എനിക്കെൻ്റെ ഭർത്താവിനോട്, ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ നിമിഷമായിരുന്നു അത്.

രചന: സജി തൈപ്പറമ്പ്

ഏട്ടൻ നൈറ്റ് ഡ്യൂട്ടിക്ക് പോയത് കൊണ്ടാണ്, നേരത്തെ കിടക്കാമെന്ന് കരുതി ടിവി ഓഫ് ചെയ്തിട്ട് മോളെയും കൂട്ടി ഞാൻ മുറിയിലേക്ക് വന്നത്.

ലൈറ്റണച്ച് കിടന്നയുടനെ മോളുറക്കമായി, എന്നിട്ടും മുൻവാതിൽ ഭദ്രമായി അടച്ചിരുന്നോ ? ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്താരുന്നോ? നാളെ രാവിലത്തേക്കുള്ള കടല വെള്ളത്തിലിട്ടായിരുന്നോ? എന്നൊക്കെയുള്ള നൂറ് കൂട്ടം സംശയങ്ങൾ തികട്ടി വന്നത് കൊണ്ട് എൻ്റെയുറക്കം പിന്നെയും നീണ്ടു.

അപ്പോഴാണ്, ഹാളിലിരിക്കുന്ന ലാൻറ് ഫോൺ ,റിങ്ങ് ചെയ്യുന്നത് കേട്ടത്.

ആരാണാവോ, ഈ രാത്രിയിലെന്ന ഉത്ക്കണ്ഠയോടെ, എഴുന്നേറ്റ് ലൈറ്റിട്ട് കതക് തുറന്ന് ഹാളിലെത്തി.

ഹലോ ആരാ ?

ഇത് സുരേഷിൻ്റെ വീടല്ലേ?

അതേ ഇതാരാ വിളിക്കുന്നത്?

ഞാൻ സുരേഷിൻ്റെ ഫ്രണ്ട് ജോയിയാണ് ,സുരേഷവിടെയില്ലേ?

ങ്ഹാ, ഇത് ചിത്തിരപുരത്തെ ജോയിഏട്ടനല്ലേ? എനിക്കറിയാം, സുരേഷേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അദ്ദേഹം ഡ്യൂട്ടിക്ക് പോയിരിക്കുവാ, ഇനി രാവിലെയേ വരൂ ,മൊബൈൽ നമ്പർ തരാം

അയ്യോ വേണ്ട, അതെൻ്റെ കയ്യിലുണ്ട്, ഞാൻ വിളിച്ചിട്ട് ഔട്ട് ഓഫ് റേഞ്ചാണ്, അത് കൊണ്ടാണ്, ലാൻറ് നമ്പരിലേക്ക് വിളിച്ചത് ,ഞാനിവിടെ സെക്രട്ടറിയേറ്റിലൊരു സർട്ടിഫിക്കറ്റിൻ്റെ കാര്യത്തിന് വന്നതാണ്, കഴിഞ്ഞയാഴ്ച വിളിച്ചപ്പോൾ ഞാനവനോട് പറഞ്ഞിരുന്നു ,അപ്പോൾ രാത്രിയാണ് വരുന്നതെങ്കിൽ നിങ്ങളുടെ വീട്ടിൽ തങ്ങാമെന്ന് അവനന്ന് പറഞ്ഞെങ്കിലും, നിങ്ങൾക്ക് ബുദ്ധിമുട്ടാകേണ്ടെന്ന് കരുതി, ഞാനത് നിരസിച്ചിരുന്നു, ഇവിടെ ബസ് സ്റ്റാൻ്റിനടുത്തുള്ള ഏതെങ്കിലും ലോഡ്ജിൽ മുറിയെടുക്കാമെന്ന് കരുതിയാണ്, അന്നങ്ങനെ പറഞ്ഞത് ,പക്ഷേ ഇവിടെ വന്ന് പല ലോഡ്ജുകളിലും അന്വേഷിച്ചെങ്കിലും ,ഒരിടത്തും മുറിയില്ല ,അതാ ഞാൻ സുരേഷിനെ വിളിച്ചത് ,സാരമില്ല തത്ക്കാലം ബസ് സ്റ്റാൻ്റിൽ തന്നെ രാത്രി കഴിച്ച് കൂട്ടാം, നാളെ സുരേഷ് വരുമ്പോൾ, ഞാൻ വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി ,ങ്ഹാ പിന്നെ, എൻ്റെ നമ്പർ മാറിയിട്ടുണ്ട്, ഞാൻ പറയുന്ന നമ്പരൊന്ന് നോട്ട് ചെയ്തിട്ട് അവൻ വരുമ്പോൾ കൊടുത്താൽ മതി,

