ഒരു നിഷ്കളങ്കയായ ഭാര്യ…

രചന: ഷെർബിൻ ആന്റണി

എൻ്റെ കെട്ട്യോന് ഒരേ ഒരു നിർബന്ധമേയുള്ളൂ അങ്ങേരുടെ ഫോൺ ഞാനും എൻ്റെ ഫോണ് അങ്ങേരും നോക്കരുതെന്ന്. ഞാനും ആ കരാറിൽ വക്കാൽ ഒപ്പ് വെച്ചിരുന്നു നേരേത്തേ തന്നെ.

പക്ഷേ ഞാനില്ലാത്ത സമയം നോക്കി എനിക്ക് വരുന്ന കോളൊക്കെ അങ്ങേര് ചാടിക്കേറി എടുക്കും, ഞാനതൊന്നും കണ്ടില്ലെന്നും നടിക്കും. അങ്ങേര് ഫോണും പിടിച്ചോണ്ട് ഒറ്റയ്ക്കിരുന്ന് ചിരിക്കുമ്പോഴൊക്കെ എൻ്റെ ഉള്ളിൽ സംശയ ദേവി നൃത്തമാടും. പമ്മി പമ്മി പതുക്കെ പുറകിലൂടെ ചെന്ന് നോക്കിയപ്പോ കണ്ട കാര്യം കണ്ട് ഞാൻ തന്നെ നാണിച്ച് പോയി. ഏതോ ഒരു വാട്ട്സപ്പ് ഗ്രൂപ്പില് വന്ന ജാംബവാൻ്റെ അപ്പൂപ്പൻ്റെ കാലത്ത് വന്ന കോമഡി കണ്ടിട്ടാണല്ലോ ഈ മനുഷ്യൻ ചിരിക്കുന്നതെന്ന് ഓർത്തപ്പോൾ എനിക്ക് തന്നെ നാണക്കേട് തോന്നി.

എൻ്റെ ഒരേ ഒരു ആങ്ങള മിലിട്ടറീന്ന് വരുമ്പോൾ ഞങ്ങളെ കാണാൻ വരുന്നത് കുപ്പിയൊക്കെ ആയിട്ടാണ്. എൻ്റെ കെട്ട്യോൻ കുടിക്കില്ലെങ്കിലും അളിയൻ തരുന്ന കുപ്പിയൊക്കെ വാങ്ങി അലമാരയില് വെയ്ക്കും. വിശേഷ ദിവസങ്ങളിൽ വരുന്ന വിരുന്നുകാരെ സൽക്കരിക്കാനായ്.

അങ്ങനെ ഒരു തിരുവോണത്തിൻ്റെ തലേന്നാൾ വൈകിട്ട് ഞാൻ അടുക്കളയിൽ തിരക്കിലായിരുന്നു. തേങ്ങാ ചിരണ്ടലും പച്ചക്കറി അരിയിലുമൊക്കെയായി മൂപ്പരും കൂടെ തന്നെയുണ്ട്.

വല്ലപ്പോഴുമൊക്കെ അല്പം മദ്യം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്… അങ്ങേര് എന്നെ നോക്കി പറഞ്ഞു.

അതിനെന്താ ചേട്ടായി കുടിച്ചോ… വല്ലപ്പോഴുമല്ലേ എന്ന് ഞാനും പറഞ്ഞു.

എൻ്റെ കാര്യമല്ല പറഞ്ഞത്, സ്ത്രീകളുടെ ശരീരത്തിന് രക്തയോട്ടം കൂട്ടാൻ അല്പം മദ്യം സേവിക്കുന്നത് നല്ലതാണെന്നാ പറഞ്ഞത്.

അയ്യോ… ഞാനോ…. സത്യം പറഞ്ഞാൽ എൻ്റെ മനസിൽ ലഡ്ഡു പൊട്ടിയിരുന്നു. കൂട്ടുകാരികളൊക്കെ ഇടയ്ക്ക് മദ്യപിക്കുന്ന കാര്യമൊക്കെ ഗ്രൂപ്പുകളിലൊക്കെ പറയുമ്പോൾ എനിക്കും ഒരാഗ്രഹമൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഈ മനുഷ്യൻ എന്ത് വിചാരിക്കുമെന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്.

എന്തായാലും ഇത് തന്നെ അവസരമെന്ന് ഞാനും കരുതി. അയ്യോ…. ചേട്ടാ മദ്യപിച്ചാൽ തലയെക്കെ കറങ്ങില്ലേ.ഞാൻ നിന്ന് ചിണുങ്ങി.

മൂപ്പര് കുപ്പിയെടുത്ത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചിട്ട് എൻ്റടുത്തേക്ക് നീട്ടി. അയ്യോ വേണ്ട ചേട്ടാ ആരൊങ്കിലുമൊക്കെ അറിഞ്ഞാൽ മോശമല്ലേ….

ആരറിയാനാ… നമ്മൾ രണ്ടുമല്ലേ ഇപ്പോ ഇവിടുള്ളൂ.

ഇനീം വേണ്ടന്ന് പറഞ്ഞാൽ അങ്ങേരുടെ മനസ്സ് മാറിയാലോ…വേഗം തന്നെ കുറച്ച് വെള്ളം അതിലേക്ക് ഒഴിച്ചിട്ട് മുഖം ഇഷ്ടമില്ലാത്ത രീതിയിൽ പിടിച്ചിട്ട് കണ്ണുകൾ ഇറുക്കി ഒറ്റ വലിയായിരുന്നു.

ഹൊ… ഈ കുടിയന്മാരെ സമ്മതിക്കണം. എങ്ങനെയാ ഈ സാധനം ഉള്ളിലേക്ക് ഇറക്കുന്നത്… എന്നാ കയ്പാ ഇതിന്.അങ്ങേരേ കേൾപ്പിക്കാൻ ഞാൻ ചുമ്മാ തട്ടി വിട്ടു.

കുറച്ച് കഴിഞ്ഞ് ദേ വീണ്ടും ഒഴിക്കുന്നു. ഏറ് കണ്ണിട്ട് നോക്കിയെങ്കിലും വേണ്ടന്നൊന്നും ഞാൻ പറയാൻ പോയില്ല. മെല്ലെ ഒന്നും അറിയാത്തത് പോലേ വന്നിട്ട് ഒറ്റ വലിയായിരുന്നു.

മൂപ്പര് ഇടയ്ക്കിടെ വന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ നാളത്തേക്കുള്ള പുളിയിഞ്ചി റെഡിയാക്കുന്ന തിരക്കിലും. എന്നിൽ കാര്യമായ മാറ്റമൊന്നും കാണാത്തതിൽ മൂപ്പര് വീണ്ടും ഒരര ഗ്ലാസ്സ് ഒഴിച്ചോണ്ട് വന്നു.

ഞാനും ആലോചിക്കുവായിരുന്നു മൂപ്പര് എന്താണ് എന്നെ ഇത്ര കാര്യമായി സൽക്കരിക്കുന്നത്. എന്തോ കാര്യമായ ലക്ഷ്യമുണ്ട്. അത് ഞാൻ മനസ്സിലുറപ്പിച്ചു.

മൂന്നാമത്തേത് കൂടി അകത്ത് ചെന്നപ്പോൾ എൻ്റെ മുഖത്തെ ഭാവങ്ങളൊക്കെ മാറി തുടങ്ങി. എൻ്റെ പിടി കൈവിട്ട് പോകാൻ തുടങ്ങി. എനിക്കൊരു കുഴപ്പവുമില്ലെന്ന് അറിയിക്കാൻ ഞാൻ അപ്പുറത്തെ മുറിയിലെ ചാരു കസേരയിലേക്ക് ചെന്നിരുന്നു.

കുറച്ച് കഴിഞ്ഞാണ് അടുപ്പത്തിരിക്കുന്ന പുളിയിഞ്ചിയുടെ കാര്യം ഓർമ്മ വന്നത്. ചാടി എണീക്കാൻ ശ്രമിച്ച ഞാൻ ഒരു വശത്തേക്ക് വേച്ചു പോയി. കാലുകൾ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല.

