രചന: Saran Prakash
പടിപ്പുര വാതിലും കടന്നു അകത്തേക്ക് കയറിയപ്പോൾ, ഉള്ളിലൊരു പരവേശം…. ഞാൻ അതെങ്ങനെ കൃഷ്ണേട്ടനോട് ചോദിക്കും….
അതുവരെയുണ്ടായിരുന്ന ധൈര്യം ചോർന്നുപോകുന്നുണ്ടോ എന്ന ശങ്കയിൽ നിൽക്കുമ്പോഴാണ് പറമ്പിൽ നിന്നും കൃഷ്ണേട്ടൻ കയറി വന്നത്….
”അല്ല…. ഇതാര്…. കുട്ടനോ… എന്നെത്തി നാട്ടിൽ??” വർഷങ്ങൾക്ക് ശേഷമുള്ള ആ അപ്രതീക്ഷിത കണ്ടുമുട്ടലിൽ ആശ്ചര്യത്തോടെ കൃഷ്ണേട്ടൻ എന്നെ മിഴിച്ചുനോക്കി….
”രണ്ടീസായി കൃഷ്ണേട്ടാ… ഇതേതാ ഇനം?? കദളിയാ??” കൃഷ്ണേട്ടന്റെ കയ്യിലെ വഴക്കന്നിലേക്ക് നോക്കി ഞാൻ ചോദിച്ചു…
”അല്ല… ഞാലിപൂവനാ.. എന്താ കുട്ടന് വേണോ??”
”ഏയ്… വേണ്ട കൃഷ്ണേട്ടാ… അവിടെ ഇതൊക്കെ നോക്കാൻ ആർക്കാ നേരം..”
പുറത്തെ ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം അകത്തുനിന്നും ശോഭേടത്തി ഇറങ്ങിവന്നു….
”അങ്ങാടില് വെച്ച് കുട്ടനെ കണ്ടുന്നു അമ്മുട്ടി പറഞ്ഞപ്പോൾ ഞാൻ അവളെ കളിയാക്കി… കുട്ടിക്ക് തോന്നിയതാകുമെന്നു പറഞ്ഞ്… ആളാകെ മാറിപ്പോയല്ലോ… മീശയും താടിയുമൊക്കെവച്ച്… ഇപ്പൊ നല്ല ചേലുണ്ട്..”
ഒരു പുഞ്ചിരിയോടെ ശോഭേടത്തി പറയുമ്പോൾ കൃഷ്ണേട്ടൻ ഒരു ചിരി പാസാക്കി…
”വേളി നോക്കനിണ്ടാകും ല്ലേ കുട്ടാ..”?? ”ഉം.. അതെ… രണ്ടീസംകൊണ്ടു നാലിടത്തുപോയി പെണ്ണുകാണാൻ….”
”എന്നിട്ട്??” ശോഭേടത്തി ആകാംക്ഷയോടെ ചോദിച്ചു… ”പഴയ കാലമൊന്നുമല്ല ശോഭേടത്തി… കാരണവന്മാർക്കല്ല… പെങ്കുട്ട്യോള്ക്കാ നിബന്ധനകൾ… നിറം പോരാ… മുടി പോരാ… മീശക്ക് കട്ടിപോരാ… അങ്ങനെ അങ്ങനെ… കാലം പോയൊരു പോക്കേയ്…” ഒരു നെ ടുവീർപ്പോടെ പറഞ്ഞു തീർന്നതും അകത്തുനിന്നും ചിരിച്ചുകൊണ്ട് അമ്മുട്ടി കടന്നുവന്നു…
”നിങ്ങള് ആണുങ്ങളും ഇത് തന്നെയല്ലേ കുട്ടേട്ടാ പറയാറ്…” ഒന്നിരുത്തി ചിന്തിച്ചാൽ അവൾ പറഞ്ഞതും ഒരു കാര്യമാണ്…. ”അല്ല കൃഷ്ണേട്ടാ…. ഇവൾ വളർന്നു പടവലം പോലെയായല്ലോ… കൊടുക്കണില്ലേ??”
