രചന :Rinna Jojan…..
ഇപ്പോ ദാ ഏതോ അമ്പലത്തിലെ പൂരമാണ്. റോഡ് ബ്ലോക്കായിരിക്കുന്നു…
ഇന്ന് അങ്ങോട്ട് ചെല്ലാതിരിക്കുന്നതാവും നല്ലത്.
മോന് വീട്ടിലിടാൻ ഡ്രസ്സ് വാങ്ങണമെന്നും നേരത്തെ വരണമെന്നു മൊക്കെ ഇന്നലെ തന്നെ പ്രിയതമ പറഞ്ഞതാണ്…
വീട്ടിലെത്തിയപ്പോ എട്ടര മണിയായി.
ടീ വേഗം ഒരുങ്ങ്. എല്ലാ കടയൊന്നും അടച്ചിട്ടുണ്ടാവില്ല.
വീട്ടിലിടാനുള്ള ബനിയൻ ഡ്രസ്സല്ലേ എല്ലാ കടകളിലും കാണും… പോവാം എന്ന് പറഞ്ഞിട്ടും പ്രതികരണമൊന്നുമില്ലാതെ അടുക്കളയിൽ തന്നെ നിക്കുന്നത് കണ്ടപ്പോ തന്നെ വിചാരിച്ചതാ…
പണി കിട്ടി.
നാല് ദിവസത്തേക്ക് മിണ്ടാതിരിക്കാനുള്ള കാരണമായി…
ഒരു അനുനയനത്തിന് ശ്രമിച്ച് അടുത്ത് ചെന്ന് സോപ്പിട്ടു നോക്കി…
ഫുഡ് പുറത്തൂന്ന് കഴിക്കാം വാ… ഇനിയുള്ള പണിയൊക്കെ നമുക്ക് രണ്ട് പേർക്കൂടെ വന്നിട്ട് ചെയ്യാം….
അവന് ഡ്രസ്സ് ഇപ്പോവേണ്ട ഏട്ടാ… അവനു കുറെയുണ്ടല്ലോ… പിന്നെ വാങ്ങാം…
ങ്ങേ അപ്പോ നീയല്ലെ ഇന്നലെ അവന് വീട്ടിലിടാൻ ഡ്രസ്സില്ലെന്നും എല്ലാം കീറിയതാണെന്നുമൊക്കെ പറഞ്ഞത്…
അതു പിന്നെ…
ഏട്ടന്റെ കയ്യിൽ ഉളള കാശ് എനിക്ക് തര്യോ…
എന്താ ഡീ കാര്യം നിനക്കിപ്പോ എന്തിനാ കാശ്…?
ഏട്ടാ അപ്രത്തെ മിന്നൂട്ടിയില്ലെ നന്നായിട്ട് ഡാൻസ് കളിക്കുന്നുണ്ട്…
ആ അത് നീ എന്നോട് പറഞ്ഞതല്ലെ… നീ മൊബൈലിൽ പാട്ട് വെച്ച് കൊടുക്കാറുണ്ടെന്നും അവള് നന്നായിട്ട് കളിക്കുന്നുണ്ടെന്നുമൊക്കെ…..
ആം…. സ്കൂളിൽ ഡാൻസിന് ഉണ്ടായിരുന്നു… ഇന്ന് ലാസ്റ്റ് ടൈമിൽ അവളെ ഒഴിവാക്കീത്രെ….
ചേച്ചിയോട് ചോദിച്ചപ്പോ തിന്നാൻ കൊടുക്കാൻ പോലും ഇല്ല മോളെ പിന്നാണോ കളിക്കാൻ പൈസാ കൊടുക്കുന്നത് എന്നാ പറഞ്ഞത്.
800 രൂപയാത്രെ… ഏട്ടൻ തര്യോ…
ആ ഉണ്ണിയേട്ടന്റെ കയ്യിൽ ഇല്ലാഞ്ഞിട്ടല്ല ഏട്ടാ.. കെടുക്കില്ല.
പണിയെടുക്കുന്നത് മുഴുവൻ കുടിച്ച് തീർക്കും….
രണ്ടൂസം കഴിഞ്ഞാമിന്നൂന്റെ ബർത്ത്ഡേയാ….ആ കുഞ്ഞിന്ന് പറയുന്നത് കേട്ടപ്പോ എനിക്ക് വിഷമായി പോയി….
ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ എത്രയാ നമ്മൾ ചിലവാക്കുന്നത്… എന്നിട്ടും നമ്മളെന്താ ഏട്ടാ അതൊന്നും കാണാതിരുന്നേ…?
പറഞ്ഞ് നിർത്തുമ്പോ അവളുടെ തൊണ്ടയിടറുന്നത് ഞാനറിഞ്ഞു….
അടുത്ത് ചെന്ന് പതിയെ ചേർത്ത് പിടിച്ചപ്പോ അവളുടെ നിറഞ്ഞ കണ്ണുകൾ അവളെന്റെ നെഞ്ചിലൊളിപ്പിച്ചു…..
രാവിലെ പോവാൻ റെഡിയായപ്പോ കയ്യിലിരുന്ന 1500 രൂപ അവളുടെ കയ്യിൽ കൊടുത്തപ്പോ ഒരു പതിനഞ്ചു ലക്ഷം കിട്ടിയ പോലത്തെ തിളക്കം അവളുടെ കണ്ണുകളിലുണ്ടായിരുന്നു….
വൈകുന്നേരമായപ്പോ ഒരു ചെറിയ കടയിൽ കയറി മോന് രണ്ട് ജോഡി ഡ്രസ്സെടുക്കാൻ…
ചെന്ന് കേറിയപ്പോ തന്നെ കണ്ണിലുടക്കീത് ഒരു സുന്ദരി ഫ്രോക്കിലാണ്…
മോനെ ഗർഭിണിയായപ്പോ മുതൽ ഇപ്പോഴും ആർക്ക് ഡ്രസ്സെടുക്കാൻ കേറിയാലും അവൾ പെൺകുട്ടികളുടെ ഉടുപ്പ് കൊതിയോടെ നോക്കി നിക്കുന്നത് കണ്ടിട്ടുണ്ട്…
പലപ്പോഴും ഞാനതിന് അവളെ വഴക്ക് പറഞ്ഞിട്ടും ഉണ്ട്…
അന്നൊന്നും പെൺകുട്ടികളുടെ ഉടുപ്പിന് ഇത്രേം ഭംഗി എനിക്ക് തോന്നിട്ടില്ലായിരുന്നു…
അതെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന കണ്ടപ്പോ സെയിൽസ്മാൻ രണ്ട് മൂന്നെണ്ണം എടുത്ത് വിരിച്ചിട്ടു…
എത്ര പ്രായമുള്ള കുട്ടിക്കാ ചേട്ടാ എന്ന സെയിൽമാന്റെ ചോദ്യത്തിന് എനിക്ക് പെട്ടെന്നൊരു ഉത്തരം കിട്ടില്ല…
പിന്നെ പറഞ്ഞൊപ്പിച്ചു ഒരു എട്ട് വയസ്സുള്ള കുട്ടിക്കാ….
വീട്ടിലേക്ക് വന്ന് കയറിപ്പോ രണ്ട് മൂന്ന് കവറ് കണ്ടപ്പോ തന്നെ അവള് വഴക്ക് തുടങ്ങി..
ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ ഏട്ടാ.. വെറുതെ എന്തിനാ വാങ്ങീത്… അവന് കുറെയുണ്ടല്ലോ…..
നീ കവറ് തുറന്ന് നോക്ക് പെണ്ണെ..
എന്നിട്ട് പറയ് എന്ന് പറഞ്ഞപ്പോ അവളെന്നെയൊന്ന് സൂക്ഷിച്ച് നോക്കി കവർ പൊട്ടിച്ചു…
ഒരു കുഞ്ഞു മിഡിയും ടോപ്പും ഒരു ഫ്രോക്കും…
കവറീന്നെടുത്തപ്പോ തന്നെ അവൾടെ കണ്ണു നിറഞ്ഞിരുന്നു…….
നിനക്കിതു കണ്ടിട്ടു സങ്കടാണോ പെണ്ണെ… എന്ന എന്റെ ചോദ്യത്തിന് ഒന്നു പോ ഏട്ടാന്നും പറഞ്ഞ് ഒരു ഇടിയും തന്ന് അത് രണ്ടും വാരിനെഞ്ചോട് ചേർത്തു…..
നാളെ കൊടുക്കാല്ലെ എട്ടാന്ന് പറഞ്ഞ് അലമാരയികൊണ്ടു വച്ച് ഭക്ഷണം കഴിച്ച് കിടന്നു…
ഉറക്കം വരാതെ എന്റെ കയ്യിൽ തലചേർത്ത് വച്ച് കിടന്ന് പതിയെ അവൾ പറയുന്നുണ്ടായിരുന്നു..
ഏട്ടാ ഇത് കൊടുക്കുമ്പോ മിന്നൂട്ടിക്ക് ഒത്തിരി സന്തോഷവും…..
പല പ്രാവശ്യം അപ്പൂസിന്ഡ്രസ്സ് വാങ്ങുമ്പോഴും ഷൂ വാങ്ങുമ്പോഴുമൊക്കെ ആ കുഞ്ഞ് കൊതിയോടെ അത് തൊട്ട് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്… അപ്പോഴൊന്നും ആ കുഞ്ഞിനും ആഗ്രഹമുണ്ടാവുന്ന് എനിക്കെന്താ തോന്നാതിര്ന്നേ ഏട്ടാ…
ഉറക്കത്തിലേക്ക് വീണ എന്നെ തോണ്ടി വിളിച്ചാണ് ചോദ്യം….
എന്റെ പൊന്നൂസെ ഞാനൊന്ന് ഉറങ്ങട്ടെ…. നീ നാളെ അത് കൊട്ത്ത് സന്തോഷമൊക്കെ നേരിട്ട് കാണ്.. എന്നെ വെറുതെവിടെ ടീ എന്ന് ദയനീയമായി പറഞ്ഞ് ഞാൻ തിരിഞ്ഞ് കിടന്നു….
ഒന്നൊറങ്ങി വന്നപ്പോ ദാ.. വീണ്ടും തോണ്ടുന്നു…
ഏട്ടാ…
മ്മ്… എന്താ ഡീ..
സ്വന്തം മക്കൾക്ക് തിന്നാൻ കൊടുക്കാതേം ഉടുക്കാൻ വാങ്ങി കൊടുക്കാതേം കുടിച്ച് നടന്നിട്ട് ഈ ഉണ്ണിയേട്ടനേപ്പോലുള്ളവർക്ക് എന്ത് നേട്ടമാ കിട്ടാനുള്ളത്..?
അയാൾ അദ്ധ്വാനിച്ചുണ്ടാക്കുന്നത് കുടുംബത്തിന് വേണ്ടി ചെലവാക്കുവാണേൽ ചേച്ചീം മക്കളും എത്ര സന്തോഷായിട്ടിരുന്നേനെല്ലേ ഏട്ടാ….
എന്റെ പൊന്നൂ സേ….
സ്വന്തം കുടുംബം തന്നെ ഒരു ലഹരിയാണെന്ന് മനസ്സിലാക്കാത്ത അദ്ധ്വാനിക്കുന്നത് മുഴുവൻ കൊടുത്ത് ലഹരി തേടുന്ന ഉണ്ണിയെപ്പോലെ ഒരു പാട് വിഡ്ഢികൾ ഉണ്ട്..
അവരെയൊന്നും നമുക്ക് തിരുത്താനാവില്ല…. അവരെന്നും അങ്ങനെ തന്നെ ഉണ്ടാവും…..
എന്റെ പൊന്നൂ ഞാനൊന്നു ഉറങ്ങട്ടെ ടീ..
ഇനി വിളിച്ചേക്കല്ലേ……
മമ്മ്.. ഇല്ല ഏട്ടനൊറങ്ങിക്കോ ഇനി വിളിക്കൂല്ലാന്നും പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നു…..
ഇനിയും ചോദ്യങ്ങൾ വരുന്നതിനും മുമ്പ് തലവഴി പുതപ്പിട്ട് ഞാനും മിണ്ടാതെ കിടന്നു….
രചന :Rinna Jojan…..