നമ്മളേ അവർ വിശ്വസിക്കുന്നില്ലേ, ആ വിശ്വാസം അവർക്കുമുണ്ടാകും…

രചന: ഉണ്ണി കെ പാർത്ഥൻ

നിന്നിലൂടെഞാനും

********

“വല്ലാത്തൊരു ചെയ്തായി പോയി ല്ലേ… ആ പെണ്ണ് ചെയ്തത്…” വിമലേച്ചി പറയുന്നത് കേട്ട് അയൽക്കൂട്ടത്തിന് വന്ന എല്ലാരും മുഖത്തോട് മുഖം നോക്കി..

“അല്ല വിമലേ.. നീ ആരെ കുറിച്ചാ പറയണത്…” തെക്കേതിലെ വിലാസിനി ചേച്ചി ചോദിച്ചു…

“ശ്ശോ.. മ്മടെ വാസുചേട്ടന്റെ പെണ്ണില്ലേ സുമ… അവള് വീണ്ടും ഗർഭിണിയാണ് ന്ന്..” എളിയിൽ കയ്യും കുത്തി വിമല പറഞ്ഞത് കേട്ട് എല്ലാരും മൂക്കിൽ വിരൽ വെച്ചു..

“ശ്ശോ… മക്കളുടെ മക്കളുടെ വിവാഹം കഴിക്കാറായ ഈ സുമക്ക് ഇത് ന്തിന്റെ കേടാ…” ഭവാനി ചേച്ചി അതേറ്റു പിടിച്ചു…

“പ്രസവം നിർത്തിയിരുന്നില്ല പോലും.. ഇത്രയും വർഷമായിട്ടും…” വിമല പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി….

“നീ ഇത് ന്താ പറയണേ വിമലേ.. എന്റെ പ്രായാ സുമക്ക്.. അതായത് അമ്പത്തിരണ്ട് വയസ് നടപ്പ്… എന്നിട്ടാണോ അവള് പ്രസവം നിർത്തിയില്ല ന്ന് പറയുന്നേ..” ഭവാനി ചേച്ചി പറഞ്ഞു..

“ഇല്ല ചേച്ചി.. രണ്ടും പെണ്മക്കൾ ആയിരുന്നു ല്ലോ… അതുകൊണ്ട് ഒരു ആൺകുട്ടിക്ക് വേണ്ടി കാത്തിരിന്ന്.. അങ്ങനെ വീണ്ടും ആയപ്പോൾ.. അത് അലസി പോയി.. പിന്നെ.. ന്തോ.. അവര് പ്രസവം നിർത്താനും പോയില്ല.. ആള് ഗർഭിണിയായുമില്ല… അവസാനം ദേ.. ഈ വയസാൻ കാലത്താണ് ആയേ..” ചിരിച്ചു കൊണ്ട് വിമലേച്ചി പറഞ്ഞൂ..

“എന്നാലും… ഇത് ഇത്തിരി കൂടി പോയി ല്ലേ… ഇനി ഇപ്പൊ.. ഈ പ്രായത്തില് അവളെ കൊണ്ട് കൂട്ടിയാൽ കൂടോ ഒരാളെ കൂടി… അതല്ല എനിക്ക് സംശയം… ഇതിനി.. വാസു ചേട്ടന്റെ തന്നേയാണോ ആവോ…” ഭവാനി ചേച്ചി ഒന്നുടെ സംഭവം കലക്കി മറച്ചു..

“ആ ന്നേ… പാവം.. അങ്ങേർക്ക് എണിറ്റു നിക്കാനുള്ള ആരോഗ്യമില്ല.. ആ നേരത്താ.. അവളുടെ ഒരു…” പതിയിൽ നിർത്തി അർത്ഥം വെച്ച് ഒരു ചിരി ചിരിച്ചു വിമല…

“അരുതാത്തത് പറയല്ലേ ട്ടോ നിങ്ങൾ… ഇല്ലാ വചനം പറഞ്ഞു പരത്തിട്ട് ന്താ കിട്ടാ… നമ്മുടെ കൂടെ കിടക്കുന്ന നമ്മുടെ ഭർത്താക്കൻമാരെ നമ്മൾ വിശ്വസിക്കുന്നില്ലേ… നമ്മളേ അവർ വിശ്വസിക്കുന്നില്ലേ.. ആ വിശ്വാസം അവർക്കുമുണ്ടാകും… അവരായി അവരുടെ പാടായി.. അത് അവരുടെ കുടുംബകാര്യം.. എന്റെ പാസ്സ് ബുക്ക്‌ ഇങ്ങോട്ട് തന്നെങ്കിൽ ഞാൻ അങ്ങ് പോയാനേ..” നിർമലേച്ചി അവരേ നോക്കി പറഞ്ഞതും ഒരു നിമിഷം എല്ലാരുടേയും ഉത്തരം മു ട്ടി..

“നാളെ ഇത് നമ്മളിൽ പലർക്കും വന്നു കൂടാന്നില്ല.. ഒന്നാലോചിച്ചു നോക്കൂ നമ്മളിൽ ആരൊക്കെ പ്ര സവം നിർത്തിയിട്ടുണ്ടെന്നു..” അതും പറഞ്ഞു നിർമലേച്ചി പാസ്സ്ബുക്ക്‌ വാങ്ങി തിരിഞ്ഞു നടന്നു..

“ദൈവമേ… ചതിച്ചോ…’ അതിൽ പലരും അറിയാതെ ദൈവത്തെ വിളിച്ചു പോയി…

ശുഭം

രചന: ഉണ്ണി കെ പാർത്ഥൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters