കല്യാണം ഇത്ര വയസ്സിനുള്ളിൽ നടന്നില്ല എങ്കിൽ പണി പാളും…

രചന: മഞ്ജു ജയകൃഷ്ണൻ

“ദേ മനുഷ്യാ…. നിങ്ങൾക്കങ്ങു പറയാൻ പാടില്ലായിരുന്നോ ഇപ്പോൾ നമ്മൾ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന്”

അവളതു പറയുമ്പോൾ ഞാൻ കണ്ണുമിഴിച്ചു അവളെ നോക്കി.. കാരണം ആ ‘നമ്മളിൽ ‘ ഞാൻ ഇല്ലായിരുന്നു..

കല്യാണം കഴിഞ്ഞ ഉടനെ അവള് പറഞ്ഞ ഒരേ ഒരു ആവശ്യം അതായിരുന്നു…

“ജോലി കിട്ടിയിട്ട് ഒരു കുഞ്ഞു മതി” എന്ന്…

“കല്യാണം ജോലി കിട്ടിയിട്ട് മതി എന്ന് പറഞ്ഞിട്ട് ആരും കേട്ടില്ല” എന്ന് നിറക്കണ്ണുകളോടെ അവൾ പറഞ്ഞപ്പോൾ ഞാനും അവളുടെ ഭാഗത്തായിരുന്നു

ഒരു ആണ് ആണെങ്കിൽ ജോലി ഇല്ലാതെ വിവാഹം കഴിക്കാൻ സമൂഹം സമ്മതിക്കില്ല .. പക്ഷെ ഒരു പെണ്ണിന് അത് നിർബന്ധം ഇല്ല….

മാറേണ്ട ഒരു ആചാരം തന്നെയാണ് അത് എന്നായിരുന്നു എന്റെയും അഭിപ്രായം

വീട്ടിൽ അമ്മയുൾപ്പെടെ അത് എതിർത്തിരുന്നു…

“ഇതൊന്നും മാറ്റി വയ്ക്കരുത്” എന്ന് പറഞ്ഞിട്ടും…. അവളുടെ ഒപ്പം നിൽക്കുകയാണ് ഞാൻ ചെയ്തത്..

ഇന്നവൾക്ക് നല്ലൊരു ജോലി ഉണ്ട്….സർക്കാർ ജോലി തന്നെ അവൾ സ്വന്തമാക്കി

ഇപ്പോ ‘കുഞ്ഞുങ്ങൾ വേണ്ട’ എന്ന തീരുമാനത്തിൽ എത്തേണ്ട യാതൊന്നും ഞങ്ങൾക്കിടയിൽ ഇല്ല…

കൂടെ കല്യാണം കഴിഞ്ഞ പലരും ട്രോഫി ആയി പോകുമ്പോൾ എന്റെയും ഉള്ളിൽ ആഗ്രഹം തോന്നാറുണ്ടായിരുന്നു..

പക്ഷെ അപ്പോഴും അവൾ ആ ഭാഗത്തേക്ക്‌ പോലും നോക്കില്ല….

ആരെങ്കിലും അവളോട്‌ ചോദിച്ചാലും അവൾ എന്തൊക്കെയോ പറഞ്ഞു ഒഴിവാകുമായിരുന്നു എന്നാണെനിക്ക്‌ തോന്നിയത്

ഒരിക്കൽ ഒരു വിവാഹത്തിന് കൂടാൻ പോയപ്പോൾ വീടിന്റെ അടുത്തുള്ള ചേച്ചി നേരിട്ടു തന്നെ എന്നോട് ചോദിച്ചു…പലരും പല വിധത്തിൽ ചോദിച്ചു എങ്കിലും അവൾ കേൾക്കെ എന്നോട് ആരും ചോദിച്ചിരുന്നില്ല

“ആർക്കാ കുഴപ്പം എന്ന്”

വലിച്ചു കേറ്റി മുഖം വച്ചപ്പോഴേ എനിക്ക് തോന്നിയതായിരുന്നു അവൾ എന്തെങ്കിലും പറയും എന്ന്….

