രചന: Vinodhini Vinayan
“ഹലോ..അമ്മേ… ഇത് ഞാനാ അച്ചു..”
മറുതലയ്ക്കലെ മൗനം അവളെയും ഒരു നിമിഷം മൗനത്തിലാഴ്ത്തി…
“എന്നോടുള്ള ദേഷ്യം ഇതുവരെ മാറീലേമ്മേ…അമ്മേ..ഞാൻ…”
ടു…. ടു… ടു..ടു…
ആ ശബ്ദം അവസാനിക്കുന്നത് വരെ അവൾ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു..
ഉള്ളിലെ സങ്കടം ഒരു വിതുമ്പലോടെ പുറത്തേക്ക് വന്നു..7 മാസം പൂർത്തിയായ തന്റെ വയറിലേക്ക് അവൾ വിതുമ്പലോടെ കൈയ്യോടിച്ചു..
“മോളെ… അച്ചു… ”
ശോഭയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ സ്ഥലകാല ബോധം വീണ്ടെടുത്തത്.. നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചുകൊണ്ട് അവൾ ചുണ്ടിൽ പുഞ്ചിരി നിറച്ചു..
“അമ്മേ…”
ഉള്ളിലെ സങ്കടം മറച്ചുകൊണ്ട് അവൾ മുറിയുടെ പുറത്തിറങ്ങി..
അവൾക്ക് വേണ്ടിയുള്ള പാലുമായി സ്റ്റെയർകെയ്സ് കയറി വരുകയാണ് അവളുടെ അമ്മായിയമ്മ ശോഭ..
“എന്താമ്മേ ഇത്… ഞാനമ്മയോട് പറഞ്ഞിട്ടില്ലേ.. ഈ വയ്യാത്ത കാലുകൊണ്ട് പടി കയറി വരണ്ടാന്നു..”
അവളുടെ മുഖത്ത് കരുതലും ദേഷ്യവും ഒരു പോലെ മിന്നിമറഞ്ഞു..
“അതൊന്നും സാരൂല്യ കുട്ടിയെ.. ദാ ഈ പാല് കുടിക്ക്.. കുങ്കുമ പൂവും ബദാമും ഇട്ടതാ.. കുഞ്ഞിന് നല്ല നിറം വേണോന്നാ സച്ചു പറഞ്ഞേക്കണത്…”
പുഞ്ചിരിയോടെ അവളുടെ അടുത്ത് വന്നുകൊണ്ട് ശോഭ പാൽ ഗ്ലാസ് അവൾക്ക് നേരെ നീട്ടി..
“അല്ലേലും സച്ചുവേട്ടൻ.. ഇത്തിരി ബ്ലാക്ക് കോംപ്ലസ്സിന്റെ ആളാ..”
അവൾ ഹാസ്യത്മകമായി പറഞ്ഞു..
“ചെറുപ്പത്തിലേ… ഈ നിറത്തിന്റെ പേരും പറഞ്ഞു.. അവനെന്നെ എന്തോരം ഓടിച്ചിട്ടുണ്ടെന്നറിയോ..?”
ശോഭ പുഞ്ചിരിയോടെ പറഞ്ഞു.. അവളും അതെ പുഞ്ചിരിയോടെ അത് വാങ്ങി കുടിച്ചു..
“എന്റെ മക്കള്.. വെളുത്തിരിക്കണം… അതിനാ ഞാൻ നിന്നെ പ്രേമിച്ചു കെട്ടിയത്..”
അന്ന് സച്ചുവേട്ടൻ ഒരു തമാശപോലെ പറഞ്ഞതാണെങ്കിലും… കറുപ്പിന്റെ പേരിൽ ഏട്ടൻ നേരിട്ട അവഗണകൾ ആ മുഖത്ത് കാണാമായിരുന്നു..
“ഇനി..മോള് പോയി.. കിടന്നോ.. അമ്മ ഉച്ചക്ക് ചോറുമായി വരാം…”
ഒഴിഞ്ഞ പാൽ ഗ്ലാസുമായി പടിയിറങ്ങും മുൻപ് ശോഭ പറഞ്ഞു..
“വേണ്ടമ്മേ… ഞാൻ താഴേക്ക് വന്നോളാം…വയ്യാത്ത കാലോണ്ട്.. ഇനി സ്റ്റെപ്സ് കേറണ്ട..”
“മോളൊന്നും പറയണ്ട.. റസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടല്ലേ.. അല്ലാച്ചാൽ മോളീ മുറിക്കകത്ത് കുത്തിരിയിക്കില്ലെന്ന് അമ്മയ്ക്കറിയാം… രാവിലത്തെ മരുന്ന് കഴിച്ചല്ലോ ല്ലേ.. കുറച്ചു നേരം കിടക്ക്.. അപ്പോഴേക്കും ഊണ് കാലാവും..”
വളരെ പ്രയാസപ്പെട്ട് പടിയിറങ്ങി പോകുന്ന ശോഭയെ കണ്ടതും അവളുടെ മനസ്സ് നീറുന്നുണ്ടായിരുന്നു..
തന്റെ അമ്മയെ കുറിച്ചോർത്ത് വിഷമിക്കുമ്പോഴെല്ലാം ആശ്വാസമേകിയത് ആ കൈകളാണ്… ഒരു അമ്മയ്ക്ക് ഒരു മകളെ എത്രത്തോളം സ്നേഹിക്കാൻ കഴിയുമോ അത്രത്തോളം സച്ചുവേട്ടന്റെ അമ്മ തന്നെ സ്നേഹിക്കുന്നുണ്ട്.. എങ്കിലും ഇതുപോലൊരു അവസ്ഥയിൽ സ്വന്തം അമ്മയുടെ സാമിപ്യം ആഗ്രഹിക്കാത്ത ഏത് പെണ്ണാണുള്ളത്…
അമ്മയുടെ ഓർമ്മ മനസ്സിനെ വീണ്ടും നൊമ്പരപ്പെടുത്തി..
വൈകിട്ട് 5 മണികഴിഞ്ഞതും അനിയൻകുട്ടൻ വന്നു. കിച്ചു എന്ന കൃഷ്ണകുമാർ… ബാങ്ക് ഉദ്യോഗസ്ഥാനാണ്.. വിവാഹം ആലോചിക്കുന്നുണ്ടെങ്കിലും ഒന്നിനും അവന് താല്പര്യമില്ല.. കാരണം പ്രണയ നൈരാശ്യം തന്നെ..
സച്ചുവേട്ടന്റെ കുടുംബത്തിൽ ഇത്തിരി നിറം കൂടുതലുള്ളത് അവനാണ്.. അതിന്റെ ഹുങ്കും അവനില്ലേയെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… എങ്കിലും പാവമാണ്.. വാശിക്കാരൻ…
“ഒരുകാലത്ത് ഇംഗ്ലീഷ് പോലും നേരാവണ്ണം വായിക്കാനറിയാത്ത ചെക്കനായിരുന്നു .. അവനാ ഇപ്പൊ ബാങ്ക് ക്ലർക്ക് ആയി ജോലിചെയ്യുന്നത്..എല്ലാം അവളുടെ മിടുക്കാ.. ”
ഒരു തമാശ പോലെയാണ് സച്ചുവേട്ടൻ കിച്ചുവിന്റെ കാര്യം പറഞ്ഞു തുടങ്ങുന്നതെങ്കിലും പറഞ്ഞവസാനിക്കുമ്പോ ആ സ്വരം ഇടരുന്നത് കാണാം..
സച്ചിധാനന്ദൻ എന്ന എന്റെ സച്ചുവേട്ടൻ…പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള മനുഷ്യൻ.. ഈ വീട് പോലും അദ്ദേഹത്തിന്റെ കഠിനധ്വാനത്തിന്റെ ഫലമാണ്.. എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത മനുഷ്യൻ..
“അച്ഛന്റെ ആഗ്രഹമായിരുന്നു.. ഇതുപോലൊരു നാല് കെട്ട് പണിയാണമെന്ന്… ചെറുപ്പത്തിൽ ഒരുപാട് അവഗണിക്കപ്പെട്ടിട്ടുണ്ടേ… ന്റെ അമ്മേടെ തറവാട്ടിൽ പോലും അച്ഛനെ അകത്തളത്തിലേക്ക് കയറ്റി ഇരുത്താറില്ല..പാവം.. ഒരു ദിവസമെങ്കിലും ഇതുപോലരു വീട്ടിൽ കിടന്നുറങ്ങണമെന്ന് അച്ഛന്റെ ആഗ്രഹമായിരുന്നു.. നടന്നില്ല.. അതിന് മുൻപേ..”
അപ്പോഴേക്കും സച്ചുവേട്ടൻ ബാത്‌റൂമിൽ കയറി കതകടച്ചിട്ടുണ്ടാവും..സച്ചുവേട്ടൻ കരയുകയാണോ.. ഇന്ന് വരെ തനിക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.. മുഖം വാടുമെങ്കിലും ആ കണ്ണുകൾ ഇതുവരെ നിറഞ്ഞു കണ്ടിട്ടില്ല.. പകരം ഒരു നനുത്ത പുഞ്ചിരി നൽകി മറയാൻ ശ്രമിക്കും..
അന്ന് സച്ചു വന്നപ്പോൾ സന്ധ്യ കഴിഞ്ഞു..
“അമ്മേ…”
ആ വിളി കേട്ടാൽ അറിയാം ആള് ഉമ്മറത്ത് എത്തിയെന്ന്..
അവൾ മെല്ലെ പടവുകൾ ഇറങ്ങി..
“അമ്മേ… സച്ചുവേട്ടൻ വന്നു..”
അവൾ ഉമ്മറത്തെത്തിയതും സച്ചു തൂണിൽ ചാരി നിൽപ്പുണ്ട്..
“അമ്മ എവിടെ..?”
“പൂജാ മുറിലാണെന്ന് തോന്നുന്നു..”
“ഉം.. ഞാനൊന്ന് കുളിച്ചിട്ട് വരാം..”
അവളുടെ കയ്യിലുണ്ടായിരുന്ന തോർത്തും മാറിയുടുക്കാനുള്ള മുണ്ടും വാങ്ങി അവൻ കിണറ്റിൻ കരയിലേക്ക് നടന്നു..
അവൾ ആ അരമതലിൽ തൂണും ചാരി അവന്റെ പോക്കും നോക്കിയിരുന്നു..
സച്ചുവേട്ടൻ അങ്ങനാ.. ആദ്യം അമ്മ… എവിടെ പോയി തിരിച്ചു വന്നാലും അമ്മേന്ന് നീട്ടി വിളിച്ചേ ഉമ്മറത്തേക്ക് കയറൂ.. ആദ്യമൊക്കെ ആ വിളി തന്നെ ഏറെ പ്രയാസപ്പെടുത്തിയിട്ടുണ്ട്.. തന്റെ പേര് വിളിച്ചു കേറിവരുന്ന സച്ചുവേട്ടനെ സ്വപ്നം കാണുറുണ്ട്.. പക്ഷെ അത് നടക്കില്ല.. കാരണം ആ മനസ്സിൽ തന്നെക്കാൾ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് ആ അമ്മ..
“ഞങ്ങളെ വളർത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. കിച്ചൂന് 4 വയസ്സുള്ളപ്പഴാ അച്ഛൻ മരിച്ചത്.. ഞാനിന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതെന്റെ അമ്മേടെ മിടുക്കാ… എനിക്കറിയാം.. ഏതൊരു പുരുഷന്റെയും കൈ പിടിച്ചു വീട്ടിലേക്ക് വരുന്ന ഭാര്യമാർക്ക് ഇത് സഹിക്കാൻ കഴിയില്ലെന്ന്… പക്ഷെ എന്റെ അച്ചു അത് സഹിക്കണം… നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല… നിനക്ക് ഞാനുണ്ട്.. എനിക്ക് നീയും.. പക്ഷെ അമ്മ ഒറ്റയ്ക്കല്ലേ… അമ്മയുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ. അതിൽ പാതിയും ഞാനും കിച്ചുവും മാത്രമേ കാണൂ.. ഞാൻ പറഞ്ഞത് അച്ചൂന് മനസ്സിലാവുന്നുണ്ടോ..?”
പണ്ട് സച്ചു പറഞ്ഞ വാക്കുകൾ അവൾ ഓർത്തൂ..
കിണറ്റിൽ നിന്ന് വെള്ളം കോരി കുളിച്ചു.. തല തുവർത്തി വരുന്ന സച്ചുവിനെ കണ്ടതും അവൾ എഴുന്നേറ്റൂ..
“നിനക്ക് ഇപ്പൊ എങ്ങനുണ്ട്.. ക്ഷീണം വല്ലതും..”
“ഇല്ല സച്ചുവേട്ടാ.. പിന്നെ..”
അകത്തേക്ക് കയറിക്കൊണ്ട് അവൾ പറഞ്ഞു..
“പറ.. പിന്നെ..?”
“നമുക്ക്.. താഴേക്ക് മാറിയാലോ.. ”
“എന്ത് പറ്റി.. നിനക്ക് വയ്യേ..?”
“അല്ല.. അമ്മയ്ക്ക് കാലിന് വയ്യാന്നു സച്ചുവേട്ടന് അറിയാവുന്നതല്ലേ..”
“ഉം.. ഞാൻ എത്ര വട്ടം പറഞ്ഞതാ.. ആ നാരായണിയേടത്തിയെ.. നിന്റെ പ്രസവം കഴിയണ വരെ ഇവിടെ കൊണ്ട് വന്ന് നിർത്താൻ.. നിന്റെ പ്രസവം അമ്മയ്ക്ക് തന്നെ നോക്കണം എന്ന വാശിയല്ലേ അമ്മയ്ക്ക്..”
സച്ചു സെറ്റിയിലേക്കിരുന്നു..
“അതേടാ.. എന്റെ മോൾടെ പ്രസവം എനിക്ക് തന്നെ നോക്കണം.. കണ്ട പെമ്പിളമാര് കാശിനു വേണ്ടി അതും ഇതും ചെയ്തങ്ങ് പോകും.. അതോണ്ട് ഇതൊക്കെ ഞാൻ തന്നെ ചെയ്യും..”
“ആയിക്കോട്ടെ.. എങ്കിലും അമ്മയെ സഹായിക്കാൻ എങ്കിലും അവരെ ഇവിടെ നിർത്തിക്കൂടെ..”
“അങ്ങനാച്ചാൽ എനിക്ക് കുഴപ്പമില്ല…”
“അമ്മേടെ മുട്ട് വേദന എങ്ങനെ ഉണ്ട്.”
“അച്ചൂന്റെ പ്രസവം കഴിയണ വരെ.. എന്റെ മുട്ടിനു ഒന്നും വരൂല… ”
അമ്മയുടെ വാക്കുകൾ കേട്ട് സച്ചുവും അച്ചുവും ചിരിച്ചു..
അന്ന് രാത്രി സച്ചുവും അച്ചുവും താഴത്തെ മുറിയിലേക്ക് താമസം മാറി..
“എന്താ അച്ചൂ.. ഉറങ്ങുയില്ലേ… ”
എന്തോ എഴുതുകയായിരുന്ന സച്ചു.. അച്ചു ഉറങ്ങാതിരിക്കുന്നത് കണ്ട് ചോദിച്ചു..
“ഉറക്കം വരുന്നില്ല സച്ചുവേട്ടാ..?”
“എന്തെ.. എന്ത് പറ്റി.. എന്റെ കുട്ടിക്ക്.. പ്രയാസം വല്ലതും തോന്നുണ്ടോ..?”
എഴുത്ത് നിർത്തി അവൻ അവളുടെ അടുത്ത് പോയിരുന്നു..
“ഏയ്.. ഒന്നൂല്ല..”
“ഈ മുഖം വാടിയാൽ ഞാൻ അറിയും.. വൈകിട്ട് മുതൽ ഞാൻ ശ്രദ്ധിക്കുവാ.. എന്താ… എന്റെ കുട്ടിക്ക് പറ്റിയെ…”
“എനിക്ക് സച്ചുവേട്ടന്റെ നെഞ്ചിൽ തലവെച്ച് കിടക്കണം..”
“അത്രേയുള്ളോ… വാ..”
അവൻ കിടക്കയിൽ കിടന്നുകൊണ്ട് അവളെ മാറോടണച്ചു..
“അമ്മയെ മിസ്സ് ചെയ്യുന്നുണ്ടല്ലേ.. നീ..”
അവളുടെ മുടിയിഴകൾ തലോടികൊണ്ട് അവൻ പറഞ്ഞതും അവൾ മെല്ലെ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി..
ഒന്നും പറയാതെ തന്നെ തന്റെ മനസ്സറിയുന്ന സച്ചുവിന്റെ മുഖത്ത് ഒരമ്മയുടെ വാത്സല്യമായിരുന്നു അവൾ കണ്ടത്..
“ഞാൻ പോയി വിളിച്ചോണ്ട് വരട്ടെ ..”
അവൾ അവന്റെ നെഞ്ചിൽ നിന്നും അകന്ന് എഴുന്നേറ്റിരുന്നു..
“വേണ്ട… ഒരിക്കൽ എനിക്ക് വേണ്ടി സച്ചുവേട്ടൻ അവരുടെ മുന്നിൽ നാണം കേട്ടൂ.. ഇനിയും വേണ്ട.. ഒരു കുഞ്ഞ് ജനിക്കുമ്പോൾ എല്ലാം മാറുമെന്ന് കരുതി… രണ്ട് വർഷം കഴിഞ്ഞു… ആദ്യത്തേത് ദൈവം എന്റെ വയറ്റിൽ വെച്ച് തന്നെ തട്ടിയെടുത്തു…. വീണ്ടും കാത്തിരുന്നു കിട്ടിയതാ ഇവനെ… അവൻ വരട്ടെ… അവൻ വന്ന് കഴിഞ്ഞാൽ അവരുടെ ദേഷ്യമൊക്കെ താനെ മാറിക്കോളും… സച്ചുവേട്ടൻ ആരുടെ മുന്നിലും തല കുനിക്കുന്നത് എനിക്ക് ഇഷ്ടമല്ല…”
അവൾ വീണ്ടും അവന്റെ മാറിലേക്ക് ചാഞ്ഞു..
“അവർക്കും വിഷമം കാണില്ലേ അച്ചു.. എന്തൊക്കെ പ്രതീക്ഷയോടെയാവും അവർ നിന്നെ വളർത്തിയിട്ടുണ്ടാവുക.. അതൊക്കെ ഒറ്റ നിമിഷം കൊണ്ട് വലിച്ചെറിഞ്ഞു നീ എന്റൊപ്പം ഇറങ്ങി വന്നില്ലേ… അതൊക്കെ മാറാൻ കുറച്ചു സമയം വേണ്ടി വരും..”
“അതിനും മാത്രം വലിയ തെറ്റാണോ പ്രണയം..”
“പ്രണയം തെറ്റല്ല അച്ചു.. പക്ഷെ അവരുടെ കണ്ണിൽ പ്രണയിച്ച ആളാണ് തെറ്റ്..”
“മതി.. സച്ചുവേട്ടൻ എന്നെ കരയിപ്പിക്കാൻ വേണ്ടി ഓരോന്ന്.. പറയുവാ..”
അവൾ അവനിൽ നിന്ന് തിരിഞ്ഞു കിടന്നു..
“പാഹ്… എഴുന്നേൽക്കെടാ… എന്ത് ധൈര്യത്തിലാടാ നീയെന്റെ മോളെ പെണ്ണ് ചോദിച്ചു വന്നത്..”
അവളുടെ അച്ഛന്റെ ആക്രോഷം കേട്ടാണ് താനും അമ്മയും ആ കസേരയിൽ നിന്ന് എഴുന്നേറ്റത്…
“ന്റെ തോട്ടത്തിലെ പണിക്കാരന്റെ മോന് ഞാൻ എന്റെ മോളെ കൊടുക്കണോ.. നല്ല കഥ.. ഒരിക്കൽ എന്റെ അനിയത്തി അവന്റൊപ്പം ഇറങ്ങി പോയതിന്റെ നാണക്കേട് ഇതുവരെ മാറീട്ടില്ല.. ”
“ഏട്ടാ… ഞാൻ…”
“ശോഭേ… നീ മിണ്ടരുത്… നിന്നെ ഓർത്ത് മാത്രാ ഞാനിവനെ കൊല്ലാതെ വിടുന്നത്.. അച്ചുനെ കൊന്ന് കളഞ്ഞാൽ പോലും നിന്റെ മോന് കൊടുക്കുമെന്ന് നീ കരുതണ്ട… ഇനിയും എന്റെ വായീന്ന് വല്ലതും വരും മുൻപ് ഇറങ്ങി പോ..”
അയാൾ ദേഷ്യത്തോടെ വാതിലടച്ചു…
പിറ്റേന്ന് രാവിലെ അശ്വതി വീട്ടിലുണ്ട്..
“അച്ചു.. നീ എന്ത് പണിയാ ഈ കാട്ടിയെ.. വാ ഞാൻ നിന്നെ വീട്ടിൽ കൊണ്ടാക്കാം..”
“ഇല്ല സച്ചുവേട്ടാ… ഇപ്പൊ സച്ചുവേട്ടൻ എന്നെ വീട്ടിൽ കൊണ്ട് വിട്ടാൽ.. പിന്നെ സച്ചുവേട്ടൻ കാണുന്നത് എന്റെ ശവമായിരിക്കും .”
“അച്ചൂ…”
പിന്നീട് സംഭവിച്ചതെല്ലാം ഒരു കെട്ട് കഥ പോലെ അവനോർത്തെടുത്തു..
പോലീസു വന്നു.. കേസായി.. ഒടുവിൽ പ്രായപൂർത്തിയായ മകളുടെ ഇഷ്ടം കോടതി അംഗീകരിച്ചപ്പോൾ.. അമ്മാവന്റെ കണ്ണുകളിൽ കണ്ടത് പകയായിരുന്നു.. ജന്മങ്ങൾ കഴിഞ്ഞാലും തീരാത്ത പക.. ആ കോടതിയിൽ വെച്ച് പടിയടച്ചു പിണ്ഡം വെച്ചതാണ് അവർ അവളെ..
അന്നാണ് അവസാനമായി അവൻ അമ്മാവനെ കണ്ടത്…
പിറ്റേന്ന് രാവിലെ തന്നെ അവൻ ചെന്നത് അവളുടെ വീട്ടിലേക്കാണ്..
“എന്ത് ധൈര്യത്തിന്റെ പുറത്താട.. നീയീ പടി ചവിട്ടിയത്..”
അവനെ കണ്ടതും അവന്റെ അമ്മാവൻ കോപത്തോടെ ഉമ്മറത്തേക്ക് വന്നു..
“ഞാനൊരു കാര്യം പറയാൻ വന്നതാണ്.. അത് പറഞ്ഞിട്ട് ഞാനങ്ങ് പോകും..”
“നിന്റെ ഒന്നും ഇവിടെ ആർക്കും കേൾക്കണ്ട..”
“കേൾക്കണം.. കേട്ടെ തീരൂ..”
അവന്റെ ശബ്ദം കേട്ട് അവളുടെ അമ്മയും ആങ്ങളയും പുറത്തേക്ക് വന്നു..
“ടാ… ചെറ്റേ… എന്റെ അമ്മായീടെ മോനല്ലേന്ന് കരുതിയാ.. നിന്നെ ഞാൻ വീട്ടിൽ കേറ്റിയത്.. ഒടുക്കം നീ നിന്റെ തന്തേടെ ഗുണം കാട്ടിയല്ലോടാ…”
അവനെ തല്ലാൻ ഓങ്ങിയ അവളുടെ ആങ്ങളയെ അവൻ തടഞ്ഞു തള്ളി മാറ്റി..
“അച്ചു ഗർഭിണിയാണ്…ഇരട്ട കുട്ടികളാണെന്നാ ഡോക്ടർ പറഞ്ഞത്… കുറച്ചു കംപ്ലിക്കേറ്റഡ് ആണ്… നിങ്ങൾ പടിയടച്ചു പിണ്ഡം വെച്ചെങ്കിലും എനിക്ക് അവളെ നോക്കാതിരിക്കാൻ പറ്റില്ലല്ലോ..
ആരെ കാണിക്കാനാണ് അമ്മാവാ ഈ പക.. സമൂഹത്തേയോ.. അതോ നിങ്ങളുടെ സമുദായത്തെയോ…
ഇപ്പൊ രണ്ടു ജീവനുകളാണ് അവളുടെ വയറ്റിൽ വളരുന്നത്.. ആരാണ്.. ഏത് ജാതിയാണ്.. ഏത് സമുദായമാണ് എന്ന് പോലും അറിയാത്ത രണ്ട് ജീവനുകൾ…
അവർക്കറിയില്ല അവരുടെ അമ്മ ഒരു മേൽജാതിക്കാരി സ്ത്രീയാണെന്ന്… അച്ഛൻ ഒരു കീഴാളനാണെന്ന്… അവരുടെ കണ്ണിൽ ഞാൻ അവരുടെ അച്ഛനും അവൾ അവരുടെ അമ്മയും മാത്രമാണ്…
പക്ഷെ ഞാനിപ്പോ എന്റെ മക്കൾക്ക് വേണ്ടിയല്ല.. നിങ്ങളുടെ മകൾക്ക് വേണ്ടിയാണ് ഇവിടെ വന്നത്…. ഒരു കീഴ്ജാതിക്കാരന്റെ ഭാര്യയാണെന്ന് കരുതി അവൾ നിങ്ങളുടെ മകൾ അല്ലാതാവതൊന്നുമില്ല.. ഇവിടെ അവൾ ജീവിച്ചതിലും അന്തസ്സായി തന്നെ ഞാൻ അവളെ പോറ്റുന്നുണ്ട്…ഇനി എത്ര വട്ടം പടിയടച്ചു പിണ്ഡം വെച്ചാലും അവൾ നിങ്ങളുടെ ചോരയിൽ പിറന്ന നിങ്ങളുടെ മകൾ തന്നെയാണ്..
പാവം അവൾക്കറിയില്ല… നിങ്ങളിപ്പോഴും ജാതിയുടെ പേരിൽ അവളെ കൊന്ന് കുഴിച്ചു മൂടിയെന്ന്… അമ്മ ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ് പാവം… എനിക്കറിയാം.. ഇനി എത്ര ജന്മം കഴിഞ്ഞാലും അവളെ നിങ്ങൾ സ്വീകരിക്കില്ലെന്ന്..
പിന്നെ ഞാൻ ഇപ്പൊ വന്നത്.. നിങ്ങളുടെ കാല് പിടിക്കാനൊന്നുമല്ല…ഈ വരുന്ന ഞാറാഴ്ച ഞാനവളുടെ സീമന്തം നടത്താൻ പോകുവാ… നിങ്ങളില്ലെന്ന് കരുതി എന്റെ ഭാര്യ ആഗ്രഹിക്കുന്നത് എനിക്ക് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ…
ഇത് ഇവിടെ വന്ന് പറഞ്ഞിട്ട് പോണമെന്നു തോന്നി.. അതുകൊണ്ട് വന്നതാ… പോട്ടെ.. ”
മറുപടിക്ക് കാത്തു നിൽക്കാതെ അവൻ പിന്തിരിഞ്ഞു നടന്നു…
അവനറിയാമായിരുന്നു അവൻ പറഞ്ഞ വാക്കുകളിൽ ഏതെങ്കിലും അവരുടെ മനസ്സിൽ കൊണ്ടിരിക്കും.. സീമന്തത്തിന് അവർ വരും…എല്ലാം മറന്ന് മകളെ സ്വീകരിക്കും.. എന്നവൻ ഉറച്ചു വിശ്വസിച്ചു.
പക്ഷെ അവർ വന്നില്ല… അവന്റെ പ്രതീക്ഷകൾ പാടെ തെറ്റിയ ദിവസം… മനുഷ്യ മനസ്സുകളിൽ ആഴ്ന്നിറങ്ങിയ ആ വിവേചനത്തിന്റെ അന്ധകാരത്തെ വെളുപ്പിക്കാൻ പോന്ന പ്രകാശം ഇതുവരെ ഈ ഭൂമിയിൽ എത്തിയിട്ടില്ല…
രണ്ടു മാസങ്ങൾക്ക് ശേഷം അശ്വതി പ്രസവിച്ചു.. സുഖ പ്രസവം..രണ്ടു പെൺകുട്ടികൾ.. അവളെ പോലെ തന്നെ സുന്ദരിയായ രണ്ട് പെൺകുട്ടികൾ..
“അച്ചൂ… കണ്ടോ.. നമ്മുടെ മക്കളെ…”
ഒരു പിതാവിന്റെ അഭിമാനത്തോടെ അവൻ തന്റെ കുഞ്ഞുങ്ങളെ നോക്കി പറഞ്ഞു..
“സച്ചുവേട്ടാ… ഇനി എന്റെ അമ്മേടേം അച്ഛന്റേം ദേഷ്യമൊക്കെ മാറും..”
വാടി തളർന്ന മുഖത്ത് വിരിഞ്ഞ പ്രതീക്ഷയുടെ പുഞ്ചിരി… അതുകണ്ടു അവനും പറഞ്ഞു..
“വരും…നിന്നെക്കാണാൻ അവർ വരും.. ”
അവൻ പറഞ്ഞു തീർന്നതും.. ആ മുറിയുടെ വാതിൽ തുറന്ന് ഒരു സ്ത്രീ അകത്തേക്ക് വന്നു..
അത് കണ്ടതും അവളുടെ മുഖം സന്തോഷത്താൽ പ്രകാശിച്ചു ..
അതവളുടെ അമ്മയായിരുന്നു…
മതി… അവൾക്കത്രയും മതി…
ഒടുവിൽ അമ്മ വന്നല്ലോ…
അച്ഛനും വരും…. ഒരിക്കൽ അയാളുടെ കണ്ണിനെ മറച്ചിരിക്കുന്ന കറുത്ത തുണി കെട്ടഴിഞ്ഞ് താഴെ വീഴും… അന്ന് അയാൾ വരും.. തന്റെ മകളെ കാണാൻ… പേരക്കുട്ടികളെ കാണാൻ..
രചന: Vinodhini Vinayan