അവൾക്കരികിലെത്തി.പതിയെ ആ മുഖം പിടിച്ചുയർത്തി…

രചന : അഖിൽ വിനായക്

വളരെ നേരം നീണ്ട ബോർഡ് മീറ്റിംഗിനൊടുവിൽ കസേരയിൽ അമർന്നിരുന്നുകൊണ്ട് അലക്സ് നടു നിവർത്തി നീളത്തിൽ ഒരു കോട്ടുവായ ഇട്ടു.കണ്ണുകൾ കൂട്ടി തിരുമി കഴുത്തിലെ ടൈ ശരിയാക്കിക്കൊണ്ടയാൾ ചുറ്റുമൊന്നു നോക്കി.

ആരെങ്കിലും കണ്ടിരുന്നെങ്കിൽ മാനേജരുടെ അനാസ്ഥ എന്ന് പരാതി മെലിടത്തു ചെന്നാലോ എന്നൊരു ഉൾഭയം ഇല്ലാതില്ല.മേശപ്പുറത്തു ലോഗ് ബുക്കുകളുടെ നീണ്ട നിര.ഇതെല്ലം എപ്പോൾ നോക്കിത്തീരാനാണ്??.മടുത്തു ഈ വൈറ്റ് കോളർ ജോബ്.കാണുന്ന പത്രാസ് മാത്രമേ ഉള്ളു..വീട്ടിൽപോലും സമാധാനമായി ഉറങ്ങുവാൻ കഴിയില്ല.അതിലും വലിയ ടെൻഷൻ തന്റെ പ്രിയതമേ ഓർത്താണ്.ഇപ്പോൾ എട്ടാം മാസം.രണ്ടുമാസം കൂടി കഴിഞ്ഞാൽ പുതിയ ഒരാൾ കൂടിയെത്തും.അതുകൊണ്ടുതന്നെയാണ് ഈ അധ്വാനവും..!!

“സാർ..മേ ഐ കമിങ്?”

“ആ സന്തോഷ് ..വരൂ …”

“സാർ ആ UN കമ്പനി നമ്മുക്ക് തന്ന പ്രൊജക്റ്റ് ക്യാൻസൽ ചെയ്തു.ഒഫീഷ്യലി ഇപ്പോൾ കൺഫോം ആയതാണ്.”

“ഷിറ്റ്..ആ പ്രതീക്ഷയും പോയല്ലോ ..എത്ര രൂപയാടോ ഇങ്ങനെ ലോസ് ആകുന്നത്.?ഞാൻ എന്ത് സമാധാനം പറയും?”

“എന്ത് ചെയാം സാർ ..നമ്മളാരും എക്സ്പെക്ട് ചെയ്തതല്ല ഇത്.”

“ഉം പൊയ്ക്കോളൂ..ഞാൻ വിളിക്കാം ..”

“എസ് സാർ..”

സന്തോഷ് ക്യാബിൻ വിട്ടപ്പോഴേക്കും മനസ്സ് അസ്വസ്ഥമായിരുന്നു.സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു.അവളെ ഒന്ന് വിളിച്ചാലോ ..വീട്ടിൽ തനിച്ചാണ്.പാവം എനിക്കുവേണ്ടി ഒത്തിരി അഡ്ജസ്റ്റ് ചെയുന്നുണ്ട്.ഭർത്താവു അടുത്ത് വേണ്ട സമയമാണിത്.അലക്സ് വേഗം തന്റെ മൊബൈൽ തപ്പിയെടുത്തു .

“ദൈവമേ പന്ത്രണ്ടു മിസ് കാൾ.!!.അവൾ അങ്ങനെ വിളിക്കാറില്ല ഓഫീസ് ടൈം.പക്ഷെ ഇന്ന് ….??

വല്ലാത്തൊരു ഭയം അയാളെ പിടികൂടി.തിരിച്ചു വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.മൊബൈൽ നമ്പർ മാറ്റി ലാൻഡ്‌ഫോണിലേക്കു വിളിച്ചുനോക്കി.നോ റെസ്പോൺസ്..!!

“ദൈവമേ.. അരുതാത്തതെന്തെങ്കിലും….??..

ആലോചനകൾക്കിടം കൊടുക്കാതെ തന്റെ ബൈക്കിൽ അലക്സ് വീട്ടിലേക്കു പാഞ്ഞു.ഗേറ്റ് തുറന്നുകിടപ്പുണ്ടായിരുന്നു.വല്ലാത്തൊരു വെപ്രാളത്തോടെ അയാൾ ബൈക്കിൽ നിന്നിറങ്ങി.വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു.

“വാവേ വാവേ….”

അയാൾ ധൃതിയിൽ വിളിച്ചുകൊണ്ടകത്തേക്കു കയറി.തുണിയെല്ലാം വാരിവലിച്ചിട്ടിരിക്കുന്നു.ഉച്ചയ്ക്ക് കഴിക്കേണ്ട ഗുളികയും വെള്ളവും മേശപുറത്തിരിക്കുന്നത് കണ്ടപ്പോൾ അലെക്സിന് ആധിയേറി.അകത്തെ മുറിയിൽ നിന്നൊരു ഞെരക്കം ഉടൻ തന്നെ അയാളുടെ കാതുകളിലേക്കിരച്ചുകയറി.

“വാവേ…എന്താ..എന്തുപറ്റി നിനക്ക്..??

കട്ടിലിൽ കമിഴ്ന്നുകിടന്നു കരയുന്ന തന്റെ പെണ്ണിനെക്കണ്ടയാൾ ഓടി അവൾക്കരികിലെത്തി.പതിയെ ആ മുഖം പിടിച്ചുയർത്തി ആ കരഞ്ഞ കണ്ണുകൾ എന്തൊക്കെയോ അലെക്സിനോട് പറയാൻ വിതുമ്പുന്നുണ്ടായിരുന്നു.

“പറ വാവേ എന്താ വിളിച്ചത്..എന്തിനാ കരയുന്നത്..എന്ത് പറ്റി?

“അലക്സാച്ചായാ..അത്..പോയച്ചയാ ..പോയി നമ്മൾ കണ്ട സ്വപ്‌നങ്ങൾ…”

വല്ലാത്തൊരു അന്ധകാരം പെട്ടന്നയാളുടെ മനസ്സിൽ വന്നു നിറഞ്ഞു.അയാളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ധാര ധാരയായി പൊഴിയുവാൻ തുടങ്ങി.അവളുടെ വയർ പതിയെ തലോടി അയാൾ മനസ്സിൽ പ്രാർഥിച്ചു ഈശ്വര..അരുതാത്തൊന്നും വരുത്തല്ലേ..!!

“നീ എന്തായി പറയുന്നത്.ആരുപോയി ..എന്നാ നമ്മുടെ കൊച്ചിന് ഒന്നുമില്ല നീ റെഡി ആവൂ ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി നമ്മുക്ക് ചെക്ക് ചെയാം.”

തളർന്ന അവളുടെ മനസ്സിനിത്തിരി ധൈര്യം പകരുക അതെ അപ്പോൾ അലെക്സിനുണ്ടായിരുന്നുള്ളു..

“കുഞ്ഞല്ല അച്ചായാ…”

“പിന്നെ..”

“ദീപ്തി…നമ്മുടെ ദീപ്തി…”

“ദീപ്തിയോ.??.അതെങ്ങനെ ഇപ്പൊ ഈ ഉച്ചയ്ക്ക് ?”

“ഇന്നലെ നേരത്തെ ഉറങ്ങിയത് കൊണ്ട് രാത്രി കാണാൻ പറ്റിയില്ല,ഇപ്പോൾ പുനഃസംപ്രേഷണം ഉണ്ടായിരുന്നു അച്ചായാ ..അപ്പുറത്തെ ശരണ്യ പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല ..പക്ഷെ ഇപ്പോ…!!!

വാക്കുകൾ കിട്ടാതെ അവൾ വിതുമ്പിക്കരയുമ്പോൾ നിശബ്ദനായി നിൽക്കുവാനേ അലെക്സിന് സാധിച്ചുള്ളൂ..ഇതിലും വലിയ ദുരന്തം അല്ലലോ തന്റെ ഓഫീസിൽ എന്നയാൾ നെടുവീർപ്പിട്ടു.

രചന : അഖിൽ വിനായക്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters