വീണ്ടും അമ്മ തന്നെ ജയിച്ചല്ലോ എന്നോർത്ത് മാത്രം ആണെന്നും അവൾക്ക് അറിയാമായിരുന്നു…

രചന: Dhanya Lal

“ഒന്ന് നിർത്തൂ വീണേ, ക്യാൻസർ വാർഡിൽ മരണം കാത്തു കഴിയുന്ന പെറ്റമ്മയെ കാണാന നീ പോകുന്നത്, അല്ലാതെ വല്ല കല്യാണത്തിനും പാർട്ടിക്കും അല്ല.” ചുവന്ന ബ്ലൗസും അടിപ്പാവാടയും ധരിച്ച് കണ്ണാടിയുടെ മുന്നിൽ നിന്നും കണ്ണെഴുതി കൊണ്ടിരുന്ന വീണ അടക്കാനാവാത്ത കോപത്തോടെ ഭർത്താവ് ഹരിയെ ഒന്ന് നോക്കി എന്നിട്ട് അലമാര തുറന്നു വെളുപ്പിൽ ചുവന്ന റോസാപൂക്കൾ തുന്നി പിടിപ്പിച്ച വിലകൂടിയ സാരി എടുത്തു ഭംഗിയായി ഞൊറിയിട്ട് ഉടുക്കാൻ തുടങ്ങി.കണ്ണാടിയിൽ നോക്കി ഒന്നൂടെ സ്വയം തൃപ്തി പെടുത്തി അവൾ കാറിൽ കയറി ഇരുന്നു.മുന്നോട്ടു ചലിക്കുന്ന കാറിനൊപ്പം അവളുടെ ഓർമ്മകൾ പിറകോട്ട് പോയി.

”സിനിമാ നടി ശ്രീവിദ്യയുടെ അതേ സൗന്ദര്യമാ നിന്റമ്മയ്ക്ക്, ശരിക്കും അമ്പലത്തിലെ ദേവിയെപ്പോലെ, ആരായാലും ഒന്ന് നോക്കി നിന്നു പോകും,ഇത്രയും സൗന്ദര്യമുള്ള സ്ത്രീകൾ ഉണ്ടാകുമോ, അമ്മയുടെ ഏഴയലത്ത് വരില്ല മോള്”.കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ ഒന്നിൽ തന്റെ ദേഹത്ത് കിടന്നു കിതപ്പാറ്റി ഹരി പറഞ്ഞ ഈ വാചകം ഓരോതവണ മനസ്സിലേക്ക് വരുമ്പോഴും വെറുപ്പിന്റെ കയ്പുനീർ തൊണ്ടയിൽ കിനിഞ്ഞു ഓക്കാനം വരും പോലെ തോന്നും അവൾക്ക്.

“പൗഡർ പോലും ഇടേണ്ട എന്തൊരു വെളുപ്പാ നിന്റമ്മയ്ക്ക്,നിന്റച്ഛന്റെ ഭാഗ്യം നിനക്ക് മാത്രം പൗഡറും ചാന്തും വാങ്ങിയാൽ മതിയല്ലോ”.ആദ്യമായി സ്കൂളിലെ മീറ്റിങ്ന് അമ്മ വന്നപ്പോൾ കൂട്ടുകാരി പറഞ്ഞത് കേട്ട് ആദ്യം ഒരിത്തിരി സന്തോഷം തോന്നിയെങ്കിലും, പിന്നീട് പലപ്പോഴും കേട്ടു കേട്ടു മനസ്സിലൊരു അസൂയയായി വളർന്നു വെറുപ്പായി രൂപാന്തരം പ്രാപിച്ചപ്പോൾ എപ്പോഴോ ഒരിക്കൽ പറഞ്ഞു, “അമ്മയിനി മീറ്റിങിന് വരണ്ട,പ്രിയയുടെ ഒക്കെ അച്ഛനാണ് വരുന്നത്, എനിക്ക് അച്ഛനില്ലേ എന്നും പറഞ്ഞു കൂട്ടുകാർ കളിയാക്കുന്നു, ഇനി മുതൽ അച്ഛൻ വന്നാൽ മതി.”

പത്താം ക്ളാസ്സ്ലേ സെന്റോഫ്‌ അടുക്കാറായ സമയത്ത് ആയിരുന്നു കോയമ്പത്തൂർ പോയി വരുമ്പോൾ തീജ്വാലയുടെ മഞ്ഞ നിറത്തിലുള്ള ഒരു പട്ടുസാരി അച്ഛൻ അമ്മയ്ക്കായി കൊണ്ട് വന്നത്, സെന്റോഫ്‌ന് കൂട്ടുകാർ എല്ലാരും സാരി ഉടുക്കുന്നുണ്ട് എനിക്ക് ഇത് വേണം എന്നുപറഞ്ഞപ്പോൾ ,പുഴക്കര ഷാപ്പിലെ കള്ളു ഭരണിടെ അത്രയേ ഉള്ളൂ ആ നീയാ സാരി ഉടുക്കാൻ പോണേ ന്നും പറഞ്ഞു പൊട്ടിച്ചിരിച്ചു സാരി ഭദ്രമായി അലമാരയിൽ വയ്ക്കുന്ന അമ്മയ്ക്ക് മനസ്സിലപ്പോൾ ഭദ്രകാളി രൂപമായിരുന്നു.

ഒത്ത ഉയരവും വണ്ണവും ഒന്ന് പ്രസവിച്ചിട്ടും ഉടയാത്ത ദേഹവും അരക്കെട്ട് മറയ്ക്കുന്ന കനത്ത ചുരുൾ മുടിയും, അത്‌തന്നെ ആയിരുന്നു അമ്മയുടെ അഹങ്കാരവും,എവിടെങ്കിലും പോകാൻ ഇറങ്ങുമ്പോൾ പട്ടു സാരിയും ചുറ്റി കുളിപ്പിന്നൽ ഇട്ടു മുടിയഴിച്ചിട്ട്, വലിയ ചുവന്ന വട്ട പൊട്ടും തൊട്ട് കൂടെ ഇറങ്ങുന്ന തന്നെയും അച്ഛനെയും നോക്കി ഒരു ചിരിയുണ്ട്, അവജ്ഞ നിറഞ്ഞ ഒരു പുഞ്ചിരി, അപ്പോഴമ്മയ്ക്ക് ചില സിനിമയിൽ കാണുന്ന വേശ്യാ സ്ത്രീയുടെ മുഖമായിരുന്നു എന്നിൽ.

ആണുങ്ങളുടേത് പോലുള്ള പരന്ന നെഞ്ചും ദേഹവും ഇതിനെ കെട്ടാൻ ആരെങ്കിലും വരുമോ ന്റെ ശാരധേടത്തി ,എന്റെ കൊച്ചിന്റൊരു യോഗം ന്ന് എന്നെ നോക്കി അയലത്തെ പരദൂഷണക്കാരിയോട് പറയുന്നത് കേട്ടത് മുതൽ അമ്മയോട് തീരെ മിണ്ടാതായി.

പിന്നൊരു വാശി ആയിരുന്നു, ആ വാശി പുറത്ത് തന്നെയായിരുന്നു പഠിച്ചു വലിയൊരു കാർഡിയോളജിസ്റ്റ് ആയതും കൂടെ പഠിച്ച ഹരിയെ കെട്ടി വിദേശത്ത് ജോലി നേടി അവിടെ സെറ്റിൽ ആയതും,അതോടെ നാടുമായി എല്ലാ ബന്ധവും അറ്റത് പോലെ ആയി.നാലോ അഞ്ചോ വർഷം കൂടുമ്പോൾ ഒരാഴ്ചത്തെ ലീവിന് വരുമ്പോൾ പോലും വീട്ടിൽ താമസിക്കാതെ ഇരിക്കാൻ വേണ്ടി സ്വന്തമായി ഒരു വീടും വാങ്ങി.

ക്യാൻസർ വന്നു മുലകൾ മുറിച്ചു മാറ്റി,മുടി മുക്കാലും കൊഴിഞ്ഞു കരുവാളിച്ചു പ്രൗഢി നശിച്ചു കിടക്കുന്ന അവരോട് ചോദിക്കണം നിങ്ങൾ ഒരുപാട് അഭിമാനിച്ചിരുന്ന സൗന്ദര്യം എവിടെ പോയി ന്ന്,സ്വന്തം അഴകിനെ പരിപാലിക്കുന്നതിനിടയിൽ നിങ്ങൾ നെഞ്ചോടു ചേർക്കാൻ മറന്ന, തഴുകി ഉറക്കാത്ത ‘അമ്മ അറിയാതെ അമ്മയെ അറിയാതെ വളർന്ന മകൾ ഇതാ വന്നിരിക്കുന്നു എന്ന് പറയണം,ഒരമ്മ എങ്ങനെ ആയിരിക്കണം എന്ന് തന്റെ മകളെ ചേർത്തു നിർത്തി പറഞ്ഞു കൊടുക്കണം.

പൊടുന്നനെ കേട്ട ഫോണിന്റെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി, അപ്പൂപ്പൻ ആണെന്ന് പറഞ്ഞ മോളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതോട് ചേർക്കവേ അങേ തലയ്ക്കൽ അച്ഛന്റെ ചിലമ്പിച്ച ശബ്ദം കേട്ടു”അവള് പോയി മോളെ” കവിളിനെ ചുട്ടു പൊള്ളിച്ചു ഒഴുകിയിറങ്ങിയ കണ്ണീർ മരിച്ചു പോയ അമ്മയെ ഓർത്തുള്ള ദുഃഖം കൊണ്ടല്ല എന്നും വീണ്ടും അമ്മ തന്നെ ജയിച്ചല്ലോ എന്നോർത്ത് മാത്രം ആണെന്നും അവൾക്ക് അറിയാമായിരുന്നു.. അവൾക്ക് മാത്രം…

രചന: Dhanya Lal

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters