വല്ല പെണ്ണുങ്ങളെയും നോക്കി വെച്ചിട്ടുണ്ടെങ്കിൽ വെറുതെയാണ്…

രചന: പ്രവീൺ ചന്ദ്രൻ

“ഹും.. ദാ വരുന്നുണ്ട്.. അവളും അവളുടെ ഒരു പപ്പയും… ഇന്നത്തോടെ അവളുടെ അഹങ്കാരം തീർക്കണം..എന്തൊക്കെയായിരുന്നു…” അവൾ പറഞ്ഞത് ശരിയെന്ന ഭാവത്തിൽ ഹെലനും തലയാട്ടി… കോഫിഷോപ്പിലെ ഗ്ലാസ്സ് വിൻഡോയിലൂടെ അവർക്ക് കാണാമായിരുന്നു അവളെ.. സ്കൂട്ടി സ്റ്റാന്റിലിട്ട് അവൾ പപ്പയേയും കൊണ്ട് കോഫി ഷോപ്പിനകത്തേക്ക് കയറി…

അവരെ കണ്ടപ്പോൾ ദൂരത്ത് നിന്നേ പ്രിയ കൈ ഉയർത്തിക്കാണിച്ചിരുന്നു… പക്ഷെ അവർ പ്രതികരികരിച്ചില്ല…

റിയയാണ് അവളേയും അവളുടെ അച്ഛനേയും ആ കോഫി ഷോപ്പിലേക്ക് വിളിപ്പിച്ചത്.. ഇന്നത്തെ ഫാദേഴ്ഷ് ഡേ സ്പെഷൽ ട്രീറ്റ് തരാനാണെന്ന് പറഞ്ഞാണ് അവൾ പ്രിയയൊട് പപ്പയേയും കൂട്ടി വരാൻ പറഞ്ഞത്… പപ്പയോട് തങ്ങളുടെ അടുത്തേക്കാണ് വരുന്നതെന്ന് പറയരുതെന്നും പപ്പാക്ക് വലിയൊരു സർപ്രൈസ് കൊടുക്കാനാ ണെന്നും റിയ അവളോട് പറഞ്ഞിരുന്നു…

“ഹായ് ഡിയേഴ്സ് … ഗുഡ്മോർണിംഗ്..” അവരുടെ അടുത്തെത്തിയതും അവൾ വിഷ് ചെയ്തു.. അവരെ കണ്ടതും അയാൾ പക്ഷെ ഒന്ന് നിന്നു.. അവർ തിരിച്ച് പ്രതികരിക്കാഞ്ഞത് കണ്ട് അവൾക്ക് അതിശയമായി…

” ഇരിക്കൂ പ്രിയ… നമുക്ക് സംസാരിക്കാം” ഹെലനാണ് അത് പറഞ്ഞത്.. അങ്ങനൊരു ഫോർമാലിറ്റി അവരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് അവൾ ഒന്ന് അമ്പരന്നു… “എന്ത് പറ്റിയെടാ നിങ്ങൾക്ക്? എന്താ ഇങ്ങനെയൊക്കെ..? നിങ്ങൾ പറഞ്ഞിട്ടല്ലേ ഞങ്ങൾ വന്നത്?..” അവളുടെ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു..

“പ്രിയ ഞാൻ വളച്ച് കെട്ടില്ലാതെ കാര്യം പറയാം.. ആദ്യം നീ ഈ സ്ക്രീൻ ഷോട്ടൊന്ന് നോക്കൂ” റിയ പറഞ്ഞത് കേട്ട് അവൾ ആ ഫോണിലേക്ക് നോക്കി… അത് കണ്ടതും അവൾ ഞെട്ടി…

അതൊരു സെക്സ് വീഡിയോയുടെ സ്ക്രീൻ ഷോട്ട് ആയിരുന്നു… പക്ഷെ അവൾ ഞെട്ടിയത് അത് കണ്ടല്ല… അത് ആരുടെ നമ്പറിൽ നിന്നാണ് വന്നതെന്ന് കണ്ടായിരുന്നു.. ആ വീഡിയോ വന്ന നമ്പർ അവളുടെ പപ്പയുടേതായിരുന്നു.. അവൾ തിരിഞ്ഞ് അയാളുടെ മുഖത്തേക്ക് നോക്കി.. അയാളുടെ മുഖത്തെ പരിഭ്രമം പ്രകടമായിരുന്നു

“മോളേ…അത്… പപ്പാ…” അയാളുടെ ശബ്ദം ഇടറിയിരുന്നു… “ഞാൻ ഇത് പറയണോ വേണ്ടയോ എന്ന് ആലോചിച്ചതാണ്.. പക്ഷെ പ്രിയ നീ അത് എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ലായിരുന്നു.. പക്ഷെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല എന്ന് തോന്നി എനിക്കറിയാം നിനക്ക് എല്ലാം നിന്റെ പപ്പയാണെന്ന്.. പക്ഷെ ഈ പപ്പയ്ക്ക് ഇങ്ങനെ ഒരു മുഖം കൂടെ ഉണ്ടെന്ന് നീ അറിയണം.. നാളെ നിന്റെ മറ്റേതെങ്കിലും കൂട്ടുകാരിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത്…”

റിയ പറഞ്ഞത് കേട്ട് പ്രിയ അല്പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല… അയാൾ അവൾക്ക് പപ്പ മാത്രമല്ലായിരുന്നു.. നല്ലൊരു സുഹൃത്ത് കൂടെയായിരുന്നു… അവളുടെ കൂട്ടുകാരികൾ ഇടയ്ക്കിടെ അവളുടെ വീട്ടിൽ വരാറുണ്ട്… അവർക്കെല്ലാം അസൂയ ആയിരുന്നു അവർ തമ്മിലുള്ള സ്നേഹം കണ്ട്.. അവരോടൊക്കെ എപ്പോഴും അവൾ പപ്പയെക്കുറിച്ച് വാ തോരാതെ സംസാരിക്കുമായിരുന്നു…

അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലോ മറ്റോ വിളിക്കാനായി റിയയുടേയും മറ്റ് ഒന്ന് രണ്ട് അടുത്ത ഫ്രണ്ട്സിന്റെയും നമ്പർ അവൾ അച്ഛന് കൊടുത്തിരുന്നു..

പക്ഷെ ഇത് വരെ അങ്ങനെ ഒരാവശ്യം വന്നിട്ടില്ലായിരുന്നു.. ഒന്ന് രണ്ട് മാസം മുന്നാണ് വാട്സ് ആപ് ഉപയോഗിക്കാൻ അവൾ പപ്പയെ പഠിപ്പിച്ചത്.. അതിന് ശേഷം പപ്പയുടെ ഡിയർ ഫ്രണ്ട്സിനേയും അവൾ ഏഡ് ചെയ്ത് കൊടുത്തിരുന്നു… പപ്പയുടെ കോളേജ് ഫ്രണ്ട്സിന്റെ ഗ്രൂപ്പും അതിലുണ്ടായിരുന്നു… അവളുടെ ഫോണിൽ നെറ്റില്ലാത്തപ്പോൾ ഇടയ്ക്കൊക്കെ അയാളുടെ ഫോണിൽ നിന്ന് അവളുടെ കൂട്ടുകാരികൾക്ക് മെസ്സേജ് അയക്കാറുണ്ടായിരുന്നു..

ഇന്ന് രാവിലെ മുതൽ പപ്പയുടെ മുഖത്ത് ഒരു ടെൻഷൻ അവൾ ശ്രദ്ധിച്ചതാണ്.. ഫാദേഴ്സ് ഡേ വിഷ് ചെയ്തപ്പോൾ പോലും ഒരു ഉഷാറ് കുറവ് ഉണ്ടായിരുന്നു.. ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് ഇങ്ങോട്ട് വന്നത് തന്നെ.. അതും ഇവരുടെ അടുത്തേക്കാണെന്ന് പറഞ്ഞതുമില്ല…

“അങ്കിൾ ആന്റി അങ്കിളിനെ വിട്ട് പോയത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി.. ഇനിയെങ്കിലും ഇത് നിർത്ത്.. ഇവളെ ഓർത്തെങ്കിലും..” ഹെലനാണ് അത് പറഞ്ഞത്.. അത് കേട്ട് അയാൾക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും വാക്കുകൾ കിട്ടുന്നില്ലായിരുന്നു… അയാൾ തലകുനിച്ച് നിന്നു..

പക്ഷെ പ്രിയുടെ കണ്ണുകൾ ചുവന്നു… മുഖം ഇരുണ്ടു.. തന്റെ പപ്പ അവരുടെ മുന്നിൽ അപമാനിതനായി നിൽക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു…

“ആര് പറഞ്ഞു എനിക്ക് നാണക്കേടാണെന്ന്… എന്റെ പപ്പ അറിഞ്ഞ് കൊണ്ട് ഒരിക്കലും ഇത് ചെയ്യില്ല.. അത് എനിക്ക് നൂറുശതമാനം ഉറപ്പാണ്… ഇത് ആർക്കെങ്കിലും ഫോർവേഡ് ചെയ്തപ്പോൾ പറ്റിയ അബദ്ധമാകാനേ വഴിയുള്ളൂ.. ” അവൾ പറഞ്ഞത് കേട്ട് അവർ ഒന്ന് പതറിയെങ്കിലും വിട്ട് കൊടുക്കാൻ റിയയ്ക്ക് ഉദ്ദേശമില്ലായിരുന്നു… “അബദ്ധത്തിലായാലും അല്ലെങ്കിലും ഇത്തരം അ-ശ്ലീല വീഡിയോകളല്ലേ നിന്റെ അച്ഛൻ കാണുന്നത്?” അത് കേട്ട് അവൾ റിയയെ തുറിച്ച് നോക്കി..

“അതിലെന്ത് വൃത്തികേടാടി ഉള്ളത്.. സെക്സ് എന്നത് വൃത്തികെട്ട കാര്യമാണോ? നിന്റെ ഒക്കെ ഫോണിൽ ഇതിലും വലുത് ഞാൻ കണ്ടിട്ടുണ്ടല്ലോ? പിന്നെ സമയം കിട്ടുമ്പോൾ നിങ്ങടെ പപ്പമാരുടെ ഫോണൊക്കെ ഒന്ന് വാങ്ങിച്ച് നോക്കണം അപ്പോളറിയാം… ” അതിന് മറുപടി കൊടുക്കാനാവാതെ റിയയും ഹെലനും ഒന്ന് പരുങ്ങി…

“പിന്നെ ഇന്നത്തെ കാലത്ത് കല്ല്യാണം കഴിഞ്ഞവരായാലും അല്ലാത്തവരായാലും പലതരം വാട്സ്ആപ് ഗ്രൂപ്പുകളിലുള്ളവരാണ്.. ഇങ്ങനെ എത്രയോ വീഡീയോസ് അവർ പരസ്പരം കൈമാറുന്നു… ഇതൊന്നും കാണാതെ ഉമ്മ വച്ചാൽ കുട്ടികളുണ്ടാകമെന്ന് ചിന്തിച്ച് നടക്കണ കാലമൊന്നുമല്ലല്ലോ? എല്ലാവർക്കും അവരുടേതായ സ്വകാര്യതകളുണ്ട്.. അങ്ങനെ ഏതോ ഗ്രൂപ്പിൽ നിന്ന് ഈ വീഡിയോ മറ്റാർക്കോ ഫോർവേഡ് ചെയ്തപ്പോഴുണ്ടായ അബദ്ധം ആണിത്… അത് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട… മക്കള് ചെല്ലാൻ നോക്ക് ..എന്റെ പപ്പയെ എനിക്കറിയാം… എന്റെ മമ്മ പപ്പയെ ഉപേക്ഷിച്ച് പോയിട്ട് പോലും വേറെ ഒരു കല്ല്യാണം കഴിക്കാതെ എനിക്ക് വേണ്ടി ജീവിക്കുന്ന ആളാണ് എന്റെ പപ്പ.. ഇനിയൊ രക്ഷരം എന്റെ പപ്പയെ കുറിച്ച് നിന്റെ നാവീന്നെങ്ങാനും വീണാൽ.. അറിയാലോ എന്നെ…” അതും പറഞ്ഞ് അവൾ പപ്പയുടെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു..

ഹെലനും റിയയും മുഖത്തെ ചമ്മൽ മറയ്ക്കാർ നന്നേ പാട് പെടുന്നുണ്ടായിരുന്നു… അപ്പോഴാണ് അയാൾക്ക് ആശ്വാസമായത്… അയാൾക്ക് പറ്റിയ അബദ്ധത്താൽ ഇന്നലെ മുതൽ അയാൾ ടെൻഷനിലായിരുന്നു.. ഈ ഒരു കാര്യമായത് കൊണ്ട് പ്രിയയൊട് തുറന്ന് പറയാനും അയാൾക്ക് പേടിയായി..റിയയോട് അപ്പോൾ തന്നെ അബദ്ധത്തിൽ പറ്റിയതാണെന്ന് പറയാൻ നോക്കിയെങ്കിലും അപ്പോഴേക്കും അവൾ അയാളെ ബ്ലോക്ക് ചെയ്തിരുന്നു..

“വേഗം കയറ് പപ്പാ… പപ്പാക്ക് ഒഫീസിൽ പോണ്ടേ?” സ്കൂട്ടി സ്റ്റാർട്ട് ചെയ്ത് നിർത്തി അവൾ പറഞ്ഞു… “താങ്ക്യൂ മോളൂ.. അച്ഛനെ മനസ്സിലാക്കിയതിന്…” അയാൾ അവളുടെ കൈ ചേർത്ത് പിടിച്ച് പറഞ്ഞു… “എന്റെ പപ്പാ ഇതൊക്കെ എന്നോട് ആദ്യമേ പറയായിരുന്നില്ലേ? പിന്നെ ഇങ്ങനെ അബദ്ധം പറ്റിയാൽ അപ്പോൾ തന്നെ തിരിച്ചെടുക്കാൻ വാട്സ് ആപിൽ തന്നെ ഓപ്ഷനുണ്ടെന്നറിയില്ലേ പപ്പക്ക്”… അത് കേട്ട് അയാൾ തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു…

“പപ്പ ആ ഓപ്ഷൻ നോക്കിയതാ മോളേ… പക്ഷെ വെപ്രാളത്തിൽ “ഡിലീറ്റ് ഫോർ മീ” എന്ന ഓപ്ഷനായി പോയെന്ന് മാത്രം”…

അത് കേട്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്… “പോട്ടെ പപ്പാ… അവളുമാരോട് പോകാൻ പറ… എനിക്ക് പപ്പയെ മനസ്സിലാക്കാൻ പറ്റും… എന്റെ പപ്പ എന്നും ഹീറോ തന്നെ ആണ് എനിക്ക്.. ”

രചന: പ്രവീൺ ചന്ദ്രൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters