രചന : Savarna Shaji
രാവിലെ സുധിയേട്ടനെന്നെ വിളിച്ചിരുന്നു… അതും ഒരാഴ്ച കൂടി…. എന്തോ ഒരകൽച്ച കുറച്ചുദിവസമായി തോന്നിയിരുന്നു അത് ചോദിക്കാൻ തുടങ്ങുന്നതിനു മുൻപേ ആ ശബ്ദം കാതിലെത്തി…. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല… ഞാൻ അങ്ങനെ മിണ്ടാറില്ല എന്നു പറയുന്നതാകും ശരി… മിണ്ടാൻ മടിയായിട്ടല്ല…. സുധിയേട്ടന്റെ ശബ്ദം കേട്ടോണ്ടിരിക്കാൻ നല്ല രസമാണ്….
പുതിയ ജോലി കിട്ടിയ കാര്യം പറയാനാ വിളിച്ചത്…. തിങ്കളാഴ്ച മുതൽ പോയിതുടങ്ങണമെന്നും പറഞ്ഞു…
എന്റെ അപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. ഒരുപാടു നാളത്തെ എന്റെ പ്രാർത്ഥനയുടെ ഫലം… ഇപ്പോഴത്തെ അവസ്ഥയിൽ സുധിയേട്ടന് ഇതൊരു ആശ്വാസം തന്നെ ആയിരിക്കും….
നല്ലൊരു ജോലി കിട്ടിയാൽ വൈകാതെ തന്നെ വീട്ടിൽ വന്നു അച്ഛനോടും അമ്മയോടും സംസാരിക്കാമെന്ന് വാക്ക് തന്നിരുന്നതാ….. എന്നാലിപ്പോൾ മുറപ്പെണ്ണുമായുള്ള കല്യാണനിശ്ചയത്തിന് തീയതി കുറിച്ചെന്നു കൂടി കേട്ടപ്പോൾ മനസൊന്നു വിങ്ങി….
എന്റെ മൗനം സുധിയേട്ടൻ മനസിലാക്കി…. ഇനിയൊന്നും എനിക്ക് സംസാരിക്കാൻ കഴിയില്ലെന്ന് സുധിയേട്ടനറിയാം…. അതുകൊണ്ടുതന്നെ ഒന്നും പറയാതെ ഫോൺ വെച്ചു….
ഹോസ്റ്റൽ മുറിയിലെ ശബ്ദകോലാഹലങ്ങൾക്ക് ഇടയിൽ പോലും എന്റെ അനുവാദം തേടാതെ മനസ്സ് ഒരു വർഷം പുറകിലേക്ക് സഞ്ചരിച്ചു…
വളരെ അവിചാരിതമായിട്ടാണ് ഞാൻ സുധിയേട്ടനെ കണ്ടുമുട്ടിയത്…
ഒരു സുഹൃത്തായി കുറെക്കാലം കൂടെയുണ്ടായിരുന്നെങ്കിലും അതു പ്രണയത്തിലേക്ക് വഴുതിവീഴുമെന്ന് സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല…
ജീവിതത്തിലേക്കു ക്ഷണിച്ചപ്പോൾ രണ്ടു കാര്യങ്ങളാണ് പറഞ്ഞത്…
“വീട്ടുകാരെ വേദനിപ്പിചിട്ട് ഒരു ജീവിതം നമുക്കു വേണ്ട… പിന്നെ ഇനി നീ ഇറങ്ങിവന്നാലും ഞാൻ കൊണ്ടുപോകില്ല… എല്ലാവരുടെയും അനുഗ്രഹത്തോടെ ഒരു ജീവിതം അതാണ് വേണ്ടത്…”
ഓരോ വാക്കുകൾ കേട്ടുകഴിയുമ്പോഴും സുധിയേട്ടനോടുള്ള സ്നേഹം ഇരട്ടിയിലധികമായി വർധിക്കുകയായിരുന്നു. സുധിയേട്ടന്റെ ഭൂതകാലത്തിലൂടെയാണ് ഞങ്ങളുടെ സൗഹൃദം കരുത്താർജിച്ചത്…. പിന്നെ പ്രണയവും….
സുധിയേട്ടന്റെ ആദ്യ പ്രണയമാണ് അർപ്പിത…. അർപ്പിതയോടുള്ള സ്നേഹം ഓരോ വാക്കിലും പ്രകടമായിരുന്നു… മരണം ഒന്നായിരുന്ന അവരെ വേർപെടുത്തിയപ്പോൾ അനുഭവിച്ചിരുന്ന വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്…
ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും അവസാന ശ്വാസം വരെ അർപ്പിതയ്ക്ക് ധൈര്യം പകരാൻ സുധിയേട്ടൻ കൂടെ തന്നെ ഉണ്ടായിരുന്നു…. കൊച്ചു കൊച്ചു വാശികൾ സാധിച്ചു കൊടുത്തും ഇണങ്ങിയും പിണങ്ങിയും അങ്ങനെ എല്ലാം….
കാൻസറിന്റെ കരങ്ങളിലമരുമ്പോളും നിസ്സഹായനായി നോക്കിനിൽക്കാനെ കഴിയുമായിരുന്നുള്ളു ഏതൊരാളെയും പോലെ ആ പാവത്തിനും….
പക്ഷേ ഇന്നുവരെ വിഷമം നിറഞ്ഞ വാക്കുകളിൽ എന്നോട് സംസാരിച്ചിട്ടില്ല….
ഒരിക്കൽ സുധിയേട്ടൻ എന്നോട് പറഞ്ഞു “എനിക്ക് രണ്ടു അച്ഛനും അമ്മയും ആയിരുന്നു ഇതുവരെ… ഇനി മുതൽ മൂന്നുപേരാണ് ”
“മൂന്ന് പേരോ ?” എന്ന എന്റെ ചോദ്യത്തിന് പറഞ്ഞതെന്താണെന്നോ
“അർപ്പിതയുടെ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ കഴിയില്ല…. അവരും എനിക്ക് സ്വന്തമാണ്… നീയും അങ്ങനെ തന്നെ കരുതണം.. ”
അതുമാത്രമല്ല അർപ്പിതയുടെ അമ്മയെയും അച്ഛനെയും ഇടയ്ക്കിടെ കാണാനും മറക്കാറില്ല….
സുധിയേട്ടന്റെ പ്രശ്നങ്ങൾ ഓർത്തപ്പോൾ എന്റെ പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമേ അല്ലാതെയായി…
ചിരിക്കാൻ പോലും മറന്നുപോയിരുന്ന എന്റെ പുഞ്ചിരി ഞാൻ വീണ്ടെടുത്തു…. ഏതൊരു പ്രശ്നം വന്നാലും ഭയന്നിരുന്ന ഞാൻ സുധിയേട്ടനെ പോലെ എല്ലാ പ്രതിസന്ധികളെയും ചിരിക്കുന്ന മുഖവുമായി നേരിട്ടു…..
ഒരായിരം പ്രശ്നങ്ങൾക്കു നടുവിൽ ആയിരിക്കുമ്പോഴും ആ മുഖത്ത് വിടർന്ന ഒരു ചിരി ഉണ്ടായിരിക്കും..
എഴുത്തും വായനയുമായി എന്റേതു മാത്രമായിരുന്ന ലോകത്ത് ഒതുങ്ങികൂടിയിരുന്ന എന്നെ ചിറകുകളുയർത്തി പറക്കാനുള്ള ശക്തി തന്നത് സുധിയേട്ടനാണ്…. മനസ്സിൽ കുഴിച്ചുമൂടിയിരുന്ന പല സ്വപ്‌നങ്ങളും ശരവേഗത്തിലാണ് കരുത്താർജിച്ചതുപോലും…
ഒന്നും മറക്കാൻ കഴിയുന്നില്ല… കഴിയുമെന്ന് തോന്നുന്നുമില്ല…..
എന്റെ സുധിയേട്ടന് പകരമാവില്ല ആരും തന്നെയും…. ജീവിതത്തിൽ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിയാഞ്ഞത് എന്റെ നിർഭാഗ്യം തന്നെയാണ്…..
നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷമല്ലേ നമ്മുടെയും സന്തോഷം….. വിധിയെ പഴിക്കാനും സുധിയേട്ടനെ കുറ്റപ്പെടുത്താനും എനിക്ക് കഴിയില്ല….. അത്രയ്ക്കും സ്നേഹിച്ചു പോയി…..
അടുത്ത ജന്മമെങ്കിലും ഒന്നിക്കാനാകുമെന്ന പ്രതീക്ഷയോടെ…. സുധിയേട്ടന്റെ സ്വന്തം
രചന : Savarna Shaji