രചന :ശിവൻ മണ്ണയം…..
അതീവസുന്ദരി .. സുരസുന്ദരി .. വെളുവെളെ വെളുത്തിട്ട് … ഡ്രസാണെങ്കിലോ ,ഉണ്ടോ എന്ന് ചോദിച്ചാ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. ത്രന്നെ…!
ഞാൻ തുറിച്ചു നോക്കി, ആർത്തിയോടെ .കണ്ണടക്കാതെ നോക്കി.അര ലിറ്റർ ഉമിനീർ കുടിച്ചിറക്കി.
അര മണിക്കൂർ ഞാനാ പെൺകൊടിയെ കൺകുമ്പിളാൽ കോരിക്കുടിച്ചു. ജാതിയും മതവുമൊന്നും നോക്കിയില്ല. അങ്ങ് കോരിക്കുടിച്ചു.
കുറേ നേരം അവൾ ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ ഇരുന്നു.പിന്നെ ധൃതിയിൽ എന്റെ നേരെ നടന്നടുത്തു.
ങേ! ഞാൻ ഞെട്ടി. ഇനി അടിക്കാനോ മറ്റോ ആണോ? അടിച്ചാൽ ഞാനും തിരിച്ചടിക്കും. എന്നിട്ട് പോലീസിൽ കീഴടങ്ങും.
അവൾ വന്നെന്റെ അരികിൽ ഇരുന്നു. കുറച്ചു മുമ്പുവരെ അവളെ നോക്കി ദഹിപ്പിച്ച് ഔന്നത്യത്തിൽ നിന്നിരുന്ന ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി.നവദ്വാരങ്ങളിലൂടെയും എയർ പുറത്തേക്ക് പോയി.
അവൾ എന്നോട് നാടും വീടും മറ്റ് ബയോഡേറ്റകളും ചോദിച്ചു. ഞാൻ കിളി പറയും പോലെ എല്ലാം പറഞ്ഞു കൊടുത്തു. അല്ല പിന്നെ. എന്നോടാ കളി.
കുറേ നേരം സംസാരിച്ചപ്പോൾ അവളുടെ ശരീരം എന്റെ മനസിൽ നിന്ന് മാഞ്ഞു പോയി. അവളുടെ അല്പവസ്ത്രവും എന്റെ ചിന്തയിൽ നിന്ന് മറഞ്ഞു. തൊട്ടടുത്ത് ഒരു സുഹൃത്ത്… അയാൾ എന്ത് വസ്ത്രം ധരിച്ചാൽ എനിക്കെന്ത് .
അവസാനം കൈ തന്ന് അവൾ തിരികെ മടങ്ങി.
പിന്നെ ഞാനവളെ ആർത്തിയോടെ നോക്കിയതേ ഇല്ല, സ്നേഹത്തോടെ മാത്രം നോക്കി;എൻറ സുഹൃത്ത് അല്ലേ…
NB :തുറിച്ചു നോട്ടക്കാരെ നേരിടാൻ മഹിളാമണികൾക്ക് ഈ വിദ്യ പ്രയോഗിക്കാവുന്നതാണ്. അങ്ങോട്ട് ചെന്ന് മിണ്ടുക. സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ, ഈ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ..😀 വെറുതെ ഓരോന്ന് പറഞ്ഞ് വഴക്കു കൂടി രണ്ട് വഴിക്ക് പോകേണ്ടവരല്ല നമ്മൾ !
📖 രചന :ശിവൻ മണ്ണയം…..