രചന : Bindhya Vinu
എന്റെ ഇച്ചനെ തേച്ചൊട്ടിച്ച് ടാറ്റായും പറഞ്ഞു പോയ കുട്ടിപ്പിശാച് മൂന്നാല് കൊല്ലം കഴിഞ്ഞു വീണ്ടും മെസ്സേജ് അയച്ചപ്പൊ എന്റെ സ്വഭാവം അറിയാവുന്ന ഇച്ചൻ വഴക്കൊണ്ടാക്കേല എന്ന് എന്നെക്കൊണ്ട് ഇച്ചനെ തൊട്ട് സത്യം ചെയ്യിച്ചിട്ടാണ് മെസ്സേജ് കാണിച്ചത്.അതാണേല് ഒരു ഒന്നൊന്നര ഐറ്റം. “ഞാൻ മരിച്ചാല് എന്നെക്കാണാൻ വരോ’ എന്നാണ് ചോദ്യം. സത്യം ചെയ്തേക്കുവല്ലേ വഴക്കുണ്ടാക്കാൻ പറ്റൂല്ലല്ലോ.പകരം താഴെക്കിടന്ന് ഉരുണ്ട് പിരണ്ട് കരഞ്ഞു ഞാൻ.
“ഇച്ചനെന്റെയാ. വേറെ ആര്ടേമല്ല.അവളെ ബ്ലോക്ക് ചെയ്യ്.പണ്ടെങ്ങാണ്ട് ഇച്ചനെ കളഞ്ഞേച്ച് പോയവളുമാരൊന്നും ഇനി ചോയ്ച്ചോണ്ട് വരണ്ട.വന്നാ..വന്നാ..”പണ്ടാരമടങ്ങാൻ പറഞ്ഞു വന്ന പഞ്ച് ഡയലോഗ് ഇടയ്ക്ക് വച്ച് മറന്നു പോയി.അതിന്റെ ദേഷ്യം തീർക്കാൻ തറയില് കിടന്ന് മോങ്ങിയ എന്നെ വന്നു വാരിയെടുത്ത് ഇച്ചൻ പറഞ്ഞു “കൊച്ചേ നീയിങ്ങനെ കരയാതെ.ഞാൻ അതിന് പോയില്ലല്ലോ..അവള് മരിച്ചാക്കൂടെ ഞാനറിയത്തില്ല.പിന്നെങ്ങനാ പോണത്” കാര്യം എന്റെ മോങ്ങല് കണ്ട് ഇച്ചനെന്നെ ആശ്വസിപ്പിച്ചതാണേലും “ആഹാ അപ്പൊ അറിഞ്ഞാ പോവുമല്ലേ” എന്ന് ചോദിച്ച് ഞാനെന്റെ കരച്ചിലിന്റെ വോളിയം കൂട്ടിയപ്പോഴാണ് ഇച്ചന് മനസ്സിലായത് ആശ്വസിപ്പിക്കൽ ഏറ്റില്ലെന്ന്.
“എന്റെ പൊന്നുവേ ഇച്ചായൻ കൊച്ചിന്റെയല്ലേ പിന്നെന്നാ.അങ്ങനെ ഒരു മെസ്സേജ് വന്നാലൊടനെ ഞാനങ്ങ് അവളെക്കാണാൻ പോവോടീ” ആ ചോദ്യം എന്റെ കരച്ചിലിന്റെ ശക്തി കുറച്ചു. അവളുടെ മെസ്സേജിന് റിപ്ലേ അയച്ചത് നോക്ക് എന്നും പറഞ്ഞ് ഫോൺ എന്റെ നേരേ നീട്ടി
“ഇപ്പൊ ഇത്തിരി ബിസിയാണ്.ഉടനേ വരാൻ പറ്റൂല്ല.ഇനി നീ മരിച്ചാല് ഞാനതറിയണേല് നീ ആത്മഹത്യ ചെയ്യേണ്ടി വരും.ദേ ചേട്ടായീ ഞാനിന്ന് നാലരക്ക് തൂങ്ങിച്ചാവും.ചേട്ടായീ വരണം ന്നെ കാണാനെന്ന് പറഞ്ഞൊര് മെസ്സേജ് അയച്ചാ മതി”
സത്യത്തിൽ ആ റിപ്ലേ കണ്ടപ്പൊ ന്താന്നറിയില്ല ഒരാശ്വാസം…ഹൊ
“കൊച്ചേ ഇത് എന്നെയിളക്കാനൊള്ള സൈക്കോളജിക്കൽ മൂവ്മെന്റല്ലേ.പണ്ട് ഞാനവളോട് പറഞ്ഞാരുന്നേ നിനക്ക് എന്തേലും വിഷമം വന്നാല് വിളിക്കാനൊന്നും നിക്കണ്ട കേറിയിങ്ങ് പോരെന്ന്.അതോർത്ത് വച്ചാവും മെസ്സേജ് അയച്ചത്.പക്ഷേ അവൾക്കറിയില്ലല്ലോ ഇപ്പൊ എന്റെ ലൈഫ് എന്ന് പറയണത് ഈ പന്നപ്പെണ്ണാണെന്ന്”. അതും പറഞ്ഞ് കവിളത്തൊരുമ്മ തന്ന്
“നീയല്ലേടീ ഇച്ചായന്റെ ലൈഫ്.” എന്ന് ചോദിച്ചപ്പൊ ആ ചുണ്ടില് ചുണ്ടുരുമ്മിയ ഞാൻ കണ്ടു അവളുടെ പേരിന് താഴെയുള്ള ബ്ലോക്ക് ബട്ടണിൽ വിരലമർത്തുന്ന എന്റെ ഇച്ചനെ.
രചന : Bindhya Vinu