രചന: നൗഷാദ് ചേലേരി
“ഇറങ്ങി എവിടേക്കെങ്കിലും പോയ്ക്കോളണം” തന്നെ നോക്കി വഴക്ക് പറയുന്ന ഭർത്താവിന്റെ അമ്മയുടെ രൗദ്രഭാവം കണ്ട് ഒരു നിമിഷം പരിഭ്രമിച്ചെങ്കിലും ധൈര്യം സംഭരിച്ചു കൊണ്ട് ഇളയ മകന്റെ ഭാര്യയായ സീന പറഞ്ഞു. “അമ്മ എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നത്. ഞങ്ങൾ ചിലവിന് എണ്ണി തന്നിട്ട് തന്നെയാ ഇവിടെ ജീവിക്കുന്നത്.ചുമ്മാ തിന്നുന്നൊന്നുമി ല്ലല്ലോ? എന്റെ വീട്ടിൽ പട്ടിണി ആയത് കൊണ്ടൊന്നുമല്ല ഇവിടെ താമസിക്കുന്നത്.നാട്ട് നടപ്പ് അതായതോണ്ട് മാത്രമാ…..
സീനയുടെ മറുപടി കേട്ട് ആലീസിന് കലി കയറി.എന്നോട് തർക്കുത്തരം പറയാൻ വരുന്നോടീ? ‘പതിവ് പോലെ സീനയോട് തട്ടിക്കയറുന്ന ആലീസിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയൽക്കാരിയും ആലീസിന്റെ കൂട്ടുകാരിയുമായ മോളി വീട്ടിലേക്ക് കടന്നു വന്നത്.കരഞ്ഞുകൊണ്ടിരിക്കുന്ന സീനയുടെ മുമ്പിൽ വെച്ച് തന്നെ ഒരു കരുണയുമില്ലാതെ ആലീസ് അവളുടെ കുറ്റങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി. “ഒരു പണിയും എടുക്കൂല അസത്ത്,അഞ്ച് പൈസയുടെ ഉപകാരമില്ലെന്ന് മാത്രമല്ല ഒരു ജോലിയാണെങ്കിൽ അതുമില്ല. എന്റെ മോന്റെ വിധി, അല്ലാതെന്ത് പറയാനാ’?എത്ര നല്ല ആലോചന വന്നതാ. അവളെ മാത്രം എനിക്ക് മതി എന്നായിരുന്നല്ലോ അവന്റെ തീരുമാനം……
നിന്റെ കുറ്റം പറച്ചില് തീർന്നോ ആലീസെ? എന്താ അവൾക്കൊരു കുഴപ്പം. വിദ്യാഭ്യാസമില്ലേ, മൂത്തയാളെക്കാളും സൗന്ദര്യമില്ലേ? നീ എങ്ങനെയാ ജീവിച്ചതെന്ന കാര്യം ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ ആ പെണ്ണിനെ ഇങ്ങനെ ഉപദ്രവിക്കില്ലായിരുന്നു.നിന്റെ കെട്ടിയോൻ മീശയും വച്ച് നടക്കുന്നു എന്നല്ലാതെ ആണിന്റെ വല്ല ഗുണവും അങ്ങേർക്കുണ്ടോ? നിന്റെ മുമ്പിൽ വെറും എലിയല്ലേ അങ്ങേര്. അല്ലെങ്കിൽ ആ പെണ്ണിനെ ഉപദ്രവിക്കരുതെന്ന് ഒരു വാക്ക് അങ്ങേർക്ക് നിന്നോട് പറഞ്ഞൂടെ.ആലീസിനോട് കർക്കശമായി തന്നെ മോളി പറഞ്ഞു.തനിക്കെതിരെയുള്ള മോളിയുടെ സംസാരം കേട്ട് ഒന്നും പ്രതികരിക്കാതെ ആലീസിന്റെ ഭർത്താവായ പാപ്പച്ചൻ ചേട്ടൻ അകലേക്ക് നോക്കി നിന്നു.
ആലീസിന് രണ്ട് ആൺമക്കളാണ്. മൂത്തയാളുടെ ഭാര്യ അൽപ്പം സാമ്പത്തികം ഉള്ള വീട്ടിൽ നിന്നായത് കൊണ്ടും സർക്കാർ ജോലിയുള്ളത് കൊണ്ടും അവളോട് മാത്രമാണ് ആലീസിന് താല്പര്യം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇളയവന്റെ ഭാര്യയായ സീനയെ കുറ്റം പറയാനും വേദനിപ്പിക്കാനും മാത്രമാണ് ആലീസിന് താല്പര്യം. മൂത്തയാൾക്ക് കുറച്ച് നിറം കുറഞ്ഞാലെന്താ? അവൾക്ക് ഒന്നാം നമ്പറ് സർക്കാർ ജോലിയുണ്ട്.വണ്ടി സൗകര്യമില്ലാത്ത ഈ സ്ഥലത്തു നീന്നും എല്ലായിടത്തും പോകാൻ പറ്റുന്നത് അവർക്ക് കാർ ഉള്ളത് കൊണ്ടല്ലേ.അല്ലെങ്കിൽ ഈ സ്ഥലത്ത് നീന്ന് എവിടെയെങ്കിലും പോകാൻ പറ്റുമോ?അതൊക്കെയല്ലേ ഇക്കാലത്ത് വേണ്ടത്.ആലീസിന്റെ വാക്കുകൾ കേട്ട് മോളിക്ക് ദേഷ്യവും അതോടൊപ്പം അരിശവും വന്നു.പക്ഷെ മോളി ഒന്നും പുറത്ത് കാണിച്ചില്ല. ‘ഒരൽപ്പം ദൈവബോധം വേണമെടീ’മോളി മനസിൽ പറഞ്ഞു. ആലിസ് ദരിദ്രമായ കുടുംബത്തിൽ ജനിച്ചവളാണ്. കല്ല് ചെത്ത് തൊഴിലാളിയായ പാപ്പച്ചൻ ഒരു ഭംഗിയും കോലവുമില്ലാത്ത ആലീസിനെ പണി സ്ഥലത്ത് നിന്ന് കണ്ട് ക്രമേണ ആ പരിചയം വളർന്ന് വിവാഹത്തിലെത്തുകയാണുണ്ടായത്. വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെയാണ് പാപ്പച്ചൻ ആലീസിനെ കെട്ടിയത്.പാപ്പച്ചൻ ചേട്ടന്റെ വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് വലിയ ഒരു വീട് പണിതു. ആ വീട്ടിൽ എത്തിയത് മുതൽ തന്റെ കഴിഞ്ഞ കാലം മറന്ന് ആലീസ് ആളാകെ മാറി.അഹങ്കാരം തലക്ക് പിടിച്ച ആലീസിന് എല്ലാവരോടും പുച്ഛവും കുറച്ച് സാമ്പത്തികം ഉള്ളവരോട് വല്ലാത്ത വിധേയത്വവും തോന്നിത്തുടങ്ങി.
ഒരു ദിവസം സീനയോട് വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നതിനിടെ അമ്മയാണെന്ന കാര്യം മറന്ന് ഇളയമകൻ ആലീസിനെ നന്നായി വഴക്ക് പറഞ്ഞു. ഒരിക്കലും ആ ലീസ് ഇത് പ്രതീക്ഷിച്ചതല്ല.എത്ര തന്നെ പ്രശ്നങ്ങൾ ഉണ്ടായാലും അമ്മയല്ലേ എന്നോർത്തു പലപ്പോഴും മിണ്ടാതിരിക്കാറുള്ള ഇളയ മകന്റെ പെരു മാറ്റം കണ്ട് അന്നാദ്യമായി ആലീസ് കരഞ്ഞു. “എന്റെ മൂത്ത മോൻ ഇത്രയും കാലമായിട്ടും ഇങ്ങനെ എന്നോട് പെരുമാറിയിട്ടില്ല. ഗദ്ഗദത്തോടെ മോളിയോട് ഇക്കാര്യം പറയുമ്പോൾ ആലീസിന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. മൂത്ത മോനെയും ഭാര്യയെയും എപ്പോഴും സുഖിപ്പിച്ചും തൊഴുതും നടന്നാൽ അവൻ അങ്ങനെ പെരുമാറില്ലല്ലോ,ഗതികെട്ടത് കൊണ്ടല്ലേ ഇളയവൻ ദേഷ്യം പിടിച്ചത്.അവനെ എനിക്ക് നന്നായറിയാം. സഹികെട്ടാല ല്ലാതെ അവൻ ഇത്രയും ദേഷ്യം പിടിക്കില്ല.നീ കരയുകയൊന്നും വേണ്ട. നിനക്കിത് കിട്ടേണ്ടത് തന്നെയാണ്. കർത്താവ് കാണുന്നുണ്ട് എന്നുള്ള ബോധം നിനക്ക് എപ്പോഴെങ്കിലും തോന്നിയിരുന്നെങ്കിൽ ആ പാവം പെണ്ണിനോട് നീ ഇങ്ങനെ നിരന്തരം ക്രൂരത ചെയ്യില്ലായിരുന്നു. മോളിയുടെ വാക്കുകൾ കേട്ട് ആലിസിന് കടുത്ത ദേഷ്യം തോന്നിയെങ്കിലും എന്തെങ്കിലുമൊക്കെ മനസ് തുറന്ന് സംസാരിക്കാറുള്ളത് മോളി ആയതിനാൽ ആലിസ് ഒന്നും പറഞ്ഞില്ല.
പലപ്പോഴും ക്രൂരമായ പെരുമാറ്റം ആവർത്തിച്ചപ്പോൾ ഇളയ മകനും ഭാര്യയും ആ വീട്ടിൽ നിന്നും മാറിത്താമസിക്കാൻ തീരുമാനിച്ചു.
യാത്ര പറഞ്ഞ് പോകുന്ന സീനയുടെ കൈപിടിച്ച് കള്ളക്കരച്ചിൽ കരയുന്ന അമ്മയെ നോക്കി ഇളയ മകൻ മനസിൽ പറഞ്ഞു.’ഈ തള്ളക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കൊടുക്കണം ‘ആ പാവത്തിനെ കർത്താവ് പൊറുക്കാത്ത രീതിയിൽ ദ്രോഹിച്ച അമ്മ തന്നെയാണോ’ ഇതെന്ന് ഒരു നിമിഷം അവൻ സംശയിച്ചു.
മറ്റൊരു വീട്ടിലേക്കു താമസം മാറി ഇളയ മകനും ഭാര്യയും പോയതോടെ എന്നും സീനയെ വഴക്ക് പറഞ്ഞ് ശീലിച്ച ആലിസിന് എന്തോ ഒരു ശൂന്യത അനുഭവപ്പെടാൻ തുടങ്ങി.ആരുടെയും മേൽ മേധാവിത്തം നടത്താൻ സാധിക്കാത്തതിന്റെ പ്രയാസം ശരിക്കും തോന്നിത്തുടങ്ങി.
എന്ത് തെറ്റ് ചെയ്താലും മൂത്ത മകന്റെ ഭാര്യയോട് ഒരക്ഷരം മിണ്ടാനുള്ള ധൈര്യം ആലീസിന് ഇല്ലായിരുന്നു.അവളോട് ഒരക്ഷരം മിണ്ടിയാൽ ഒരൊറ്റ വാക്കിൽ അവൾ ആലീസിനെ അടക്കും.അത്ര മാത്രം മേധാശക്തി അവൾക്കുണ്ട്.അത് നന്നായി മൂത്ത മകന്റെ ഭാര്യക്ക് അറിയുകയും ചെയ്യാം. എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ മൂത്ത മകനെയും ഭാര്യയെയും തൊഴുത് നിന്നാലേ നടക്കൂ എന്ന് അറിയാമെന്നതിനാൽ എല്ലായ്പ്പോഴും ക്ഷമയോടെ മുന്നോട്ട് പോകാൻ ആലീസ് ശ്രദ്ധിച്ചു.പലപ്പോഴും ഇത് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും തന്റെ നിലനിൽപ്പോർത്ത് ആലീസ് എല്ലാം സഹിച്ചു. ആരോടും കരുണ കാട്ടിയിട്ടൊന്നും വലിയ കാര്യമില്ല, കാര്യം നേടാൻ ആവശ്യമുള്ളിടത്ത് തൊഴുത് നിൽക്കൽ തന്നെയാണ് പോം വഴി എന്നതായിരുന്നു ആലീസിന്റെ നിലപാട്.സീരിയലിൽ കാണുന്ന പല കഥാ പാത്രങ്ങളുടെയും രീതികൾ പലപ്പോഴും ആലീസ് ഓർത്തു. പണത്തിന് വേണ്ടി അഭിനയിക്കുന്നതാണ് അതൊക്കെയെന്നുള്ള ബോധമൊന്നും ആലീസിനുണ്ടായില്ല.വൈകുന്നേരമായൽ സീരിയൽ കാണുക എന്നതല്ലാത്ത ഒര ജണ്ടയും ആലീസിനുണ്ടായിരുന്നില്ല. പ്രാർത്ഥനാ പടത്തിൽ ഇരിക്കവെ ഇളയ മകനെയും കുഞ്ഞുങ്ങളെയും ഒന്ന് കാണണം എന്ന ചിന്ത ഒരു ദിവസം ആലീസിന്റെ മനസിലേക്ക് കടന്ന് വന്നു.. കുഞ്ഞുങ്ങളെ ഒന്ന് കാണുകയും ചെയ്യാം മോനും ഭാര്യയും പിണങ്ങി പോയതല്ല എന്ന് അയൽക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യാമല്ലോ എന്ന് കരുതി കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങി പത്രാസ് കാണിക്കാൻ മൂത്ത മകന്റെ കാറിൽ ഇളയ മകനും കുടുംബവും താമസിക്കുന്ന വീട്ടിലേക്കു പോയി. സീന കഴിഞ്ഞതൊന്നും ഓർക്കാതെ ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് ആലിസിനെ സ്വീകരിച്ചു. അമ്മയുടെ മനസ് മാറി എന്ന് ആ പാവം തെറ്റിദ്ധരിച്ചു.പക്ഷെ എല്ലാം അമ്മയുടെ നാടകമാണെന്ന് ഇളയ മകന് നല്ല ധാരണയുണ്ടായിരുന്നു.സീനയുടെ ഹൃദ്യമായ പെരുമാറ്റവും കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ കളികളും കണ്ടപ്പോൾ ദുഷ്ടത മാത്രം കാലങ്ങളായി മനസിൽ കൊണ്ട് നടക്കുന്ന ആലിസിന്റെ മനസ് ഒരു നിമിഷം തന്റെ ചെയ്തികളെയോർത്ത് ദു:ഖിച്ചു.തിരിച്ചു വീട്ടിലേക്കു വരുമ്പോൾ അതായിരിന്നു ആലീസിന്റെ പ്രധാന ചിന്ത.