ആശ്ചര്യത്തോടെ താടിക്കു കയ്യും കൊടുത്തു നിന്നുകൊണ്ട് അവളെ നോക്കി ഞാൻ ചോദിക്കുമ്പോൾ, പടവലമെന്നു വിശേഷിപ്പിച്ചതിൽ മുഖം ചുളിച്ചു കലിതുള്ളിക്കൊണ്ടവൾ എന്നെ നോക്കി കണ്ണിറുക്കി… പക്ഷെ കൃഷ്ണേട്ടനും ശോഭേടത്തിയും എന്റെ ആ ചോദ്യത്തിലെ നർമ്മബോധമുൾക്കൊണ്ടു തന്നെ നന്നായൊന്നു ചിരിച്ചു….
”നോക്കണം കുട്ടാ…” ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട് കൃഷ്ണേട്ടൻ പറഞ്ഞു….
”പക്ഷെ അമ്മുട്ട്യേ… ഇതുപോലുള്ള നിബന്ധനകൾ വെച്ച് കെട്ടാൻ വരണവരെ നീ ആശയകുഴപ്പത്തിലാക്കരുത് ട്ടോ..”
വലിയൊരു ഉപദേശം ചെറിയൊരു പുഞ്ചിരിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഞാൻ പറയുമ്പോൾ അമ്മുവും ശോഭേടത്തിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു… ”ഈ കുട്ടേട്ടന് ഒരു മാറ്റോം ഇല്ല ല്ലേ അമ്മേ…”
”ആരാ പറഞ്ഞേ മാറ്റം ഇല്ലാന്ന്… നാട്ടിലെ വളർന്നു വരണ പ്രമാണിയല്ലേ ഈ കുട്ടൻ തമ്പുരാൻ… ആട്ടെ,, മണിമാളികയുടെ പണി എവിടെവരെയായി തമ്പ്രാ”?? അമ്മുന്റെ വാക്കുകൾക്ക് മറുപടിയെന്ന പോലെ കൃഷ്ണേട്ടൻ ചെറുചിരിയോടെ എന്നെ നോക്കി ചോദിച്ചു… അല്ലേലും നർമ്മത്തിന്റെ കാര്യത്തിൽ കൃഷ്ണേട്ടനെ തോൽപ്പിക്കാൻ ആർക്കുമാവില്ല…
”ലേശം മരപ്പണി കൂടി ബാക്കിയുണ്ട്…” കൃഷ്ണേട്ടനോപ്പം ഞാനും ആ ഉമ്മറപ്പടിയിൽ ഇരിപ്പുറപ്പിച്ചു…
”കൃഷ്ണേട്ടാ… ഞാനിപ്പോ വന്നത് പ്രധാനപ്പെട്ട ഒരു കാര്യത്തിന് വേണ്ടിയാണു…. പക്ഷെ എനിക്കത് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയില്ല….”
കൃഷ്ണേട്ടന്റെ മുഖത്തു നോക്കി ഞാൻ പറയുമ്പോൾ അതുവരെയുണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു ആ മുഖത്തു ആകാംക്ഷയേറി…
”എന്താ കുട്ടാ… എന്താ കാര്യം??” ”അത് പിന്നെ കൃഷ്ണേട്ടാ…. ചോദിക്കുന്നത് അവിവേകമാണെങ്കിൽ പൊറുക്കണം…. ഇവിടത്തെ ഉപ്പും ചോറും തിന്നു, ഈ മുറ്റത്തു ഓടിക്കളിച്ചു വളർന്നവനാ ഈ കുട്ടൻ… ആ ഞാൻ തന്നെ ഇവിടെ വന്നതാവശ്യപ്പെടുമ്പോൾ…” പറഞ്ഞുതീരും മുൻപേ ആകാംക്ഷ നിറഞ്ഞിരുന്ന കൃഷ്ണേട്ടന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു….
ആ പുഞ്ചിരിയോടെ തന്നെ കൃഷ്ണേട്ടൻ ശോഭേടത്തിയെയും നോക്കി… കണ്ണുകൾ കൊണ്ടവർ പരസ്പരം സംസാരിക്കുന്നതിന്റെ പൊരുൾ അറിഞ്ഞാവണം ഉമ്മറ തിണ്ണയിലിരുന്നിരുന്ന അമ്മുട്ടി ചെറുപുഞ്ചിരിയോടെ അകത്തേക്കോടിമറഞ്ഞു…
”നമുക്കാലോചിക്കാം കുട്ടാ… കാരണവന്മാരെയും കൂട്ടി ഒരീസം ഇങ്ങട് വാ..”
കൃഷ്ണേട്ടന്റെ ആ മറുപടിയിൽ എന്റെ കണ്ണുകൾ ചുളിഞ്ഞു… ”അതെന്തിനാ കൃഷ്ണേട്ടാ??” ”പിന്നെ പടവലത്തെ കൊണ്ടുപോകാൻ അവരൊക്കെ കൂടിയല്ലേ വരേണ്ടത്??” നർമ്മത്തിൽ ചാലിച്ച കൃഷ്ണേട്ടന്റെ ആ വാക്കുകളിൽ അകത്തുനിന്നും അമ്മുട്ടിയുടെ പുഞ്ചിരി ഉയരുന്നുണ്ടായിരുന്നു….
”അയ്യോ കൃഷ്ണേട്ടാ ഞാനതല്ല ഉദേശിച്ചത്… കട്ടില് പണിയാനായി ദേ ആ തെക്കേപറമ്പില് നിൽക്കുന്ന പ്ലാവ് കിട്ടിരുന്നേൽ വല്ല്യേ ഉപകാരമാകുമായിരുന്നു…. എത്രയാ വേണ്ടത് എന്ന് പറഞ്ഞാൽ മതി…”
ദൂരെ നിക്കണ പ്ലാവിലേക്ക് നോക്കി ഞാൻ പറയുമ്പോൾ അവരിരുവരും മുഖത്തോടു മുഖം നോക്കി…. അകത്തു ദൂരെയെങ്ങോട്ടോ ഓടിമറഞ്ഞില്ലാതാകുന്ന പദസരത്തിന്റെ ശബ്ദവും… പിന്നീടങ്ങോട്ട് നീണ്ട നിശ്ശബ്ദതയായിരുന്നു…. ആ നിശ്ശബ്ദതക്കൊടുവിൽ ഞാൻ തല താഴ്ത്തിയിരിക്കുന്ന കൃഷ്ണേട്ടനെ നോക്കി…
”ചോദിച്ചത് അവിവേകമായോ കൃഷ്ണേട്ടാ??”
പുഞ്ചിരിക്കാൻ ശ്രമിക്കുന്ന മുഖഭാവത്തോടെ കൃഷ്ണേട്ടനെന്നെ നോക്കി…
”ഒരു നിമിഷത്തേക്കെങ്കിലും ന്റെ അമ്മുട്ടിയെ ആ കൈകളിലേൽപ്പിക്കുന്നത് സ്വപ്നം കണ്ട എനിക്കണോ കുട്ടാ,, ആ പ്ലാവ് നിനക്കു നല്കാൻ ബുദ്ധിമുട്ട്…. വെട്ടിയെടുത്തോ നിനക്കാവിശ്യമുള്ളതത്രയും…
പക്ഷെ, എന്റെ കൈപിടിച്ചു ഈ മുറ്റത്തു പിച്ചവെച്ചു നടന്നിരുന്ന ആ കുട്ടനോട് വിലപേശാൻ ഈ കൃഷ്ണേട്ടനാവില്ല….”
പൊടിഞ്ഞ കണ്ണീർ തുള്ളികളെ മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് കൃഷ്ണേട്ടൻ അകത്തേക്ക് നടന്നകന്നു…
”കാര്യാക്കണ്ട… കൃഷ്ണേട്ടനെ നിനക്കറിയില്ലേ… അത് ഇന്നും അങ്ങനെത്തന്നെയാണ്..”
അകത്തേക്ക് കടന്ന കൃഷ്ണേട്ടനെയും നോക്കി നിൽക്കുമ്പോൾ പുറകിൽ നിന്നും ശോഭേടത്തി പറഞ്ഞു… അതെ… കൃഷ്ണേട്ടൻ അങ്ങനെയാണ്…. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു സാധു മനുഷ്യൻ….
പടിപ്പുര വാതിൽ കടന്നു തിരികെ പോകാനൊരുങ്ങവേ ഒരിക്കൽ കൂടി പിന്തിരിഞ്ഞു ഞാൻ നോക്കുമ്പോൾ ആ പഴയ തറവാടിന്റെ മുകളിലെ കിളി വാതിലൂടെ അമ്മു എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു….
പിറ്റേന്ന് പ്ലാവ് മുറിക്കാനുള്ള ആളുകളയേയും കൂട്ടി ആ പടിപ്പുരവാതിൽ കടക്കുമ്പോൾ ഉമ്മറത്തിണ്ണയിൽ മുല്ലപ്പൂ മാല കോർക്കുകയായിരുന്ന അമ്മുട്ടി തലയുയർത്തി എന്നെ നോക്കി…. ”നിന്റെ ഈ സൂക്കേടിനു ഇപ്പഴും ഒരു കുറവില്ലല്ലോ അമ്മുട്ട്യേ… ഇപ്പഴത്തെ കാലത്തു ആരേലും ചൂടുമോ മുല്ലപ്പൂ മാല…”??
പണിക്കാർക്കു പ്ലാവ് ചൂണ്ടി കാണിച്ചുകൊണ്ട്, മുല്ലമൊട്ടുപോലെ കൂമ്പിയിരിക്കുന്ന അമ്മുവിൻറെ മുഖമൊന്നു വിടർത്തുവാൻ വേണ്ടിയാണു ആ നർമ്മത്തിലൂടെ ശ്രമിച്ചതെങ്കിലും, അവൾ അത് കേട്ടതായി ഭാവിച്ചില്ല… കോ ർത്തുവെച്ച മാലയുമായി അവൾ എഴുന്നേറ്റു അകത്തേക്ക് നടക്കവേ എന്നെയൊന്നു പിന്തിരിഞ്ഞു നോക്കി…
”മുറ്റത്തെ മുല്ലക്കൊന്നും ഇപ്പൊ മണമില്ലാതെയായി ല്ലേ കുട്ടേട്ടാ??” പരിഭവം നിറഞ്ഞ സ്വരത്തോടുകൂടിയുള്ള ആ വാക്കുകൾ നെഞ്ചിലേക്ക് തു- ളച്ചു കയറിയതുപോലെ…
ശരിയാണ്… മുറ്റത്തെ മുല്ലയെ അറിയാതെ, കിട്ടാത്ത ആന്തൂറിയതിനു വേണ്ടി പായുന്നവരാണ് നമ്മളിൽ പലരും… പ്ലാവ് മു- റിക്കാനൊരുങ്ങുന്നവരെ പറഞ്ഞു വിട്ട്, ഞാൻ കൃഷ്ണേട്ടനരികിലെത്തി…
”ഞാൻ നാളെ വരാം.. പ്ലാവ് മു- റിക്കാനല്ല… വളർന്നു നിൽക്കുന്ന ആ പടവലത്തെ കൊണ്ടുപോകാൻ കാരണവന്മാരുമായി…. അതിനുപക്ഷേ ഞാനൊരു വിലയിടും…. എന്റെ ജീവ ന്റെ വില…. തന്നേക്കണം ഇങ്ങോട്ട്…”
തല താഴ്ത്തിയിരുന്നിരുന്ന കൃഷ്ണേട്ടൻ ആ ശ്ചര്യത്തോടെ എന്നെ മിഴിച്ചു നോക്കി…
അകത്തുനിന്നും പുഞ്ചിരിച്ച മുഖവുമായി ശോഭേടത്തി കടന്നുവന്നു…. വികാ -രനിർഭരമായ ആ നിമിഷങ്ങളിൽ ആനന്ദത്തിന്റെ മൂകത പടർന്നപ്പോൾ അകത്തളത്തിൽ എവിടെയോ തുള്ളിക്കളിക്കുന്ന പാദസര കിലുക്കം ഞാൻ കേൾക്കുന്നുണ്ടായിരുന്നു…..
”അപ്പൊ പ്ലാവ്??” തിരിഞ്ഞു നടക്കവേ പുറകിൽ നിന്നും കൃഷ്ണേട്ടൻ ചോദിച്ചു….
ഞാൻ പതിയെ തെക്കേപറമ്പിലെ ആ പ്ലാവിലേക്ക് നോക്കി… പ്ലാവിനെ മോഹിച്ചെത്തിയവൻ പടവലത്തെ സ്വന്തമാക്കിയ കഥ പറയാൻ അവൻ അവിടെ തലയുയർത്തി പി ടിച്ചു തന്നെ നിൽക്കട്ടെ ല്ലേ..??? ലൈക്ക് കമൻറ് ചെയ്യണേ…