ഇനിയിപ്പോ എന്ത് നോക്കാനാ, ഓളെ പഠിപ്പൊക്കെ കഴിഞ്ഞില്ലേ…

രചന: സൂര്യകാന്തി (ജിഷ രഹീഷ് )💕

തയ്യൽക്കാരി…

“ഇനിയിപ്പോ എന്ത് നോക്കാനാ..ഓളെ പഠിപ്പൊക്കെ കഴിഞ്ഞില്ലേ..എസ് എസ് എൽ സി തന്നെ രണ്ടു വട്ടം എഴുതീറ്റാ കിട്ട്യേ.. പിന്നേം പഠിയ്ക്കാൻ പോയിട്ട് തോറ്റു തൊപ്പിയിട്ട് ഇങ്ങ് പോന്നു..ഇനി ബാബു കൊണ്ടൊന്ന ആ ആലോചന അങ്ങട്ട് നടത്താ…”

തയ്ച്ചെടുത്ത വസ്ത്രങ്ങൾ കവറുകളിലാക്കി, എടുത്ത്,ഓട്ടോയുടെ അരികിലേക്ക് നടക്കുമ്പോൾ അകത്തെ സംസാരം വിജിത കേൾക്കുന്നുണ്ടായിരുന്നു…

അവൾ ഓട്ടോയുടെ അടുത്ത് എത്തുമ്പോഴേക്കും, മനോജ്‌ വന്നു,കവറുകൾ അവളുടെ കയ്യിൽ നിന്നും വാങ്ങി, പിന്നിലെ സീറ്റിലേയ്ക്ക് അടുക്കി വെച്ചിരുന്നു…

“എന്താടോ.. ഇന്നും നിന്റെ കല്യാണക്കാര്യമാണോ മാമൻ പറയണത്..?”

മനോജ്‌ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറുന്നതിനിടെ തല ചെരിച്ചു ചിരിയോടെ ചോദിച്ചു..

വിജിത നേർത്തൊരു ചിരിയോടെ തലയാട്ടി.. പിന്നെ പറഞ്ഞു..

“പൈസ വാങ്ങിച്ചേക്കണേ മനോജേട്ടാ.. കഴിഞ്ഞതിലെ കൊറച്ചു ബാക്കീണ്ട്..”

മനോജ്‌ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ അവളെ നോക്കി തലയൊന്നിളക്കി..

“അല്ല മനോജേട്ടാ, ഷീന ഇയ്യാഴ്ച വന്നില്ലാലോ..?”

‘ഓൾക്ക് എന്തോ ക്യാമ്പിന് പോകാനുണ്ടായിരുന്നു ഞായറാഴ്ചയും.. അതോണ്ട് വന്നിട്ടില്ല… ”

പറഞ്ഞിട്ട് മനോജ്‌ മുറ്റത്ത് നിന്ന് ഓട്ടോ തിരിച്ചു.. വണ്ടി പുറത്തേയ്ക്ക് എടുക്കുന്നതിടെ കണ്ണുകളൊന്നുടക്കി..

വിജിത നേർത്ത ചിരിയോടെ നോട്ടം മാറ്റി.. ഓട്ടോ റോഡിലേയ്ക്ക് ഇറക്കുമ്പോൾ മനോജിന്റെ ചുണ്ടിലും ഒരു ചിരിയുണ്ടായിരുന്നു…

എപ്പോഴോ മനസ്സിൽ തോന്നിയൊരു ഇഷ്ടം…

മൗനരാഗം…

അതിനെ പറ്റി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല ഇത് വരെ…

ഇഷ്ടമാണ് ഒരുപാട്… ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അവൾക്കും അങ്ങനെയെന്തോ ഉണ്ടെന്ന് തോന്നിയിട്ടുണ്ട്..

ഷീനയുടെ ഒപ്പം വീട്ടിൽ വരുമ്പോഴും കവലയിൽ ബസ് കാത്ത് നിൽക്കുമ്പോഴുമൊക്കെ ആ കണ്ണുകൾ ആരെയോ പരതുന്നത് കണ്ടിട്ടുണ്ട്…

പക്ഷെ…

കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റുന്നവനാണ്…

അമ്മയും അനിയത്തിയും .. അച്ഛൻ പണ്ടെങ്ങോ തങ്ങളെ ഉപേക്ഷിച്ചു പോയപ്പോൾ അമ്മ തളർന്നില്ല…

പക്ഷെ അത്ഭുതമായിരുന്നു.. ഒരു ലോകപരിചയവുമില്ലാത്ത,എഴുത്തും വായനയും അറിയാത്ത,അമ്മ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്നും പുറത്തേക്കിറങ്ങി..

പിന്നെയൊരു സമരമായിരുന്നു…ജീവിതത്തോടുള്ള സമരം.. ഒരു നിമിഷം അമ്മ വെറുതെ ഇരുന്നിട്ടില്ല.. അയൽ വീടുകളിൽ പണിയ്ക്ക് പോവുന്നതോടൊപ്പം അച്ചാറും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കും.. താനും അനിയത്തിയും കൂടെ കൂടും..

താൻ നല്ലോണം പഠിക്കുമായിരുന്നു…

പക്ഷെ…

വിധി മറ്റൊന്നായിരുന്നു…

അമ്മയ്ക്ക് ഒരു ആക്‌സിഡന്റ്.. വഴിയരികിൽ കൂടെ നടന്നു പോവുമ്പോൾ ഒരു കാർ വന്നു തട്ടിയതാണ്…

ചികിത്സ ചെലവുകളൊക്കെ അവർ വഹിച്ചെങ്കിലും ജീവിതം മാറിപ്പോയിരുന്നു..

ഡിഗ്രിയ്ക്ക് കോളേജിൽ ചേർന്നതേയുണ്ടായിരുന്നു.. പുസ്തകങ്ങൾ മാറ്റി വെച്ച് ഓട്ടോക്കാരന്റെ വേഷമണിഞ്ഞു..

പിന്നീടുള്ള ഓട്ടപ്പാച്ചിലിൽ തുടർപഠനമൊക്കെ എന്നോ മറന്നു പോയിരുന്നു…

ഷീനയും നല്ലോണം പഠിക്കും.. അവളെ പഠിപ്പിച്ചു ഒരു ജോലി വാങ്ങിയ്ക്കണം.. പിന്നെ അവളുടെ വിവാഹം…

നഴ്സിങ് ആണവൾ തിരഞ്ഞെടുത്തത്…

അമ്മയ്ക്ക് ഇപ്പോൾ എണീറ്റ് നടക്കാനും സ്വന്തം കാര്യങ്ങളൊക്കെ നോക്കാനുമാവും..

പഴയത് പോലെ അച്ചാറും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാൻ തുടങ്ങണമെന്നുള്ള ദൃഢ നിശ്ചയം ആളുടെ ഉള്ളിലുണ്ട്…

താനിങ്ങനെ ഒറ്റയ്ക്ക് ഓടുന്നതിലുള്ള വേവലാതിയാണ് അമ്മയ്ക്ക്…

അതിനിടയിൽ ഉള്ളിലുള്ള ഇഷ്ടം ഒളിപ്പിച്ചു വെയ്ക്കുകയേ നിവൃത്തിയുള്ളൂ..

വെറുതെയൊരു പെണ്ണിന് മോഹങ്ങൾ കൊടുക്കാൻ വയ്യ…

തന്റെ പ്രാരാബ്ദങ്ങൾ തീരുന്നത് വരെ കാത്ത് നിൽക്കാൻ പറയാനുള്ള ധൈര്യമില്ല..

അവൾക്കും അത്രത്തോളം പിടിച്ചു നിൽക്കാൻ പറ്റില്ലെന്നറിയാം…

ഷീനയുടെ കൂട്ടുകാരിയാണെങ്കിലും വിജിത പഠനത്തിൽ പിറകോട്ടായിരുന്നു…

രണ്ടാമത്തെ ചാൻസിലാണ് എസ് എസ് എൽ സി തന്നെ കടന്നത്.. കണക്കെന്നത് ആൾക്കൊരു ബലികേറാമലയാണെന്ന് കേട്ടിട്ടുണ്ട്..

പ്ലസ് ടു വിനു പോയെങ്കിലും എല്ലാവരും പ്രതീക്ഷിച്ചത് പോലെ എട്ട് നിലയിൽ പൊട്ടി…

പഠിത്തം അവസാനിച്ചുവെങ്കിലും ആള് വെറുതെ ഇരുന്നില്ല.. തയ്യൽ പഠിച്ചു.. കിട്ടുന്നതൊക്കെ തയ്ച്ചു കൊടുക്കാൻ തുടങ്ങിയിരുന്നു…

താൻ തന്നെയാണ് ടൗണിലെ രണ്ടു മൂന്ന് തുണിക്കടയിൽ നിന്നും ഓർഡർ പിടിച്ചു കൊടുത്തതും…

മോശമില്ലാത്തൊരു വരുമാനവും അവൾക്കുണ്ട് ഇപ്പോൾ…

വിവാഹലോചനകൾ വന്നു തുടങ്ങിയിട്ടും കുറെയായി.. ജാതകത്തിലും സ്ത്രീധനത്തിലുമൊക്കെ തട്ടിയും തടഞ്ഞും നിൽക്കുകയാണെന്നും കേട്ടിരുന്നു…

വിജിതയ്ക്ക് രണ്ടു ചേച്ചിമാരാണ്… രണ്ടാമത്തെയാളുടെ വിവാഹം കഴിഞ്ഞു അധികം വൈകാതെ അച്ഛൻ മരിച്ചു പോയിരുന്നു…

അതിൽ പിന്നെ ഭരണം വിജിതയുടെ മാമനാണ്… പക്ഷെ ആള് സാമ്പത്തിക കാര്യങ്ങളിലൊന്നും ഇടപെടില്ല.. നിർദേശങ്ങളും ആഞ്ജകളും മാത്രം ഒരു കുറവുമില്ലാതെ കൊടുക്കും…

മൂത്ത ചേച്ചി, ദിവ്യയ്ക്ക് കഷ്ടപ്പാട് മാത്രമാണ് വിവാഹം കൊടുത്തത്.. മുഴുക്കുടിയനും കുടുംബം നോക്കാത്തവനുമാണ് ഭർത്താവ്..

എന്നാലും, അയാളെ ഉപേക്ഷിക്കരുതെന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും ഉപദേശം കേട്ട്,അയാളുടെ ഉപദ്രവം മുഴുവൻ സഹിച്ചു നിൽക്കുകയാണവർ…

അവിടെ ഏറ്റവും ഭംഗി അവരെ കാണാനായിരുന്നു.. പക്ഷെ ഇന്നിപ്പോൾ അമ്മയെക്കാളും പ്രായം തോന്നിയ്ക്കും ദിവ്യയ്ക്ക്…

രണ്ടുപെൺകുട്ടികളുണ്ട് അവർക്ക്.. കല്യാണപ്രായം ആയാൽ,അച്ഛനില്ലാതെ നല്ല ബന്ധങ്ങളൊന്നും കിട്ടില്ലത്രേ…

ആ വാക്കുകളിൽ കുടുങ്ങി നിൽക്കുകയാണവർ…

രണ്ടാമത്തെ ചേച്ചിയെ വിവാഹം കഴിച്ചത് തന്റെ കൂടെ ഓട്ടോ ഓടിയ്ക്കുന്ന അനീഷാണ്.. ആളൊരു പാവമാണ്..പ്രണയവിവാഹമായിരുന്നു..

പക്ഷെ ദീപ ഒരു ആഡംബരപ്രിയയാണ്.. ഓട്ടോക്കാരന്റെ വരുമാനം മതിയാവില്ല അവളെ കൊണ്ട് നടക്കാൻ.. ഡിഗ്രിയ്ക്കാരിയാണെങ്കിലും ജോലിയ്ക്കൊന്നും പോവാൻ അവൾക്കൊട്ട് വയ്യ താനും…

ഇടയ്ക്കിടെ ഒച്ചപ്പാടും വിളിയുമൊക്കെയായി ദീപ പിണങ്ങിപ്പോവും… പാവം അനീഷ്…അവനു അവളെ ഒരുപാട് ഇഷ്ടമാണ്…

ഇനി അടുത്ത നറുക്ക് വിജിതയ്‌ക്കാണ്.. കല്യാണപ്രായമെത്തിയ പെൺപിള്ളേരെ,വെറുതെ വീട്ടിൽ നിർത്താൻ പറ്റില്ലെന്ന് അവളുടെ മാമൻ ഇടയ്ക്കിടെ പറയും…

വല്ല ചീത്തപ്പേരും കേൾപ്പിച്ചാലോ.. കുടുംബത്തിന്റെ മാനം പോയില്ലേ…?

മനോജ്‌ ഒരു ദീർഘ നിശ്വാസമെടുത്ത് ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു….

ആരായാലും അവൾക്ക് നല്ലത് വരട്ടെ.. ചേച്ചിമാരുടെ പോലെ ആവാതിരിക്കട്ടെ…

വിജിത,മറ്റൊരാളുടെ താലിയുമായി നിൽക്കുന്നതോർത്തപ്പോൾ, ഉള്ളിലുണ്ടായ നീറ്റൽ അവിടെ തന്നെയമർത്തി,മനോജ്‌ റോഡിലെ തിരക്കുകളിലേയ്ക്കിറങ്ങി…

പ്രാരാബ്ദക്കാരന്റെ പ്രണയം ചിലപ്പോഴൊക്കെ ഇങ്ങനെയല്ലേ..…

“ഇവളുടെ കൂടെ പഠിച്ചതല്ലേ ആ തെക്കേലെ ഗോവിന്ദന്റെ മോളും.. ഓൾക്ക് ഇപ്പൊ രണ്ടാമതും വയറ്റിലുണ്ട്.. പെൺപിള്ളേരായാൽ നേരത്തും കാലത്തും കെട്ടിച്ചു വിടണം…”

അടുക്കളയിൽ നിന്നും, ചായ ഗ്ലാസിലേയ്ക്ക് അരിച്ചൊഴിക്കുമ്പോൾ, കോലായിലിരുന്നു,അമ്മയോട് മാമൻ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നത് വിജിത കേൾക്കുന്നുണ്ടായിരുന്നു…

“പഠിക്കാൻ വിടാന്ന് വെച്ചാൽ അതിനും ബുദ്ധിയില്ല.. പിന്നെ വെച്ചിരുന്നിട്ട് എന്തിനാ..?”

“അതെന്താ മാമാ, അപ്പൊ പഠിക്കാൻ ബുദ്ധിയില്ലാത്തവർക്കൊന്നും ജീവിക്കണ്ടേ, ജോലി ചെയ്യണ്ടേ..?”

ചായഗ്ലാസ് മാമന് നേരെ നീട്ടുമ്പോൾ വിജിത ചോദിച്ചു…

അമ്മയുടെ മുഖത്തെ ഞെട്ടൽ അവൾ കണ്ടു.. മാമന്റെ നെറ്റി ഒന്നു ചുളിഞ്ഞെങ്കിലും മുഖത്തെ പുച്ഛം മാറിയില്ല… മാമന്റെ മൂത്ത മോള് ടീച്ചറാണ്.. രണ്ടാമത്തെയാൾ ബി ടെക്നു പഠിയ്ക്കുന്നു……

“ഓ.. പത്താം ക്ലാസ്സ്‌ രണ്ടാം വട്ടം കഷ്ടിച്ച്,പാസായോൾക്കൊക്കെ എന്ത് ഉദ്യോഗം കിട്ടാനാ..ഈ തുന്നൽ പണിയല്ലേ.. അതോണ്ട് എന്താവാൻ.. നാലാളോട് പറയാൻ പറ്റണതാണോ..?”