അയാൾ പറഞ്ഞ നമ്പര് പേപ്പറിൽ എഴുതി വച്ചിട്ട് ,ഞാൻ മുറിയിലേക്ക് തിരിച്ച് വന്ന് ,ലൈറ്റ് ഓഫ് ചെയ്തിട്ട് കിടന്നു.

പക്ഷേ എന്ത് കൊണ്ടോ, ജോയി ചേട്ടൻ കിടക്കാൻ മുറി കിട്ടാതെ, ബസ് സ്റ്റാൻ്റിൽ കൊതുക് കടിയും, മഞ്ഞും കൊണ്ട് ഉറക്കമിളച്ച് നേരം വെളുപ്പിക്കണമല്ലോ ,
എന്നോർത്തപ്പോൾ ,എനിക്ക് ഉറക്കം വന്നില്ല.

സുരേഷേട്ടന്, ചിത്തിരപുരത്തേക്ക് ട്രാൻസ്ഫറ് കിട്ടി പോയപ്പോൾ, ഈ ജോയി ചേട്ടനായിരുന്നു, അവിടെ താമസിക്കാനുള്ള വീടും മറ്റും സംഘടിപ്പിച്ച് കൊടുത്തത് ,അന്ന് തന്നെ ജോയിച്ചേട്ടനെക്കുറിച്ച് തന്നോട് സുരേഷേട്ടൻ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ അദ്ദേഹത്തിനൊരാവശ്യം വന്നപ്പോൾ ,പകരം സഹായിക്കാൻ സുരേഷേട്ടൻ ഇവിടില്ലാതെ പോയല്ലോ, എന്നോർത്ത് എനിക്ക് വല്ലാത്ത ദു:ഖം തോന്നി.

ഞാനുടനെ തന്നെ മൊബൈലെടുത്ത്, സുരേഷേട്ടനെ വിളിച്ചു ,രക്ഷയില്ല ,ഔട്ട് ഓഫ് റേഞ്ചാണ്, ഞാനാകെ ധർമ്മസങ്കടത്തിലായി,
ഏട്ടനോട് ചോദിക്കാതെ ഞാനെങ്ങനെയാണ്, ഒരന്യപുരുഷനെ രാത്രിയിൽ വീട്ടിലേക്ക് വിളിക്കുന്നത്? ഞാൻ വീണ്ടും ഏട്ടൻ്റെ മൊബൈലിലേക്ക് ഡ്രൈ ചെയ്ത് കൊണ്ടിരുന്നു.

ഒടുവിൽ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടപ്പോൾ, എനിക്ക് സമാധാനമായി.

ങ്ഹാ ഏട്ടാ… ചിത്തിരപുരത്തെ ജോയി ചേട്ടൻ വിളിച്ചിരുന്നു ,ഏട്ടനെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് നമ്മുടെ ലാൻറ് ഫോണിലാണ് വിളിച്ചത് ,അദേഹം തമ്പാനൂർ ബസ്സ് സ്‌റ്റാൻറിലെത്തിയിട്ടുണ്ട്, കിടക്കാൻ റൂമൊന്നും കിട്ടാത്തത് കൊണ്ട്, ഇന്ന് സ്റ്റാൻ്റിൽ തന്നെ തങ്ങാമെന്ന് പറഞ്ഞ്, ഫോൺ വച്ചു,
ഏട്ടൻ നാളെയെത്തുമ്പോൾ വിളിക്കണമെന്ന് പറഞ്ഞ്, പുതിയ മൊബൈൽ നമ്പരും തന്നു,
എന്ത് ചെയ്യും ചേട്ടാ … പാവം കൊതുക് കടിയും കൊണ്ട് ,ആ തണുപ്പത്ത് അദ്ദേഹം ഉറക്കമില്ലാതെ നേരം വെളുപ്പിക്കണ്ടേ ?ഏട്ടൻ ആരെയെങ്കിലും വിളിച്ച് ഡ്യൂട്ടി ഏല്പിച്ചിട്ട്, ജോയിച്ചേട്ടനെയും കൂട്ടി ഇങ്ങോട്ട് വരാമായിരുന്നില്ലേ?

എൻ്റെ മഞ്ജു.. ഈ പാതിരാത്രിയിൽ ആര് വരാനാ ,പോരാത്തതിന് നല്ല മഴയും, ഇവിടെ ഇഷ്ടം പോലെ കംപ്ളയിൻറുകളുമുണ്ട്,
എനിക്കിവിടുന്നിറങ്ങാൻ യാതൊരു വഴിയുമില്ല ,നീയൊരു കാര്യം ചെയ്യ്, ആ നമ്പരിൽ വിളിച്ചിട്ട് ,ഓട്ടോറിക്ഷ അയക്കാം ,ജോയിച്ചേട്ടൻ സ്റ്റാൻ്റിൻ്റെ മുന്നിലിറങ്ങി നില്ക്കണമെന്ന് പറ ,എന്നിട്ട് നമ്മുടെ സുനിയെ വിളിച്ചിട്ട് ഓട്ടോറിക്ഷയുമായി, സ്‌റ്റാൻറിൽ ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരാൻ പറയ്

അയ്യോ ഏട്ടാ.. ഞാനും മോളുമിവിടെ തനിച്ചുള്ളപ്പോൾ, എങ്ങനാ ഒരന്യപുരുഷനെ വിശ്വസിച്ച്, ഈ പാതിരാത്രിയിൽ വീട്ടിൽ കയറ്റുന്നത്?

എൻ്റെ മഞ്ജു.. അയാളെ എനിക്കറിയാം ,വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണ്, പിന്നെ ഒരു പുരുഷൻ മാത്രം വിചാരിച്ചാൽ, ഒരിടത്തും അവിഹിതം നടക്കില്ല, അതിന് സ്ത്രീയുടെ സമ്മതം കൂടി വേണം ,കൂടെ കുറച്ച് നാൾ ജോലി ചെയ്തിരുന്ന അയാളെ എനിക്ക് വിശ്വസിക്കാമെങ്കിൽ, കഴിഞ്ഞ പത്ത് വർഷമായി എൻ്റെയൊപ്പം ജീവിക്കുന്ന, നിന്നെയും എനിക്ക് വിശ്വസിക്കാം ,അത് കൊണ്ട്, സമയം കളയാതെ വേഗം അദ്ദേഹത്തെ വിളിച്ച്, വീട്ടിൽ വന്ന് കിടക്കാൻ പറയ്,

സത്യത്തിൽ, എനിക്കെൻ്റെ ഭർത്താവിനോട്, ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ നിമിഷമായിരുന്നു അത്. ദാമ്പത്യ ജീവിതത്തിൽ, പരസ്പര വിശ്വാസത്തിനുള്ള സ്ഥാനം ,എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ലൈക്ക് കമൻറ് ചെയ്യണേ…

രചന: സജി തൈപ്പറമ്പ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters