രചന: Nivya Varghese
അശ്വതി ……..
ശനിയാഴ്ച ആണ് നമ്മുടെ പത്താം ക്ലാസിന്റെ റി യൂണിയൻ . നീ വരില്ലേ ?.
മീനയുടെ ആ ചോദ്യത്തിന് അശ്വതിയുടെ ഭാഗത്തു നിന്ന് വ്യക്തമായി ഒരു മറുപടി കിട്ടാത്തതു കൊണ്ടാണ് വ്യാഴാഴ്ച വൈകീട്ട് മീന വീണ്ടും അശ്വതിയെ വിളിച്ചത്. മീനയും അശ്വതിയും അഞ്ചാം ക്ലാസ് മുതൽ പത്തു വരെ ഒന്നിച്ചു പഠിച്ച രാണ്. പസ്സടുവിൽ ഒരേ സ്കൂളിലായിരുന്നെങ്കിലും മീന സയൻസും അശ്വതി കോമേഴ്സും ആയതു കൊണ്ട് വേറേ വേറേ ക്ലാസുകളിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ് അശ്വതി ഡിഗ്രിക്കും മീന എൻജീനിയറിങ്ങിനും ചേർന്നു. ആ ബന്ധം പതിയെ പതിയെ കുറഞ്ഞു വന്നു. നന്നായി പഠിക്കുമായിരുന്ന അശ്വതിയുടെ ജീവിതത്തിലേക്ക് ഇടി തീ പോലെയാണ് എന്തോ ഒരു ജാതകദോഷം കടന്നു വന്നത്. പിന്നെ കൂടുതലൊന്നും പറയേണ്ടി വന്നില്ല ആദ്യം വന്ന ഒരു ഗൾഫുക്കാരനെ തന്നെ കല്യാണം കഴിച്ച് അശ്വതിക്ക് പോകേണ്ടി വന്നു. ഇപ്പോ ഈ റീയൂണിയൻ വന്നപ്പോ ഒരു പാട് കഷ്ടപ്പെട്ടാണ് അശ്വതിയുടെ നമ്പർ തന്നെ ഒപ്പിച്ചത്. അവൾ ഫേസ് ബുക്ക് ഉപയോഗിക്കാത്തത് കൊണ്ട് അവളെ ഈ വിവരം അറിയിക്കാൻ നന്നായി പാട് പെട്ടു.
അശ്വതി ……… നീ എന്താ ഒന്നും പറയാതെ…. എത്ര ദിവസായി ഞാനിതും പറഞ്ഞ് നിന്നെ വിളിക്കുന്നു. എന്നു വിളിക്കുമ്പോഴും വരുന്ന കാര്യം ചോദിച്ച ഓരോന്ന് പറഞ്ഞ് നീ ഒഴിഞ്ഞു മാറും. നീ വരില്ലേ ?.
അത് പിന്നെ മീനേ….. എന്തിനാ ഇപ്പോ റീയൂണിയൻ ഒക്കെ അതിന്റെ ആവശ്യം എന്താ ?.
നല്ല കാര്യമായി ചോദിച്ചത്. റീയൂണിയൻ ഒക്കെ എന്തിനാ വെച്ചേന്നോ…. എത്ര നാളായി എല്ലാവരെയും കണ്ടിട്ട്. അതിന് ഒക്കെ വേണ്ടി തന്നെ.
റിയൂണിയന് എല്ലാവരും വരില്ലേ ?.
പിന്നെ വരാതെ……… എല്ലാവരേയും ഒന്ന് കാണാനും വർത്താനം പറയാനും അതിന് ഒക്കെ വേണ്ടിയല്ലേ ഇത് ഇപ്പോ വെയ്ക്കുന്നത് തന്നെ. നീ വരില്ലേ പിന്നെ എന്താ ?.
അതാ ഞാൻ ആലോചിക്കണേ ഞാൻ വരണോന്ന്.
പിന്നെ വരാതെ അതില് ഇപ്പോ എന്താ ഇത്ര ആലോചിക്കാനുള്ളത്. ശനിയാഴ്ച രാവിലെ നീയും മോമാളും കൂടി വരുന്നു. കുറച്ച് നേരത്തെ കാര്യല്ലേ. ഒരു രണ്ടു മൂന്നു മണിക്കൂർ നീ നിന്റെ വീട്ടിന്ന് മാറി നിന്നൂന്ന് കരുതി അവിടെ ആകാശം ഒന്നും ഇടിഞ്ഞ് വീഴില്ല.
അത് പറയുമ്പോഴേക്കും മീനയ്ക്ക നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.
അത് അല്ല മീനേ
എന്ത് അല്ല. നീ കാര്യം പറയ്.
അത് നിനക്ക് പറഞ്ഞ മനസിലാവില്ല . ക്ലാസിലെ പഠിപ്പിസ്റ്റ്കളും പത്തില് ഫുൾ എ പ്ലസ് ഒക്കെ കിട്ടിയ എല്ലാവരും വല്ല ഡോക്ടറും കലക്ടറും ഒക്കെ ആവുന്ന് പറഞ്ഞ ഞാനിവിടെ ഒന്നും ആവാതെ വെറുതേ ഒരു ഡിഗ്രി മാത്രം കൈയ് പിടിച്ച് അടുക്കള പണിയും ഒക്കെയായി ഒന്നും ആവാതെ കഴിയാന്ന് എല്ലാവരും അറിയില്ലേ. അത് വേണ്ട മീനേ. കൂടെ പഠിച്ച എല്ലാവരും വലിയ നിലയിലൊക്കെ എത്തിട്ട് ഞാൻ മാത്രം ഒന്നും ആവാതെ………ഞാൻ വരുന്നില്ല. എന്നെ വിളിച്ചറിയിക്കാൻ നമ്പറും ഭർത്താവിന്റെ അഡ്രസും ഒന്നും കിട്ടില്ലാന്ന് പറഞ്ഞ മതി നീ എല്ലാവരോടും. അപ്പോ ശരി ഞാൻ വെയ്ക്കാം. നീ പരിപാടി ഒക്കെ കഴിഞ്ഞിട്ട് വിളിച്ച മതി.
അത്രയും പറഞ്ഞ് ആ കോൾ കട്ട് ചെയ്യുമ്പോൾ അശ്വതി പോലും അറിയാതെ അവളുടെ കണ്ണുനീർ ആ ഫോൺ സ്ക്രീനിൽ അടർന്നു വീണിരുന്നു.
രചന: Nivya Varghese