“എടീ ആൾക്കാരെ തൃപ്തിപ്പെടുത്താൻ അല്ല… എനിക്കൊരു കുഞ്ഞിനെ വേണം” അവളോടതു പറയുമ്പോൾ കേട്ടഭാവം നടിക്കാതെ അവിടെ നിന്നും പോയി

“ഇനിപ്പൊ സർക്കാർ ജോലി ഒക്കെ കിട്ടി… ഇനി എന്നേക്കാൾ നല്ല വല്ല ആളെയും കിട്ടുമെന്നോ വല്ലതും ആണോ ഇവളുടെ പ്ലാൻ… തടസ്സമാകാ തിരിക്കാൻ ആണോ കുഞ്ഞു വേണ്ട എന്ന് പറയുന്നത്?”

ഗൾഫിൽ പോയ ചന്ദ്രന്റെ കെട്ടിയോള് നാട്ടിൽ കൊച്ചും ഭർത്താവും ഉണ്ടായിട്ടും ഏതോ അറബി ആയി പൊറുതി തുടങ്ങിയെന്നു പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല… കാരണം അത്രക്ക് പഞ്ചപാവം ആയിരുന്നു ആ ചേച്ചി….

കടം മേടിച്ചും കുടുംബം വിറ്റും നേഴ്സ് ആയ കെട്ടിയോളെ ഗൾഫിൽ അയച്ചിട്ടു അവസാനം ചന്ദ്രേട്ടന്റെ മാനസികനില വരെ തകരാറിലായി…

പിന്നെ ഇവളുടെ കുടുബം ഒരു ചെറിയ ‘സദാനന്ദന്റെ സമയം ‘ ആയിരുന്നു… എന്തിനും ഏതിനും ജ്യോത്സൻ പറയണം. .

കല്യാണം ഇത്ര വയസ്സിനുള്ളിൽ നടന്നില്ല എങ്കിൽ ‘പണി പാളും ‘ എന്ന് പറഞ്ഞത് കൊണ്ടാണ് പെണ്ണ് ജോലി എന്നൊക്കെ പറഞ്ഞെങ്കിലും വീട്ടുകാർ മൈൻഡ് ആക്കാതെ ഇരുന്നത്

ഇനി ജ്യോത്സൻ കൊചോണ്ടാകാൻ വല്ല സമയവും പറഞ്ഞിട്ടുണ്ടോ ആവോ?…

അങ്ങനെ പല ചിന്തകളും എന്റെ മനസ്സിൽ കൂടെ പോയി..

ഒടുവിൽ അവളോട്‌ നിരാഹാര സമരം അടുക്കളയിലും ബെഡ്‌റൂമിലും പ്രഖ്യാപിച്ചു

രാവിലെ അവൾ ഉണ്ടാക്കിയ പുട്ടും കടലയും എത്ര എന്നെ പ്രലോഭിച്ചിട്ടും ഞാൻ ‘കണ്ട്രോൾ ‘ ചെയ്തു

ഉച്ചക്ക് ഓഫീസിൽ പോയി പുറത്തു നിന്നും കഴിച്ചു…. … രാത്രിയിലെ കൂടി മുന്നിൽ കണ്ടു ഞാൻ വൈകീട്ടും പോയി മാരക തട്ട് തട്ടി

“എനിക്കൊന്നും വേണ്ട” എന്ന് പറഞ്ഞു ഞാൻ ഒറ്റ കിടപ്പ് ആയിരുന്നു

അവളുടെ കാച്ചെണ്ണയും മുല്ലപ്പൂവും ഒക്കെ ഞാൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടു ഞാൻ അവഗണിച്ചു

അമ്മ ഉൾപ്പെടെ വന്നിട്ടും ഞാൻ പിന്മാറിയില്ല

“ഒന്നിലെങ്കിൽ എനിക്കൊരു കൊച്ച്.. അല്ലെങ്കിൽ പട്ടിണി കിടന്നു ചാകട്ടെ ” എന്ന് പ്രഖ്യാപിച്ചപ്പോൾ

അമ്മയുൾപ്പെടെ മൂക്കത്ത് വിരല് വച്ചു…

“പത്തു മനുഷ്യരോട് പറയാൻ പറ്റോ..ചുണയില്ലാത്തവൻ” എന്ന് പറഞ്ഞു എന്റെ മുഖത്തു നോക്കാതെ ആയി

“എന്നെ കളഞ്ഞിട്ട് പോകുവാണേൽ പൊക്കോ….. ആരെയാ നീ കണ്ടു വച്ചേക്കുന്നെ” എന്ന് പറഞ്ഞപ്പോൾ അവൾ വല്ലാതെയായി

അവസാനം പെണ്ണ് അടിയറവു പറഞ്ഞു..

“ചേച്ചിക്ക് പിള്ളേർ ആകാതെ എനിക്ക് മാത്രം ആയാൽ ചേച്ചിക്ക്‌ സഹിക്കാൻ പറ്റില്ല ഏട്ടാ” എന്ന് അവൾ പറയുന്ന കേട്ടപ്പോൾ ഞാൻ എന്തോ പോലെ ആയി

അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്‌…

അവളുടെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് കുറെ വർഷങ്ങൾ ആയി…. ഭർത്താവിന്റെ വീട്ടിൽ ഇതേ ചൊല്ലി പ്രശ്നങ്ങൾ ആയതു കൊണ്ടു ചേച്ചിയും ചേട്ടനും ഇപ്പോൾ ഇവരുടെ വീട്ടിൽ ആണ്…

ചേച്ചി എന്നും പ്രാർത്ഥനയും വഴിപാടും ആയാണ് നടക്കുന്നത്….

“രണ്ടു വർഷം കഴിഞ്ഞപ്പോൾ ഏട്ടനു ഇത്ര ആഗ്രഹം ഉണ്ടെങ്കിൽ ചേച്ചിയുടെയും ചേട്ടന്റെയും കാര്യം ഒന്നോർത്തു നോക്കിക്കെ… എത്ര പേര് കുത്തി നോവിക്കുണ്ടുണ്ടാവും”

എന്നൊക്കെയുള്ള ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു

ചേച്ചിക്ക് വേണ്ടി ആണ് അപ്പോൾ ഇവൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് വയ്ക്കുന്നത്….

“സാരമില്ലെടോ” എന്ന് പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു

ഇതിനൊരു പരിഹാരം കാണാൻ ചേച്ചിക്കെ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കി..

ചേച്ചി ഇവളുടെ തീരുമാനം അറിഞ്ഞപ്പോൾ കണ്ണും തള്ളി ഇരുന്നു.കാരണം രണ്ടും വീട്ടിൽ കീരിയും പാമ്പും ആയിരുന്നു

എല്ലാത്തിലും ചേച്ചി ആയിരുന്നു മിടുക്കി… പരീക്ഷക്ക് വാങ്ങിക്കുന്ന മാർക്ക്‌, വണ്ടി ഓടിക്കാൻ ഉള്ള ലൈസൻസ് എന്നിവയിൽ ചേച്ചി ഇവളെ കടത്തി വെട്ടി…

“ഇതിൽ നീ ജയിക്കെടീ” എന്ന് ചേച്ചി പറഞ്ഞപ്പോൾ അവള് ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു….

അങ്ങനെ ഞങ്ങളുടെ കുഞ്ഞിചെറുക്കൻ ഇങ്ങു വന്നെത്തി…

അധികം വൈക്കാതെ ചേച്ചിയും ഇരട്ടപിള്ളേരുടെ അമ്മയായി… അതോടെ ഇവളുടെ സഹതാപം ഒക്കെ മാറി ചേച്ചിയെ തോല്പിക്കാൻ ഉള്ള മനോഭാവം ആയി…..

കൊച്ചിന് രണ്ടു വയസ്സ് തികഞ്ഞ ഉടനെ അവളോട്‌ എന്നോടൊരു ചോദ്യം

“അടുത്തത് എപ്പോഴാ?

നാട്ടുകാര് ചോദിച്ചു തുടങ്ങി എന്ന്”

പകച്ചു പണ്ടാരമടങ്ങി ഞാൻ നിന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

കൂട്ടുകാരെ കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ, നിങ്ങളുടെ സ്വന്തം ചെറുകഥകൾ ഈ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ…

രചന: മഞ്ജു ജയകൃഷ്ണൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters