ഇവളെ ഒന്നു കെട്ടിച്ചു വിട്ടിട്ടു വേണം എനിക്കൊരുത്തിയെ കൊണ്ട് വരാൻ…

രചന : എ കെ സി അലി

വീട്ടിൽ കൊണ്ട് വരുന്ന ബേക്കറി പലഹാരവും ചായപ്പൊടിയും പഞ്ചസാരയും തീരുന്നതല്ലാതെ വന്നു കണ്ട ചെക്കന്മാരെ ഒന്നും പെങ്ങൾക്ക് പിടിക്കണില്ല…

ഇതിപ്പോ അവളുടെ ഇഷ്ടം നോക്കിയേ കെട്ടിച്ചു വിടു എന്ന് പറഞ്ഞതിനാൽ ഒന്നും പറയാനും മേല..

ഇനിയിവൾ വല്ല പ്രണയ ഏടാകൂടത്തിലും ചെന്നു ചാടിയതായി അറിവുമില്ല..

അങ്ങനെ വല്ലതും ഉണ്ടോ എന്നറിയാൻ അവളുടെ മനസ്സിളക്കി നോക്കി.. ഇല്ല അങ്ങനെ ഒന്നും ഇല്ല എന്ന് അവൾ തറപ്പിച്ചു പറയുകയും പിണങ്ങുകയും ചെയ്തപ്പോൾ ആ സംശയം മാറി..

ഇവളെ ഒന്നു കെട്ടിച്ചു വിട്ടിട്ടു വേണം എനിക്കൊരുത്തിയെ കൊണ്ട് വരാനെന്ന് കണക്കു കൂട്ടിയതെല്ലാം ദേ നീണ്ടും പോണു..

സമ പ്രായക്കാരൊക്കൊ കെട്ടി കൊച്ചിനെ കളിപ്പിച്ചു കൊണ്ടിരിപ്പു തുടങ്ങി..

തെക്കേതിലെ ബ്രോക്കർ നാരയണേട്ടൻ നല്ല ഒരു കുട്ടിയുണ്ടെന്ന കാര്യം പറഞ്ഞെന്റെ മുമ്പിൽ വന്നതിപ്പോ ഏഴാം തവണയാണ്.. ഒടുക്കം പെങ്ങളുടെ കല്യാണമൊന്നു കഴിയട്ടെ എന്നിട്ട് നോക്കാം എന്ന് പറഞ്ഞത് മുതൽ പുള്ളി എന്നെ കാണാനുള്ള വരവും നിർത്തി..

ഇന്നലെ അവളെ കാണാൻ വന്നവരുടെ കുറ്റവും കുറവും അമ്മക്ക് മുമ്പിൽ അവൾ നിരത്തിയപ്പോ അമ്മയവളുടെ കാരണമടക്കി ഒന്നു കൊടുത്ത് പറഞ്ഞത് ‘ഇത് കുട്ടിക്കളിയല്ല നിന്റെ താളത്തിനൊത്ത് തുള്ളാൻ ‘ എന്നാണ്..

അമ്മയുടെ വക ആവോളം കിട്ടിയ വഴക്കിനെല്ലാം അവൾ വടക്കേപ്പുറത്തെ ചായ്പ്പിലിരുന്നു കരഞ്ഞു തീർത്ത് ഞാനും കാണുന്നുണ്ടായിരുന്നു..

അങ്ങനെ എങ്കിലും അവൾക്കൊരു മന:മാറ്റം ഉണ്ടാവട്ടെ എന്നും ഞാനും കരുതി..

അച്ഛൻ സമയമാകുമ്പോൾ എല്ലാം നടക്കുമെന്ന സ്ഥിരം വാചകത്തിൽ ഒതുക്കുമ്പോഴും ഒരു നോവ് മുഖത്തുണ്ടായിരുന്നു..

അമ്മയുടെ ശകാരവും അച്ഛന്റെ ഉപദേശങ്ങളും ദിവസവും അവൾക്ക് ഏറ്റുവാങ്ങേണ്ടി വന്നു..

എന്നിട്ടും അവൾക്കൊരു കുലുക്കവും വരാഞ്ഞത് കണ്ടാണ് അവസാനം ഞാനവളോട് നേരിട്ട് ചോദിച്ചത്..

വന്നു കണ്ട ചെക്കന്മാരെ ഒന്നും പിടിക്കാത്തത് നീ പഠിച്ച പഠിപ്പിനൊത്ത ആളല്ലാത്തതു കൊണ്ടാണോ? എന്ന് ഞാനിതു ചോദിച്ചപ്പോൾ പഠിപ്പിലൊക്കൊ എന്ത് എന്നാണവൾ പറഞ്ഞത്..

അതോ കാണാൻ സുന്ദരനായ ഒരുവനെയാണോ നീ കാത്തിരിക്കുന്നത്? എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു അതിലൊക്കൊ എന്തിരിക്കുന്നു എന്ന്.. നല്ല ജോലി ഉള്ള ഒരാളെയാണോ നീ പ്രതീക്ഷിക്കണത് എന്ന് ചോദിച്ചപ്പോൾ ജോലി.. നോക്കിയൊന്നുമല്ലെന്നവളുടെ മറുപടി കേട്ട് അരിശം തുള്ളി ഞാൻ ചോദിച്ചു.. പിന്നെ എന്തു കണ്ടിട്ടാടി വരുന്നവരെയൊന്നും നിനക്ക് പിടിക്കാത്തത്.. ?

ഇനി നിന്നെ പിടിച്ചങ്ങോട്ട് കെട്ടിച്ചു വിടും തലപ്രാന്തെടുത്തു തുടങ്ങി മനുഷ്യന്.. ദേഷ്യത്തോടെയുള്ള എന്റെ ശകാരങ്ങളും നയത്തിലുള്ള എന്റെ ഉപദേശവും കേട്ട് മടുത്താണവൾ പറഞ്ഞത് വീട് വിട്ട് പോവാൻ മടിയാണെന്ന്.. അതും പറഞ്ഞവൾ മുറിയിലേക്ക് കയറി കണ്ണു നിറച്ചതെന്തിനാണന്ന് എനിക്കിപ്പോൾ മനസ്സിലായി..

വീട് വിട്ടു പോവാനുള്ള മനസ്സില്ലാഞ്ഞാണ് അവൾ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറിയതെന്ന് ഞാനറിഞ്ഞു..

അവളുടെ മുഖത്തെ വാട്ടം കൂടി വരുമ്പോൾ ആരോടൊക്കെയോ ഉള്ള ദേഷ്യം കണക്കെ ഇന്നു വന്നു കണ്ടയാളെ ഇഷ്ടപ്പെട്ട കാര്യം അമ്മയോട് അറിയിച്ചു..

അമ്മ വടി എടുത്താൽ അടുക്കളയിൽ കയറുന്നവൾ ഇപ്പൊ ഒന്നും പറയാതെ തന്നെ അമ്മയോടൊപ്പം അടുക്കളയിൽ കാണുന്നതിന്റെ കാരണം ഞാൻ അറിഞ്ഞു..

അച്ഛനോട് ഇപ്പൊ എന്റെ കുറ്റങ്ങൾ നിരത്താതെ മറക്കാതെ കഴിക്കേണ്ട മരുന്നുകൾ എടുത്ത് കൊടുത്ത് ഉപദേശിക്കുന്നതെല്ലാം എന്തു കൊണ്ടെന്നറിഞ്ഞത് ഇപ്പോഴാണ്..

മുറ്റത്തവൾ നട്ട ജമന്തിയോടും റോസിനോടും മുല്ലയോടുമെല്ലാം പരാതി പറയാതെ തലോടിയതെല്ലാം ഒരു തരം വേർപാടിന്റെ നൊമ്പരം അവൾ മനസ്സിൽ കണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞു..

എന്തായാലും ഒരുവനെ അവൾക്ക് ഇഷ്ടപ്പെട്ടു കൈ കോർക്കാൻ അവൾ കണ്ടെത്തിയത് ഒരു സാധാരണക്കാരനെയായിരുന്നു..

എല്ലാം ഒത്തു വന്നപ്പോൾ അവളുടെ കെട്ടു നടത്താനുറച്ചു.. കല്യാണ തീയ്യതി അടുത്തു വരുമ്പോളവളിൽ ഒരു വിഷമം കണ്ടിരുന്നു..

കണ്ട് ഉള്ള് പൊടിഞ്ഞെങ്കിലും കണ്ടില്ലെന്ന് നടിച്ചത് ഞാനും അച്ഛനും അമ്മയുമായിരുന്നു..

അവൾ പടിയിറങ്ങുമ്പോൾ കരഞ്ഞു തുടങ്ങിയത് അമ്മയും കൂടി ആയിരുന്നു . ഒരു തരം വിങ്ങൽ പുറത്തു കാണിക്കാതെ ഞാനവളെ യാത്രയാക്കുമ്പോൾ അച്ഛനിൽ അതു വരെ കാണാത്ത ഒരു പിടച്ചിൽ ഞാൻ കണ്ടിരുന്നു..

എല്ലാം ഒരു സന്തോഷത്തിലേക്ക് എന്ന് ഓർത്തു രാത്രി മായുമ്പോൾ വീടുറങ്ങിയിരുന്നു..

ഒരു ദിവസം അളിയനും അവളും കൂടി വീട്ടിലേക്ക് വന്നപ്പോൾ അവളെ പെണ്ണു കാണാൻ വന്നവരുടെ എണ്ണം പറഞ്ഞവളെ ഞാൻ കളിയാക്കി..

അപ്പോഴാണ് അളിയൻ പറഞ്ഞത് ഇവളെ കാണാൻ വന്നപ്പോൾ ഇവൾ എന്നോട് പറഞ്ഞത് ഒന്നേ ഒന്നാണ് അത് അച്ഛനെയും അമ്മയെയും കാണാൻ തോന്നിയാൽ അപ്പൊ തന്നെ എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നാണ്..

അതു കേട്ട് ആദ്യമൊന്നു പകച്ചെങ്കിലും ഞാനും ഇതു പോലെ ഒരു വീട്ടിൽ നിന്ന് വന്നതല്ലേ പിന്നെ സമ്മതിക്കാനെനിക്ക് മുന്നും പിന്നും നോക്കേണ്ടി വന്നില്ലെന്ന് അളിയൻ പറഞ്ഞു നിർത്തിയതും..

വാതിൽക്കൽ ചാരി നിന്നിരുന്ന അമ്മ അവളെ ഒന്ന് ചേർത്തു പിടിച്ച് കണ്ണുകൾ നിറച്ചു..

അച്ഛൻ ചുണ്ടിൽ ഒരു ചിരി പടർത്തി ഉള്ളിൽ സന്തോഷ കണ്ണീർ പൊടിച്ചു..

ഞാൻ അവളെ അത്ഭുതത്തോടെ നോക്കി അവളെ കുറിച്ചൊരു ഒരു അഭിമാനം തോന്നി.. എത്രത്തോളം ഇഷ്ടമാണ് ഈ വീടവൾക്ക് എന്ന് ഞാനറിഞ്ഞു.. ഏറെ ദേഷ്യപ്പെട്ടിട്ടുണ്ട് ഞാനവളോട് എല്ലാം അവളുടെ നല്ലതിനെങ്കിലും ഒരു നീറ്റൽ മനസ്സിൽ..

അവളുടെ മുഖത്തെ ചിരി അതു മായരുതേ എന്നൊരു പ്രാർത്ഥനയോടെ ഞാൻ അവളെ അമ്മയുടെ അടുത്ത് ചേർത്ത് നിർത്തി..

എനിക്ക് തോന്നി അവൾക്കെങ്ങനെ പറയാതിരിക്കാനാവും ? അമ്മ അവൾക്ക് വേണ്ടി എപ്പോഴും വീട്ടിൽ വാദിക്കാറുള്ളതല്ലേ.. ചെറുതെന്ന് പറഞ്ഞ് ലാളിക്കാറുള്ളതല്ലേ..

അച്ഛൻ അവളുടെ ഇഷ്ടങ്ങൾക്ക് വലിയ വില കൊടുത്ത് കൂടെ നിന്ന് കുഞ്ഞേ എന്ന് വിളിച്ചിരുന്നതല്ലേ അതെല്ലാം അവൾക്ക് വിലപ്പെട്ടതാണ്..

ഞാനവൾക്ക് ചക്കിയും മാക്രിയുമെന്നൊക്കൊ പേരിട്ടുണ്ടെങ്കിലും അവൾ ഞങ്ങൾക്കിപ്പോഴും കുഞ്ഞാണ്..

അതേ അവളുടെ ആ കുഞ്ഞു സ്ഥാനത്തിന് കീഴെയാണ് ഈ വീട് പോലും.. കാരണം അവൾ പലപ്പോഴും സ്നേഹം കൊണ്ട് ഞങ്ങളെ തോൽപ്പിച്ചിരുന്നു..

#കുഞ്ഞനുജത്തി.

ലൈക്ക് കമന്റ് ചെയ്യണേ…

രചന : എ കെ സി അലി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters