രചന: Prajith Surendra Babu
പിഴച്ചവൾ ****
“അതേ ഞങ്ങളും ഇവിടൊക്കെ ഉള്ളവരാണെ.. ഒന്ന് മൈൻഡ് ചെയ്തേക്കണേ.. ”
” ഇനി ക്യാഷ് വല്ലതുമാണ് വേണ്ടതെങ്കിൽ പറഞ്ഞാൽ മതി ഞങ്ങള് റെഡിയാക്കി തരാം ”
പതിവ് പോലെ ഓട്ടോ സ്റ്റാൻഡിനരികിൽ എത്തിയപ്പോൾ ഉമയ്ക്ക് നേരെ കമന്റുകൾ വന്നു തുടങ്ങിയിരുന്നു. ആർക്കും മുഖം കൊടുക്കാതെ അടക്കം പറച്ചിലുകൾക്കും കളിയാക്കി ചിരികൾക്കുമിടയിലൂടെ തല കുമ്പിട്ടു കൊണ്ടവൾ പതിയെ നടന്നു നീങ്ങി. ആ മിഴികൾ തുളുമ്പിയത് ആരെയും കാട്ടാതെ….
” ഇതേതാ ചേട്ടാ ഈ കൊച്ച് ഇവിടുള്ളതാണോ. . എന്തിനാ.. എല്ലാരും കൂടി അതിന്റെ പിന്നാലെ.. ”
ചായ കുടിച്ചിരുന്ന ഒരുവൻ സംശയത്തോടെ നോക്കുമ്പോൾ ചായക്കടക്കാരൻ വറീത് ഉത്സാഹത്തോടെ അയാൾക്കരികിലേക്ക് ചെന്നിരുന്നു.
” ഇങ്ങള് വരുത്തനാ അല്ലെ.. നിങ്ങടെ ഫോണിൽ ഈ തുണ്ട് പടങ്ങൾ ഒന്നും വരാറില്ലേ.. ഇവളിപ്പോ ഇവിടുത്തെ താരമല്ലേ ”
അയാൾ ഉറക്കെ ചിരിക്കുമ്പോൾ കടയിൽ ഇരുന്ന മറ്റുള്ളവരും ഒപ്പം കൂടി.
” എന്താ ചേട്ടാ കാര്യം ഒന്ന് വ്യക്തമായി പറയ് ”
ചോദ്യം ചോദിച്ചവന് വീണ്ടും ആകാംഷയേറിയപ്പോൾ വറീത് ചിരി നിർത്തി
” ഈ പെണ്ണ് ഇവിടെ അടുത്ത ആ റയിൽവേ ക്രോസിനപ്പുറത്തെ ശങ്കരന്റെ മോളാ.. സിറ്റിയിലെ കോളേജിൽ പഠിക്കുവാ.. വല്യ മര്യാദക്കാരിയാ.. റോഡിലൂടെ പോയാൽ ഒരാളുടെ മുഖത്തു നോക്കില്ല. പക്ഷെ ഒരു ഇഷ്ടക്കാരൻ ഉണ്ടാരുന്നു. അവന്റൊപ്പം കൂടി ഒരു ദിവസം രാവിലെ പിള്ളേരൊക്ക വരുന്നെനു മുന്നേ ക്ലാസ്സിൽ ചെന്നിരുന്ന് ഏതാണ്ടൊക്കെയോ കാട്ടിക്കൂട്ടി.. ആ ചെക്കനാണെൽ അതൊക്കെ അവന്റെ ഫോണിൽ പിടിച്ചാരുന്നു.. ആ വീഡിയോ ഇപ്പോ എങ്ങിനെയോ നാട്ടിൽ പാട്ടായി.. അതോടെ കൊച്ച് കേറി അങ്ങ് ഫേമസും ആയി.”
പറഞ്ഞവസാനിപ്പിക്കുമ്പോൾ ഒരു വഷളൻ ചിരി അയാളുടെ ചുണ്ടിൽ വിടർന്നിരുന്നു.
“ഞങ്ങളൊക്കെ കണ്ടു കേട്ടോ.. കൊച്ച് ഒട്ടും മോശക്കാരിയല്ല കാര്യങ്ങളൊക്കെ നല്ലോണം അറിയാം ”
ചായ കുടിച്ചിരുന്ന മറ്റൊരാളുടെ ദ്വയാർത്ഥത്തിലുള്ള കമന്റ് കേട്ട് അവിടെ കൂട്ടച്ചിരി പടർന്നു. ആ സമയം ഉമ കവല കഴിഞ്ഞു പോയിരുന്നു.
ഒക്കെയും കേട്ട് രോഷം കടിച്ചമർത്തി കടയിൽ മറ്റൊരാൾ കൂടി ഇരുന്നിരുന്നു. ഉമയെ ഉൾപ്പെടെ നാട്ടിലെ പലരെയും ഹൈസ്കൂളിൽ പഠിപ്പിച്ച മാധവൻ മാഷ്. വല്ലാത്ത അസ്വസ്തയോടെ പാതി കുടിച്ച ചായ ഗ്ലാസ് ടേബിളിലേക്ക് വച്ച് അയാൾ എഴുന്നേറ്റു. അത് കണ്ടിട്ട് വറീതിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നു
” എന്താ മാഷേ.. ചായ കൊള്ളില്ലേ.. മുഴുവൻ കുടിച്ചില്ലല്ലോ ”
സംശയത്തോടെ അയാൾ നോക്കുമ്പോൾ ചെറു പുഞ്ചിരിയോടെ പതിയെ മുന്നിലേക്കിറങ്ങി മാധവൻ.
” ഇനി ഇറങ്ങില്ല വറീതിക്കാ നിങ്ങളെയൊക്കെ സംസാരവും ആ പോയ പെങ്കൊച്ചിന്റെ വിഷമിച്ച മുഖവുമൊക്കെ കാണേം കേൾക്കേം ചെയ്തപ്പോ വയറു നിറഞ്ഞു. ”
ചായയുടെ കാശ് ടേബിളിലേക്ക് വച്ച് പതിയെ പുറത്തേക്ക് ഇറങ്ങി മാധവൻ.
” എന്റെ മാഷേ നിങ്ങടെ സംസാരം കേട്ടാൽ തോന്നും ഞങ്ങളെന്തോ ആ കൊച്ചിനെ പറ്റി ഇല്ലാ കഥ പറയുവാ ന്ന്.. പറഞ്ഞതൊക്കെയും നടന്ന സംഭവങ്ങളല്ലേ.. അതാണേൽ ഈ നാട്ടുകാരൊക്കെയും കാണുകേം ചെയ്തു ”
പുശ്ചത്തോടുള്ള മറുപടി കേട്ട് പതിയെ തിരിഞ്ഞു മാധവൻ
” ഇങ്ങൾക്കും ഒരു പെൺകൊച്ചല്ലേ വറീതിക്കാ … അതിനാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിലോ.. ഇതുപോലെ സംസാരിക്കുവാൻ കഴിയോ നിങ്ങൾക്ക് ”
ആ ചോദ്യം കേട്ട് അയാൾ ഒന്ന് പരുങ്ങിയപ്പോൾ തുടർന്നു മാധവൻ
” അവളൊരുത്തനെ ഇഷ്ടപ്പെട്ടു ആ ഇഷ്ടത്തിന്റെ പുറത്ത് ഒരു തെറ്റ് ചെയ്തു.. അത് സത്യമാണ് പക്ഷെ അവൻ ഇവളെ ചതിച്ചതാണെന്നും കാര്യം പുറം ലോകം അറിഞ്ഞു തുടങ്ങിയപ്പോൾ തന്നെ വീട്ടുകാര് അവനെ ദുബായ്ക്ക് കെട്ടു കെട്ടിച്ചെന്നുമെല്ലാം നിങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ.. പിന്നെന്തിനാണ് ആ പാവത്തിനെ കാണുമ്പോൾ ഇങ്ങനെ കുത്തുവാക്കുകൾ പറയുന്നത്.. ഒരു തെറ്റൊക്കെ പറ്റാത്തതായി ആരേലും ഉണ്ടോ ഈ ഭൂമിയിൽ…. ”
” എന്റെ മാഷേ.. എന്താ ഒരു സിമ്പതി.. ഇനി നിങ്ങൾക്കും ഉണ്ടോ ആ ബാങ്കിൽ അക്കൗണ്ട്.”
ഒക്കെയും കേട്ട് നിന്ന ഓട്ടോക്കാരിൽ ഒരുവൻ കമന്റടിച്ചപ്പോൾ വീണ്ടും കൂട്ടച്ചിരി മുഴങ്ങി. അവനുള്ള മറുപടി പറയുവാൻ പല്ലിറുമ്മിക്കൊണ്ട് മാധവൻ തിരിഞ്ഞപ്പോഴേക്കും അടുത്തുള്ള പാളത്തിൽ കൂടി ഒരു ട്രെയിൻ കടന്നു കടന്നു പോകുന്ന ഒച്ച അവിടെ മുഴങ്ങി കേട്ടു.അല്പസമയം നീണ്ടു നിന്ന ആ മുഴക്കം അവസാനിക്കുമ്പോൾ അകലെ നിന്നും നാട്ടുകാരിൽ ഒരുവൻ ഓടി വരുന്നുണ്ടായിരുന്നു. ഓടിക്കിതച്ചെത്തിയ അയാൾ നേരെ ചായക്കടയിലേക്കാണ് കയറിയത്.
” അ… അതേ.. ആ കൊച്ച്.. ആ.. കൊച്ച് ദേ ട്രെയിനിന്റെ മുന്നിൽ ചാടി ”
കിതപ്പിനിടയിലൂടെ അയാൾ പറഞ്ഞ ആ വാക്കുകൾ കേട്ട് എല്ലാവരും ചുറ്റും കൂടി
“ഏത് കൊച്ച്.. ഏത് കൊച്ചിന്റെ കാര്യാ താനീ പറയുന്നേ.. ”
“ആ ശങ്കരേട്ടന്റെ മോള്.. ഉമ… ദേ ഇപ്പോ ഇതിലെ പോയ കൊച്ച്.. ആള് തീർന്നു. ”
ആ വാക്കുകൾ കേട്ട് ചുറ്റും കൂടിയവർ നടുങ്ങി പോയി.
” റബ്ബേ… ആ കൊച്ചോ ”
ഞെട്ടലോടെ പിന്നിലേക്ക് ആഞ്ഞു പോയി വറീത്. മാധവനും ആ കേട്ട വാക്കുകൾ വല്ലാത്ത നടുക്കമാണ് സമ്മാനിച്ചത്..
” ദൈവമേ അത് വല്ലാത്ത ചെയ്ത്തായി പോയല്ലോ ഉള്ളതാണോ.. ആ കൊച്ച് തന്നെയാണോ …”
ചുറ്റും കൂടി നിന്നവരിൽ പലരും നടുക്കം വിട്ടുമാറാതെ മുഖാമുഖം നോക്കിയപ്പോൾ പതിയെ എഴുന്നേറ്റു വറീതിനരികിലേക്ക് ചെന്നു മാധവൻ
” ഇക്കാ.. അവള് പോയല്ലോ.. മനസമാധാനമായില്ലേ . ഇനീപ്പോ ആരെ പറ്റി കഥകൾ പറയും…. ”
ആ ചോദ്യത്തിന് മുന്നിൽ പരുങ്ങലോടെ അയാൾ മുഖം കുനിയ്ക്കുമ്പോൾ പതിയെ പുറത്തേക്കിറങ്ങി മാധവൻ ശേഷം ചുറ്റും കൂടിയവർക്ക് നേരെ തിരിഞ്ഞു.
” അവള് ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷെ ഒരു ചതി പറ്റിയതാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നല്ലോ.. കൂടെ നിന്നില്ലേലും ഇങ്ങനെ കുത്തുവാക്കുകളും കളിയാക്കലുകളുമായി പിന്നാലെ കൂടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ അവളിങ്ങനെ ചെയ്യില്ലായിരുന്നു.. അതെങ്ങനെ സ്വന്തം കുടുംബത്തിൽ ആർക്കേലും ഇങ്ങനൊരു ഗതി ഉണ്ടായാലല്ലേ പലരും പഠിക്കുള്ളു.. ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല. പാവം കുട്ടി അവളുടെ ജീവിതം പോയി.. അവളുടെ വീട്ടുകാർക്കും നഷ്ടം സംഭവിച്ചു…… നാളെ മുതൽ വേറെ ആളെ നോക്കിക്കോളൂ… അവളെ പറ്റി ഇനി കുറ്റം പറയാൻ പറ്റില്ലാലോ “..
കുറ്റബോധത്താൽ എല്ലാവരും നിശബ്ദരാകവേ പതിയെ പുറത്തേക്ക് നടന്നു മാധവൻ….. അകലെ റെയിൽവേ ട്രാക്കിൽ അപ്പോൾ ചിതറി കിടക്കുകയായിരുന്നു ഉമയെന്ന പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ…
രചന: Prajith Surendra Babu