രചന: ഫൈസൽ സറീനാസ്
“എടീ നിന്റെ കെട്ടിയോൻ ജോലിക്ക് പോവുന്നില്ലേ… കല്യാണവും സൽക്കാരങ്ങളുമൊക്കെയായി ഇപ്പോൾ ഒരു മാസം ആയില്ലേ… നീ ചോദിക്കൂ നിങ്ങൾ ജോലിക് പോവുന്നില്ലേയെന്ന് ”
“ഇല്ലുപ്പാ ഞാൻ ചോദിക്കില്ല ഓർക്ക്
എന്നോട് ദേഷ്യം പിടിച്ചാലോ”
“മോളെ അങ്ങിനെ പറഞ്ഞാൽ ശരിയാവുമോ…..
സ്ഥിരമായ… ഒരു ജോലി അതും തരക്കേടില്ലാത്തത് വേണം എന്ന നിർബന്ധം ഉള്ളത് കൊണ്ടാണ് ബ്രോക്കർ കുഞ്ഞാലിയോട് ഒരു മാഷേ തന്നെ എന്റെ മോൾക്ക് പുതിയാപ്പിളയായിട്ട് വേണമെന്ന് ഞാൻ നിർബന്ധം പറഞ്ഞത്…. ഇതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി പോയത് പോലെ ആവുമോ”
“ഉപ്പാ… ഇക്ക പറഞ്ഞത്. സൽക്കാരം എല്ലാം തീരട്ടെ എന്നിട്ട് മതി ജോലിയൊക്കെ എന്നാണ് ”
“മോളെ .. അതെന്താ അങ്ങിനെ…. സൽക്കാരമൊക്കെ തീരാൻ കാത്തു നിന്നാൽ പിന്നെ ജോലി അവിടെ ഉണ്ടാവില്ല… എന്റെ പൊന്നുമോൾ അവനോട് ചോദിക്കണം… ജോലിക്ക് പോകുന്നില്ലേയെന്ന്
നല്ല മൂഡ് ഉള്ള സമയം നോക്കി സാവധാനം ചോദിക്കണം… കേട്ടോ മോളെ”
ഉപ്പാന്റെ നിർബന്ധം കാരണം സഹല അവളുടെ പുതു മണവാളനോട് ഈ കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു ജോലിക്ക് പോകുന്നില്ലേയെന്ന്. പിറ്റേന്ന് രാവിലെ മണിയറയിൽ സല്ലപിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സഹല ഇക്കാനോട് ചോദിച്ചു…
“ഇക്കാ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്….”
“എന്താണ് സഹല ഒരു കാര്യം ആകേണ്ട ഒരായിരം കാര്യം ചോദിക്കൂ ഈ ഇക്കയോട്”
“നിങ്ങൾ ജോലിക്ക് എപ്പോളാണ് പോവുന്നത്”
“ഓഹ്.. ജോലിക്ക്… അല്ലേ ഇതിനാണോ ഒരു മുഖവുര…. ജോലിക്ക് പോകണം…. എന്തിനാണ് ഒരാൾ ജോലിക്ക് പോവുന്നത് പട്ടിണി ഇല്ലാതെ ജീവിക്കാൻ അല്ലെ ഇപ്പോൾ നമുക്ക് പട്ടിണി ഉണ്ടോ ഇല്ലാലോ സൽക്കാരത്തിന് ഡേറ്റ് കൊടുക്കാൻ തന്നെ സമയമില്ല… സൽക്കാരമൊക്കെ കഴിയട്ടെ തടിയൊക്കെ ഒന്ന് ഉഷാർ ആവട്ടെ എന്നിട്ട് പോരെ ജോലി എന്റെ പൊന്നേ ”
“അങ്ങിനെ പറഞ്ഞാൽ ശരിയാവുമോ ഇക്കാ എന്റെ വീട്ടുകാരും കൂട്ടുകാരും എന്താണ് കരുതുക ”
“ഓഹ് അതാണോ കാര്യം അവരോട് പോവാൻ പറ മാത്രമല്ല എവിടെ ജോലിക് പോവാൻ അവർ തരുമോ എനിക്ക് പറ്റിയ ജോലി”
“അത് ശരി ജോലിയും കൂടി അവർ ശരിയാക്കണം എന്നാണോ ഇക്കാ പറയുന്നത് ”
“എനിക്ക് ആരുടെ ജോലിയും വേണ്ടാ മണ്ണാങ്കട്ടയും വേണ്ടാ ഇതുവരെ ജോലി ചെയ്തിരുന്ന സ്ഥലം പൂട്ടിയിട്ടാണല്ലോ ഉള്ളത്…
തുറക്കട്ടെ അപ്പോൾ നോക്കാം….”
“എന്ത് പൂട്ടി എന്നാണ് നിങ്ങൾ പറയുന്നത് ഇക്കാ”
“ഹോട്ടൽ പൂട്ടി എന്ന്” “ഹോട്ടലോ….ഏത് ഹോട്ടൽ”
“അതേ സഹലാ ഹോട്ടൽ രാജധാനി
അറിയാമോ നിനക്ക്…. ബസ്സ് സ്റ്റാൻഡിൽ വരുന്നവർ എല്ലാം ഞങ്ങളുടെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിക്കുക”
“നിങ്ങൾ അല്ലേ പറഞ്ഞത് മാഷ് ആണെന്ന്….”
“അതേ മാഷ് ആണല്ലോ… പൊറോട്ട മാഷ്
ഞാൻ തന്നെയാണ് അവിടുത്തെ ചീഫ് കുക്കും….”
“പൊറോട്ട പണി എന്നാൽ ഇത്ര മോശമായ ജോലിയാണോ പൊന്നേ”
“ആയിരത്തി അഞ്ഞൂറ് രൂപ ദിവസം ഉണ്ടാക്കും… അതായത് മാസം നാല്പത്തി അയ്യായിരം…. ഒരു പ്രഫസർക്ക് കിട്ടുമോ ഇത്ര ശമ്പളം….”
“അപ്പോൾ എന്റെ ബാപ്പ ഇതറിഞ്ഞാൽ”
“ബാപ്പ അറിഞ്ഞാൽ എന്താണ് എന്റെ തല വെട്ടുമോ…. കൂടി വന്നാൽ ആ ബ്രോക്കർ കുഞ്ഞാലിക്കിട്ട് രണ്ട് പൊട്ടിക്കും
കുഞ്ഞാലിക്ക് ഒരു സൂചന ഞാൻ കൊടുത്തിരുന്നു…. അടി കിട്ടാൻ സാധ്യത ഉണ്ടെന്ന്…. രണ്ടടിക്ക് രൂപ ഇരുപത്തി അയ്യായിരമാണ് ഞാൻ കുഞ്ഞാലിക്ക് അധികം കൊടുത്തത്…”
“എന്തിനാണ് ഇക്കാ ഇങ്ങിനെയൊക്കെ ”
“എടീ നിന്നെ അന്ന് ബസ്സ് സ്റ്റോപ്പിൽ കണ്ടപ്പോൾ മുതൽ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു ഞ്ഞാൻ അത് പൂർത്തികരിക്കാൻ എനിക്ക് കുഞ്ഞാലിയുടെ സഹായം വേണ്ടി വന്നു…..”
സഹലാക്ക് ഇതൊക്കെ കേട്ടപ്പോൾ സമീർനോട് സ്നേഹം കൂടി..എനിക്ക് വേണ്ടിയാണല്ലോ ഇക്ക ഇങ്ങിനെ കള്ളം പറഞ്ഞത് എന്നോർത്ത്
എന്നാലും ബ്രോക്കർ കുഞ്ഞാലി ഈ പണി എടുത്തത് ഓർക്കുമ്പോൾ… എന്തോ ഒരു വിഷമം പോലെ… ************
ഗുണപാഠം. ബ്രോക്കർമാർ പറയുന്ന മോഹന വാക്കുകളിൽ വീണാൽ പൊറോട്ട മാഷ് സ്കൂളിലേ മാഷ് ആവും… സൂക്ഷിക്കുക……
രചന: ഫൈസൽ സറീനാസ്