കാത്തിരിക്കും എന്റെ ജീവിതത്തിലേക്ക് എന്റെ മാത്രമായി നീ വരുന്ന നാളുകൾക്കായി…

രചന: ആൻവി

വർഷങ്ങൾക് ശേഷം ഈ കോളേജിന്റെ പടികൾ കയറുമ്പോൾ കാലുകൾ ഇടറി… ഹരിഏട്ടന്റെ കൈകൾ പിടിച്ചു ഞാൻ ഓരോ ചുവടും വെക്കുമ്പോൾ ആ പടികൾക്ക് പോലും പറയാൻ ഉണ്ടായിരുന്നു ഒരുപാട് കഥകൾ എന്ന് എനിക്ക് തോന്നി…. “അമ്മേ എന്നേ എടുക്ക്…” നാലു വയസ്സുകാരൻ ഉണ്ണിക്കുട്ടൻ എന്റെ മുന്നിലേക്ക് കയറി നിന്നു കൊണ്ട് പറഞ്ഞപ്പോൾ ഹരിഏട്ടൻ അവനെ വാരി എടുത്തു… ഞാൻ അത് ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ട് നടന്നു…

കോളേജ് വരാന്തയിലൂടെ നടന്നപ്പോൾ ഹൃദ- യമിഡിപ്പും ശ്വാസ ഗതിയും ഒരുപോലെ വർധിച്ചു….. നീണ്ടു കിടന്ന വരാന്തക്ക് അവസാനം പരന്നു കിടക്കുന്ന ഗ്രൗണ്ട് കണ്ടപ്പോൾ… മനസ്സിന്റെ ഒരു കോണിൽ ഞാൻ സൂക്ഷിച്ചു വെച്ച എന്റെ പ്രണയത്തെ ഞാൻ ഓർക്കുന്നു.. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ..ഹരിഏട്ടൻ ചോദിച്ചു… നിനക്ക് എങ്ങോട്ട് എങ്കിലും പോകാൻ ആഗ്രഹമുണ്ടോ എന്ന്…… ഉണ്ടെന്ന് പറഞ്ഞപ്പോൾ ഹരിയെട്ടൻ.പോകേണ്ട സ്ഥലങ്ങളുടെ. ഒരു നീണ്ട ലിസ്റ്റ് തന്നെ എനിക്ക് നേരെ നീട്ടി.

ഞാൻ ഒരു ചെറു ചിരിയാലെ പറഞ്ഞു.. “ഏട്ടാ എനിക്ക് എന്റെ കോളേജ് ഒന്ന് കാണണം” എന്ന്.. അങ്ങനെ വന്നതാണ് അഞ്ചു വർഷത്തിന് ശേഷം ഇവിടെ… അവസാനമായി പഠിച്ച ക്ലാസ് റൂമിൽ കേറി ഓരോ ബെഞ്ചിലും മാറി മാറി ഇരുന്നു നോക്കി… കോളേജ് ഗ്രൗണ്ടിന്റെ സൈഡിലെ മാവിന്റെ അടുത്ത് എത്തിയപ്പോൾ.. ഒരു തണുത്ത കാറ്റ് എന്നേ തഴുകി വന്നപോൽ.. ആ മുത്തശ്ശി മാവിനെ നോവിച്ചു കൊണ്ട് അന്ന് എഴുതിയിട്ട എന്റെ പ്രണയത്തെ കണ്ടപ്പോൾ ഉള്ളോന്ന് പിടഞ്ഞു…

അമൃത ❤ ജെറിൻ.. എന്നായിരുന്നു അത്…അവന്റെ ഓരോ വട്ടുകൾ ആയിരുന്നു അതെല്ലാം… കണ്ണുകൾ അമർത്തി തുടച് ഞാൻ ആ മാവിൻ ചുവട്ടിൽ ഇരുന്നപ്പോൾ…ഗ്രൗണ്ടിൽ ഉണ്ണികുട്ടനെ കളിപ്പിച്ചു കൊണ്ടിരിക്കകയാണ് എന്റെ ഹരി ഏട്ടൻ.. മുത്തശ്ശി മാവിന്റെ തലോടൽ ഏറ്റു ഇരിക്കുമ്പോൾ…ഓർക്കാൻ മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച ആ ഫുട്ബോൾ പ്രാന്തനെ ഓർത്ത് ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു പക്ഷേ അധിക നേരം വേണ്ടി വന്നില്ല അതൊരു നഷ്ടത്തിന്റെ തേങ്ങൽ ആവാൻ… ഓർമ്മകൾ പുറകിലേക്ക് അധിവേഗം സഞ്ചരിച്ചു.. ഒരു വെള്ളിയാഴ്ചയായിരുന്നു ഞാൻ അവനെ ആദ്യമായി കണ്ടത്…അന്നായിരുന്നു എന്റെ പ്രണയവും മുള പൊട്ടിയത്… അന്ന് ഉച്ചക്ക് ശേഷം ലാസ്റ്റ് രണ്ട് പീരിയഡ് ക്ലാസ് എടുക്കുന്ന ഷിയാസ് സർ ലീവ് ആയിരുന്നത് കൊണ്ട് ഞങ്ങളെ നേരത്തെ വിട്ടു… ഇവിടെ കറങ്ങി തിരിഞ്ഞു നടക്കരുത് എല്ലാവരും വീട്ടിൽ പൊക്കോണം…എന്നും പറഞ്ഞു ആയിരുന്നു മിസ്സ്‌ ക്ലാസ്സ്‌ അവസാനിപ്പിച്ചത്.. പണ്ടേ അനുസരണ ഉള്ള കൂട്ടത്തിൽ ആയത് കൊണ്ട്.. ഞാൻ എന്റെ ചങ്ക് അനുനേയും കൂട്ടി കോളേജ് മൊത്തം കറങ്ങി നടന്നു…ഒടുവിൽ ഞങ്ങൾ എത്തിയത്.. മുത്തശ്ശി മാവ് പടർന്നു പന്തലിച്ചു നിൽക്കുന്ന ആ ഗ്രൗണ്ടിലേക്ക് ആയിരുന്നു…

ഗ്രൗണ്ടിൽ കുറച്ചു പേർ പന്തിന് പിറകെ ഓടുന്നുണ്ട്…. ഞാൻ അവരെ എല്ലാം വായ നോക്കി നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത്.. ഒരു കാല് കൊണ്ട് തൊടുത്ത്‌ വിട്ട ആ യമണ്ടൻ പന്ത് കറക്റ്റ് ആയി വന്ന് എന്റെ തലക് തന്നെ കൊണ്ട്.. “അയ്യോ… ” വേദന കൊണ്ട് ഞങ്ങൾ അലറി.. ആകെ മൊത്തം ഒരു മൂളൽ.. “അമ്മു എന്തേലും പറ്റിയോടി…” അനു ആണ്… ഞാൻ വേദന കൊണ്ട് കര- ഞ്ഞു… ഗ്രൗണ്ടിലേക്ക് നോക്കിയപ്പോൾ എല്ലാവരും കൂടി ഒരുത്തനെ ഇട്ട് വഴക് പറഞ്ഞു… അവൻ തലയിൽ കൈവെച്ചു എന്നേ നോക്കി നിൽക്കുന്നുണ്ട്… പിന്നെ എന്റെ അടുത്തേക് വന്നു…

“സോറി കുട്ടി അറിയാതെ പറ്റിയഥാ… ഇത് ഇഷ്യൂ ആക്കരുത്…” അവൻ എന്നോട് പറഞ്ഞു.. ഞാൻ അപ്പോഴും തല ഉഴിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ട് അവൻ എന്റെ തലയിൽ കൈവെച്ചു ഉഴിഞ്ഞു…..അത് വരെ ഞാൻ മുറുക്കി പിടിച്ചിരുന്ന അനുവിന്റെ കൈകൾ ഞാൻ വിട്ടു… അവനെ തന്നെ നോക്കി നിന്നു…കക്ഷിയെ എനിക്ക് അറിയാം എന്റെ സീനിയർ ആണ്..പിന്നേ കോളേജിലേ അറിയ പെടുന്ന ഫുട്ബോൾ പ്ലയെറും… അവൻ എൻറെ കൈപിടിച്ച് മുത്തശ്ശി മാവിന്റെ ചുവട്ടിൽ ഇരുത്തി… മുഖം തുടക്കാൻ കർചീഫും കുടിക്കാൻ വെള്ളവും തന്നു… മണ്ണിൽ പൊതിഞ്ഞ പന്ത് ആയത് കൊണ്ട് അത് വന്ന കൊണ്ടപ്പോൾ തലയിൽ ആയ പൊടി അവൻ തട്ടി തന്നപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യേക ഫീൽ ആയിരുന്നു…

അന്ന് രാത്രി മുഴുവൻ എന്റെ ഉറക്കത്തെ കവർന്നെടുത്ത് കൊണ്ട് അവൻ എന്റെ സ്വപ്‌നങ്ങളിലേക്ക് കടന്ന് വന്നു… ഉറക്കം നഷ്ട പെട്ടപ്പോൾ എഴുന്നേറ്റു അവൻ തന്ന കർചീഫ് എടുത്തു അതും നോക്കി ഇരുന്നു നേരം വെളുപ്പിച്ചു…പിറ്റേന്ന് കോളേജിൽ ഞാൻ അവനെ തിരിഞ്ഞു നടന്നു….അവന്റെ പേര് ജെറിൻ കുരിശിങ്കൽ എല്ലാവരുടെയും പ്രിയപ്പെട്ട ജെകെ… ഫുട്ബോളിനെയും വായനയേം ഒരുപോലെ പ്രണയിക്കുന്നവൻ…

അവനെ കുറിച്ച് കിട്ടുന്ന അറിവുകൾ എന്റെ പ്രണയം കൂടുതൽ ശക്തമാക്കി… പിന്നീട് ഞാൻ അവനെ കണ്ടെങ്കിലും എന്നേ ഒന്ന് നോക്കുക പോലും ചെയ്തില്ല… എന്നാൽ അങ്ങോട്ട് പോയി മിണ്ടാൻ എന്തോ ഒരു ചടപ്പ്…എന്നാലും ഒരു നിഴൽ പോലെ ഞാൻ അവന്റെ കൂടെ ഉണ്ടായിരുന്നു…നിശബ്ദമായി ഞാൻ അവനെ പ്രണയിച്ചു കൊണ്ടിരുന്നു…അവനെ ചുറ്റി പറ്റി ആയിരുന്നു എന്റെ ലോകം.. ഇടക്ക് എങ്കിലും അവനിൽ നിന്ന് വീണു കിട്ടുന്ന ഒരു ചിരി അത് മതിയായിരുന്നു ഒരു ദിവസം സന്തോഷിക്കാൻ.. കോളേജിൽ പോയിട്ട് ഇന്നേ വരെ ലൈബ്രറി കണ്ടിട്ട് ഇല്ലാത്ത ഞാൻ അവനെ കാണാൻ വേണ്ടി മാത്രം ലൈബ്രറിയിൽ കയറാൻ തുടങ്ങി… അവൻ പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ.. എന്റെ കണ്ണുകൾ അവന്റെ കണ്ണുകളെ നോക്കിയിരിക്കും…വായനയിൽ അവന്റെ മുഖത്തു വിടരുന്ന ചിരി..

കണ്ണുകളിൽ കാണുന്ന വിസ്മയം എല്ലാം ഞാൻ നോക്കി ഇരിക്കും… എന്റെ പ്രണയം അവനോട് പറയാൻ വെമ്പൽ കൊണ്ടു. പറഞ്ഞില്ലേൽ ഞാൻ ചങ്ക് പൊട്ടി ചാവും എന്ന് എനിക്ക് തോന്നി പോയി.. അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരാന്തയിലൂടെ നടക്കുമ്പോൾ ആണ്…. നെടു നീളൻ വരാന്തയിലൂടെ ഗ്രൗണ്ടിലേക്ക് നടന്നു നീങ്ങുന്ന അവനെ പിന്തുടർന്ന് ഞാൻ പോയി…കുറച്ചു നടന്നു നീങ്ങിയപ്പോഴേക്കും അവനെ കണ്ടില്ല…ഇതിപ്പോ എവിടെ പോയി എന്നും വിചാരിച്ചു ചുറ്റും നോക്കിയപ്പോൾ.കണ്ടത് ..പുറകിൽ ചുമരിൽ ചാരി നിന്ന് എന്നേ തന്നെ വീക്ഷണം നടത്തുന്നാ ജെറിനെ ആണ്….

“എന്താ…” അവൻ ഗൗരവം വിടാതെ പറഞ്ഞു… “ഒന്നുല…” ഞാൻ തോൾ പൊക്കി പറഞ്ഞു.. അത് കേട്ടതും അവൻ എന്റെ അടുത്തേക് വന്നു..” അങ്ങനെ ഒന്നുല എന്ന് പറയണ്ട.. കുറച്ചു നാളായി എന്റെ പിന്നാലെ നി നടക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നു..എന്ത നിനക്ക് വേണ്ടത്..” എന്നവൻ ചോദിച്ചപ്പോൾ..ഞാനൊന്ന് പേടിച്ചു… പിന്നേ ഉള്ള ധൈര്യം വെച്ച് ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു… “എനിക്ക് വേണ്ടത് ഈ ഹൃ- ദയത്തിൽ ഒരിടമാണ് തരാൻ കഴിയുമോ…” പറഞ്ഞു തീർന്നില്ല അവനെ മാറ്റി നിർത്തി കൊണ്ട് ഞാൻ കണ്ടം വഴിയോടി…

ബാഗും തോളിൽ ഇട്ട് ഓടുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…. അപ്പോഴത എന്നേ നോക്കി നിൽക്കുകയാണ് അവൻ … അവൻ ദൂരെ നിൽക്കുകയാണെന്ന് ഉള്ളത് എന്റെ ധൈര്യം കൂട്ടി.. ഒരിക്കൽ കൂടി ആ കോളേജിലേ ഓരോ ക്ലാസ് മുറികളും കേൾക്കാൻ പാകത്തിൽ വിളിച്ചു പറഞ്ഞു… “ഡോ… എനിക്ക് തന്നെ നല്ല ഇഷ്ടാടോ…” ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ ഓടി പോന്നു.. വല്ല്യേ ധൈര്യത്തിൽ അപ്പൊ അങ്ങനെ വിളിച്ചു പറഞ്ഞെങ്കിലും പിറ്റേന്ന് എനിക്ക് കോളേജിൽ പോകാൻ എന്തോ പേടിയായിരുന്നു…  ഞാൻ എന്ത് കണ്ടിട്ട അങ്ങനെ അവനോട് പറഞ്ഞത്…വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി…

അന്ന് കോളേജിൽ ചെന്നപ്പോൾ എന്നേ കാത്തു അവൻ നിൽക്കുന്നുണ്ടായിരുന്നു… ദൂരെ നിന്നും അവനെ കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി… എന്നോട് എന്തോ പറയാൻ വന്നതും ഞാൻ ഒഴിഞ്ഞു മാറി ഓടി പോയി.. വേറെ ഒന്നും കൊണ്ടല്ല.. ഇഷ്ടമല്ല…എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് എന്നൊന്നും കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്… അന്ന് സാധാരണ ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു ലൈബ്രറിയിൽ പോകറുള്ളത് പോലെ ഞാൻ പോകാൻ നിന്നതും പിന്നെ അവനെ കണ്ടാലോ എന്ന് കരുതി പോകാൻ നിന്നില്ല… ക്ലാസ്സ്‌ കഴിയുന്നത് വരെ പുറത്തേക് പോകാതെ കഴിച്ചു കൂട്ടി…വൈകീട്ട് വീട്ടിൽ പോകാൻ ടൈം ആയപ്പോൾ ബാഗും എടുത്തു പുറത്തേക് പോകാൻ നിന്നപ്പോൾ ആരോ ക്ലാസ്സിലേക്ക് ഇടിച്ചു കേറി വന്നു…

ജെറിൻ ആയിരുന്നു അത്…ക്ലാസ്സിൽ ആണേൽ ഞാൻ മാത്രമേ ഒള്ളൂ.. അവൻ എന്നേ ഒന്ന് രൂക്ഷമായി നോക്കി.. ഞാൻ തല താഴ്ത്തി നിന്നു… “വേണ്ടേ നിനക്ക്…” അവൻ എന്നോട് ചോദിച്ചു… “എ…എന്ത്..” “എന്റെ ഹൃദയത്തിൽ ഒരിടം…” എന്റെ ചെവിക്ക് അരികിൽ വന്നു കൊണ്ട് അവൻ ചോദിച്ചു… ഞാൻ അത്ഭുതത്തോടെ അവനെ നോക്കി.. “എന്താടി വേണ്ടേ…” ഒരു ചിരിയോടെ അവൻ വീണ്ടും ചോദിച്ചതും… എനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു.. “വേണം.. എനിക്ക് വേണം…” എന്ന് ഞാൻ പറഞ്ഞതും അവൻ എന്റെ കൈകളിൽ മുറുകെ പിടിച്ചു…

അതായിരിന്നു ഞങളുടെ നൂറ്റോന്ന് ശതമാനം ആത്മാർത്ഥമായ പ്രണയത്തിന്റെ തുടക്കം.. പിന്നീട് ഉള്ള ദിവസങ്ങൾ ഞാങ്ങളുടെ പ്രണയത്തിന്റെ സാക്ഷിയായിരുന്നു.. പ്രണയത്തിന് മതമോ ജാതിയോ.. അതിഥിയോ അപരിചിതനോ എന്നില്ലല്ലോ.. എല്ലാവരുടെയും ജെകെ ആയ അവൻ എന്റെ മാത്രം ജെറിയും ഞാൻ അവന്റെ മാത്രം അമ്മൂട്ടീയും ആയിരുന്നു… ഒഴിഞ്ഞ ക്ലാസ് മുറികളും വരാന്തയും ഞങളുടെ പ്രണയത്തിന് വഴിയൊരുക്കി… ഉച്ചക്ക് ഉള്ള ബ്രേക്ക്‌ ടൈമിൽ ക്യാന്റീനിൽ ഇരുന്നു ഞാൻ വാരി തരുന്ന ഭക്ഷണം അവൻ കൊതിയോടെ കഴിക്കുന്നത് ഞാൻ ചെറു ചിരിയാലേ നോക്കി ഇരിക്കും… അവന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങളും എനിക്ക് മറക്കാൻ കഴിയാത്തതാണ്.. ഒഴിവ് സമയങ്ങളിൽ മുത്തശ്ശി മാവിന്റെ ചുവട്ടിൽ ചുവട്ടിൽ എന്റെ മടിയിൽ തല വെച്ച് കിടക്കുമായിരുന്നു അവൻ…

അങ്ങനെ കിടന്നു കൊണ്ട് അവൻ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ കണ്ടത് പ്രണയത്തിന്റെ മറ്റൊരു ലോകം ആയിരുന്നു… ആരും കാണാതെ അവന്റെ വിരി മാറിലേക്ക് തല ചായ്ക്കുമ്പോൾ എന്റെ അച്ഛനിൽ നിന്ന് കിട്ടിയുന്ന സംരക്ഷണവും സുരക്ഷയും ആയിരുന്നു… ഗ്രൗണ്ടിൽ അവൻ പന്തിന് പിറകെ കുതിക്കുമ്പോൾ…കാണികൾക്ക് ഇടയിൽ മുന്നിൽ തന്നെ ഞാൻ വേണം എന്ന് അവന്റെ നിർബന്ധം ആയിരുന്നു. എന്നിൽ നിന്ന് ഒരു ചുംബനം പോലും അവൻ ചോദിച്ചിരുന്നില്ല…അനാവശ്യ മായ സംസാരമോ സ്പർശനമോ ഉണ്ടായിട്ടില്ല… മര ചുവട്ടിൽ ഇരിക്കുമ്പോൾ അവൻ എന്നോട് ചേർന്ന് ഇരിക്കും…ഞാനും അങ്ങനെ ചേർന്ന് ഇരിക്കാൻ കൊതിക്കുന്നതു കൊണ്ടോ അറിയില്ല.. അനങ്ങാതെ ഇരുന്നു.. അവന്റെ ചുടു നിശ്വാസം എന്നിലേക്കു അടുത്തു…പക്ഷേ എന്തോ ഓർത്ത പോലെ അവൻ പിന്തിരിയും.. “നീ എന്റേത് മാത്രമാകുന്ന കാലം വരെ നമുക്ക് കാത്തിരിക്കാം ഒരു ചുംബനം കൊണ്ട് പോലും നിന്നെ ഞാൻ കളങ്കപെടുത്തില്ല..” എന്നവൻ പറയുമ്പോഴും അവന്റെ നിഷ്കളങ്കമായ പ്രണയം എന്നിലേക്കു പകർത്തുകായായിരുന്നു…

“കാത്തിരിക്കും എന്റെ ജീവിതത്തിലേക്ക് എന്റെ മാത്രമായി നീ വരുന്ന നാളുകൾക്കായി..അന്ന് നിന്നോട് ചേർന്ന് ഇരുന്നു നിന്നിലെ മധുരം നുണയണം…തുലവർഷ രാത്രികളിൽ നിന്റെ മാറോടു ചേർന്ന് എനിക്ക് ഉറങ്ങണം അമ്മു…” എന്റെ കണ്ണുകളിലേക്ക് നോക്കി അവൻ പറയുമ്പോൾ ഞാൻ ഒരു സ്വപ്‌ന ലോകത്ത് എന്നാ പോലെ കേട്ടിരിക്കും… ഞാൻ ആസ്വദിക്കുകയായിരുന്നു അവനോട് ഒപ്പമുള്ള ഓരോ നിമിഷവും… പക്ഷേ ഞങ്ങളുടെ സ്വപങ്ങൾക് വിലങ്ങു വെച്ചു കൊണ്ട് അച്ഛൻ എന്റെ കല്യാണ കാര്യം എടുത്തിട്ടത്… അന്ന് എന്നിൽ ജെറി മാത്രം നിറഞ്ഞു നിന്നത് കൊണ്ടാവാം…അവനെ മറന്നു മറ്റൊരു കല്യാണം എന്റെ മരണത്തിന് തുല്യം ആണെന്ന് കരുതി…അവന്റെ കൂടെ കൂടെ ഇറങ്ങി പോകാൻ തീരുമാനിച്ചു…എന്റെ വിളിക്ക് കാത്തു നിന്നപോലെ അവൻ വന്നു… പക്ഷേ ദുരഭിമാനിയായ അച്ഛന്റെ അഭിമാനവും വിഷമവും എന്നേ അവിടെ പിടിച്ചു നിർത്തിയപ്പോൾ.. എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞു..

“ഈ തീരുമാനം നല്ലതാണ്…ഞാൻ ഒരിക്കലും നിന്നെ വെറുക്കില്ല… നമ്മൾ പ്രണയിച്ചത് ആത്മാർത്ഥ മായിട്ടാണ്…പിരിയാൻ ആകും നമ്മുടെ വിധി….സാരമില്ല എന്നേക്കാൾ നീ നോക്കേണ്ടത് നിന്റെ മാതാപിതാക്കളെ ആണ്….” നിറകണ്ണാലെ അവൻ അത് പറഞ്ഞു നിർത്തുമ്പോൾ അവന്റെ മാറിൽ വീണു പൊട്ടികരയാനെ എനിക്ക് കഴിഞ്ഞൊള്ളൂ…

“ഒരിക്കലും ഉപേക്ഷിച്ചു പോകുക അല്ല…. എന്റെ പ്രണയം ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും.. എന്റെ ഓരോ ഹൃദയമിഡിപ്പും നമ്മുടെ പ്രണയത്തിന്റെ നല്ലകാലം ഉണർത്തും…പ്രണയത്തിന്റെ പേരിൽ എന്റെ അമ്മു കരയരുത്…” അത്രയും പറഞ്ഞു എന്റെ വീടിന്റെ പടി ഇറങ്ങി പോയ ജെറിയെ കരഞ്ഞു കൊണ്ട് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞൊള്ളൂ… ഉണ്ണിക്കുട്ടന്റെ കരച്ചിൽ ആണ് എന്നേ ഓർമകളിൽ നിന്ന് ഉണർത്തിയത്…

“പോകാം…” ഹരി ഏട്ടൻ എന്നേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ തലയാട്ടി.. ഓരോ ചുവട് വെക്കുമ്പോഴും ഞാൻ എന്റെ ഏട്ടനെ നോക്കി കാണുകയായിരുന്നു.. കല്യാണം കഴിഞ്ഞ അന്ന് തന്നെ എന്റെ ഉള്ളിലെ വിരഹം ഹരിയേട്ടനോട്‌ പറയുമ്പോൾ…എന്നേ ചേർത്ത് പിടിച്ചു ആശ്വാസം പകർന്നു തന്നു ആ മനുഷ്യൻ… പുതിയ ജീവിതവുമായി പൊരുത്തപെടാൻ എനിക്ക് സമയം തന്നു… ഇന്നേ വരെ ഒന്നിന്റെ പേരിലും എന്നേ വേദ- നിപ്പിച്ചിട്ടില്ല…എന്നേ സ്നേഹം കൊണ്ട് മൂടിയിട്ടെ ഒള്ളൂ… ഇന്ന് ഈ കോളേജിലേക്ക് ഉള്ള വരവ് പഴയ ഓർമ്മകളെ തേടിയാണെന്ന് എന്റെ ഹരിയെട്ടന് നന്നായിട്ട് അറിയാം…. എന്നേ നന്നായി മനസിലാക്കിയിരുന്നു അദ്ദേഹം… ഹരിയേട്ടന്റെ കൈകൾ പിടിച്ചു കൊണ്ട് ആ നീളൻ വരാന്ത തിരിച്ചു നടക്കുമ്പോൾ എന്റെ കൈ ആ ചുമരുകളെ ഉരസി പോയ്‌ കൊണ്ടിരുന്നു…

അപ്പോഴാണ് എന്റെ കൈകൾ നിശ്ചലമായത് രണ്ട് അടി പുറകിലേക്ക് വെച്ച് ഞാൻ ആ ചുമരിൽ നോക്കി… ‘ഉറങ്ങാൻ കിടക്കുന്ന രാത്രിയുടെ യാമങ്ങളിൽ ഒരു മധുരമുള്ള ഓർമയായി.. നീ ഇപ്പോഴും എന്റെ സ്വപ്‌നങ്ങളിൽ വരാറുണ്ട് അമ്മൂട്ടീ…’ ചുമരിൽ കോറിയിട്ട വാക്കുകൾ കണ്ടപ്പോൾ സന്തോഷമോ സങ്കടമോ തോന്നിയത് എന്നറിയില്ല…എന്റെ വിരലുകൾ ഓരോ അക്ഷരങ്ങളെയും തഴുകി.. അതിന് താഴെ ജെറി എന്നും രണ്ടാഴ്ച മുന്നേ ഉള്ളെ ഡേറ്റ് കണ്ടതും, കണ്ണ് നിറഞ്ഞു പോയി.. അവൻ ഇപ്പോഴും എന്നേ ഓർക്കുന്നുണ്ട്… കോളേജിൽ നിന്ന് ഞങ്ങൾ വീട്ടിലേക് തിരിക്കുമ്പോൾ.ഞാൻ ആലോചിച്ചു ജെറി പറഞ്ഞത് ശെരിയാണ്…

“ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം നമ്മുടെ ഓരോ ഹൃദയമിടിപ്പുകളും നമ്മളെ ഓർമിപ്പിച്ചു കൊണ്ടിരിക്കും…” കാരണം ഞാൻ ഒരിക്കലും മറക്കാൻ ആഗ്രഹിക്കുന്നില്ല..അത്രക് ഇഷ്ടായിരുന്നു എനിക്ക് അവനെ… ഒന്നിക്കാൻ കഴിഞ്ഞില്ലേലും.. മനസിന്റെ ഒരു കോണിൽ എന്നും ഉണ്ടാവും എന്റെ പ്രണയവും ആ പ്രണയകാലവും… (ശുഭം)

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് 2 വരി എനിക്കായി കുറിക്കണേ… സ്നേഹപൂർവ്വം ആൻവി…

Related Posts

Leave a Reply

Your email address will not be published.

Hosted By Wordpress Clusters