രചന : Renu Radhika
“അവളു വെറും പോക്കു കേസാടാ… കൈയിലിരിപ്പു കാരണം എനിക്കൊഴിവാക്കേണ്ടി വന്നതാ ”
വിനോദിന്റെ വാക്കുകൾ ഹരി വലിയ താൽപര്യമില്ലാതെ കേട്ടിരുന്നു.
ബാങ്കിലെ ഹരിയുടെ സീനിയർ ഉദ്യോഗസ്ഥനാണ് വിനോദ്.വിനോദിന്റെ വിവാഹമാണ്.
വിവാഹമെന്നു വെച്ചാൽ രണ്ടാം വിവാഹം.
വിവാഹത്തിനു മുൻപ് ബാങ്കിലെ കൂട്ടുകാർക്കെല്ലാർക്കും കൊടുക്കുന്ന പാർട്ടിയാണിത്.
“എന്തായിരുന്നെടോ കാര്യം”ക്ലാർക്ക് മനോജിന്റെതായിരുന്നു ചോദ്യം.
” ആദ്യ രാത്രി ഞാൻ അടുത്തു ചെന്നപ്പോൾ അവൾ ഒരു നിലവിളി. ആകെ അലമ്പി. ഞാൻ നാണംകെട്ടു”
പിന്നെ കൗൺസിലിങ്ങിന്റെ ഇടയിലാ മനസിലായത് അവള് ചെറുതായിരുന്നപ്പോ വീടിന്റെയടുത്തുള്ള ഒരുത്തൻ റേപ്പ് ചെയ്തതാണ്.
ഞാൻ കൈയോടെ കൊണ്ടുപോയി ഒഴിവാക്കി.
അവളുടെ നാട്ടിൽ മൊത്തം പറഞ്ഞ് നാറ്റിച്ചു. എന്നോട് ചെയ്തതിന് അതെങ്കിലും വേണ്ടേ.”
വിനോദ് വല്ലാതെ കിതച്ചു
” നിനക്കു വേണ്ടെങ്കി ഡിവോഴ്സ് ചെയ്തത് ഓക്കേ. പക്ഷേ… ഒരു പെണ്ണിനെ ഇത്രയും താഴ്ത്തിക്കെട്ടുന്നത് തീരെ ശരിയല്ല.
അതിനു മാത്രം തെറ്റൊന്നും അവൾ ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല” ഹരി പറഞ്ഞു
“എന്നാ നീ കെട്ടിക്കോ. അവൾ ഇപ്പോ ഫ്രീയാ ” വിനോദ് പരിഹസിച്ച് ചിരിച്ചു.
ഹരി എഴുന്നേൽക്കാനൊരുങ്ങി.
“ഇതാ അവൾ ” വിനോദ് മൊബൈലിൽ നിന്ന് ഒരു ഫോട്ടോ നീട്ടി. ഹരി ഒന്നേ നോക്കിയുളളൂ
ഹരിയുടെ ഓർമകൾ കോളേജ് കാലത്തിലേക്ക് പോയി. തന്റെ മൂന്നു വർഷം ജൂനിയറായിരുന്നു ഹരിത.
പേരിലെ സാദൃശ്യം കൊണ്ടാണ് താൻ ആദ്യം അവളെ ശ്രദ്ധിച്ചത്.
ഒരു നാടൻ ശാലീനസുന്ദരി. പതിഞ്ഞ നടത്തം…
തന്റെ സങ്കൽപത്തിലെ സ്ത്രീ സൗന്ദര്യം….
റാഗ് ചെയ്യാൻ പോകുമ്പോൾ താൻ ഒന്നു ചെറുതായി പേടിപ്പിച്ചാൽ പോലും കണ്ണു നിറയും…..
തന്റെ ഇഷ്ടം മനസിലാക്കിയ കൂട്ടുകാർ ഒരു ദിവസം അവൾക്ക് റോസാപ്പൂവ് കൊടുത്തിട്ട് തനിക്ക് തരാൻ പറഞ്ഞു.
” ഇത് ആ ചേട്ടന് കൊടുത്ത് ഐ ലവ് യൂന്ന് പറഞ്ഞേ ”
പൂവ് തന്ന് പറഞ്ഞു തീർത്തതു അവൾ കരഞ്ഞ് ഓടിപ്പോയത്…..
മനപ്പൂർവ്വം അവളുമായ് സംസാരിക്കാൻ അവസരങ്ങളുണ്ടാക്കിയത്….
അവളെ ഒരു നോക്കു കാണാൻ വേണ്ടി എത്രയോ വട്ടം കാത്തിരുന്നത്….
എല്ലാം ഇന്നലെയെന്ന പോലെ ഹരിയുടെ മനസിൽ തികട്ടി വന്നു….
ഒടുവിൽ തന്റെ ഇഷ്ടം തുറന്നു പറഞ്ഞു…
“എനിക്ക് അതിന് മാത്രമുള്ള യോഗ്യതയില്ല.. ”
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുക്കാൻ തുടങ്ങിയിരുന്നു.
അന്ന് താൻ അതിന്റെ പൊരുൾ മനസിലാക്കിയില്ല.
പക്ഷേ…
ഇന്നെല്ലാം വ്യക്തമാകുന്നു.
ചിന്താഭാരം പേറി എങ്ങനെയോ വീട്ടിലെത്തി.
“എന്തു പറ്റിയെടാ” അമ്മയുടെ ചോദ്യം ഹരിയെ ചിന്തയിൽ നിന്നുണർത്തി.
“എന്റെ മോനെന്താ ആകെ മൊത്തം ഒരു സങ്കടം…” ?
” അമ്മേ… ഹരിത….. “ഹരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
“എന്റെ മോനേ… എത്ര വർഷമായി എന്റെ മോൻ അതോർത്ത് വേദനിക്കാൻ തുടങ്ങിയിട്ട് .
ഒരിക്കൽ നീ സ്നേഹിച്ചു. അവൾക്ക് ഇങ്ങോട്ട് ഇല്ലായിരുന്നു താനും..
അതോർത്ത് കല്യാണോം വേണ്ടാന്ന് വെച്ച് ഇരിക്കാൻ തുടങ്ങിയിട്ട് കൊല്ലം എത്രയായി…
ഇനിയെങ്കിലും എന്റെ മോനത് മറന്നിട്ട് വേറൊരു കല്യാണത്തിന് സമ്മതിക്ക്.
അവളിപ്പൊ സുഖായി ജീവിക്കുന്നുണ്ടാകും ”
“അമ്മേ… അതല്ല…” ഹരി നടന്നതെല്ലാം അമ്മയോടു പറഞ്ഞു -………………………..
അവൾക്കു വീട്ടിൽ ആലോചന തുടങ്ങി എന്ന് അവളുടെ കൂട്ടുകാരിയുടെ അടുത്ത് നിന്ന് അറിഞ്ഞ സമയത്ത് എഞ്ചിനിയറിങ്ങ് കഴിഞ്ഞ് ജോലി ആകാതിരുന്ന താൻ അവളുടെ വീട്ടിൽ പെണ്ണു ചോദിക്കാൻ ചെന്നിരുന്നു
. ജോലി ഒഴിച്ചു നിർത്തിയാൽ തനിക്ക് മറ്റു കുറവുകൾ ഒന്നും ഇല്ലായിരുന്നു.
കാണാൻ സുമുഖൻ.നല്ല കുടുംബം..
പക്ഷേ ജോലി ഇല്ലാത്ത തന്റെ കൂടെ മകളെ അയക്കാൻ അവളുടെ അച്ഛൻ തയാറല്ലായിരുന്നു . എല്ലാം കേട്ടു കഴിഞ്ഞതിനു ശേഷം അമ്മ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം ചോദിച്ചു
“നിനക്ക് അവളെ ഇപ്പഴും ഇഷ്ടാണോ?”
“ഇപ്പഴും… ഒരുപാട്… മറക്കാൻ കഴിയുന്നില്ലമ്മേ”
ഇതിനോടകം എത്രയോ ആലോചനകൾ വന്നിരിക്കുന്നു… ഒന്നും തനിക്ക് തൃപ്തിയാക്കുന്നുണ്ടായിരുന്നില്ല.
മനസ് നിറയെ അവളായിരുന്നു. വിവാഹം കഴിഞ്ഞെന്നറിഞ്ഞു. പിന്നീട് താൻ അവളെപ്പറ്റി അന്വേഷിച്ചിട്ടില്ല.
ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ വീണ്ടും അവൾ…..
” എന്നാ നമുക്കു പെണ്ണു ചോദിക്കാൻ പോയാലോ ” അമ്മയുടെ വാക്കുകൾ ഹരിക്ക് വിശ്വസിക്കാനായില്ല . വിശ്വാസം വരാതെ അമ്മയെ നോക്കി…..
“നീ നോക്കണ്ട. നിന്റെ സന്തോഷാ അമ്മക്ക് വലുത്. എന്റെ മോൻ ഇങ്ങനെ ജീവിക്കണത് എനിക്ക് കാണാൻ വയ്യ .ആദ്യം ആ കുട്ടീടെ മനസൊന്നറിയ് നീ ”
പിന്നെ ഒന്നും നോക്കിയില്ല……
പിറ്റേ ദിവസം അവളുടെ വീട്ടിലേക്ക് പോയി അന്തസായി പെണ്ണു ചോദിച്ചു.
” ഞാൻ അന്ന് വന്നപ്പോ ജോലിയില്ലാന്നാണ് പറഞ്ഞത്. ഇപ്പോ എനിക്ക് ഒരു ജോലിയുണ്ട് .ഇനി അവളെ തരുന്നതു കൊണ്ട് ബുദ്ധിമുട്ടുണ്ടാകുമോ ”
” അവളെപ്പറ്റി എല്ലാം അറിഞ്ഞിട്ടാണോ ” തളർന്ന ശബ്ദത്തോടെ അവളുടെ അച്ഛൻ ചോദിച്ചു.
” എല്ലാം അറിഞ്ഞിട്ട് തന്നെയാണ്… അവളെ ഒരുപാടിഷ്ടായിട്ട്”… ………………………………….
“ഈ എച്ചിലിനെ എനിക്ക് ചുമക്കാൻ വയ്യ ”
അതേ സമയം വിനോദിന്റെ വാക്കുകൾ ഹരിതയുടെ മനസിൽ പെരുമ്പറ കൊട്ടുകയായിരുന്നു.
കുഞ്ഞായിരുന്നപ്പോൾ അയലത്തെ വീട്ടിലെ അങ്കിൾ ആരുമില്ലാതിരുന്നപ്പോൾ തന്നെ നശിപ്പിച്ചതാണ്.
വല്ലാതെ പേടിച്ചു പോയ തന്നെ ആരോടും പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
വലുതായപ്പോഴും പേടിയായിരുന്നു പറയാൻ
വിവാഹം വന്നപ്പോൾ ഒരുപാട് എതിർത്തതാണ്.
ഒടുവിൽ വീട്ടുകാരുടെ കണ്ണീരിനു മുൻപിൽ വേറെ വഴിയില്ലാതെ വഴങ്ങേണ്ടി വന്നു.
ഒടുവിൽ എല്ലാം എല്ലാവരും അറിഞ്ഞു.
ആണുങ്ങൾ അടുത്തു വരുന്നതേ ഭയമായിരുന്നു അതായിരുന്നു വിനോദ് അടുത്തു വന്നപ്പോൾ നിലവളിച്ചത്.
കൗൺസലിങ്ങ് കഴിഞ്ഞ് മനസ് ശരിയായപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
അല്ലെങ്കിലും ഒരാൾ ഉപയോഗിച്ച പെണ്ണിനെ മറ്റാരാണ് ചുമക്കുക?
എന്നാലും ഇത്രയും ദുർവിധി ഏറ്റുവാങ്ങാൻ താൻ എന്ത് പാതകമാണ് ചെയ്തത്?
എല്ലാവരും ഇന്ന് തന്നെ മറ്റൊരു കണ്ണോടെ കാണുന്നു. ഇന്ന് ഒരാൾ കാണാൻ വരുന്നുണ്ടത്രേ.
അയാളോട് എല്ലാം തുറന്നു പറയണം…. ഹരിത സ്വയം തയാറെടുത്തു
കാൽപതനത്തിന്റെ ശബ്ദം കേട്ടാണ് ഹരിത തിരിഞ്ഞു നോക്കിയത്.
അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.
“ഹരിയേട്ടൻ”
സ്വയമറിയാതെ അവൾ വിളിച്ചു പോയി. ” എന്നെ ഒട്ടും ഇവിടെ പ്രതീക്ഷിച്ചില്ലല്ലേ”
ഹരി പതിയെ ചോദിച്ചു.
“ഹരിയേട്ടാ ഞാൻ…. വേണ്ട ഹരിയേട്ടാ… എന്നെക്കുറിച്ച് എന്തറിയാം ഹരിയേട്ടന്? അന്നേ ഞാൻ പറഞ്ഞതല്ലേ…എനിക്ക് അതിനുള്ള യോഗ്യതയില്ല”
“നിന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടാ ഞാൻ ഇവിടെ വന്നത്.. ഇനി എന്താ പറയാനുള്ളത്.?”
ഹരിത വിശ്വസിക്കാനാവാതെ ഹരിയെ നോക്കി.
“എന്നാലും ഹരിയേട്ടാ.. വേണ്ട… ഹരിയേട്ടന് നല്ല കുട്ടികളെ കിട്ടും .”
“നിന്നെ ഏതോ വൃത്തികെട്ടവൻ നിന്റെ അറിയാത്ത പ്രായത്തിൽ എന്തോ ചെയ്തു…. അതിന് നീയെന്തിനാ ഇങ്ങനെ അനുഭവിക്കുന്നത്?
നിന്റെ ഭാഗത്ത് എന്താ തെറ്റുളളത്? അവനല്ലേ തെറ്റുകാരൻ?”
ഞാൻ ചോദിക്കുന്നതിന് അതെ അല്ലെങ്കിൽ അല്ലാന്ന് മാത്രം പറ..
ആ വൃത്തികെട്ടവനല്ലേ തെറ്റുകാരൻ… ”
“അതെ “ഹരിത പതിയെ പറഞ്ഞു
” അതു കൊണ്ട് നിനക്കൊന്നും പറ്റീട്ടില്ല… മനസുകൊണ്ടാണ് പരിശുദ്ധി വേണ്ടത്..
ഇങ്ങനെ ഒരുത്തൻ ചെയ്തെന്നു വച്ച് ഇപ്പഴും നീ പെണ്ണ് തന്നെയല്ലേ.. മാറിപ്പോയിട്ടൊന്നുമില്ലല്ലോ?”
“ഇല്ല ”
“അപ്പോ എന്റെ കണ്ണിൽ നീ നൂറു ശതമാനം പെർഫക്ടാ… പിന്നെ നാട്ടുകാര് പറയുന്നത്….
നീ നന്നായി ജീവിക്കുന്നത് കാണുമ്പോ അവര് നിർത്തിേക്കോളും .
അപ്പൊ എന്താ തീരുമാനം?”
ഹരി കുസൃതിയോടെ ചോദിച്ചു….
ഹരിത നാണത്തോടെ മൂളി.
“എനിക്കീ മൂളൽ പണ്ടേ ഇഷ്ടല്ല… ഒന്നുകിൽ സമ്മതം അല്ലെങ്കിൽ അല്ല, ”
“സമ്മതം.. നൂറുവട്ടം…” ഹരിത കണ്ണീരോടെ പറഞ്ഞു
ഹരി പുഞ്ചിരിച്ചു
.”അപ്പോ ഇനി എങ്ങനെയാ…..
ഞാൻ എന്റെ അമ്മച്ചിയെ അയക്കട്ടെ..”
മീശ പിരിച്ച് മോഹൻലാൽ സറ്റൈലിലുള്ള ഹരിയുടെ ചോദ്യം കേട്ട് ഹരിതയുടെ മുഖം ചുവന്നു.
വാതിൽ കടന്നു പോകുന്നതിനിടയിൽ തിരിഞ്ഞ് നോക്കി ഒരിക്കൽ കൂടി ഹരി തിരിഞ്ഞു…
“അതേ… എല്ലാ ആണുങ്ങളും ഒരു പോലെയല്ലാട്ടോ… പൊന്നുപോലെ നോക്കിക്കോളാം ഇയാളെ… ”
മഴവില്ലഴകിൽ ഹരിതയുടെ മുഖം വിടരുന്നത് കണ്ട് ഒരു മൂളിപ്പാട്ടോടെ ഹരി നടന്നക്കന്നു…. തിരിച്ചു വരാനായി…..
ശുഭം
രചന : Renu Radhika