മൂത്ത മോനെയും ഭാര്യയെയും സുഖിപ്പിച്ചില്ലെങ്കിൽ തനിക്ക് പത്രാസ് കാണിച്ച് നടക്കാനാവില്ല എന്നോർത്തപ്പോൾ അത്തരം ചിന്തകളൊക്കെ ആലീസിന്റെ മനസിൽ നിന്ന് നിമിഷ നേരം കൊണ്ട് മാഞ്ഞുപോയി. സഹതാപം കൊണ്ടൊന്നും ഇക്കാലത്ത് കാര്യമില്ല. കാര്യങ്ങൾ ഭംഗിയായി നടക്കാൻ നാല് പുത്തനുള്ളവരെ സുഖിപ്പിച്ചു ജീവിക്കുക, അത്ര തന്നെ. അല്ലെങ്കിൽ ഇക്കാലത്ത് നയാ പൈസയില്ലാത്തവരോട് സ്നേഹം കാണിച്ചിട്ട് എന്ത് കാര്യം? സമ്മിശ്ര വികാരങ്ങൾ ആലീസിന്റെ മനസിനെ മദിച്ചു.അത് കുറേ സമയം മനസിനെ അലട്ടാൻ തുടങ്ങി. പ്രാർത്ഥനയൊക്കെ കഴിഞ്ഞ് ചിന്തയിലാണ്ടിരിക്കുമ്പോൾ നി സഹായയായ തന്റെ മകന്റെ ഭാര്യയോട് താൻ പെരുമാറിയതോർത്ത് ആലീസിന്റെ മനസിലേക്ക് ചെറിയ വേദന കടന്ന് വന്നു.മൂത്ത മകന്റെ മകനെ തീറ്റിക്കാനും കളിപ്പിക്കാനും മുതിരാറുള്ള തനിക്ക് സീനയോടുള്ള ദേഷ്യം കാരണം തന്റെ പേരമക്കളെ ഒന്നെടുത്ത് കൊഞ്ചിക്കാൻ പോലും പലപ്പോഴും തോന്നിയില്ലല്ലോ എന്നോർത്തപ്പോൾ ഒരിറ്റ് കണ്ണീർ ആലീസിന്റെ കണ്ണിൽ നിന്നും പ്രാർത്ഥനാ പടത്തിലേക്ക് ഉതിർന്നു വീണു.കുറ്റബോധം കൊണ്ട് അവരുടെ മനസ് ഒരു നിമിഷം വിങ്ങിപ്പൊട്ടി.’കർത്താവേ എന്നോട് പൊറുക്കേണമേ ‘എന്ന് കാലങ്ങൾക്ക് ശേഷം അവരുടെ മനസ് ആത്മാർത്ഥമായി മന്ത്രിച്ചു.
ഏത് നിമിഷവും അവസാനിക്കാവുന്ന ഈ ജീവിതത്തിൽ തന്റെ ക്രൂ-രമായ പെരുമാറ്റം കൊണ്ട് നഷ്ടമല്ലാതെ മറ്റെന്താണ് ഉണ്ടായതെന്ന ചിന്ത ആലീസിന്റെ മനസിലേക്ക് കടന്ന് വന്നപ്പോൾ അത് വരെയില്ലാത്ത ചില തിരിച്ചറിവുകളുടെ നിമിഷം കൂടിയായി അത് മാറി.അത് ഒരു മാറ്റത്തിനുള്ള തുടക്കമായിരുന്നു. പിശാചിന്റെ പ്രതലത്തിൽ നീന്നും നിന്നും മാലാഖയുടെ വിധാനത്തിലേക്ക് ഉയരാനുള്ള തുടക്കം.
ശുഭം
രചന: നൗഷാദ് ചേലേരി