ഇനി വർഷത്തിൽ ഒരിക്കലേ വരൂ, അതും ഞങ്ങളുടെ വിവാഹ വാർഷികത്തിന്റെ അന്ന്…

രചന: ജിഷ്ണു രമേശൻ

നല്ല ആഘോഷമായി തന്നെയാണ് ഇന്നെന്റെ കല്യാണം നടന്നത്…ചില ബന്ധുക്കൾ തിരിച്ചു പോയി.. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ തന്നെ നിലയുറപ്പിച്ചു.. കെട്ടിക്കൊണ്ട് വന്ന പെണ്ണ് അവിടെ എന്റെ അനിയത്തിമാരോട് കത്തി വെക്കുന്നുണ്ട്.. കാണുന്നത്ര പാവമൊന്നുമല്ല അവള്, കുറച്ച് സാമർഥ്യം ഉള്ളവളാണ്…

ഒരുപാട് സ്വപ്നങ്ങളുമായി ലവളെയും കാത്ത് മണിയറയിൽ ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറെ ആയി..സാധാരണ പെണ്ണാണ് മുറിയിൽ ആദ്യം കയറുന്നത്, പക്ഷേ കുറച്ച് തയ്യാറെടുപ്പുകൾക്ക്‌ വേണ്ടി ഞാനാദ്യം വന്നു…കുട്ടികൾ ഇടക്ക് മുറിയിൽ വന്ന് എത്തി നോക്കിയിട്ട് പോവും… പെട്ടന്നാണ് ലവളുടെ രംഗപ്രവേശം.. ആറ്റു നോറ്റു കെട്ടിയ എന്റെ ഭാര്യ സുരഭി…മുറിയിൽ പൂട്ടിയിട്ട് എന്നെ തല്ലാൻ വരുന്ന ഭാവത്തിലാണ് അവള് വാതിൽ അടച്ചത്..ഞാൻ പ്രതീക്ഷിച്ചത് പോലെ കയ്യിൽ പാലോന്നും ഇല്ല, പകരം ഒരു ജഗ്ഗിൽ നിറയെ വെള്ളം…

ഇനി കുറച്ച് റൊമാന്റിക് ആവാം എന്ന് കരുതി ഞാൻ പറഞ്ഞു, “സുരഭി വാ ഇവിടെ വന്നിരിക്ക്..” എന്റെ അടുത്ത് വന്നിരുന്നിട്ട്‌ എന്നോട് പറഞ്ഞു, “ജിഷ്ണു ചേട്ടാ എനിക്കൊരു ബിയർ അടിക്കണം…;”

ങ്ങേ ബിയറാ, നീ എന്തൊക്കെയാ സുരഭീ ഇൗ പറയണത്…! “അതെന്താ എനിക്ക് ബിയർ കുടിച്ചാ ഇറങ്ങില്ലെ..! ചേട്ടൻ എന്നും രാത്രി ഒരു പെഗ്ഗ് കഴിച്ചിട്ടല്ലെ ഉറങ്ങുന്നത്..;”

ശരിയാ, കല്യാണ ഉറപ്പിക്കൽ കഴിഞ്ഞ് ഒരു നാലു മാസത്തോളം ഫോൺ വിളിയും മറ്റും ഉണ്ടായിരുന്നു..അവളോട് സത്യസന്ധത കാണിക്കാൻ വേണ്ടി രാത്രി എന്നും ഒരെണ്ണം കഴിച്ചിട്ട് കിടക്കുന്ന കാര്യം പറഞ്ഞിരുന്നു..ജോലിയുടെ ക്ഷീണം തീർക്കാൻ ഉള്ള ഒരേയൊരു ദുശ്ശീലം…;

“എന്താ ജിഷ്ണു ചേട്ടാ ഒന്നും മിണ്ടാത്തെ, എനിക്ക് ഇപ്പൊ ബിയർ വേണം..അതും ഇവിടെ ഇരുന്നു കഴിക്കണ്ട, എല്ലാരും ഉറങ്ങികഴിഞ്ഞ് നമുക്ക് പുറത്ത് പോവാം, എന്നിട്ട് ഒരു കോഴിയെ തീയിൽ ഇട്ട് ചുട്ടെടുക്കണം, നമുക്ക് രണ്ടാൾക്കും കൂടി ചീയേഴ്സ് പറഞ്ഞ് ഓരോ ബിയർ കഴിക്കാം മാഷേ…! എല്ലാരിൽ നിന്നും വിത്യസ്തമായിരിക്കണം നമ്മുടെ ആദ്യരാത്രി..”

ഒടുവിൽ ആ ഭദ്രകാളിയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു..അത് മാത്രമല്ല ഭാര്യയുടെ സമ്മതത്തോടെ പതിവ് പോലെ ബിയറിന്റെ കൂടെ ഒരെണ്ണം കഴിക്കാലോ..! ഞാൻ നേരെപോയി അലമാരയുടെ ഇടയിൽ നിന്നും കുപ്പി എടുത്തു… പിന്നെ ഒരു കാത്തിരിപ്പായിരുന്നു, എല്ലാരും ഉറങ്ങുന്നത് വരെ..ഒന്നര രണ്ടു മണിയോട് കൂടി ഞാൻ പതിയെ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് ഒരു അഞ്ച് ബിയർ ഒരു ബാഗിൽ ആക്കി എടുത്തു..പിന്നെ ഫ്രീസറിൽ നിന്ന് ഒരു ഫുൾ കോഴിയെ കൂടി പൊക്കി.. കുറച്ച് മുളക് പൊടിയും ഉപ്പും മഞ്ഞപൊടിയും അടിച്ചു മാറ്റി..

മുൻ വശത്തെ വാതിൽ തുറന്നിട്ടിട്ടാണ് ഞാൻ അവളെ വിളിക്കാൻ മുറിയിലേക്ക് ചെന്നത്..ഉടുത്തിരുന്ന മുണ്ട് മാറ്റി ഒരു ട്രൗസർ എടുത്തിട്ടു ഞാൻ..പതിയെ സുരഭിയുടെ കയ്യും പിടിച്ച് ഞങ്ങള് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.. അച്ഛന്റെ ഇഷ്ട വാഹനമായ ബുള്ളറ്റിൽ ആണ് നോട്ടം..ഞാൻ കയറി ഇരുന്ന് അവളെ കൊണ്ട് വണ്ടി തള്ളിച്ചൂ.. സ്റ്റാർട്ട് ആക്കിയാൽ എല്ലാം കഴിഞ്ഞു..വീടിന് കുറച്ച് ദൂരം അകലെ ചെന്നപ്പോ ആ ഭദ്രകാളിയോട് കയറാൻ പറഞ്ഞു..

അവിടുന്ന് പിന്നെ ഒറ്റ പോക്കായിരുന്നൂ, വീടിന് പുറകു വശത്തുള്ള മല മുകളിലേക്ക്.. ഡിസംബർ മാസത്തെ കിടുക്കാച്ചി തണുപ്പത്ത് അതിന്റെ മുകളിൽ പോവാൻ കിടു ആണ്… ബിയറു കുപ്പി പൊട്ടാതെ പിടിക്കാൻ കൊടുത്തത് അവളുടെ കയ്യിലാണ്..

അവിടെ ചെന്ന് ഇറങ്ങിയപ്പോ വല്ലാത്തൊരു ഫീൽ ആയിരുന്നു..കുന്നിന്റെ മുകളിൽ നിന്ന് ടൗൺ മുഴുവൻ തിളങ്ങി നിൽക്കുന്നത് കാണാം..

അവളാണെങ്കി എന്റെ കയ്യിൽ ഇറുക്കി പിടിച്ചിട്ടുണ്ട്.. ഞാൻ പോയി കുറച്ച് ചുള്ളി കമ്പും തീ കത്തിക്കാൻ ഉള്ള സാധനങ്ങളൊക്കെ സംഘടിപ്പിച്ചു.. അതെല്ലാം കൂട്ടി വെച്ച് അവള് തന്നെയാണ് തീ കത്തിച്ചത്..കുറച്ച് നേരം അവിടെ ഇരുന്ന് സുരഭി തീ കാഞ്ഞു.. പിന്നെ ഞാൻ കോഴിയെ മുളകും ഉപ്പും എല്ലാം പുരട്ടി ശരിയാക്കി വെച്ചു..എന്നിട്ട് തീ ഇട്ടതിന്റെ അപ്പുറവും ഇപ്പുറവും രണ്ടു കമ്പികൾ കുത്തി വെച്ച് കോഴിയെ ചുടാനുള്ള എല്ലാം സെറ്റപ്പ് ചെയ്തു..

അതിനിടക്ക് അവളെന്നെ ഒന്ന് നോക്കിയിട്ട് ചോദിച്ചു, “എന്താ ജിഷ്ണു ചേട്ടാ റൊമാൻസ് വരുന്നുണ്ടോ…?” അയ്യോ ഇല്ലെന്‍റെ സുരഭിയേ..; നീ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോ ഉള്ളിൽ നിന്നോട് ദേഷ്യം തോന്നി…ഇപ്പൊ എന്തോ എന്റെ ഇഷ്ടങ്ങൾ ഞാൻ പറയാതെ തന്നെ നീ….!

കറക്ക്‌ കോഴി ശരിയായപ്പോ ഞാൻ പോയി എന്റെ കുപ്പിയും അവൾക്കുള്ള ബിയറും എടുത്തു.. പെട്ടന്ന് അവള് എന്റെ കയ്യിലെ കുപ്പി വാങ്ങി ആ കൊക്കയിലേക്ക് എറിഞ്ഞു കളഞ്ഞു..എന്നിട്ട് പറഞ്ഞു, “അതെ മാഷേ ഞാൻ പറഞ്ഞത് ബിയർ കഴിക്കാം എന്നാ, അല്ലാതെ ഇതല്ല.. ഇപ്പൊ എന്നല്ല ഇനി ഒരിക്കലും ജിഷ്ണു ചേട്ടൻ ആ സാധനം തൊട്ടു പോകരുത്, കേട്ടല്ലോ…അങ്ങനെ ഉണ്ടായാൽ ഞാൻ ഇവിടെ വന്നു ചാടി ചാവും..”

ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഒരു നിമിഷം അന്തം വിട്ടിരുന്നു പോയി..ഒരു കഷ്ണം ചിക്കൻ എടുത്ത് കഴിച്ചിട്ട് അവള് പറഞ്ഞു, “ഹൊ ഉപ്പും മുളകും കറക്റ്റ് ആണല്ലോ ജിഷ്ണു ചേട്ടാ..” എനിക്ക് ചിരിയാണ് വന്നത്.. അവളുടെ ബിയറു കൂടി കണ്ടാൽ അറിയാം ജീവിതത്തിൽ ആദ്യമാണെന്ന്… മണുമണാന്ന് ഞാൻ രണ്ടു കുപ്പി തീർത്തു.. കഷ്ടിച്ച് അവളും ഒരെണ്ണം തീർത്തു..

പിന്നെ എന്റെ കഴുത്തിന് കുത്തിപിടിച്ച് ഓരോ ഉപദേശം ആയിരുന്നു..കുറച്ച് ഫിറ്റായത് കൊണ്ട് ആ ദുഷ്ടത്തി ബാക്കിയുള്ള ബിയർ കൊക്കയുടെ ആഴത്തിലേക്ക് യാത്രയാക്കി… കുറച്ച് കെട്ടിറങ്ങിയപ്പോ കുന്നിന്മുകളിലെ പുൽമെത്തയിൽ എന്റെ നെഞ്ചില് തല വെച്ച് കിടന്നുകൊണ്ട് അവള് പറഞ്ഞു, ” ജിഷ്ണു ചേട്ടോ…!”

ന്താ സുരഭി കുട്ടീ..; ” ഇനി നിങ്ങള് കുടിക്കണ്ട..എനിക്ക് ഇഷ്ടല്ല, അന്ന് ഫോണിൽ കൂടി എന്നോട് എന്നും കഴിക്കും എന്ന് പറഞ്ഞപ്പോ എനിക്ക് എന്ത് സങ്കടായെന്ന് അറിയോ..; കല്യാണം കഴിയാൻ കാത്തിരിക്കായിരുന്നു ഇങ്ങളെ ശരിയാക്കി എടുക്കാൻ..”

അയ്യോ എന്റെ സുരഭീ അതിനു ഞാനിനി എന്നും കഴിക്കില്ല പോരെ..! “അയ്യട മോനെ എന്നും എന്നല്ല, ഇനി കൈകൊണ്ട് തൊട്ടു പോവരുത്..അങ്ങനെ കഴിക്കണം എന്ന് തോന്നിയാൽ ജിഷ്ണു ചേട്ടന് ഞാൻ കമ്പനി തരാം, എന്താ പോരെ..പക്ഷേ ബിയറു മാത്രം..l അതും വർഷത്തിൽ ഒരിക്കൽ മാത്രം.. ”

അതെന്താ ഇൗ വർഷത്തിൽ ഒരിക്കൽ…? “ജിഷ്ണു ചേട്ടാ എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഇൗ ഒരു രാത്രിയിലെ നിമിഷങ്ങൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി..വർഷത്തിൽ ഒരിക്കൽ എന്ന് ഞാൻ പറഞ്ഞത്, അടുത്ത കൊല്ലം ഇതേ ദിവസം ഇതേ സ്ഥലത്ത് ഇൗ ആകാശത്തിനു കീഴെ ഇതേ പോലെ നമുക്ക് നമ്മുടെ വിവാഹ വാർഷികം ആഘോഷിക്കണം.. അന്ന് വേണമെങ്കിൽ മോൻ ഒരു ബിയർ കഴിച്ചോ..”

ഡീ സുരഭീ ഇത്രയും നാളും ജീവിതത്തിൽ എല്ലാം തുറന്നു പറയാൻ എനിക്ക് ആരുമില്ലായിരുന്നു.. മുമ്പൊക്കെ എന്റെ സത്യസന്ധത കാണിക്കാൻ വേണ്ടി തന്നെയാ നിന്നോട് എന്റെ നല്ല വശവും മോശം വശവും തുറന്നു പറഞ്ഞത്…ഇപ്പൊ എനിക്ക് തോന്നുന്നു, എല്ലാം തുറന്നു പറയാൻ ഒരാളുണ്ടെങ്കി മനസ്സിൽ സന്തോഷം മാത്രമേ ഉണ്ടാവൂ.. അതൊക്കെ കേട്ട് ആ പാവം ഭദ്രകാളി പെണ്ണ് എന്നിലേക്ക് കൂടുതൽ അടുത്തു.. ഡീ നമുക്ക് പോകണ്ടേ, ദേ സമയം നാല് കഴിഞ്ഞു..

“നിങ്ങളെന്നെ എടുത്തോണ്ട് പോവോ ജിഷ്ണു ചേട്ടാ…എനിക്ക് നടക്കാനെ വയ്യ…;” നിന്നെ എടുത്താൽ ആരാ വണ്ടി ഓടിക്കുന്നത്..? “എന്നെ തോളിൽ ഇട്ടാൽ മതി…”

അവളുടെ ആ മറുപടി എന്നെ നന്നേ ചിരിപ്പിച്ചു.. അവളെയും കൊണ്ട് മലയിറങ്ങുമ്പോ മനസ്സിൽ ഒന്ന് തീരുമാനിച്ചിരുന്നു.. “ഇൗ മലമുകളിൽ ഇനി വർഷത്തിൽ ഒരിക്കലേ വരൂ..അതും ഞങ്ങളുടെ വിവാഹ വാർഷികത്തിന്റെ അന്ന്, ഇവളെയും കൊണ്ട്, ഇതേ ബുള്ളറ്റിൽ…ഇടക്കിടക്ക് വരാറുള്ള ഇൗ മലമുകളിൽ ഇൗ രാത്രി വന്നപ്പോ ഒരു പ്രിതേക സൗന്ദര്യം..

അപ്പോഴും കുടിച്ച ബിയറിന്റെ ഹാങ് ഓവറിൽ ആണോ ഉറക്കക്ഷീണം കൊണ്ടാണോ എന്നറിയില്ല, എന്നെയും കെട്ടിപിടിച്ച് ബുള്ളറ്റിന് പുറകിൽ എന്റെ ഭദ്രകാളി എന്റെ കൂടെയുള്ള ജീവിതയാത്ര തുടങ്ങിയിരുന്നു….. രചന: ജിഷ്ണു രമേശൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters