രചന: നിവിയ റോയ്
കഥ :-പെണ്ണ്
ആ മൂന്ന് സെന്റ് ഭൂമി തന്റെ സ്വന്തം അദ്ധ്വാനംകൊണ്ട് കുമരൻ മേടിച്ചതാണ്. അതിലെ ഓലക്കുടിൽ അയാളും പഞ്ചമിയും ചേർന്നു മെനഞ്ഞുണ്ടാക്കിയതാണ് . ചായിപ്പിലിട്ടിരിക്കുന്ന പഴകിയ ബെഞ്ചും അയാൾ നിർമ്മിച്ചതാണ് .
അയാളുടെ വീടിനടുത്തുള്ള ഭൂമി കയ്യേറി, അതിൽ പഞ്ചനക്ഷത്ര ഹോട്ടൽ പണിയാൻ വന്ന മുതലാളി തന്റെ സ്ഥലത്തു ഉയരാൻപോകുന്ന സ്വപ്നകൊട്ടാരത്തെ മനസ്സിൽ കണ്ട് ഗൂഢമായി ചിരിച്ചു ചുറ്റും കണ്ണോടിച്ചപ്പോഴാണ് പാടത്തു വിയർത്തൊലിച്ചു പണിയുന്ന കുമരനെ കണ്ടത്.
അയാളുടെ വെളുത്ത മുഖത്ത് ഒരു അനിഷ്ടത്തിന്റെ നിഴൽ വീണു .
നീരസത്തോടെ മുഖം തിരിച്ചപ്പോഴാണ് അയാളുടെ കുറുകിയ കണ്ണുകൾ കുടിലിനു പിറകിലായി പുറം തിരിഞ്ഞിരുന്നു പാത്രം തേക്കുന്ന മണ്ണിന്റെ നിറമുള്ള പെണ്ണിലേക്ക് ആഴ്ന്നിറങ്ങിയത്.
അയാളുടെ മുഖത്തെ നീരസം വീണ്ടും നിറം മാറി .അയാൾ അവളെ സൂക്ഷിച്ചു നോക്കി .
അവളുടെ കണങ്കാലിനോടു പറ്റിച്ചേർന്നു കിടക്കുന്ന വെള്ളിക്കൊലുസ്സ് കണ്ടപ്പോഴാണ് അയാൾ മുകളിലേക്ക് നോക്കിയത് . എന്തൊരു ചൂട് ….അയാൾ സ്വയം പറഞ്ഞു .
അയാൾ കുമരന്റെ വീട്ടിലേക്ക് നടന്നു.
അയാളെ കണ്ടതും കുമരൻ പാടത്തുനിന്നും ഓടി വന്നു . മണ്ണിന്റെ നിറം കലർന്ന തോർത്തു മുണ്ടിൽ കൈ തുടച്ചു. അയയിൽ കിടന്ന കരിമ്പനടിച്ചുതുടങ്ങിയ തോർത്തെടുത്തു കുമരൻ താൻ പണിത ബെഞ്ച് ആദരവോടെ തുടച്ചു.
തമ്പിരാൻ ഇരിക്ക് …അയാളുടെ വരണ്ടുണങ്ങിയ തൊണ്ടയിൽ നിന്നും നനവുള്ള വാക്കുകൾ പുറത്തേക്കു വന്നു . അയാൾ ബെഞ്ചിലിരുന്നപ്പോൾ അന്നാദ്യമായി ആ ബെഞ്ച് നീരസത്തോടെ ഒന്ന് ഞെരങ്ങി .
നല്ല ദാഹം കുടിക്കാൻ …
അയാൾ പറഞ്ഞു മുഴുമിക്കും മുൻപ് അയാൾ കുടിലിന്റ പിറകിലേക്ക് നോക്കി വിളിച്ചു.
പഞ്ചമീ …
കരിയും സോപ്പും കലർന്ന വെള്ളം കൈയിൽ നിന്നും കുടഞ്ഞു കൊണ്ട് അവൾ അങ്ങോട്ട് വന്നു.
തമ്പിരാന് കൊർച്ച് കുടിവെണ്ണം ….അയാൾ വിനയത്തോടെ പറഞ്ഞു
തമ്പിരാനോ …? ഏത് തമ്പ്രാൻ ബെഞ്ചിലിരിക്കുന്ന അയാളെ നോക്കി ഒരു ഭാവഭേദവുമില്ല അവൾ ചോദിച്ചു .
ശ് …..അയാൾ വാ പൊത്തിക്കൊണ്ട് കോലയിലെക്കു കണ്ണു നീട്ടി .
ആദ്യമായി ഒരു പെണ്ണിനെ കാണുംപോലെയുള്ള അയാളുടെ നോട്ടത്തിൽ അവൾ പതറിയില്ല .
അവൾ തിരിഞ്ഞ് കുമാരനോട് ചോദിച്ചു . ഇങ്ങക്ക് നടുവിന് ന്ത് പറ്റി ?കൂഞ്ഞിക്കൂടി നിൽക്കണെ ? മ്മ്ടെ അപ്പനപ്പൂപ്പന്മാരുടെ കൂന് ഇങ്ങക്ക് ഇനീം മാറില്ലാ?ന്ന്ട്ട് എനക്ക് ഇല്ലാല്ലോ .ആരാന്റെ മുറ്റത് നിക്ക്ണ പോലേ നിക്കണതെന്താന്ന് ?നേരെ അങ്ങോട്ട് നിക്ക് മനുഷ്യ ഇത് ങ്ങടെ കുടിയല്ലേ ?
പഞ്ചമിയുടെ രോഷം കലർന്ന ശബ്‌ദം കേട്ട് ബെഞ്ചിൽ നിന്നും അയാൾ പെട്ടെന്ന് എഴുന്നേറ്റു. അപ്പോഴും ബെഞ്ച് ഒന്നുകൂടി അനങ്ങി .പരിഭവം വിട്ടൊഴിഞ്ഞ പോലേ.
മുറ്റത്തേക്ക് ധൃതിയിൽ ഇറങ്ങി നടക്കുന്ന അയാളെ നോക്കി പിന്നിൽ നിന്നും അവൾ വിളിച്ചു പറഞ്ഞു .
കിണറ്റിന് ഓരത്ത് പാളയും കയറ്ണ്ട് ബേണ്ട വെള്ളം കുടിച്ചിട്ട് പോയ്ന്.
കുമരൻ പഞ്ചമിയെ തന്നെ നോക്കി നിന്നു .
ന്താ നിങ്ങളിങ്ങനെ നോക്കണേ ….?
അയാൾ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു . ചെളിപുരണ്ട കൈകൾക്കൊണ്ട് അവളുടെ കവിളിൽ തടവി . കാട് വിട്ട് പോയ് പഠിച്ച പൊണ്ണ് പെഴ്ച്ച് കാണും .നീ അവളെ കല്യാണം കെട്ടണ്ടന്ന് മുമ്പ് എല്ലോരും വെലക്കി. ഉന്നോട് കൊർച്ച് കാര്യമായതോണ്ട് അതൊന്നും കേട്ട്ല്ല . ഇസ്ക്കൂളിൽ പോയോണ്ട് ഏന്റെ പഞ്ചമീന്റെ കൂന് മാറി.സ്നേഹത്തോടെ അയാൾ അവളെ ചേർത്തു നിർത്തി .
പണ്ടല്ലോ എനക്കും ഇസ്‌കൂളിൽ പോകാന് ആശയിര്ന്ന് . ഉരുവിനെ പൂട്ടാനും പെരുക്കാനും നടാനും ഞണ്ട് പുടിക്കാനും ഇസ്‌കൂളിൽ പോണ? മൂപ്പന്റെയും ഊര് മക്കടെയും ശോദ്യം. ഇസ്‌കൂളിൽ പോയെനെങ്ങിൽ ഏന്റെ കൂനും പോയേന്.
അയാൾ അത് പറഞ്ഞു ചിരിക്കുമ്പോൾ, ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ നിരാശയുടെ വേരുകളിൽ പൂത്ത വിളറിയ ഒരു ചിരി അയാളുടെ ചുണ്ടിൽ നിന്നും കൊഴിഞ്ഞു വീണു.
ആ കാലമെല്ലാം പോട്ട് മ്മ്ക്ക് മകളെ ഇസ്‌കൂളിൽ സേർക്കണം. വല്യ ഡാകിട്ടർ ആക്കണം.
കുടിലിനോട് ചേർന്നുള്ള മരക്കൊമ്പിൽ കെട്ടിയിരുന്ന ചാര നിറത്തിലെ തുണിത്തൊട്ടിലിലേക്കു നോക്കി അയാൾ പറഞ്ഞു . ഡാകിട്ടർ അല്ലാന്ന് …ഡോക്ടർ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു . ഏന്റെ വായില് അതൊന്നും വരാത് പഞ്ചമി . അയാളും തലകുടഞ്ഞു ചിരിച്ചു .
നന്നായ് ബേർതിരിക്കണ് . അയാളുടെ പരന്ന നെറ്റിയിലേക്ക് ഒഴുകിയിറങ്ങുന്ന വിയർപ്പു തുള്ളികൾ തന്റെ സാരിത്തുമ്പുകൊണ്ട് സ്നേഹപൂർവ്വം തുടച്ചുകൊണ്ട് അവൾ പറഞ്ഞു .
കൊറച്ച് മോര് വെള്ളം എടുക്കാന്ന്. അതും പറഞ്ഞു അവൾ അടുക്കളവശത്തേക്ക് നടന്നു . അയാൾ പാടത്തേക്കും …
ചുട്ടുപൊള്ളുന്ന വെയിലത്ത് കലപ്പ വലിച്ചു തളരുമ്പോൾ ഇടയ്ക്കിടയ്ക്കു കാറ്റത്തു മെല്ലെ ആടുന്ന തുണിത്തൊട്ടിലിലേക്കു നോക്കി ചെറുതായി പുഞ്ചിരിച്ചുകൊണ്ട് തന്റെ മകൾക്കു വേണ്ടി അയാൾ മനസ്സിൽ ഒരു പുതിയ പാതകൂടി വെട്ടുന്നുണ്ടായിരുന്നു …..
രചന: നിവിയ റോയ്