വിജിത ചിരിച്ചു…

“എന്നിട്ട് പഠിയ്ക്കാത്തവരൊന്നും ഒരു ജോലിയ്ക്കും പോണില്ലേ മാമാ, മാമൻ അത്രയ്ക്കൊക്കെ പഠിച്ചിട്ടുണ്ടോ..?”

അയാളുടെ മുഖം വിളറി, അമ്മ അവളുടെ കയ്യിൽ പിടിച്ചു…

“പെൺകുട്ട്യോളായാൽ പഠിയ്ക്കാൻ വിട്ടാൽ പഠിയ്ക്കണം .. അതിനുള്ള ബുദ്ധിയില്ലേൽ,അടങ്ങിയൊതുങ്ങി കുടുംബത്തിരിക്കണം..വെച്ചു നിർത്താതെ കല്യാണം നടത്തണം…”.

അയാളുടെ ശബ്ദം മുറുകിയിരുന്നു…

“എന്നിട്ട് ..? വിനോദേട്ടനെ പോലൊരു മുഴക്കുടിയനെയാണ് കിട്ടുന്നതെങ്കിലും,, അയാളുടെ ഇടിയും തൊഴിയും സഹിച്ചു അവിടെ നരകിക്കണം അല്ലെ..?”

അയാളുടെ കണ്ണുകൾ തുറിച്ചു…

“മനസ്സില്ലെനിക്ക്.. പഠിയ്ക്കാൻ മോശം തന്നെയാ.. പഠിപ്പിയ്ക്കുന്നതൊന്നും തലേൽ കേറത്തുമില്ല . എന്ന് കരുതി കണ്ടോരുടെ,ആട്ടും തുപ്പും കേട്ട്, പെണ്ണായി പിറന്നാൽ ഇതാണ് വിധിയെന്നു സമാധാനിച്ചു, ദിവ്യേച്ചിയെ പോലെ കഴിയാനും മനസ്സില്ലെനിക്ക്.. വല്യ ഉദ്യോഗസ്ഥയൊന്നും ആയില്ലെങ്കിലും ഒരു വരുമാനമുണ്ടെനിക്ക്… അത് മതി…”

“എടി പെണ്ണെ,നീ മാമനോട് എന്തൊക്കെയാ പറയണത്..?”

അമ്മ അവളെ പിടിച്ചുലച്ചു.. അയാൾ അപ്പോഴേക്കും എഴുന്നേറ്റിരുന്നു…

“എനിയ്ക്ക് ഉടനെയൊരു കല്യാണം കഴിക്കാനും താല്പര്യമില്ല.. ഒരു തയ്യൽ കട തുടങ്ങണം.. സ്വന്തം കാലിൽ നിൽക്കാമെന്ന് ഉറപ്പായിട്ടു മതി ഇനിയൊരു ആലോചന.. വല്യേച്ചിയുടെയും കുഞ്ഞേച്ചിയുടെയും ജീവിതം കണ്ടതാണ് ഞാൻ..”

അവൾ അമ്മയ്ക്ക് നേരെ തിരിഞ്ഞു…

“അമ്മയോട് കൂടെയാണ് പറഞ്ഞത്…”

“നിഷേധി..വെറുതെല്ലല്ലോ ഇതുങ്ങളൊന്നും ഗുണം പിടിയ്ക്കാത്തത് …”

പറഞ്ഞതും അമ്മയെ കടുപ്പിച്ചൊന്നു നോക്കി മാമൻ പടിയിറങ്ങി…

“എടി നീയെന്തൊക്കെയാടി മാമനോട് പറഞ്ഞത്..നിന്റെ കല്യാണത്തിന് കൈ പിടിച്ചു കൊടുക്കാൻ അവനെ കാണൂ..”

അമ്മ അവൾക്ക് നേരെ കയ്യോങ്ങി കൊണ്ടാണ് ചോദിച്ചത്….

ആരുടേയും മുൻപിൽ ശബ്ദമുയർത്താത്ത,സംസാരിക്കാൻ മടിയുള്ള,നാണം കുണുങ്ങിയായിരുന്ന വിജിതയിൽ നിന്നും അവർ ഇത് പ്രതീക്ഷിച്ചിരുന്നില്ല….

“എന്നെങ്കിലും കല്യാണം കഴിക്കുന്നുണ്ടേൽ അമ്മ തന്നെ എന്റെ കൈ പിടിച്ചു കൊടുത്താൽ മതി…പിന്നല്ലാതെ.. പത്ത് പൈസ അങ്ങേര് നമ്മൾക്ക് വേണ്ടി ചിലവിട്ടിട്ടുണ്ടോ..? അമ്മേടെ സ്വന്തം ഏട്ടനല്ലേ..ഉപദേശം മാത്രം ഫ്രീ.. ഇങ്ങനെ നാട്ടുകാരെയും വീട്ടുകാരെയും പേടിച്ചിട്ടാ വല്യേച്ചിയുടെ ജീവിതം ഇങ്ങനെയായി പോയത്… ആ കുടിയനെ വേണ്ടാന്ന് വെച്ച്,ചേച്ചി ഇങ്ങോട്ട് വന്നാൽ ഞാൻ നോക്കിക്കോളും ചേച്ചിയെയും പിള്ളേരെയും…. അതിന് അമ്മ സമ്മതിക്കില്ലല്ലോ…ഒന്നിനും കൊള്ളത്തില്ലെങ്കിലും കെട്ട്യോനെ ഉപേക്ഷിക്കാൻ പറ്റത്തില്ല…”

പുച്ഛത്തോടെ പറഞ്ഞിട്ട് അകത്തേയ്ക്ക് കയറിപ്പോയവളെ നോക്കി, അമ്പരന്ന് നിന്നുപോയി അമ്മ…

ഇപ്പെണ്ണിനിത് എന്ത് പറ്റി..?

പക്ഷെ അവൾ പറഞ്ഞതെല്ലാം ശരിയാണെന്ന് അവർക്കും അറിയാമായിരുന്നു…

കുട്ടികളുടെ അച്ഛൻ, ഒരു ദിവസം പെട്ടെന്നങ്ങ് പോയതോടെ, എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയിരുന്നു അവരും…

ദിവസങ്ങൾ കടന്നു പോയി… മാമൻ പിന്നെ ആ വഴി വന്നില്ല..

തയ്യൽ കട തുടങ്ങാനുള്ള കാര്യങ്ങൾക്കൊക്കെ സഹായിച്ചത് മനോജ്‌ തന്നെയായിരുന്നു..

വല്ലപ്പോഴും പിടി വിട്ട് പോവുന്ന ചില നോട്ടങ്ങളൊക്കെ അല്ലാതെ, അവർ മനസ്സിലെ പ്രണയം അവിടെ തന്നെ ഒതുക്കി വെച്ചതേയുള്ളൂ….

തയ്യൽക്കട അത്യാവശ്യം നല്ല രീതിയിൽ തന്നെ പുരോഗമിച്ചു…

ദിവ്യചേച്ചിയ്ക്ക് ഇപ്പോഴും വിനോദേട്ടനെ ഉപേക്ഷിച്ചു വരാനുള്ള ധൈര്യം കിട്ടിയില്ല.. അടിയും തൊഴിയുമായി അങ്ങനെ പോവുന്നു.. കഴിയാവുന്ന സഹായങ്ങളൊക്കെ ചെയ്യാറുണ്ടെങ്കിലും വിജിതയെ അയാൾക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് അവളങ്ങിനെ അവിടെ പോവാറില്ല..

ഒരു വൈകുന്നേരം വിജിത വീട്ടിൽ എത്തുമ്പോൾ ദീപയും മോനും വീട്ടിലുണ്ട്.. പതിവ് പോലെ അനീഷേട്ടനുമായി വഴക്കിട്ടു വന്നതാണ്….

“അമ്മേ, അനീഷേട്ടന്റെ വല്യച്ഛന്റെ മോളുടെ കല്യാണത്തിന് പോവാനാണ് ഞാൻ ഒരു സാരി എടുത്ത് തരാൻ പറഞ്ഞത്… അപ്പോൾ കാശില്ല പോലും.. കഴിഞ്ഞ വിഷുവിന് എടുത്ത് തന്ന സാരി ഇട്ടോളാൻ..”

അടുക്കളയിൽ നിന്നും അമ്മയോട് പരാതി പറയുന്ന ദീപയുടെ ശബ്ദത്തിലെ പുച്ഛം വിജിതയ്ക്ക് മനസ്സിലായിരുന്നു …

“അതിന് വിഷു കഴിഞ്ഞിട്ട് മാസം മൂന്ന് ആയില്ലല്ലോ ചേച്ചി… അല്ലെങ്കിലും മൂവായിരത്തിൽ കുറഞ്ഞൊരു സാരി ചേച്ചിയ്ക്ക് പിടിക്കത്തുമില്ല…”

വിജിത പറഞ്ഞു കൊണ്ട് അടുക്കളയിലേയ്ക്ക് ചെന്നതും ദീപയുടെ മുഖം ഇരുണ്ടു..…

“ഓ അങ്ങേർക്ക് ഞാൻ എന്തേലും ചോദിച്ചാൽ മാത്രമേ കാശില്ലാത്തതുള്ളൂ.. ആ പെണ്ണിന് കൊടുക്കാൻ വളയോ,മോതിരമോ,ഏതാണ്ടൊക്കെയോ വാങ്ങുന്നുണ്ട്…”

“അത് അനീഷേട്ടന്റെ കടമയല്ലേ ദീപേച്ചി.. ചേച്ചിയുടെ കാര്യങ്ങൾ പറ്റുന്നത് പോലെയൊക്കെ അനീഷേട്ടൻ നോക്കുന്നില്ലേ..?വരവറിഞ്ഞു വേണ്ടേ ചിലവ് ചെയ്യാനും…”

“ഓ…”

“ചേച്ചിയ്ക്ക് പഠിപ്പില്ലേ .. ഒരു ജോലിയ്ക്ക് പോയാൽ,അനീഷേട്ടന്റെ മുൻപിൽ കൈ നീട്ടുകയും ഇങ്ങനെ പരിഭവം പറയുകയുമൊന്നും ചെയ്യണ്ടല്ലോ…”

“ദേ നീ എന്നേ ഉപദേശിക്കാൻ വരണ്ട… ഒരു ഉദ്യോഗസ്ഥ.. ആ ടെയ്ലർ പീട്യേലല്ലേ പണി..

“അതേ ഞാൻ ടെയ്ലർ തന്നെയാണ്.. എനിക്കതിലൊരു കുറച്ചിലുമില്ല….പിന്നെ, ചേച്ചി ഇപ്പോൾ കുടിയ്ക്കുന്ന ആ ചായയും ഞാൻ തയ്ച്ചുണ്ടാക്കിയ കാശ് കൊണ്ട് ഉണ്ടാക്കിയതാ..”

ദീപ തീപ്പൊള്ളൽ ഏറ്റത് പോലെ ചായ ഗ്ലാസ് താഴെ വെച്ചു…

“ഇത് ചേച്ചിയുടെ കൂടെ വീടാണ്.. പക്ഷെ ഇവിടെ ഇപ്പോൾ ചിലവൊക്കെ ചെയ്യുന്നത് ഞാനാണ്.. അത് കൊണ്ട് ആഴ്ചയ്ക്ക് നാല് വട്ടം നിസ്സാര കാര്യങ്ങൾക്ക് വഴക്കിട്ടു ഓടി വരുന്നത് നിർത്തിയേക്കണം …”

മിഴിച്ചു നിൽക്കുന്ന ദീപയോടായി പറഞ്ഞവൾ, അമ്മയെ ദീപയെ കാണാതെ കണ്ണുകൾ ചിമ്മി കാണിച്ചു…

“സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് ഒരു മുട്ടായി വാങ്ങിച്ചാലും അതിനൊരു പ്രത്യേക മധുരമുണ്ടാകും ചേച്ചി.. എല്ലാവർക്കും പഠിച്ചു ജോലി മേടിയ്ക്കാനുള്ള കഴിവൊന്നും കാണത്തില്ല… പക്ഷെ എന്തെങ്കിലും കഴിവൊക്കെ എല്ലാർക്കും ഉണ്ടാവും.. സ്വന്തം കാലിൽ നിൽക്കാൻ മാന്യമായ എന്ത് ജോലിയും ചെയ്യാം…. ചെയ്ത് നോക്കണം…”

അവൾ അകത്തേയ്ക്ക് കയറുമ്പോഴും എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ദീപ അവിടെ നിൽപ്പുണ്ടായിരുന്നു..

ഏറെ നേരം കഴിയുന്നതിനു മുന്പേ കൊച്ചിനെയും വലിച്ചു ഇറങ്ങി പോവുന്നതും കണ്ടു…

പിന്നെയും ഒന്ന് രണ്ടു മാസം കഴിഞ്ഞാണ് ദീപ എവിടെയോ ജോലിയ്ക്ക് പോവുന്നുണ്ടെന്ന് ഒരു ദിവസം കവലയിൽ വെച്ച് കണ്ടപ്പോൾ അനീഷ് പറഞ്ഞത്…

തന്നോടുള്ള വാശിയ്ക്കാണെന്നു കേട്ടെങ്കിലും വിജിതയ്ക്ക് സന്തോഷമാണ് തോന്നിയത്..ആളിപ്പോൾ വീട്ടിലേയ്ക്ക് അങ്ങനെ വരാറില്ല.. വന്നാലും വിജിതയെ വല്യ മൈൻഡില്ല…

ഇപ്പോൾ വഴക്കൊന്നും ഉണ്ടാക്കാറില്ലത്രേ..

ദിവ്യ ചേച്ചി ഇപ്പോഴും പഴയ പല്ലവി തന്നെ.. വഴക്കിനിടയിൽ കിടന്നുരുകേണ്ടി വരുന്ന കുഞ്ഞുങ്ങളെ ആലോചിച്ചായിരുന്നു വിജിതയുടെ സങ്കടം…

ഷീന അവധിയ്ക്ക് വരുമ്പോഴൊക്കെ വിജിതയെ വന്നു കാണും.. അവളുടെ പഠിത്തം കഴിയാറായി…

മനോജ്‌ എന്തിനും ഒരു വിളിപ്പാടകലെ ഉണ്ടെങ്കിലും അതിരു കടന്നൊരു അടുപ്പം അപ്പോഴും ഇരുവരും കാണിച്ചില്ല

കൂട്ടുകാരിയുടെ ഏട്ടനും അനിയത്തിയുടെ കൂട്ടുകാരിയും…

അന്ന് രാവിലെ ഷീന വിളിച്ചിട്ടാണ് വിജിത അമ്പലത്തിൽ വന്നത്.. അവൾ പഠിത്തം കഴിഞ്ഞു വന്നതാണ്…

“എടി.. ഞാനൊരു കാര്യം പറയട്ടെ.. എനിക്കറിയാം നിനക്ക് ഏട്ടനെയും ഏട്ടന് നിന്നെയും ഇഷ്ടാണെന്ന്.. നിങ്ങൾക്കെന്താ തുറന്നു പറഞ്ഞാൽ.. എന്തിനാ ഇങ്ങനെ ഒളിച്ചു കളിക്കണേ..?”

വിജിത അവളെ നോക്കിയൊന്ന് ചിരിച്ചു..

“പെൺപിള്ളേർ, ആദ്യം ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുകയാണ് വേണ്ടതെന്നു എന്നോട് പറഞ്ഞത് ആരാന്നറിയോ..?”

ഷീന സംശയത്തോടെ അവളെ നോക്കി…

“നിന്റേട്ടൻ.. നിനക്ക് ഒരു പാട് നല്ല ആലോചനകൾ വന്നിട്ടും, പഠിത്തം കഴിഞ്ഞു എന്തെങ്കിലും ജോലി ആയിട്ടേ നിന്റെ വിവാഹം നടത്തുകയുള്ളുവെന്ന് നിന്റേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.. അതിനുള്ള കാരണം നിന്റെ അമ്മയാണ്.. നിങ്ങളുടെ ജീവിതം.. അച്ഛൻ മരിച്ചപ്പോൾ പകച്ചു നിന്നു പോയിരുന്നു അമ്മയെന്ന്,മനോജേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്.. ഏട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് നിന്റെ ജോലി..”

“എടി.. അതിന് എനിക്ക് നല്ല മാർക്കൊക്കെ ഉണ്ട്.. ഞാൻ അടുത്ത് തന്നെ എവിടെങ്കിലും ജോലിയ്ക്കും കേറും…പഠിത്തത്തിനു വേണ്ടി എടുത്ത ലോണൊക്കെ എന്തായാലും ഞാൻ തന്നെ അടച്ചു തീർക്കും.. പിന്നെയെന്താ…?”

വിജിത പുഞ്ചിരിച്ചു…

“നിന്റെ കല്യാണം വരെ കാത്തിരിക്കണമെന്ന് പറയാൻ നിന്റേട്ടന് ധൈര്യമില്ല കൊച്ചേ.. എനിക്കറിയാം…. നിന്റെ കാര്യം കഴിയാതെ സ്വസ്ഥമായി ജീവിക്കാനും എന്നോട് ഇഷ്ടമാണെന്ന് പറയാനും മനോജേട്ടന് പറ്റത്തില്ല.…”

“എടി.. മിണ്ടാപ്പൂച്ചേ … നീയാണോ ഇതൊക്കെ പറയുന്നത്..? നീ ഒരുപാടങ്ങു മാറിപ്പോയല്ലോടി..”

ജീവിതം പഠിപ്പിച്ചതാണ് മോളെ..എത്രയെത്ര ഉദാഹരണങ്ങളുണ്ട് കണ്മുന്നിൽ..സ്വന്തം കാര്യം നമ്മള് തന്നെ വേണ്ടേ നോക്കാൻ.. ”

വിജിത കണ്ണിറുക്കി…പിന്നെ പറഞ്ഞു

“നിന്റെ കല്യാണം കഴിയുന്ന അന്ന്, അന്ന് ഞാൻ നിന്റെ ഏട്ടനോട് ചോദിക്കും, എന്നെ കൂടെ കൂട്ടുവോന്ന്..?”

“ആഹാ,അതിനുള്ള ധൈര്യമൊക്കെ നിനക്കുണ്ടോ കളിപ്പൂച്ചേ..?”

“നീ കണ്ടോടി.. പക്ഷേങ്കിൽ,ആ ഓട്ടോക്കാരന് ഈ ടെയ്ലറെ പിടിയ്ക്കോ ആവോ…?”

“പോടീ എന്റേട്ടൻ പാവാ.. നിന്നെ ഒത്തിരി ഇഷ്ടാ..”

“ഉം. ഉം…”

വിജിതയുടെ കണ്ണുകൾ തിളങ്ങിയത് ഉള്ളിലെവിടെയോ ഒളിച്ചു വെച്ച ആ പ്രണയത്തെ ഓർത്തായിരുന്നു…

ഒരു ദിവസം ജോലി കഴിഞ്ഞു,വിജിത വീട്ടിൽ വന്നപ്പോൾ ദിവ്യേച്ചിയും മക്കളും അവിടെ ഉണ്ടായിരുന്നു..

കുടിച്ച് കണ്ണ് കാണാതെ, ഭർത്താവ് മൂത്ത മോളെ തന്നെ കയറിപ്പിടിച്ചപ്പോൾ,ദിവ്യേച്ചിയുടെ തലയിൽ വെട്ടം വീണു..

കയ്യിൽ കിട്ടിയതെടുത്തു അയാളുടെ തലയ്ക്കൊന്ന് കൊടുത്ത് കൊച്ചുങ്ങളെയും വിളിച്ചു ആള് ഇറങ്ങിപ്പോന്നു..…

അതിനുള്ള ധൈര്യം കൊടുത്തത് തന്റെ വാക്കുകൾ തന്നെയായിരുന്നു..

കയറി വരാൻ ഒരിടമുണ്ടെന്ന ധൈര്യം…

ദിവസങ്ങൾ കഴിയവേ,വിജിതയുടെ ജോലികളിൽ ദിവ്യേച്ചി കൂടെ പങ്കാളിയായി…

ഇനിയൊരു തിരിച്ചു പോക്കില്ലെന്ന ചേച്ചിയുടെ വാക്കുകളിലെ ദൃഢത, മതിയായിരുന്നു ആ ബന്ധം മുറിച്ചു മാറ്റാൻ…

ഷീനയുടെ കല്യാണത്തിന്, കാപ്പി പൊടി കളറുള്ള പട്ട് സാരിയാണ് വിജിത ഉടുത്തത്.. മുടിയിൽ മുല്ലപ്പൂക്കളും..മനോജ്‌ എല്ലാത്തിനും ഓടി നടക്കുന്നതവൾ കാണുന്നുണ്ടായിരുന്നു.. ഒന്നോ രണ്ടോ തവണ അവൾക്ക് നേരെയൊരു നോട്ടം പാളിയെത്തിയിരുന്നു..

ഷീനയുടെ ചെറുക്കൻ ഗൾഫുകാരനാണ്… അധികം വൈകാതെ അവളും അങ്ങോട്ട് പോവും.. അവിടെ അവൾക്കും ജോലി ശരിയാക്കുന്നുണ്ടത്രേ…

“എടി ഏട്ടത്തിയമ്മേ,ഇന്ന് തന്നെ കാര്യം പറഞ്ഞു,എന്റെ ഏട്ടനെ വളച്ചു കുപ്പീലാക്കിക്കൊള്ളണം.. കേട്ടല്ലോ…”

യാത്ര പറയും മുൻപേ ഷീന ചെവിയിൽ പറഞ്ഞിരുന്നു…

ഷീന ചെറുക്കനൊപ്പം ഇറങ്ങിയതും മനോജ്‌ ആരും കാണാതെ അകത്തേയ്ക്ക് കയറി പോവുന്നത് വിജിത കണ്ടിരുന്നു…

സങ്കടം ആരും കാണാതിരിക്കാനാണ്…

ഷീനയോട് വെല്ലുവിളിയൊക്കെ നടത്തിയെങ്കിലും അകത്തേയ്ക്ക് നടക്കുമ്പോൾ വിജിതയ്ക്ക് അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു…

“മ.. മനോജേട്ടാ…?”

മനോജ്‌ മുഖം കഴുകി തോർത്തിൽ തുടയ്ക്കുമ്പോഴാണ് അവൾ വിളിച്ചത്..

“ഹാ.. നീയോ.. എന്താടോ..?”

“അത്.. ഞാൻ.. അത് പിന്നെ…”

അവൾ പരുങ്ങി.. ഇല്ല.. വാക്കുകൾ പുറത്തേയ്ക്ക് വരുന്നില്ല…

“അത് ഒന്നുമില്ല.. ഞാൻ..”

അവൾ തിരിയാൻ തുടങ്ങിയതും മനോജ്‌ അടുത്തെത്തിയിരുന്നു…

“കൂട്ടുകാരി എന്തോ പറയാൻ വരുമെന്നും അതങ്ങ് സമ്മതിച്ചേക്കണമെന്നും എന്റെ അനിയത്തി പറഞ്ഞേൽപ്പിച്ചിരുന്നു..”

വിജിത ഞെട്ടലോടെ മുഖമുയർത്തി നോക്കി…

ആ കണ്ണുകളിൽ തിളങ്ങുന്ന കുസൃതി കണ്ടതും അവളുടെ തൊണ്ട വരണ്ടു…

ഇല്ല.. ഒന്നും പറയാൻ പറ്റുന്നില്ല.. സ്വരുക്കൂട്ടി വെച്ചിരുന്ന ധൈര്യം ആ മുഖത്തേയ്ക്ക് നോക്കുമ്പോൾ ചോർന്നു പോവുന്നു…

ആള് അടക്കിപിടിച്ചു ചിരിയ്ക്കുന്നുണ്ട്.. വിജിതയുടെ കവിളുകൾ ചുവന്നു… അവൾ ധൃതിയിൽ തിരിയാൻ തുടങ്ങിയതും…

“ഹാ… എന്താന്ന് പറഞ്ഞിട്ട് പോടോ…?”

കളിയാക്കുവാണ്..…

വിജിത പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി…

“അതേയ്,ഈ ടെയ്‌ലർ പെണ്ണിനെ ഓട്ടോക്കാരൻ ചെക്കന് ഇഷ്ടാണ് .. അമ്മയും കൂട്ടി വരണുണ്ട് ഞാൻ,എനിയ്ക്ക് മാത്രമായി തന്നേക്കാമോന്ന് ചോദിക്കാൻ…ഒന്നൂല്ല്യേലും എനിയ്ക്ക് വേണ്ടി ഇത്രയും കാത്തിരുന്നതല്ലേ..”

വീണ്ടും ആ ചിരി കേട്ടതും അവളുടെ മനസ്സിൽ പൂമൊട്ടുകൾ വിരിഞ്ഞു തുടങ്ങിയിരുന്നു…

വസന്തകാലം തുടങ്ങിയിരുന്നു….

രചന: സൂര്യകാന്തി (ജിഷ രഹീഷ് )

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters