അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പ്രണയത്തോടെ പറഞ്ഞു, ഇഷ്ടാണ് ഒരുപാട് ഒരുപാട് എന്റെ അജുവേട്ടനെ…

രചന : kalyani Narayan

അജുവേട്ടന്റെ കൈപിടിച്ച് സ്വാതിച്ചേച്ചി പടികയറി വരുന്നത് കണ്ടപ്പോ ഒന്ന് മരിച്ചുവീണിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി….. തൂണിനുമറവിൽ എങ്ങനെയൊക്കെയോ ഹൃദയത്തെ കാർന്നു തിന്നുന്ന നോവിനെ അടക്കിവച്ചുനിന്നു…… ഏങ്ങലടികൾ പുറത്തുവരുമെന്ന് ഭയന്ന് നീളമുള്ള നഖങ്ങൾകൊണ്ട് തൂണിലെ ഇളംപച്ച പെയിന്റ് മാന്തി പൊളിച്ചു….. മറുകൈ കല്യാണത്തിനിടാൻ അജുവേട്ടൻ മേടിച്ചുതന്ന സാരിയിൽ ഞെരിഞ്ഞമർന്നു……

“വലതുകാൽ വച്ച് കയറി വാ മോളെ” രാജിയമ്മായി കൊടുത്ത നിലവിളക്കും പിടിച്ച് സ്വാതി ചേച്ചി അകത്തേക്ക് കടന്നപ്പോ പതിയെ ഉള്ളിലേക്ക് നടന്നു….. ഇനി കാണാനായി തനിക്കൊരു സ്വപ്നം പോലും ഇല്ലെന്ന തിരിച്ചറിവവളെ തളർത്തി….. ആരും തിരക്കി വരില്ലായെന്ന ഉറപ്പുള്ളതുകൊണ്ട് മുറിയടച്ച് കാൽമുട്ടിൽ മുഖം ചേർത്ത് ഏങ്ങിയേങ്ങി പതം പറഞ്ഞു കരഞ്ഞെപ്പോഴോ ഉറക്കത്തെ പുൽകി….

കാലത്തെ അടുക്കളയിൽ ചെന്നപ്പോ സ്വാതി ചേച്ചിയുണ്ട് അവിടെ… കുളിയൊക്കെ കഴിഞ്ഞ് രാജിയമ്മായിക്കൊപ്പം എന്തൊക്കെയോ കളിചിരികൾ പറയുന്നുണ്ട്…. പതിയെ നടന്നരികിലേക്ക് ചെന്നു….

“ആഹാ പത്മമോളുണർന്നോ… ഇന്ന് എന്തേയിത്ര വൈകിയേ…?? ഉറങ്ങിപ്പോയോ…?? ദേ അമ്മയ്ക്കുള്ള ചൂടുവെള്ളം ഞാൻ ആക്കിവച്ചിട്ടുണ്ട് ചെന്ന് കുളിപ്പിച്ചേക്ക്….. ഇത് ഇവിടത്തെ അച്ഛന്റെ പെങ്ങളുടെ മോളാട്ടൊ ” പത്മ” “അമ്മയ്ക്കുള്ള ചൂടുവെള്ളം ഒരു പ്ലാസ്റ്റിക് ബക്കറ്റിലേക്ക് ഒഴിച്ച് തരുന്ന കൂടത്തിൽ അമ്മായി സ്വാതിച്ചേച്ചിക്ക് എന്നെകുറിച്ച് പറഞ്ഞുകൊടുത്തു…

ചേച്ചി എന്നെനോക്കി ചിരിക്കുമ്പോൾ ഞാൻ നോക്കിയത് ആാാ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന താലിയിലേക്കും സീമന്ത രേഖയിൽ പടർന്നു കിടക്കുന്ന സിന്ദൂരപൊടിയിലേക്കും ആയിരുന്നു… അത് തന്നെ നോക്കി കളിയാക്കുന്നത് പോലെ… പകർന്നുതന്ന ചൂടുവെള്ളവും എടുത്ത് അമ്മേടെ മുറിയിലേക്ക് നടന്നു…

“ആാാ കുട്ടീടെ അമ്മയ്ക്ക് എന്താമ്മേ..??” സ്വാതിച്ചേച്ചി അമ്മായിയോട് ചോദിക്കുന്നത് ഞാൻ കേട്ടിരുന്നു…. തലതാഴ്ത്തിപ്പിടിച്ച് മുൻപോട്ട് നടന്നു… ഒരുവശം തളർന്നു കിടക്കുന്ന അമ്മയെ കുളിപ്പിക്കുമ്പോഴും ഉടുപ്പ് മാറ്റി പൗഡറും കണ്മഷിയും ഇട്ടുകൊടുക്കുമ്പോഴും കണ്ണ് നിറഞ്ഞു… തന്റെ നശിച്ച ജന്മത്തെയോർത്ത്…. നിറം മങ്ങിയ ജീവിതത്തിൽ കണ്ടിരുന്ന ആകെയുണ്ടായിരുന്ന വെളിച്ചമാണ് ഇന്നലെ സ്വാതിചേച്ചിടെ കൈകൾ പിടിച്ച് പടികയറി വന്നത്…. എല്ലാം കഴിഞ്ഞ് അമ്മേടെ മുഖത്തെ തഴുകി ആാാ കൈകളിൽ മുത്തമിട്ടു…. എണീറ്റു പോകാൻ തുടങ്ങിയപ്പോ ചെറുവിരലിൽ ചെറുതായി ഒരു പിടിവീണു…. നോക്കിയപ്പോ കണ്ടു ഉടുമുണ്ടിൽ മൂത്രമൊഴിച്ച് കിടക്കുന്ന അമ്മയെ….. പൊട്ടിക്കരഞ്ഞ് ഞാനാ നെഞ്ചിലേക്ക് വീണുപോയി…. തന്റെ നിസ്സഹായാവസ്ഥ ഓർത്തായിരിക്കണം അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകി…..

“അമ്മ കുളികഴിഞ്ഞപ്പോ വീണ്ടും മൂത്രമൊഴിച്ചുപോയി… അത് മാറ്റികൊടുത്ത് വരാൻ ഇത്തിരി വൈകിപ്പോയി അമ്മായി…. രാവിലത്തേത് ആയിട്ടുണ്ടാവുംലെ ഞാൻ ഉച്ചയ്ക്കത്തേക്ക് അരിയിടാം…..” കാര്യഗൗരവത്തോടെ കാര്യങ്ങൾ ചെയ്യുന്ന ആ ഇരുപത്തിരണ്ടുകാരിയെ കൗതുകത്തോടെ നോക്കി കാണുന്നുണ്ടായിരുന്നു സ്വാതി….

പതിവില്ലാതെ ഇടയ്ക്കിടെ അടുക്കളവാതിൽ പ്രത്യക്ഷപ്പെടുന്ന അജുവേട്ടനും, കണ്ണുകൊണ്ടും കൈകൾകൊണ്ടും മൗനമായി അവര് നടത്തുന്ന പ്രണയസല്ലാപങ്ങളും മരവിച്ച മനസ്സിനെ വേദനിപ്പിക്കാനെന്നോണം ആണി കുത്തിയിറക്കുന്നതുപോലെ തോന്നി….. പിന്നെ ഉള്ളിലെ സങ്കടം മറിച്ചുവെച്ച് ചിരിയോടെ അമ്മായിക്കൊപ്പം ഏട്ടനെ കളിയാക്കാൻ കൂടി കൊടുത്തു…..

ഒരിക്കൽ ഉച്ചയ്ക്ക് അടുക്കളപൂട്ടി അമ്മയ്ക്കരുകിലേക്ക് പോകുമ്പോഴായിരുന്നു നടുമുറിയിൽ സ്വാതിച്ചേച്ചിയെ വലിച്ചടുപ്പിച്ച് ചുംബിക്കുന്ന അജുവേട്ടനെ കണ്ടത്…. എന്നെങ്കിലുമൊരിക്കൽ തന്നെ ഇതുപോലെ ചേർത്ത്പിടിച്ച് ചുംബിക്കുമെന്ന് കരുതിയവൻ മറ്റൊരുവളെ ചുംബിക്കുന്നത് കണ്മുൻപിൽ കാണേണ്ടി വന്നപ്പോൾ മരിച്ച് കഴിഞ്ഞിരുന്നു മനസ്…. അന്നൊത്തിരി നേരം അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു…. ആ കണ്ണീരിനൊടുക്കം അജുവേട്ടൻ എന്ന സ്വപ്നത്തെയും തന്റെയുള്ളിൽ കുഴിച്ചുമൂടി……

പിന്നീട് കുറേപേരുടെ മുന്നിൽ വേഷംകെട്ടി ഒരുങ്ങിനിന്ന് ചായകൊടുത്തു… കറുമ്പി ആയതുകൊണ്ടോ എന്റമ്മയുടെ ഭാഗ്യം കൊണ്ടോ ആവാം വരുന്നവർക്കാർക്കും എന്നെ ബോധിച്ചില്ല….. ഓരോരുത്തർ വന്ന് പോകുമ്പോഴും തളർച്ച ബാധിച്ച അമ്മയുടെ കണ്ണില് ഒരു തിളക്കം വരും… അപ്പോഴൊക്കെ ‘ഒക്കെയെന്റെ വസുന്ധരാമ്മേടെ ഭാഗ്യം’ എന്ന് പറഞ്ഞ് ഞാൻ അമ്മയെ ചേർത്ത് പിടിക്കും…. മൂത്രമൊഴിച്ച മുണ്ട് മാറ്റിക്കൊടുക്കും…. ആ ഉത്തരം അമ്മയുടെ കണ്ണുകളെ ഈറനാക്കി കൊണ്ടിരുന്നു…. ഏതമ്മയാണ് അല്ലേ മക്കൾക്കൊരു നല്ല ജീവിതം കിട്ടാൻ ആശിക്കാത്തത്…??

പിന്നീടുള്ള ഒരുവർഷം എന്താ ഉണ്ടായതെന്ന് ഇപ്പോഴും മനസിലാക്കാൻ പറ്റിയിട്ടില്ല ഒരു കടലാസ്സിലെ രണ്ടൊപ്പിൽ അവസാനിച്ചു അജുവേട്ടന്റെയും സ്വാതിചേച്ചിടെയും ജീവിതം….

പിന്നീട് താൻ അവിടെ വരുന്നവർക്ക് ചായ കൊടുക്കുമ്പോൾ അജുവേട്ടൻ വേറെ വീടുകളിൽ കയറി ഇറങ്ങി ചായ കുടിക്കാൻ തുടങ്ങി….. വീണ്ടും അറിയാതെ പ്രണയിച്ചു തുടങ്ങി…….

ജീവിതം കൈവിട്ട് പോയി എന്ന് തോന്നിയതുകൊണ്ടാവാം ഏട്ടൻ ചെറുതായി മദ്യപാനവും തുടങ്ങി…. ഒടുക്കം ആ കൈകൾ കൊണ്ട് ഈയുള്ളവളുടെ കഴുത്തിൽ ഒരു താലി ചാർത്തിച്ചു… അർജുൻ എന്ന് പേരുകൊത്തിയ എന്റെ അജുവേട്ടന്റെ താലി…. അജുവേട്ടന്റെ കൈകൾ തന്റെ സീമന്ത രേഖയെ ചുവപ്പിച്ചു….

കല്യാണരാത്രി എന്റെയും അജുവേട്ടന്റെയും കസിൻസ് തന്ന സമ്മാനപൊതികൾ ഓരോന്ന് തുറന്നു നോക്കി…. എല്ലാത്തിലും കടും ചുവപ്പ് സാരി…. തനിക്കൊട്ടും ഇണങ്ങാത്ത കളർ… തന്നോടുള്ള ഇഷ്ടക്കുറവ് കാണിക്കാൻ ഇതിലും നല്ല മാർഗം ഇനി അവർക്കില്ലാലോ…. കരയില്ലായെന്നും ഇന്ന് തന്റെ സ്വപ്നം സ്വന്തമായ രാത്രിയാണെന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു… അതിന് പക്ഷേ അജുവേട്ടൻ പത്മ പഴയ റൂമിൽ ചെന്ന് കിടന്നോളാൻ പറയുന്നത് വരെയെ ആയുസ്സുണ്ടായിരുന്നുള്ളൂ….

ആ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഗദ്ഗദം പുറത്തേക്ക് വന്നു… തന്റെ കുഞ്ഞുമുറിയിൽ കയറിയ ഉടൻ നെഞ്ചുപൊട്ടി കരഞ്ഞുപോയി……

പിന്നീടുള്ള പകലുകളിൽ ഒക്കെ ഏട്ടന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്തുകൊടുത്തു…. രാത്രി മുറിയിൽ താലിയിൽ പിടിച്ച് പരിഭവവും പരാതിയും പറഞ്ഞ് ഉള്ളിലെ സങ്കടം കരഞ്ഞുതീർക്കും…. ജീവിതത്തെ മടുത്ത് തുടങ്ങിയിരുന്നു…. ഒരു ചേർത്തുനിർത്തലിനപ്പുറമൊന്നും ഇരുൾനിറഞ്ഞ ജീവിതത്തിൽ ആഗ്രഹചിട്ടില്ലാ…. ഇരുട്ടിലെങ്കിലും എന്നെ ചേർത്ത് പിടിച്ചൂടേ.. ഇരുട്ടിൽ എനിക്കും മറ്റുള്ള സ്ത്രീകൾക്കും ഒരേനിറം തന്നെയല്ലേയെന്ന് എന്നിലെ പെണ്ണ് എന്നോട് തന്നെ ചോദിച്ചോണ്ടിരുന്നു….

അസഹ്യമായ തലവേദനയ്ക്കൊപ്പം മൂക്കിൽ നിന്നും ഒരിക്കൽ വന്ന ചോരതുള്ളികളിലൂടെ മനസിലായി ഇനി അധികനാൾ പത്മയില്ലായെന്ന് …. വീണ്ടും കണ്ടു ദൂരത്തെവിടെയോ ഒരിത്തിരി വെട്ടം… മരണത്തിന്റെ വെളിച്ചം….. തളർന്നു കിടക്കുന്ന അമ്മയ്ക്ക് മുന്നിൽ മാത്രം തന്റെ രക്തത്തുള്ളികളെ കാട്ടിക്കൊടുത്തു…. തനിക്ക് മുന്നേ ഈ കിടപ്പിൽ നിന്നും അമ്മയെ പറഞ്ഞയക്കണം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ…. തന്റെ മൂക്കിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുത്ത ചുവപ്പിന് ആ സാധുസ്ത്രീയെ ഇല്ലാതാക്കാനുള്ള കരുത്തുണ്ടെന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു…. നെഞ്ച് പൊട്ടി അവര് മരിച്ചിരിക്കുന്നു…..

പിന്നെയൊരു പ്രണയമായിരുന്നു തന്നെ കാർന്നു തിന്നുന്ന തന്നെ സ്നേഹിച്ചില്ലാതാക്കുന്ന രോഗത്തോട്…

“പത്മേ…… പത്മേ…..”

ആദ്യമായി ആദ്യമായ് കേട്ടു അജുവേട്ടന്റെ വിളി…. മുറിയിൽ നിന്നും ഇറങ്ങിയോടുമ്പോൾ എന്നിലെ പ്രണയിനി പൂർവാധികം ശക്തി പ്രാപിച്ചു…. കിതച്ച് വാതിൽപ്പടിയിൽ നില്കുമ്പോ കണ്ടു സ്വന്തംകാലിൽ ഉറച്ച് നിൽക്കാനാവാതെ ഉഴറി കളിക്കുന്ന ഏട്ടനെ…. കാൽ തെന്നി വീഴുമെന്ന് തോന്നിയപ്പോൾ ചെന്ന് താങ്ങായി പിടിച്ചുനിന്നു…..

“സ്വാതിക്ക് എന്നെ വേണ്ട…. നിനക്ക് ഞാൻ ചേരത്തും ഇല്ലാലെ… ഞാനൊരു രണ്ടാംകെട്ടും നിന്റേത് ആദ്യത്തേതും… പിന്നെന്തിനാ എന്തിനാ എന്റെ താലിക്ക് മുൻപിൽ തലകുനിച്ചേ….??? ഇത്തിരി കാത്തിരുന്നേൽ അസ്സലൊരുത്തന്റെ കൂടെ പോവായിരുന്നല്ലോ…. ഇനി ഞാൻ കൊടുക്കില്ലാട്ടോ ആര് വന്ന് ചോദിച്ചാലും കൊടുക്കില്ല…..” നാക്ക് ഉഴറി പറഞ്ഞ വാക്കുകൾ കേട്ട് ഒരുനിമിഷം ചലനമറ്റ് നിന്നുപോയി….

“എന്റെ ഭാര്യ അല്ലേ നീ… മ്മ്ഹ്ഹ്..?? പറാ അല്ലേ….”

ഉള്ളിലെ സന്തോഷം കണ്ണുനീരായും ഒപ്പം മൂക്കിൽ നിന്നും രക്തത്തുള്ളികളായും ഒലിച്ചിറങ്ങി….

“എന്തിനാ കരയുന്നെ… ഇഷ്ടമല്ലെങ്കിൽ വേണ്ടാട്ടോ അജു ഒന്നും ചെയ്യില്ല… കണ്മുൻപിൽ ഉണ്ടായാൽ മതി എന്നും….”

“ഇഷ്ടാണ് ഒരുപാട് ഒരുപാട് എന്റെ അജുവേട്ടനെ….” അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പ്രണയത്തോടെ പറഞ്ഞു….. ഈ ജന്മത്തിൽ ഇതുവരെ പെയ്തുതീർത്ത കണ്ണുനീർ ഒരിക്കൽ കൂടി ശക്തിയിൽ ആ ഒരുനിമിഷം പെയ്തിറങ്ങി….

ബോധമില്ലാതെ ഏട്ടൻ തന്റെ കണ്ണുനീരിനൊപ്പം മൂക്കിലെ രക്തത്തുള്ളികളെയും തുടച്ചു നീക്കികൊണ്ടിരുന്നു….

പ്രണയം വീണ്ടും പ്രണയം തന്റെ പ്രിയപെട്ടവനോട്…. ജീവിക്കാൻ വീണ്ടും മോഹം അവനൊപ്പം അവന്റെ കുഞ്ഞുങ്ങൾക്കൊപ്പം…. അസഹ്യമായ തലവേദനയിലും പുഞ്ചിരിയോടെ അവനെ നോക്കി….. ചേർത്തുപിടിച്ച് ചുവന്ന വട്ടപൊട്ടിനുമേൽ ആ ചുണ്ടുകൾ അമർന്നു….. മൂക്കിലൂടെ ഒലിച്ചിറങ്ങി അവന്റെ വസ്ത്രത്തെ ചുവപ്പിക്കുന്ന രക്തത്തെ ദേഷ്യത്തോടെ അവള് തുടച്ചുമാറ്റികൊണ്ടിരുന്നു…

കുടിച്ച് ബോധമില്ലാതെ നേരെനിൽക്കാൻ പോലും കഷ്ടപെടുന്നവൻ അവളെ താങ്ങിയെടുത്തപ്പോൾ പ്രണയം വീണ്ടും ഇരട്ടിച്ചു….. ആ നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ ആ ചുണ്ടുകൾ ഒന്ന് മാത്രം മന്ത്രിച്ചു….

“പ….ത്മേ… പത്മേ… പ….ത്മേ….”

പുലർകാലത്തെ തണുപ്പിൽ അവൻ അവളെ ഒന്നുകൂടെ പുണർന്നു…. കാച്ചിയ എണ്ണയുടെ മത്ത് പിടിപ്പിക്കുന്ന മണം നാസികയിലൂടെ തുളഞ്ഞുകയറി… കണ്ണ് തുറന്നപ്പോൾ നെഞ്ചിലായി ഉറങ്ങുന്നുണ്ടവന്റെ പത്മ…. നീട്ടി മൂർദ്ധാവ് വരെ പടർന്നു കിടക്കുന്ന സിന്ദൂരം അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിടർന്നു… നേരിയ സ്വർണവളകൾ ഇട്ട ഇരുണ്ട വലംകൈ അവന്റെ നെഞ്ചിനുതാഴെ നിവർത്തി വച്ചിട്ടുണ്ട്… കൈകളിൽ പിടിച്ച് അർജുൻ എന്ന് പേരുകുത്തിയ മോതിരത്തിൽ അമർത്തി മുത്തി….

“പത്മേ….” കാതിലായി പതിയെ വിളിച്ചു….

“പത്മേ എഴുന്നേൽക്കുന്നില്ലേ….” ഒരിക്കൽക്കൂടി മുടിയിൽ തലോടി വിളിച്ചു…. അനക്കമില്ല… ഭീതിയോടെ നെഞ്ചിൽ നിന്നും ഇറക്കി കിടത്തി…. അവളുടെ ഹൃദയം നിലച്ചിരിക്കുന്നു…. കണ്ണിലൂടെ ഒലിച്ചിറങ്ങിയ കരിമഷിക്കും മൂക്കിലൂടെ ഒഴുകിയിറങ്ങിയ രക്തക്കറയ്‌ക്കും ഒപ്പം ചുണ്ടുകളിൽ നിറഞ്ഞ സന്തോഷത്തിന്റെ മായാത്ത ചിരി അപ്പോഴും അവളിൽ ഉണ്ടായിരുന്നു….. ഒരു രാത്രി തന്റെ മോഹങ്ങൾക്കൊപ്പം സ്വപ്നങ്ങൾക്കൊപ്പം ജീവിച്ചതിന്റെ നേർത്ത ചിരി…..

“പത്മേത്മത്മ…………..” ഒരലർച്ചയ്ക്ക് ശേഷം ഒന്ന് കരയാൻ പോലുമാകാതെ ഉള്ളിലെ നോവ് തൊണ്ടയിൽ കുരുങ്ങി വലിഞ്ഞു…….

“ഇഷ്ടാണ് ഒരുപാട് ഒരുപാട് എന്റെ അജുവേട്ടനെ….” ഇരുട്ട് മൂടിയ അടച്ചിട്ട സെല്ലിനുള്ളിൽ നിന്നും അവന്റെ കാതിലേക്ക് അവളുടെ സ്വരം പതിഞ്ഞുകൊണ്ടിരുന്നു…. കാലിനെ തളച്ചിട്ട ഇരുമ്പിന്റെ ചങ്ങല വ്രണത്തെ വ്രണപ്പെടുത്തികൊണ്ടിരുന്നു….. വേദനയിലും അവൻ അവളെയോർത്ത് ഉറക്കെ ഉറക്കെ പൊട്ടിചിരിച്ചുകൊണ്ടിരുന്നു…..

രചന : kalyani Narayan

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters