .. അവളുടെ കരച്ചിലും പർദ്ധ തുറന്ന് കിടക്കുന്നതും കണ്ടിട്ടാകണം , ആദ്യത്തെ അടി എന്റെ കവിളിൽ തന്നെ വീണിരുന്നു , അടുത്ത ചവിട്ടിൽ തന്നെ താഴെ വീണത് കൊണ്ട് വലിച്ചിഴച്ചു എന്നെ റൂമിൽ തള്ളിയിട്ടിട്ട് പുറത്തു നിന്ന് വാതിൽ പൂട്ടി പുള്ളി മോളുടെ അടുത്തേക്ക് പോയി ..

ഒരു കാരണവും ഇല്ലാതെ കൊണ്ട അടിക്ക് , ശരീരത്തിനേക്കാൾ കൂടുതൽ വേദനിച്ചത് മനസിനായിരുന്നു , പോയ വേഗത്തേക്കാൾ തിരിച്ചു വന്ന സൗദി വാതിൽ തുറന്ന് എന്റെ കൈയ്യിൽ പിടിച്ചു മാപ്പ് പറഞ്ഞപ്പോൾ , എന്നെ കെട്ടിപ്പിടിച്ചപ്പോൾ സത്യത്തിൽ പൊട്ടി കരഞ്ഞു പോയിരുന്നു ഞാനും …

അതിന്റെ പ്രായശ്ചിത്തമായിട്ടാകണം , തന്ന കുറച്ചു പൈസ ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും , ഇത് നിനക്കല്ല നിന്റെ പെങ്ങന്മാർക്കാണെന്ന് പറഞ്ഞപ്പോൾ , അത് വാങ്ങി വീട്ടിൽ അയച്ചിട്ട് അവരുടെ വിവാഹം നോക്കാൻ പറഞ്ഞു കഴിയും മുമ്പേ ഉമ്മയുടെ ചോദ്യം വന്നിരുന്നു , ഇത്രയും പൈസ എവിടുന്നാണെന്നു കേട്ട്‌ ഞാൻ അത്‌ ചിരിച്ചു തള്ളിയെങ്കിലും കിട്ടിയ മുറിപ്പാട് അപ്പോഴും ഉണങ്ങിയിരുന്നില്ല …

ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും അവളുമായുള്ള യാത്ര തുടങ്ങിയത് , ഒരായിരം ക്ഷമ അവൾ പറഞ്ഞു കാണും എന്നിട്ട് അവസാനം ഒരു ചോദ്യവും , ” അല്ല നീ എന്തിനാ എന്നെ നോക്കിയേ , ഇത് സ്ഥിരമാണോന്ന് ….. ” , ചെറുതായി ഒന്ന് ചിരിച്ചിട്ട് നിന്റെ കണ്ണ് കാണാനാണെന്ന് മറുപടി പറഞ്ഞപ്പോൾ നാണം കൊണ്ട് ഓളുടെ കണ്ണ് അടയുന്നത് ഗ്ലാസിലൂടെ എനിക്ക് കാണാമായിരുന്നു , “എങ്കിൽ പറഞ്ഞെ എന്റെ കണ്ണിനെ കുറിച്ചെന്ന് ” അവളുടെ വാക്ക് എന്നെ ആദ്യം ഒന്ന് ഞെ ട്ടിച്ചെങ്കിലും , അറിയാവുന്ന രിതിയിൽ ഞാൻ പറഞ്ഞു കൊടുത്തു , ” നിന്റെ കണ്ണിനു ആയിരം പൂക്കളുടെ ഭംഗിയാണെന്ന് , ആരെയും പെട്ടെന്ന് ആകർഷിക്കുന്നാതണെന്ന ” എന്റെ മറുപടി കേട്ടിട്ട്‌ ഉടനെ അവൾ ചെറുതായി ഒന്ന് ചിരിച്ചിട്ട്‌ , ” എന്നിട്ട്‌ എന്തെ ആ കണ്ണുകൾക്ക്‌ പടച്ചവൻ ജിവൻ തന്നില്ലെന്ന് ” ഓളുടെ ചോദ്യം സത്യത്തിൽ കൊണ്ടത്‌ എന്റെ ഖൽബിൽ തന്നെയായിരുന്നു …

പതിയെ പതിയെ അവളുടെ സന്തോഷങ്ങളും , സങ്കടങ്ങളും ഞാനുമായി പങ്ക്‌ വെക്കുമായിരുന്നു ആ യാത്രയിൽ , വാ തുറന്നാൽ നൂറായിരം സംശയങ്ങളാകും ആ പാവത്തിനു , കണ്മുന്നിൽ കാണുന്ന കാര്യങ്ങൾ എന്തെങ്കിലും ഒന്ന് ഞാൻ പറഞ്ഞു തുടങ്ങിയാൽ പിന്നെ അതാകും അവളുടെ അന്നത്തെ സംശയങ്ങൾ … നിറങ്ങളെക്കുറിച്ചാണു അവളുടെ സംശയങ്ങൾ, “കണ്ട്‌ മനസ്സിലാക്കേണ്ടത്‌ എങ്ങനെയാ പടച്ചോനെ പറഞ്ഞു കൊടുക്കുക ” എന്ന് ചിന്തിച്ച്‌ , എന്ത്‌ പറഞ്ഞിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അവസാനത്തെ ആയുധമാണു ” നിന്നെപ്പൊലെ തന്നെ ” എന്ന എന്റെ ഡയലോഗിനു അവളുടെ മുഖത്തെ കള്ള ചിരി കാണാൻ ഒരു പ്രത്യേക‌ മൊഞ്ച്‌ തന്നെയാണു ..

മൂന്ന് വർഷങ്ങൾ കടന്ന് പോയി , നാട്ടിൽ പെങ്ങൻമാരുടെ നിക്കാഹ്‌ കഴിഞ്ഞു, വിടും പണയത്തിൽ നിന്നെടുത്തു, ഉമ്മാന്റെ വിളി സഹികെട്ടപ്പോഴാണു നാട്ടിലേക്ക്‌ പോകാൻ സൗദിയോട്‌ അവധിക്ക്‌ ചോദിച്ച ഉടനെ പാസ്പോട്ടും ടിക്കറ്റും കയ്യിൽ തന്നിട്ട്‌ പോയി വരാൻ പറഞ്ഞത്….

അന്ന് അവസാന ഓട്ടമാണു, വണ്ടിയിൽ കയറിയാൽ വാ തോരാതെ സംസാരിക്കുന്നവൾക്ക്‌ മിണ്ടാട്ടാം ഇല്ലാതായപ്പോഴാണു ” എന്ത്‌ പറ്റി ” എന്ന എന്റെ ചോദ്യത്തിനു , ” നി പോകുവല്ലെ ” എന്ന അവളുടെ മറുപടിയിൽ ഒരു ചെറിയ സങ്കടം എനിക്ക്‌ ഫീൽ ചെയ്തത്‌ കൊണ്ടാ, ” അതിനെന്താ ഞാൻ പോയാൽ പുതിയ ആളു വരില്ലെ ” എന്നെന്റെ ചോദ്യത്തിനു അനക്കമൊന്നുമില്ലാത്തത് കൊണ്ടാ ഗ്ലാസിലുടെ നോക്കിയപ്പോൾ, നിറഞ്ഞ കണ്ണു തുടക്കുന്ന ഒളെ കണ്ടിട്ട്‌ , ” ഹേയി നൂറാ.. ഞാൻ പെട്ടെന്നിങ്ങ്‌ വരില്ലെ, നി എന്നാത്തിനാ കരയുന്നതെന്ന” എന്റെ ചോദ്യത്തിനു മറുപടി ഒന്നും ഇല്ലാത്തത്‌ കൊണ്ടാ ഞാൻ വിണ്ടും ചോദിച്ചത്, ” വരുന്നോ നി എന്റെ കുടെ ഇൻന്ത്യയിലേക്കെന്ന” എന്റെ ചോദ്യം കേട്ട്‌ അവൾ ഒന്ന് ഞെട്ടിയെങ്കിലും നാണം കൊണ്ട്‌ അവൾ തല കുനിച്ചപ്പോഴാ ഞാൻ ചോദിച്ചത് ” ഇനി പറഞ്ഞെ, എന്ത്‌ കൊണ്ടാ ഞാൻ പോകുന്നതിനു നീ കരഞ്ഞെ….?

നിറഞ്ഞ കണ്ണു തുടക്കുന്നതിടയിൽ അവൾ പറയുന്നുണ്ടായിരുന്നു , ” ക്ഷമയോടെ നിന്റെ കൂട്ട് ഈ ലോകം ആരും എനിക്ക് കാണിച്ചു തന്നിട്ടില്ല എന്ന് …”

വീട്ടിൽ നിന്ന് ഇറങ്ങും മുമ്പ് കയ്യിൽ കരുതിയിരുന്ന ഒരു മോതിരം എനിക്ക് നേരെ നീട്ടിയിട്ട് , ” ഇത് ഉണ്ടാകണം എപ്പോഴും വിരലിൽ , ഇത് കാണുമ്പോഴൊക്കെ എന്നെ ഓർമ്മ വരണം ” എന്ന് പറഞ്ഞവൾ എനിക്ക് നേരെ നീട്ടിയെങ്കിലും , സൗദി അടുത്തു നിൽക്കുന്നത് കണ്ടിട്ട് ഒരു ചെറിയ ഭ യം എന്റെ മുഖത്തു കണ്ടിട്ടാകണം , ” വാങ്ങിക്കോ , ഓൾക്ക് പടച്ചോൻ കൊടുത്ത കണ്ണാണ് നിയെങ്കിൽ ഞാൻ എങ്ങനെയാ തടയുക ” , എന്ന സൗദിയുടെ വാക്ക് കേട്ട് അമ്പരന്ന് നിൽക്കുന്നതിനടയിൽ , തിരികെ വരുമ്പോൾ ഉമ്മാനേയും കൂട്ടണം , ബാക്കി എല്ലാം ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു എന്നെ അവിടുന്ന് യാത്രയാക്കുമ്പോൾ , അവളുടെ പൂച്ച കണ്ണുകൾ തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു ….. ലൈക്ക് കമന്റ് ചെയ്യണേ…

രചന: Shanavas Jalal

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters