രചന : Anoop
ഏട്ടോ …ഇതാരോടാ ഈ നട്ടപ്പാതിരയ്ക്ക് സൊള്ളുന്നത് ?
ആരോടും ഇല്ല . വെറുതേ ഡാറ്റ ഓൺ ആക്കി വെച്ചതാ .
ഉം ഉം . ഞാൻ അറിയാത്ത ആരോ ഉണ്ടല്ലോ ?
പിന്നേ . എന്നെ ഒക്കെ ആരു നോക്കാനാ ..പാവം ഞാൻ
അയ്യോ ഒരു പാവം . ഉറങ്ങുംബൊ ആയിരിക്കും .
അല്ലാത്തപ്പൊഴും പാവാ നീയാണെസത്യം . .
എന്നെ പിടിച്ച് സത്യം ഇടണ്ട എനിക്ക് കുറച്ച് കാലം കൂടി ജീവിക്കണം .
അതെന്താ നിനക്കെന്നെ വിശ്വാസം ഇല്ലേ..
ഒട്ടും ഇല്ല . എങ്ങനെ വിശ്വസിക്കും .
അതെന്താ ?.
ഏത് നേരവും ഫോൺ വിളി അല്ലേ ? ആരെയാ ഇങ്ങനെ വിളിക്കാൻ.
അയ്യോ ഞാൻ ആരെ വിളിച്ചു . .
എന്നിട്ട് ഇന്നലെ ഉച്ചയ്ക്ക് ഞാൻ വിളിക്കുംബൊ ഭയംങ്കര ബിസി ആയിരുന്നല്ലോ ?
അത് നിന്റെ കെട്ട്യോൻ പ്രമോദ് തന്നെയാ . ആ വീടു പണി തുടങ്ങുന്ന കാര്യം പറയാൻ .
ഓ അങനാണോ . ഞാൻ വെറുതേ സംശയിച്ചു .
കുട്ടി മാമന് എന്നെ സംശയമാണെന്ന് കേട്ടപ്പോ ഞാൻ ഞെട്ടിമാമ.
ആ .സംശയിച്ചില്ലേ ശരി ആവില്ല . അല്ലെങ്കിൽ ഏതെങ്കിലും പെണ്ണിനെ അടിച്ചോണ്ട് വരും .
ഏയ് . ഞാൻ എന്ത് ഉണ്ടെങ്കിലും നിന്നോട് പറയില്ലേ . നീ എന്റെ മുത്തല്ലേടീ..
സോപ്പിടാനാണേലും കേൾക്കാൻ നല്ല രസോണ്ട് ..
ഏയ് സോപ്പൊന്നും അല്ലെന്നേ .
ആണോ .
ഞാൻ പിന്നെ വരാം . ഉറക്കം വരുന്നു .
K . ബൈ . ഞാനും പോവാ .good night .
ഓർമ്മകളിൽ അവൾ പലപ്പൊഴും എന്നെ ഒരു പാട് ഞെട്ടിച്ചിട്ടുണ്ട് . വീട്ടിൽ അമ്മ ഇല്ലെങ്കിൽ അവൾ ഒരു അമ്മയാവും . അമ്മ ചെയ്യുന്നതിലും വേഗം ജോലികളൊക്കെ തീർത്ത് അങ്ങനെ ഇരിക്കും . അമ്മ ഉണ്ടെങ്കിലോ ഒരു ജോലിയും ചെയ്യുകയും ഇല്ല അമ്മയുടെ വായിൽ നിന്ന് ചീത്ത കംപ്ലീറ്റ് കേൾക്കും . ചിലപ്പൊഴൊക്കെ അവൾ എന്റെ ചേച്ചി ആയിരിക്കും . എന്നെ ശാസിക്കാനും മാത്രം പക്വത അപ്പൊ ഉണ്ടാകും – ചിലപ്പൊ വെറും പൊട്ടിപ്പെണ്ണ് . കല്യാണം കഴിഞ്ഞതിൽ പിന്നെയാണ് അവൾ മര്യാദയ്ക്ക് ഒരു ഫോൺ കണ്ടത് . അതുവരേ ഒരു പഴയ ടോർച്ച് ഫോൺ ആയിരുന്നു . ആദ്യം പരാതികൾ ഒന്നും ഇല്ലെങ്കിലും പതിയെ പരാതികൾ വരാൻ തുടങ്ങി . അവളുടെ കൂട്ടുകാരിക്ക് Sച്ച് ഫോണുണ്ട് എനിക്കും അത് പോലത്തെ വേണം എന്നൊക്കെ പറഞ്ഞ് . പൈസ ആയിരുന്നില്ല പ്രശ്നം . എന്തിനാ വെറുതേ തലവേദന സൃഷ്ടിക്കുന്നേ .പെണ്ണിനേപറ്റി മോശം പറഞ്ഞ് നടക്കാൻ ഒരു കാരണം മതി. സത്യാവസ്ഥ പോലും നാട്ടുകാർക്കും കുടുംബക്കാർക്കും പിന്നെ അറിയണ്ട. കല്യാണ നിശ്ചയത്തിന് ശേഷമാണ് പ്രമോദ് അവൾക്ക് ഫോൺ കൊടുക്കുന്നത് . അതിൽ പിന്നെ അവൾ ഫോൺ താഴെ വെച്ചിട്ടില്ല .
മതിയെടീ. ബാക്കി കല്യാണം കഴിഞ്ഞ് പറയാം .
അതിനു ഞാനിപ്പൊ വിളിച്ചതേ ഉള്ളൂ .
എന്നിട്ട് 2 മണിക്കൂറായെന്നാണല്ലോ അമ്മ പറഞ്ഞെ
ഈശ്വരാ നുണ പറയുന്ന നോക്കിയേ . ഇപ്പൊ വിളിച്ചതേ ഉള്ളൂ സത്യം .
ആ വിശ്വസിച്ചു
കല്ല്യാണ ദിവസം അടുത്തു വരുംബൊൾ പിന്നെ ആങ്ങളമാർക്ക് നിന്നു തിരിയാൻ സമയം ഇല്ല . ഒരു ഭാഗത്ത് ലോണിനുവേണ്ടി ഓടണം പിന്നെ വീടിന്റെ പണി തീർക്കൽ ബന്ധുക്കളേയും നാട്ടുകാരെയും ക്ഷണിക്കൽ ഉറക്കവും പോയി സമയത്തിനുള്ള ഭക്ഷണവും പോയി കല്യാണം കഴിയും വരെ ഉള്ള ടെൻഷൻ വേറേ . മഴ ആയത് കൊണ്ട് ഒരാഴ്ചമുന്നേ പന്തൽ പണി തുടങ്ങി . അല്ലെങ്കിൽ ആകെ ചളി ആയി നാശമാകും . അച്ചൻ ഇല്ലാത്തതിന്റെ വിഷമം അറിയുന്നത് അങ്ങനുള്ള സമയത്താണ് . ഒന്നും ചെയ്തിലെങ്കിലും ഓടി നടക്കാൻ ആവില്ലെങ്കിലും ഒന്ന് സപ്പോർട്ട് കിട്ടിയാൽ മതി . വലിയ ഒരു ആശ്വാസം ആവും അത് .
എന്ത് കോലാ മനൂ ഇത് . വല്യമ്മച്ചി ആണ് . എന്റെ മോനാകെ തളർന്ന് പോയല്ലോ ദൈവേ . പോയി കുളിക്ക് . എന്നിട്ട് കഴിക്കാം .
വീട്ടിൽ ബന്ധുക്കളൊക്കെ എത്തി തുടങ്ങിയിരിക്കുന്നു . രാത്രി ആയപ്പോഴേക്കും നടുവേദന ഒരു ഭാഗത്ത് തുടങ്ങിയിരിക്കുന്നു . വണ്ടിപ്പണി തുടങ്ങിയപ്പോൾ എപ്പൊഴോ കൂടെ കൂടിയതാണ് വേദന . കുറച്ച് ബാം എടുത്ത് തേച്ചു ബെഡ്റൂം നോക്കി . അകത്ത് കിടക്കാൻ സ്ഥലം ഇല്ല . വല്യമ്മച്ചിമാരും പെണ്ണുങ്ങളും റൂമിലുണ്ട് . പതുക്കെ മുറ്റത്തെത്തി . പന്തൽ കെട്ടി ബാക്കിയുള്ള ഷീറ്റ് എടുത്ത് വിരിച്ച് മുറ്റത്ത് കിടന്നു . അപ്പൊഴേക്കും എവിടെങ്കിലും കിടന്നാൽ മതി എന്ന അവസ്ഥ ആയിരുന്നു . . മഴയും തണുപ്പും അറിഞ്ഞില്ല . ചൂട് ആയിരുന്നു ഉള്ളിൽ നിറയേ . നാളെ ഒരു ദിവസം കൂടി കഴിഞ്ഞാൽ അവൾ പോകും . പോകണം . എന്നാലും ….
ഏട്ടോ .. എണീക്ക് .
ആ .
കുളിക്കണ്ടെ . എല്ലാരും കുളിച്ചു.
ആ . നീ നടന്നോ ഞാൻ വരുന്ന് .
mm .
കുളി കഴിഞ്ഞ് വരുബോഴാൾ അവളുണ്ട് മുണ്ടെടുത്ത് തരുന്ന് .
നിനക്കെന്താ ടീ ഒരു പുതുമ. ഒരു മുണ്ടൊക്കെ എടുത്തു തരൽ. വല്ല കീറിയ മുണ്ടും ആണോ ?
ഒന്നുമില്ല . അവൾ തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു. ഇപ്പൊഴൊന്നും വേണ്ടായിരുന്നു കല്ല്യാണം .
ഒറ്റ ചവിട്ടുതരും . നിന്നെ കെട്ടിച്ചു വിട്ടിട്ട് വേണം എനിക്കൊന്ന് സമാധാനത്തിൽ ജീവിക്കാൻ . വേഗം പോയ്ക്കോളണം. ഹാ .
ഞാൻ പോകൂല .
പോകണ്ട . നിന്നെ പ്രമോദ് കൊണ്ട് പോയ്ക്കോളും .
ഉള്ളിൽ നീറുന്നുണ്ട് . എന്നാലോ പുറമേ ചിരിക്കുന്നുമുണ്ട് .
ആൾക്കാർ കൂടി കൂടി വന്നു . മനസിലെ വേദനയും . അച്ചനില്ലാത്തത് കൊണ്ട് അമ്മാവനാണ് അവളുടെ കൈപിടിച്ച് കൊടുക്കുന്നത് . ഇറയത്തിന്റെ ഒരു മൂലയിൽ അമ്മ ഉണ്ട് .
എന്റെ പെങ്ങളാണ്, ജീവനാണ്, കരയിപ്പിക്കാതെ നോക്കണേ പ്രമോദേട്ടാ പ്രാർഥനയോടെ താലികെട്ടുന്നത് കണ്ടു . താലികെട്ട് കഴിഞ്ഞ് ഫോട്ടോ എടുപ്പ്.
എട്ടാ വാ .
കൈ ചുറ്റിപ്പിടിച്ച് നിന്നു ഫോട്ടോയ്ക്ക് . കഴിക്കണ്ടെ. സമയത്തിന് വീട്ടിലെത്തേണ്ടതാ . നെഞ്ചിൽ ആകെയൊരു വിങ്ങൽ. കുറച്ച് ദൂരെ പോയി നിന്നു . അവർ വരന്റെ വീട്ടിലേക്ക് പോകാനുള്ള സമയം ആയപ്പോൾ കുറച്ച് കൂടി ദൂരേക്ക് മാറി. എന്നെ തിരയുന്ന അവളുടേ കണ്ണുകളേ കണ്ടില്ലെന്നു നടിച്ചു. എനിക്കെന്റെ ഏട്ടനേ കാണണം എന്ന് പറഞ്ഞ് ഒറ്റക്കരച്ചിലായിരുന്നു അവൾ .
മനു എവിടെ മനൂ …
എന്താടീ ഇത് . അയ്യേ . ദേ നോക്കിയേ ആൾക്കാരൊക്കെ കാണുന്നു . കരയല്ലെന്നേ . അയ്യേ . പണ്ടാരം എത്ര കടിച്ചു പിടിച്ചിട്ടും എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നല്ലോ ഭഗവാനേ .
അവൾ പോയപ്പൊൾ ആകെ ഒരു മൂകത . മരിച്ച വീടുപോലെ ആയി .അവളുടെ കളിചിരികളും വഴക്കും ഇല്ലെങ്കിൽ എന്ത് വീട് .
പെങ്ങളില്ലായ്മ ഒരു നഷ്ടം തന്നെയാണ് .
രചന : Anoop