തിരിഞ്ഞു മറിഞ്ഞു കിടക്കുന്ന പ്രിയതമയെ നോക്കി അയാൾ പറഞ്ഞു…

ചെറുകഥ :നന്ദ

“എടി എനിക്ക് തീരെ വയ്യ!!!

എണീറ്റ് നടക്കുമ്പോൾ വലത്തേ കാല് നിലത്തു കുത്താൻ പറ്റാത്ത വിഷമം… പിന്നെ ചെറിയ നീരുമുണ്ട്…”

” പണി പാളിയോ ചേച്ചി!!! ചേട്ടായി വരാറായില്ലേ??? ചേച്ചി എന്ത് ചെയ്യും?ചേട്ടായി എങ്ങാനും അറിഞ്ഞാൽ കൊല്ലും നമ്മുടെ രണ്ടിനെയും…. ”

” എനിക്കറിയാൻ മേല…. ചേട്ടൻ എങ്ങാനും അറിഞ്ഞാൽ അതോടെ തീർ……….. ”

“ഞാൻ അറിഞ്ഞാൽ!!!!!! ബാക്കി പറ കേൾക്കട്ടെ…..

വാതിൽക്കൽ എളിക്ക് കൈ കൊടുത്തു പ്രകാശേട്ടൻ…

സംസാരം പാതി വഴിയിൽ നിർത്തി കാൾ കട്ട്‌ ചെയ്തിട്ട് വെപ്രാളത്തിൽ ഏട്ടനെ നോക്കി നന്ദ..

“ഏട്ടൻ എപ്പോ എത്തി…?

ഒന്നുമറിയാത്ത പോലെ നിഷ്കളങ്കമായ ചോദ്യം.. പ്രകാശേട്ടനെ നോക്കി…

“അതൊക്കെ പറയാം… ഞാൻ അറിഞ്ഞാൽ കുഴപ്പമുള്ള കാര്യം അതെന്നതാ? അത് പറ. കേൾക്കട്ടെ..?

“ഈ ഏട്ടനെന്താണ്…? ഒന്നുല്ല.. ബാ കാപ്പിയെടുക്കാം ഞാൻ…. നന്ദ പ്രകാശനെ കടന്നു അടുക്കളയിലേക്ക് നടന്നു.. നടക്കുമ്പോൾ കാലിന്റെ വിഷമം ഏട്ടൻ അറിയാതെയിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു…

പ്രകാശൻ ആകട്ടെ അവൾ കിടക്കയിലേക്ക് എറിഞ്ഞിട്ട മൊബൈലില്ലേക്ക് കുറച്ചു സമയം നോക്കി നിന്നു…

“ഫോൺ കൈയ്യിൽ എടുത്ത് കാൾ ഹിസ്റ്ററി നോക്കിയാലോ? ആരാണ് വിളിച്ചത് എന്നറിയാം… അല്ലെകിൽ വേണ്ട.. അത് മോശമാണ്.. ഭാര്യയെ സംശയിക്കുന്ന ഒരു തരംതാണ ഭർത്താവാകാൻ താൻ ആഗ്രഹിക്കുന്നില്ല.. എന്നാലും എന്തായിരിക്കും താൻ അറിയാൻ വയ്യാത്ത ആ കാര്യം…

മം മ്മ്… നോക്കാം കണ്ടു പിടിച്ചേ മതിയാവൂ… അയാൾ മനസ്സിൽ ഉറച്ചുകൊണ്ട് ഉമ്മറത്തിരുന്നു മനുകുട്ടന് കഥപറഞ്ഞു കൊടുക്കുന്ന അമ്മയുടെ സമീപത്തേക്ക് നടന്നു…

“എന്നിട്ട് ആ രാജകുമാരി ആ വെള്ള കുതിരയുടെ പുറത്ത് നിന്ന് പറന്നിറങ്ങുന്ന ആ മാന്ത്രികനെ നോക്കി നിന്നു…

“അപ്പൊ മന്ത്രികന് ചിറകുണ്ടോ?

അച്ഛമ്മയുടെ കഥ കേട്ടതും മനുകുട്ടന് സംശയം…

“ഏയ്യ് ചിറകില്ലെടാ… പാരച്യുട്ടിൽ ആണ് ഇറങ്ങിയേ??

പ്രകാശൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഒന്ന് പോയെ അച്ചേ… അച്ഛമ്മേ…ഈ അച്ഛയോടെ മിണ്ടാതിരിക്കാൻ പറ… എന്നിട്ട് അച്ഛമ്മ പറ.. എങ്ങനെയാ പറന്നിറങ്ങിയേ?

“നീ മിണ്ടാതിരിക്കെടാ… മോനുട്ടന് കഥ പറഞ്ഞ് കൊടുക്കയല്ലേ?? അമ്മ പ്രകാശനെ നോക്കി കണ്ണിറുക്കി. എന്നിട്ട് തുടർന്നു.. “”ചിറകൊന്നുമില്ല… അല്ലാതെ രണ്ടു കയ്യും വീശി പിടിച്ചേ…..”

“ഓ അപ്പൊ ഇന്ന് നന്ദമ്മ പറന്നിറങ്ങിയ പോലെ.. അല്ലെ അച്ഛമ്മേ…???

ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ് മനുകുട്ടന് അബദ്ധം പറ്റിയെന്നു മനസിലായെ…

അവൻ വേഗം അച്ഛമ്മയെയും അച്ഛനെയും മാറി മാറി നോക്കി.

അച്ഛൻ അച്ഛമ്മയെ ഒരു വല്ലാത്ത ഭാവത്തോടെ നോക്കുന്നുണ്ട്. എന്നിട്ട് മെല്ലെ എഴുന്നേറ്റ് അകത്തേക്ക് നടന്നു…

“എന്റെ മോനു നീയെന്ത് പണിയാ കാണിച്ചേ…

മകൻ അടുക്കള ഭാഗത്തേക്ക്‌ നടന്നു നീങ്ങുന്ന കണ്ട സൗദാമിനി മോനുവിനോട് ശബ്ദം താഴ്ത്തി ചോദിച്ചു… മോനുവാണെങ്കിൽ പറ്റിയ അബദ്ധം ഓർത്ത് നഖം കടിച്ചു.

“ഇതിപ്പോ ആദ്യയിട്ടല്ലേ.. ഒന്ന് വീണെന്ന് കരുതി പിൻമാറാനൊന്നും ഈ നന്ദയെ കിട്ടില്ല!!!

പിറുപിറുക്കുന്ന പോലെ പറഞ്ഞിട്ട് ചായ കപ്പുമായി തിരിഞ്ഞപ്പോൾ തൊട്ടുപിറകിൽ പ്രകാശേട്ടൻ…

“ദൈവമേ വീണ്ടും പ്രകാശേട്ടന്റെ കൈയിൽ ചെന്ന് പെട്ടല്ലോ???

നന്ദ മുഖത്തെ ചമ്മൽ മറച്ചു ചായക്കപ്പ് നീട്ടി അവനു നേരെ…

ചായ മേടിച്ചു ചുണ്ടോട്ടുടുപ്പിക്കുമ്പോൾ പ്രകാശന്റെ കണ്ണുകൾ ചെറിയൊരു പരുങ്ങലോടെ നിൽക്കുന്ന ഭാര്യയുടെ മുഖത്താണ്…

പെട്ടന്നാണ് അയാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്.

ദിവാകരൻ sir കാളിംഗ്!!!!

അങ്ങനെയൊന്നു പതിവില്ലല്ലോ എന്നോർത്തു അയാൾ കാൾ അറ്റൻഡ് ചെയ്തു.

പ്രകാശന്റെ പറമ്പിന്റെ തേക്കുവശത്തു വല്യഛന്റെ വീതം ഒരു 30 സെന്റ് മേടിച്ചയാണ് ഈ ദിവകാരൻസർ..

ഇപ്പോൾ കുറച്ചു മാസങ്ങളായി അയാൾ അവിടെ ഒരു കുഞ്ഞു വീടൊക്കെ പണിത് ചുറ്റുമതിലൊക്കെ കെട്ടി അവിടെയാണ് താമസം. താമസം എന്ന് പറഞ്ഞാൽ ഇടക്കൊക്കെ വരും താമസിക്കും… രാത്രി കാലങ്ങളിലാണ് അയാൾ വന്ന് പോകാറ്.. ആ നാട്ടിൽ ആരും അയാളെ അധികം കണ്ടിട്ടില്ല.. സമീപവാസികളുമായി ഒരു അകൽച്ച കാത്തു സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം.

ഒരു ആകാംഷയോടെയാണ് പ്രകാശൻ ഹെലോ പറഞ്ഞത്. Sir അങ്ങേ തലക്കൽ നിന്ന് സംസാരിച്ചു തുടങ്ങിയതും പ്രകാശന്റെ കണ്ണുകൾ സ്വയമറിയാതെ അടുക്കളയിൽ നിന്ന് പാത്രം കഴുകുന്ന നന്ദയുടെ നേർക്കായി…

“ഞങ്ങളുടെ പ്രയാസം മനസിലാക്കി അത് ചെയ്തു തരാൻ തയ്യാറാവുന്ന സറിന്റെ മനസിന്‌ നന്ദി…”

എന്നു പറഞ്ഞ് അയാൾ ഫോൺ വച്ചു.

എന്നിട്ട് കുറച്ചു സമയം കൂടി ഭാര്യയെ നോക്കി നിന്നിട്ട് അയാൾ തിരിച്ചു നടന്നു…

പ്രകാശൻ പുറത്തേക്ക് പോയതും നന്ദ ദീർഘനിശ്വാസം ഉതിർത്തു.

“രാത്രി വളരെ വൈകിയാണ് നന്ദ ബെഡ്റൂമിൽ എത്തിയത്..

പ്രകാശേട്ടൻ ഉറങ്ങട്ടെയെന്ന് കരുതി അടുക്കളയിൽ തട്ടിയും മുട്ടിയും നിന്നു.. ബെഡിൽ നീണ്ടു നിവർന്നു കണ്ണുകൾ അടച്ചു കിടക്കുന്ന പ്രകാശനെ അറിയിക്കാതെ മെല്ലെ കിടക്കയുടെ ഇടതു വശം ചേർന്ന് കിടന്നു അവൾ.. കാൽ നന്നേ വേദനിക്കുന്നുണ്ട്.. ബാം എന്തെകിലും പുരട്ടാം എന്ന് വച്ചാൽ നൂറ് ചോദ്യങ്ങളുമായ്‌ ഏട്ടനെത്തും.. അല്ലെങ്കിൽ തന്നെ ഇപ്പോൾ ചെറിയ സംശയം മനസ്സിൽ തോന്നിയിട്ടുണ്ട്. ഇനി അത് കൂട്ടണ്ട…

ഇങ്ങനെ ഓരോന്നു ചിന്തിച്ച് ഉറക്കത്തിലേക്ക് വഴുതി വീണത് അവളറിഞ്ഞില്ല….

കാൽ പാദത്തിൽ ആരോ തലോടുന്ന പോലെ തോന്നിയാണ് നന്ദ ഞെട്ടി കണ്ണു തുറന്നത്… നോക്കിയപ്പോൾ എന്തോ ബാം തേച്ചു കാൽ തടവി തരുന്നു നന്ദേട്ടൻ…

“അത് ഏട്ടാ…. ഞാൻ….. നിമ്മി പറഞ്ഞപ്പോ… അറിയാതെ…..

വിങ്ങി പൊട്ടുന്നപോലെ എന്തൊക്കെയോ പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അവൾ..

“അതിനു ഞാനൊന്നും ചോദിച്ചില്ലല്ലോ?

“ഏട്ടന്റെ ഒരേയൊരു പെങ്ങളല്ലേ… എന്തിനാ അവൾക്കു വല്യച്ഛന്റെ വീതത്തിന്റെ ബാക്കി സ്ഥലം കൊടുത്തേ? അതല്ലേ ഇപ്പോ വല്യച്ഛൻ വിറ്റപ്പോൾ അയാൾ മതിൽ കെട്ടി വച്ചേക്കുന്നെ…

അവളെ കാണൻ ഒന്ന് പോണേൽ മെയിൻ റോഡ് ക്രോസ്സ് ചെയ്യണം…

നിമ്മിക്കാണേൽ വണ്ണം കുറവായോണ്ട് മതിൽ എളുപ്പം ചാടം… ഞാനെന്ത് ചെയ്യന്നാ….?

അത്രയും പറഞ്ഞപ്പോഴേക്ക് അവൾക്ക് കണ്ണുകൾ നിറഞ്ഞു വന്നു…

ദിവകാരൻ സർ പുരയിടം മതിൽ കെട്ടി തിരിച്ചപ്പോൾ ഏക പെങ്ങളുടെ അടുത്തേക്ക് പോകാൻ മെയിൻ റോഡ് ചുറ്റേണ്ട ഗതികേടിലായി..

മുന്നാദരപ്രകാരം തങ്ങൾക്ക് ആ വഴി സഞ്ചരിക്കാൻ അവകാശം ഇല്ലാത്തത് കൊണ്ട് പെങ്ങളുടെ അടുത്തേക്ക് പോകേണ്ട വഴിയും മതിൽ കെട്ടി തിരിച്ചു. ഇനിയിപ്പോൾ വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് മക്കൾ ചെറിയ തോതിൽ മതിൽ ചാടുന്നുണ്ടെന്ന് പ്രകാശനറിയാം.. പലപ്പോഴും വാണിങ് കൊടുത്തതുമാണ്… ഇവളീ പണി ചെയ്തു കളയുമെന്ന് ഓർത്തില്ല…

“പ്രകാശേട്ടൻ എങ്ങനെ അറിഞ്ഞു.. ഞാൻ മതിലിന്റെ മുകളിൽ കയറിയപ്പോ വീണെന്ന്…

“ദിവകാരൻ സർ വിളിച്ചു… അങ്ങേരുടെ മതില് ചാടാനൊക്കില്ലന്ന്…

പ്രകാശൻ കിടക്കയിൽ അവൾക്ക് അഭിമുഖ കിടന്നു കൊണ്ട് പറഞ്ഞു…

“അയ്യോ അപ്പൊ അയാൾ കണ്ടോ???

തെല്ലുറകെ ആയിപോയി ആ ചോദ്യം…

“അയാളല്ല.. അയാളുടെ ക്യാമറ…

“ക്യാമറയോ???? ദൈവമേ.. അവിടെ ക്യാമറ ഉണ്ടാരുന്നോ?

അപ്പൊ അയാൾ വരോ രാവിലെ വഴക്കിനു..പേടിയോടെ കരയുന്ന ശബ്ദത്തിലാണ് നന്ദ ചോദിച്ചത്…

“ആ എനിക്കറിയത്തില്ല… മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്…

നന്ദ മനസിൽ ഏകനാത്തൂനേ വഴക്ക് പറഞ്ഞു. “പിള്ളേരും അവളും മതിൽ ചാടി അങ്ങോട്ടും ഇങ്ങോട്ടും കടക്കാറുണ്ട്… അവൾ നിർബന്ധിച്ചത് കൊണ്ടാണ് ആ സഹാസത്തിനു താൻ മുതിർന്നത്… എന്തിവലിഞ്ഞു മതിലിന്റെ മുകളിൽ കയറി എന്നാൽ തിരിച്ചു ഇറങ്ങാൻ പേടി… പേടി കൂടിയപ്പോൾ കാല് തെന്നി താഴേക്ക് വീണു…

“ഇനി അതാലോചിച്ചു ഉറക്കം കളയണ്ട.. നാളെ അയാൾ പണിക്കാരെ കൊണ്ട് ഒരു ചെറിയ ഗേറ്റ് വച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്..”

ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുന്ന പ്രിയതമയെ നോക്കി അയാൾ പറഞ്ഞു…

“അപ്പൊ ഞാൻ വീണത് നന്നായി അല്ലെ ഏട്ടാ… പെട്ടന്നുള്ള ആവേശത്തിൽ ചോദിച്ചതാണ് നന്ദ… പിന്നെ അബദ്ധം മനസിലാക്കി ഭർത്താവിനെ നോക്കി… എന്നാൽ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു…

“പാവം ഏട്ടൻ.. വഴക്കൊന്നും പറഞ്ഞില്ല…

അവൾ അയാളിലേക്ക് ചേർന്നു കിടന്നു.

രചന: ആഷാ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters