രചന: Vinodhini Vinayan
വിനയചന്ദ്രൻ എന്ന കോളേജ് അധ്യാപകൻ….
“വിനയചന്ദ്രൻ… പേര് കേട്ടാൽ അറിയാം.. വല്ല സ്കൂൾ മാഷും ആയിരിക്കും..”
അനിയത്തിയുടെ വക കമെന്റ് വന്നു.
“എടീ.. പെണ്ണെ നീ മിണ്ടാതിരിക്കുന്നുണ്ടോ.. കല്യാണം നിനക്കല്ല.. നിന്റെ ചേച്ചിക്കാ… ”
അമ്മ അവളെ കടുപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു..
“അല്ല രമണിയേച്ചി… ചെക്കനെന്താ ജോലി..”
അമ്മ ബ്രോക്കർ രമണിയേച്ചിയോട് ചോദിച്ചു..
“കോളേജ് മാഷാണ്..”
രമണിയേച്ചി പറഞ്ഞതും അനിയത്തി അടക്കി ചിരിച്ചു.. അമ്മ അവളെ വീണ്ടും തുറിച്ചു നോക്കി..
“ഒറ്റ മോനാ.. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാ.. ഈ അമ്മയാ അവനെ പഠിപ്പിച്ചതും വളർത്തിയത്തുമെല്ലാം.. ”
“ചെക്കന് എത്ര വയസ്സുണ്ട്..”
“30.. ”
“മുപ്പതോ…എന്റെ രമണിയേച്ചി.. എന്റെ മോൾക്ക് ഈ മീനത്തിൽ 20 തികയുന്നെ ഉള്ളൂ.. ഒരു ഇരുപത്തിയെട്ട് വയസ്സ് വരെ കുഴപ്പമില്ല.. മുപ്പത് വയസ്സുള്ളോരൊന്നും നമുക്ക് വേണ്ട…”
ഞാനപ്പഴും വാതിൽ പടിക്കൽ മുഖം മറച്ചു നിൽക്കുകയായിരുന്നു..
“അല്ല വനജേ.. നിന്റെ മോൾടെ ജാ തകവുമായി നല്ല പൊരുതമുണ്ട്.. നമ്മൾ അതും കൂടി നോക്കണമല്ലോ.. 30 വയസ്സൊന്നും അത്ര കൂടുതലല്ല മോളെ.. നല്ല ജോലി നല്ല വരുമാനം.. പിന്നെ അവരേതായാലും വന്ന് കണ്ടേച്ചും പോട്ടെ… പറ്റില്ലാച്ചാൽ വേണ്ടാന്ന് പറയാലോ..”
“എന്നാലും.. പിള്ളേരുടെ അച്ഛനോട് ഒരു വാക്ക് ചോദിച്ചിട്ട്…”
“മതി.. ചോദിച്ചിട്ട് മതി… ഇത്രയും നല്ല ബന്ധമായത് കൊണ്ടാ ഞാനിത്രയും പറഞ്ഞത്.. ബാക്കി നിങ്ങള് എന്താന്ന് വെച്ചാൽ ആയിക്കോളൂ..”
അതും പറഞ്ഞ് രമണിയേച്ചി പടിയിറങ്ങി..
പിന്നെ നടന്നത് അമ്മയും അനിയത്തിയും തമ്മിലുള്ള ചർച്ചയാണ്.. മൂപ്പരുടെ വയസ്സാണ് അമ്മയുടെ പ്രശ്നം.. അനിയത്തിക്ക് പേരും… ഇതിനിടയിൽ ഇതിന്റെയെല്ലാം യഥാർത്ഥ അവകാശിയായ ഞാൻ ഒരു നോക്ക് കു ത്തിയെ പോലിരുന്നു.. എന്റെ ഇഷ്ടം ഇവിടെ ആർക്കും അറിയണ്ടേ…
വൈകിട്ട് അച്ഛൻ വന്നപ്പോൾ അമ്മ കാര്യം പറഞ്ഞു… പക്ഷെ അച്ഛന്റെ പ്രശ്നം കുടുംബമാണ്..
“നല്ല കുടുംബക്കാരച്ചാൽ വന്ന് കണ്ടിട്ട് പോട്ടെ… ന്റെ മോള് അവിടെ കിടന്ന് കഷ്ടപ്പെടരുത്.. നിക്ക് അത്രേ ഉള്ളൂ..”
അപ്പോഴാണ് ആ വീട്ടിൽ എനിക്ക് വേണ്ടി ഒരു ശബ്ദം ഉയർന്നത്.. അച്ഛൻ അങ്ങനെയാണ് എനിക്ക് വേണ്ടി എന്ത് തിരഞ്ഞെടുക്കുമ്പോഴും ഏറ്റവും നല്ലത് തന്നെ ആയിരിക്കും… പക്ഷെ അമ്മയ്ക്ക് അങ്ങനെ അല്ല..എനിക്ക് വേണ്ടി ഒരു ഡ്രസ്സ് എടുത്താൽ പോലും അമ്മയ്ക്ക് ഒരു സംതൃപ്തി ഉണ്ടാവില്ല…
അങ്ങനെ പെണ്ണ് കാണാൻ വരാൻ അച്ഛൻ സമ്മതിച്ചു..
ഒരു ഞായറാഴ്ച..
കാറിലാണ് വന്നത്.. രണ്ട് പുരുഷന്മാർ.. പിന്നെ രമണിച്ചേച്ചി..
എന്റെ ചെക്കൻ ആരെന്നു അറിയാൻ അനിയത്തിക്കായിരുന്നു തിടുക്കം..
“ഇത് വിനയ ചന്ദ്രൻ.. അത് അവന്റെ കൂട്ടുക്കാരൻ..”
ആ മുഖം കണ്ടതും അനിയത്തിയുടെ മുഖം ചുളിഞ്ഞു..
“കറുത്തതാ…”
അമ്മയ്ക്കും ആളെ അത്ര പിടിച്ചില്ല..
ജനൽ പഴുത്തിലൂടെ ഞാനൊന്ന് നോക്കി..
അത്ര കറുപ്പൊന്നുമില്ല… എനിക്ക് അങ്ങേരെ കണ്ടതും ബിജു മേനോനെയാണ് ഓർമ്മ വന്നത്…
പക്ഷെ എനിക്കും ഇഷ്ടമായില്ല.. കാരണം എനിക്ക് ബിജു മേനോനെ തീരെ ഇഷ്ടമല്ല..
പക്ഷെ അച്ഛൻ അങ്ങേരോട് കാര്യമായി സംസാരിക്കുന്നുണ്ട്…
ഒരു വിധത്തിൽ കുറച്ചു നേരം അങ്ങേരുടെ മുന്നിൽ പോയി നിന്നു..
ചായകുടിയും കഴിഞ്ഞ് അവർ മടങ്ങി..
രണ്ടീസം അച്ഛൻ അതേ കുറിച്ചൊന്നും സംസാരിച്ചില്ല..
“വനജേ… നന്മുക്കിത് ഉറപ്പിക്കാം..”
ഞങ്ങൾ മൂന്ന് പേരും ഞെട്ടി..
“എനിക്ക് ചെറുക്കനെ ഒട്ടും പിടിച്ചിട്ടില്ല.. ”
അമ്മ തുറന്നു പറഞ്ഞു..
“നിന്റെ ഇഷ്ടം ആര് ചോദിച്ചു.. മോളെ നീ പറ.. നിനക്ക് ചെക്കനെ ഇഷ്ടയോ…”
പെട്ടെന്നുള്ള അച്ഛന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു..
“അച്ഛന് ഇഷ്ട്ടായോ…”
ഞാൻ തിരിച്ചു ചോദിച്ചു..
“പിന്നല്ലാതെ… ഇതുപോലൊരു ബന്ധം നമുക്ക് സ്വപ്നത്തിൽ കിട്ടില്ല..”
അച്ഛന്റെ സന്തോഷം എന്നെ അത്ഭുതപ്പെടുത്തി…എന്റെ ജീവിതം വെച്ച് അച്ഛൻ ഒരിക്കലും കളിക്കില്ല എന്നെനിക്കറിയാം… ഞാൻ സമ്മതിച്ചു…
ദിവസങ്ങൾ കഴിഞ്ഞു… നിശ്ചയം കഴിഞ്ഞതും അമ്മയ്ക്കും എന്റെ ചെറുക്കനോട് മതിപ്പ് വന്നത് പോലെ തോന്നി.. എങ്കിലും എനിക്ക് അങ്ങേരുടെ മുഖത്ത് നോക്കാൻ കഴിഞ്ഞില്ല…
കല്യാണം കഴിഞ്ഞു…
ഇന്ന് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ ബിജു മേനോനാണ്…
കാരണം വിനയ ചന്ദ്രൻ എന്ന എന്റെ നല്ലപ്പാതി.. ഒരല്പം പഴഞ്ചനാണെങ്കിലും… എനിക്ക് എന്റെ ജീവനാണ്..
എന്റെ അനിയത്തിക്ക് നല്ലൊരു ഏട്ടനും എന്റെ അമ്മയ്ക്ക് നല്ലൊരു മകനും അച്ഛന് നല്ലൊരു സ്നേഹിതനുമാണ് ഇന്ന് വിനയചന്ദ്രൻ എന്ന കോളേജ് അധ്യാപകൻ..
അതിനേക്കാൾ ഉപരി എന്റെ ജീവിതം ഇതുപോലെ അവിസ്‌മരണീയമാക്കിയ ഒരു നല്ല ഭർത്താവ്…
ഇഷ്ടപ്പെടാൻ കഷ്ടമായിരുന്നു… ഇഷ്ടപ്പെട്ടു പോയാൽ നഷ്ടപ്പെടുത്താൻ കഴിയുന്നുമില്ല..
രചന: Vinodhini Vinayan