എനിക്ക് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ടായിരുന്നു പക്ഷേ ചിരി മാത്രമേ പുറത്തേക്ക് വരുന്നുണ്ടായിരുന്നുള്ളൂ. എത്ര ശ്രമിച്ചിട്ടും ചിരി നിർത്താൻ എനിക്ക് സാധിക്കുന്നില്ലായിരുന്നു.

മൂപ്പർക്ക് സംഗതി ഏകദേശമൊക്കെ പിടി കിട്ടിയെന്ന് തോന്നുന്നു. മൂപ്പര് എന്നേം കൂട്ടി മെല്ലെ കട്ടിലിലേക്ക് കൊണ്ട് പോയി. എന്നെ കിടത്തിയിട്ട് പറയുവാ വല്ല കുഴപ്പോം തോന്നുന്നുണ്ടോന്ന്.

ചിരിയോടൊപ്പം ഞാൻ പാട്ടും പാടാൻ തുടങ്ങി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നെനിക്ക്. അപ്പഴാ മൂപ്പര് പറയുന്നത് നീ ഫോണെടുക്ക് നിൻ്റെ വീട്ടിലേക്ക് വിളിക്കാമെന്ന്.

ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും അങ്ങേര് സമ്മതിക്കുന്നില്ല. വേറെ ആരെയൊക്കെയോ വിളിക്കാമെന്നും, വാട്ട്സപ്പില് ഓണാംശകൾ അറിയിക്കാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ഞാനൊന്നിനും കൂട്ടാക്കുന്നില്ല. ഒരു രക്ഷയുമില്ലെന്ന് കണ്ടപ്പോൾ സഹികെട്ട് എൻ്റെ ഫോണേടുത്തിട്ട് അങ്ങേര് പറയുവാ നീ പാസ്സ് വേർഡ് പറ ഞാൻ വിളിച്ചോളാന്ന്.

മൂപ്പരുടെ ഉദ്ദേശം ഇപ്പഴല്ലേ എനിക്ക് മനസ്സിലായത്. ഞാൻ മനസ്സിൽ പറഞ്ഞു ഒരു കാരണവശാലും അബദ്ധത്തിൽ പോലും പാസ്സ് വേർഡ് പറഞ്ഞ് പോകരുതെന്ന്.

എപ്പഴോ എൻ്റെ ഉള്ള ബോധം കൂടി നഷ്ട്ടപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം കുടിയന്മാരുടെ പതിവ് കലാ പരിപാടി ഞാനും തുടങ്ങി.ശക്തമായ വാള് വെപ്പായിരുന്നു പിന്നീടങ്ങോട്ട്. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.

രാവിലെ എണീറ്റിട്ടും കാല് നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല, നല്ല തലവേദനേം. വാള് വെച്ചിടത്ത് എൻ്റെ കൊടല് മാല ഉണ്ടോന്ന് നോക്കാനായ് ചെന്നപ്പോൾ മൂക്കും വായുമൊക്കെ തോർത്ത് കൊണ്ട് ചുറ്റി ആ പാവം മനുഷ്യൻ അതൊക്കെ ക്ലീൻ ചെയ്യുകയായിരുന്നു.

മാത്രമല്ല അന്നത്തെ അടുക്കള പണി മുഴുവനും അങ്ങേര് തന്നെ ചെയ്യേണ്ടി വന്നു. സ്റ്റുളിന് പുറത്ത് നിർദ്ദേശങ്ങളുമായി ഞാനും.

ഞാനൊരു കാര്യം ഉറപ്പിച്ചിരുന്നു, ജീവിതത്തിലിനി മ ദ്യം കഴിക്കില്ലെന്ന്. ഇത്രയും ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ സാധനം വലിച്ച് കേറ്റുന്നതിലല്ല സങ്കടം, പാസ്സ് വേർഡ് കിട്ടാൻ വേണ്ടി ഇനിയും അങ്ങേരേ കൊണ്ട് വാള് കോരിപ്പിക്കാനുള്ള വിശാല മനസ്കയൊന്നും ഈ ലോല മനസ്സുകാരിക്ക് ഇല്ലാത്തത് കൊണ്ടാണ്!

രചന: ഷെർബിൻ ആന്റണി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters