രചന : ശാരി പി പണിക്കർ
അങ്ങനെ വീട്ടുക്കാർക്ക് വേണ്ടി അത്രയും കാലം പ്രണയിച്ചവനെ അവൾ വേണ്ടെന്ന് വച്ചു. ചായ കുടിക്കാൻ വന്ന ഏതോ കോന്തനെ കെട്ടാനും സമ്മതിച്ചു. പക്ഷേ ആ രാത്രിയാണ് എല്ലാം മാറി മറിഞ്ഞത്.
മഴയെ ഇത്ര മാത്രം പ്രണയിക്കാൻ പാടില്ലായിരുന്നുവെന്ന് തോന്നിപ്പിച്ച ആ രാത്രി, അതുപോലെ അവനേയും.
കിട്ടിയ വാര്‍ത്തകളത്രയും മോശമായിരുന്നു. ചാലക്കുടി മുഴുവൻ പ്രശ്നമാണെന്നറിഞ്ഞപ്പോൾ നെഞ്ചൊന്ന് പിടച്ചു. ആദ്യം ഓർമ വന്നതും അവനെ പറ്റിയാണ്. വീട്ടുകാർക്ക് വേണ്ടി പിരിഞ്ഞെങ്കിലും അവനോട് അവൾക്കൊരിക്കലും വെറുപ്പ് തോന്നിയിട്ടില്ല. അല്ലെങ്കിലും അവളെന്തിന് വെറുക്കണം? അവളെയല്ലേ വെറുക്കേണ്ടത്?
വിളിച്ചു കുറേ തവണ അവനെ. പക്ഷേ ഫോൺ എടുത്തില്ല. അവളോടുളള വാശിയാവുമെന്ന് കരുതി. പിന്നെ ഫോൺ ഓഫായി. അപ്പോൾ ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ മതിയെന്നായി. എന്നിട്ടും നിർത്താതെ വിളിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ കല്ല്യാണം കഴിക്കാൻ പോകുന്ന ചെറുക്കന്റെ കോളുകൾ വരുന്നുണ്ടായിരുന്നു. അതൊന്ന് പോലും അവൾ ഗൗനിച്ചില്ല. നിന്നിടം വിറച്ചപ്പോഴും താഴേക്ക് പതിച്ചപ്പോഴും ഫോൺ ചെവിയോട് ചേര്‍ത്ത് പിടിച്ചിരുന്നു.
രണ്ടാം ജൻമത്തിൽ ആദ്യമായി കണ്ണ് തുറന്നപ്പോഴും പരതിയത് ആ മുഖമായിരുന്നു. കൈ അനക്കി തുടങ്ങിയപ്പോൾ വിളിക്കാനായി ഫോൺ എടുത്തു, ആദ്യം ഞെക്കിയതും അവന്റെ നമ്പറായിരുന്നു. ഇത്തവണ ഫോൺ അറ്റൻഡ് ചെയ്തു. ശബ്ദം കേട്ടപ്പോൾ സമാധാനമായി. കുറേ ചീത്ത വിളിച്ചപ്പോൾ അവനൊരു കുഴപ്പവുമില്ലയെന്ന് മനസ്സിലായി. പക്ഷേ… തിരിച്ചൊരു ചോദ്യം പോലുമുണ്ടായില്ല. “നീ സുരക്ഷിതയാണോ എന്ന്!”
എന്താണ് പ്രണയം? ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നതാണോ? എങ്കിൽ ആ പ്രണയത്തെ അവൾ കണ്ടുമുട്ടിയത് ആ ചായകുടികാരനിൽ നിന്നാണ്. എല്ലു നുറുങ്ങുന്ന വേദനയിൽ ആശ്വസിപ്പിച്ചും വീട്ടിൽ പോയി വിശ്രമിക്കൂ എന്നെല്ലാവരും നിർബന്ധിച്ചിട്ടും പോകാതെ അവളുടെ കൂടെയിരുന്ന ആ ചായകുടിക്കാരനിൽ നിന്ന്. ഒരിക്കൽ അവൾക്കും തോന്നി ചോദിക്കാൻ..
“എന്നെ അത്രയ്ക്ക് ഇഷ്ടമാണോ?”
“അങ്ങനെ ചോദിച്ചാൽ അറിയില്ല. പക്ഷേ ഇഷ്ടമാണ്. പെണ്ണുകാണാൻ വന്നപ്പോൾ വീട്ടുക്കാർക്ക് വേണ്ടി തേച്ചെന്ന് പറഞ്ഞതും. എന്നെ സ്നേഹിക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞതും, ബോധം വന്നപ്പോൾ സ്നേഹിച്ചവർ എല്ലാം സുരക്ഷിതരാണോ എന്നന്വേഷിച്ചതും. ഒന്നും ഒളിപ്പിക്കാതെ തുറന്നു പറഞ്ഞതുമെല്ലാം…”
“അതൊക്കെ കൊണ്ട് ഇഷ്ടമുണ്ടാകുമോ?”
“അറിയില്ല. പ്രണയം പരാജയപ്പെടുന്നവർക്കല്ലേ അതിന്റെ തീഷ്ണത അറിയൂ.”
“അപ്പോ എന്റെ അതേ കഥയാണോ മാഷ്ക്കും.”
“ഏറെക്കുറെ. ചെറിയ വ്യത്യാസമുണ്ട്. എന്റെ പ്രണയം തുറന്ന പറയാനുളള ഭയം കാരണം അവളെ എനിക്ക് നഷ്ടമായി.”
“ഓ… അപ്പോ അവൾ മറ്റൊരുത്തന്റെയാവുന്നത് കണ്ടുനിൽക്കേണ്ടി വന്നല്ലേ?”
ചെറു പുഞ്ചിരിയോടെ ആ ചോദ്യത്തിന് മറുപടി കൊടുത്തെങ്കിലും നഷ്ടപ്പെട്ടത് തിരിച്ചുപിടിച്ചത്തിന്റെ സന്തോഷം ആ കൺകോണുകളിൽ ഒഴിഞ്ഞുകിടന്നു.
രചന : ശാരി പി പണിക്കർ