എന്തായാലും ഒന്ന് തീരുമാനിച്ചു ഈ പോരിന് ഒരു അറുതി ഉണ്ടാകണം, പക്ഷേ അത് എങ്ങനെ…

രചന: ഗിരീഷ് കാവാലം

“എടാ നീ എന്നാ പെൺകോൺന്തനാടാ…നീ അവള് പറയുന്നതും കേട്ടുകൊണ്ട് അവടെ വാലേ തൂ- ങ്ങി നടന്നോ ഇങ്ങനെ”

ഓഫീസിൽ നിന്നും വീട്ടിലേക്കു വരുന്ന വഴി ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ ഇന്നെങ്കിലും തന്റെ ഭാര്യയും അമ്മയും തമ്മിൽ പോര് ഒന്നും ഉണ്ടാകല്ലേ എന്ന്.. പക്ഷേ വീട്ടിൽ വന്നു കയറിയ ഉടനെ അമ്മയുടെ വായിൽ നിന്നും കേട്ടത് ഇതാണ്… തിരിച്ച് ഒന്നും പറഞ്ഞില്ല കാരണം തനിക്ക് അമ്മയെ ഒഴിവാക്കാൻ പറ്റില്ലല്ലോ….

ഓഫീസിലെ എട്ട് പത്തു പേരെ വളരെ സുഗമമായി നിയന്ത്രിച്ചു പോകുന്ന ഒരു ഓഫീസർ ആയ തനിക്ക് വീട്ടിലെ രണ്ട് പേരെ നിയന്ത്രിക്കാൻ പറ്റുന്നില്ല… ഹാവു… ദീർഘ ഒരു നിശ്വാസം വിട്ടുകൊണ്ട് തന്റെ മുറിയിലേക്ക് കയറി ഡ്രസ്സ്‌ മാറുന്നതിന് ഇടയിൽ

“ദേ നിങ്ങടെ അമ്മേ നിലക്ക് നിർത്തിയില്ലെങ്കിൽ ഞാൻ എന്റെ പാട്ടിന് പോകും…” അടുത്തത് ഭാര്യയുടെ തിരുവചനം

“വല്ലതും കഴിക്കണം എന്നുണ്ടെങ്കിൽ അമ്മയോട് പറഞ്ഞോണം…” ഞാൻ അതും കേട്ടു… ഭാര്യ ആഹാരം ഉണ്ടാക്കി തരത്തില്ല എന്ന് പേടിച്ചല്ല കാരണം അവളെയും എനിക്ക് വെറുപ്പിക്കാൻ പറ്റില്ലല്ലോ…

അതായത് ജഡ്ജിയുടെ പണിയാണ് തനിക്ക്. രണ്ട് പേരുടെയും പരാതികൾ കേൾക്കും… വിധി പിന്നെ പ്രഖ്യാപിക്കാം എന്ന തരത്തിൽ മൗനം പാലിക്കും…

സ്വതവേ സൗമ്യനും, പ്രസന്നതയോടെയുള്ള മുഖവും ദൈവം തമ്പുരാൻ തന്നിട്ടുള്ളതിനാൽ മനസ്സിലുള്ള നൊ മ്പരം ആർക്കും പുറമേ നിന്ന് വായിച്ചെടുക്കുവാൻ പറ്റില്ല… എന്നത്തേക്കാളും പോര് മൂത്തത് അന്ന് തന്നെയായിരുന്നു.. ഒരു വിധത്തിൽ രണ്ടുപേരെയും ശാന്തരാക്കി സമാധാനാന്തരീക്ഷം സൃഷ്ടിച്ചു…

അന്ന് കിടക്കയിൽ ഉറങ്ങാൻ കിടന്നപ്പോൾ ഇന്ന് ഓഫീസിൽ നടന്ന ഒരു കാര്യം ഓർത്ത് മനസ്സിൽ ചിരി വന്നു… ലഞ്ച് ബ്രെക്കിൽ സ്റ്റാഫുകൾ ഒക്കെയിരുന്നുള്ള നാട്ടുവർത്തമാനത്തിൽ സഹപ്രവർത്തകയായ അംബുജം പറഞ്ഞ വാക്കുകൾ ആണ് യഥാർത്ഥത്തിൽ ഞാൻ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ കോമഡി…

” നല്ല ജോലി, മിടുക്കരായ രണ്ടു കുട്ടികൾ സ്നേഹസമ്പന്നയും സുന്ദരിയുമായ ഭാര്യ എല്ലാ കാര്യങ്ങളും പൊന്നുപോലെ നോക്കുന്ന അമ്മ പിന്നെ ആവശ്യത്തിനു സമ്പത്തും… ഞാൻ എപ്പോഴും സന്തോഷവാൻ ആയിരിക്കുന്നതിന്റെ കാരണം അംബുജം വിലയിരുത്തിയതാണ് ”

എന്തായാലും ഒന്ന് തീരുമാനിച്ചു ഈ പോരിന് ഒരു അറുതി ഉണ്ടാകണം… പക്ഷേ അത് എങ്ങനെ സാധ്യമാകും… അതേ പതിനെട്ടാമത്തെ അടവ് തന്നെ പരീക്ഷിക്കാം ഞാൻ ഉറപ്പിച്ചു….

പതിവുപോലെ പിറ്റേ ദിവസം ഓഫീസ് കഴിഞ്ഞു വന്നു.. അടുത്ത ഒരു നാല് ദിവസം അവധിയും എടുത്തുകൊണ്ടാണ് വന്നിരിക്കുന്നത്… അന്ന് രാത്രിയിൽ അമ്മയോട് സ്വകാര്യമായി പറഞ്ഞു

“അമ്മേ ഞാൻ അമ്മേടെ മകൻ അല്ലേ… ”

പിന്നെന്താടാ…. അടുത്ത വീട്ടിലെ “സുമതിയുടെ മകനാണോ നീ… ”

“അമ്മേ അവൾ എന്ത് തന്നെ അമ്മയെപറ്റി പറഞ്ഞാലും ഈ മകൻ അമ്മക്ക് എതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ… ”

“നീ എന്താണെന്ന് തെളിച്ചു പറയെടാ അമ്മയുടെ ക്ഷെമ കെട്ടു… ”

“അമ്മേ അമ്മ രണ്ട് ദിവസം ഞാൻ പറയുന്നത് കേൾക്കണം… ”

“എന്നതാടാ തെളിച്ചു പറയെടാ… അമ്മയുടെ ചോദ്യം ”

“അതായത് രണ്ട് ദിവസം ഈ വീട്ടിലെ എല്ലാ പണികളും അമ്മ തന്നെ ചെയ്യണം അതായത് എന്റെ ഭാര്യയുടെ തുണികൾ പോലും അമ്മ കഴുകണം… പിന്നെ അവൾ എന്ത് പറഞ്ഞാലും വളരെ സൗമ്യമായേ അവളോട്‌ സംസാരിക്കാവൂ…… ”

“എന്നാടാ അമ്മയെ കൊ- ല്ലാൻ തന്നെ അവടെ കൂടെ കൂട്ടു ചേർന്നോ നീ.. ” എടുത്തടിച്ചുള്ള അമ്മയുടെ മറുപടി

“അമ്മേ വെറും രണ്ടേ രണ്ടു ദിവസം… അത് കഴിഞ്ഞാൽ അമ്മയെ കൊണ്ടു ഒരു കരിയില പെറുപ്പിക്കാൻ പോലും അമ്മയുടെ ഈ മകൻ സമ്മതിക്കില്ല… അമ്മയുടെ മകനാ ഈ പറയുന്നത്…. ഈ രണ്ട് ദിവസം കഴിഞ്ഞാൽ പിന്നെ ഞാൻ അമ്മ പറയുന്നത് മാത്രമേ കേൾക്കുള്ളൂ… ”

“അമ്മ എനിക്ക് വാക്ക് തരുമോ ഞാൻ ഈ പറഞ്ഞത് ചെയ്യാമെന്ന് ”

“ഉം…..” മനസ്സില്ലാമനസ്സോടെ അമ്മ സമ്മതിച്ചു…

പിറ്റേ ദിവസം രാവിലെ വാതിലിലെ കൊട്ട് കേട്ടുകൊണ്ട് കതക് തുറന്നു..

ദേ അമ്മ നിൽക്കുന്നു എല്ലാവർക്കും ഉള്ള ചായയും ആയിട്ട്..

ഭാര്യ ആശ്ചര്യ ഭാവത്തിൽ എന്നെ നോക്കി… ഞാൻ ആംഗ്യം കാണിച്ചു കുടിച്ചോളാൻ….

പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞു ഭാര്യ അടുക്കളയിൽ കയറിയപ്പോൾ അമ്മയുടെ മറുപടി…

“മോളെ ഞാൻ പിള്ളേർക്കും അവനു ഓഫീസിൽ കൊണ്ടുപോകാൻ ഉള്ളതും ആഹാരം എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് മോൾ ഒന്നും ചെയ്യേണ്ട.. ”

അങ്ങനെ അന്നത്തെ ദിവസത്തെ പണിയെല്ലാം അമ്മ തന്നെ ചെയ്തു….

“അല്ല അമ്മയ്ക്ക് എന്ത് പറ്റി ചേട്ടാ.. ഇന്ന് ഈ വീട്ടിലെ എല്ലാ പണികളും അമ്മ ഒറ്റക്കാണ് ചെയ്തത്… എന്തിന് എന്റെ വസ്ത്രങ്ങൾ വരെ അമ്മകഴുകി… എത്ര നല്ല രീതിയിൽ ആണ് എന്നോട് സംസാരിച്ചത്…” രാത്രിയിൽ കിടക്കയിൽ വെച്ച് ഭാര്യ ചോദിച്ചു…

“എടീ ഞാൻ ഒരു സത്യം പറയാം.. അമ്മയ്ക്ക് അധികം ആയുസ്സ് ഇല്ല… ”

“എന്താ നിങ്ങൾ പറയുന്നത്…?

“അതേടി… കഴിഞ്ഞദിവസം ഞാൻ അമ്മയേം കൊണ്ട് ആശുപത്രിയിൽ പോയിയിരുന്നില്ലേ പ്രഷറും ഷുഗറും ഒക്കെ ചെക്ക് ചെയ്യുവാൻ, അന്ന് ഡോക്ടർ പറഞ്ഞത് വളരെ സീരിയസ് കണ്ടീഷൻ ആണ് അമ്മയുടെ എന്ന്…. ”

“അത് കേട്ട് അമ്മ പേടിച്ചിരിക്കുവാ.. അമ്മക്ക് പശ്ചാത്താപം തോന്നിയിരിക്കുവാ നിന്നോട്… നിന്നോട് എന്തെല്ലാം ചെയ്തോ അതിന് പശ്ചാത്താപം ചെയ്യുവാണ് അമ്മ… അത് കൊണ്ടാണ് അമ്മ ഇതെല്ലാം ചെയ്യുന്നത്”

” എനിക്കും വലിയ വിഷമം ഉണ്ട്…. പിന്നെ ഒരു കാര്യം അമ്മ പറഞ്ഞു അമ്മയുടെ ഈ ആരോഗ്യാവസ്ഥ നിന്നോട് ഒരിക്കലും പറയല്ലേ എന്ന് ഇനിയുള്ള കാലം സന്തോഷമായിട്ട് കഴിയണം എന്നാ അമ്മയുടെ ആഗ്രഹം… നീ ഒരിക്കലും ഇതറിഞ്ഞതായിട്ട് ഭാവിക്കരുത്… ”

ഭാര്യയുടെ മുഖം ശോകമൂകമായി…

പിറ്റേ ദിവസം രാവിലെ ചേട്ടാ എന്ന വിളി… ഉണർന്നപ്പോൾ കാണുന്നത് ചായയുമായി നിൽക്കുന്ന ഭാര്യയെ ആണ്…

“എടീ അമ്മ.. ” “അമ്മ എഴുന്നേൽക്കുന്നതിനു മുന്നേ ഞാൻ പാൽ തിളപ്പിച്ചു.. അമ്മക്ക് ഇന്ന് ചായക്ക്‌ പകരം പാൽ ആണ് കൊടുത്തത്… ”

അന്നത്തെ പണി ഒന്നും അമ്മയെക്കൊണ്ട് ചെയ്യിക്കാതെ തന്റെ ഭാര്യ തന്നെ എല്ലാം ചെയ്തു… കൂടാതെ അമ്മയോട് നല്ല ആദരവോടെയാണ് ഇടപെഴകിയതും…

രാത്രിയായപ്പോൾ അമ്മ എന്നെ മാറ്റി നിർത്തി ചോദിച്ചു… “എടാ അവൾ ഇന്ന് എന്നെക്കൊണ്ട് ഒരു പണിയും ചെയ്യിച്ചില്ലെടാ.. പിന്നെ നല്ല സ്നേഹത്തോടെയാണെടാ ഇന്നവൾ സംസാരിച്ചത്… ”

“ഞാൻ ഈ പറയുന്ന കാര്യം ഒരിക്കലും അമ്മ അവളോട്‌ ചോദിക്കരുത്… വാക്ക് താ അമ്മ ”

“വാക്ക്… ”

“അതേ… കഴിഞ്ഞ ദിവസം അവളുടെ പ്രഷറും ഷുഗറും ചെക്ക് ചെയ്തായിരുന്നു.. എല്ലാം വളരെ കൂടുതൽ ആണ്.. കൂട്ടത്തിൽ ബ്ല- ഡ്‌ ചെക്ക് ചെയ്തായിരുന്നു… അതിന്റെ റിസൾട്ട് ഇന്നലെ കിട്ടിയാരുന്നു… ഡോക്ടർ പറഞ്ഞത് ബ്ലെ- ഡിൽ എല്ലാത്തിന്റെയും അളവ് വളരെ കൂടുതൽ ആണെന്നാ … ഹാർട്ട് അറ്റാക്ക് വരെ വരാൻ സാധ്യതയുണ്ട്….. അതുകൊണ്ട് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. ദേഹം അനങ്ങികൊണ്ടിരിക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു ”

“അവൾ ഒരു കാര്യം എന്നോട് പ്രത്യേകം പറഞ്ഞു ഈ കാര്യം അമ്മയോട് ഒരിക്കലും പറയരുതേ എന്ന്… ”

“അമ്മ ഒരിക്കലും ഇത് അറിഞ്ഞതായി ഭാവിക്കരുത്… ”

“അങ്ങനെ എല്ലാ പണികളും ഭാര്യ തന്നെ ചെയ്യുകയും അമ്മ കഴിയാവുന്നതൊക്കെ അവളെ സഹായിക്കുകയും വളരെ സ്നേഹത്തോടെ രണ്ടുപേരും ഇടപെഴകാനും തുടങ്ങി… അങ്ങനെ സന്തോഷകരായി എന്റെ നാല് അവധി ദിനങ്ങളും കഴിഞ്ഞു പോയി. ഒരു ഒ ച്ചയും ബഹളവും ഇല്ലാതെ.. വളരെ സ്നേഹത്തോടെ.. ”

അങ്ങനെ പുതിയ ഒരു ജീവിതത്തിനു തുടക്കം കുറിച്ചുകൊണ്ട് മനസ്സിൽ നൊ- മ്പരം ഇല്ലാതെ ആദ്യമായിട്ടാണ് ഞാൻ ഓഫീസിലേക്ക് ചെന്നത്…

ചെന്നതും അംബുജത്തിന്റെ കമന്റ്

“എന്താ സാറേ സാറിന്റെ മുഖത്ത് ഒരു പതിവില്ലാത്ത മ്ലാനത… വീട്ടിൽ വല്ല പ്രശ്നവും ഉണ്ടോ… ”

“ങേ…….. ” പുഞ്ചിരി വിടർന്ന തന്റെ മനസ്സ് എവിടേക്കോ പറന്നു പോയി…… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ഗിരീഷ് കാവാലം

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters