രചന :Nkr Mattannur…..
അരി കഴുകി അടുപ്പില്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ടു…. കുക്കറില്‍ വേവിച്ചു ഇത്തിരി പരിപ്പു കറിയുണ്ടാക്കാം…രണ്ടു പപ്പടവുംകാച്ചിയെടുക്കാം…ഇന്നത്രമതി….മനു കുളികഴിഞ്ഞു അടുക്കളയില്‍ കയറിയിട്ട് അര മണിക്കൂര്‍ കഴിഞ്ഞു…
ഓട്ടോ ഡ്രൈവറാണു മനു….രണ്ടു വര്‍ഷം പഴക്കമുള്ള ഒരു പെട്രോള്‍ മോഡല്‍ ഓട്ടോ ആണ് അവന്‍റെ ജീവിത മാര്‍ഗ്ഗം…രാവിലെ ആറുമണിക്കു മുന്നേ സ്റ്റാന്‍ഡിലെത്തിയാല്‍ വൈകിട്ട് ഏഴിനുംഎട്ടിനുമിടയില്‍ ഓട്ടം മതിയാക്കും…പിന്നെ കുളിച്ചു ഭക്ഷണം പാകം ചെയ്യും….അനാഥനാണ് മനു…അച്ഛനും അമ്മയും എട്ടു വര്‍ഷം മുന്നേ ഒരപകടത്തില്‍ മരിച്ചു ….
രണ്ടാംവര്‍ഷം ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു ആ അപകടം… അനാഥത്വം മുന്നില്‍ വാ പിളര്‍ന്നു നിന്നപ്പോള്‍ കരഞ്ഞു ഒരുപാട് ….
താങ്ങാനാരുമില്ലെന്ന തിരിച്ചറിവില്‍ സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കാനവന്‍ തീരുമാനിച്ചു….
അച്ഛനും അമ്മയും രണ്ടു മതത്തില്‍ പെട്ടവരായിരുന്നു….ഒരുപാട് എതിര്‍പ്പുകളെ അവഗണിച്ചവര്‍ ഒന്നായപ്പോള്‍ ബന്ധുക്കള്‍ അകലംപാലിച്ചു…
അനാഥത്വം അവന് കൊടുക്കുന്നതിന് മുന്നേ ദൈവം അവന് ഒരു വരം കൂടി കൊടുത്തിരുന്നു…
കുട്ടികള്‍ അവനെ കരുമാടീന്ന് വിളിച്ചു പോന്നു…ആ ഇരുണ്ട നിറം അവനെ മറ്റുള്ളവരില്‍ നിന്നും അകന്നു നില്‍ക്കാനും പഠിപ്പിച്ചു…..
കണ്ണാടിയില്‍ സ്വന്തം രൂപത്തെ നോക്കി നില്‍ക്കുമ്പോള്‍ അവന് ആരോടൊക്കെയോ വെറുപ്പ് തോന്നി…
കുഞ്ഞുന്നാളില്‍ മനുവിനെ മടിയിലിരുത്തി അമ്മ ഒത്തിരി കരയുമായിരുന്നു….വളര്‍ന്നു വന്നപ്പോഴേ അവനതിന്‍റെ കാരണം മനസ്സിലായുള്ളൂ……
നാട്ടിലെ സുന്ദരികളും സുന്ദരന്‍മാരും ജീവിതം ആഘോഷിക്കുമ്പോള്‍ മനു നല്ല പോലെ ഓട്ടോ ഓടിച്ചു മിച്ചംവെച്ചു ഒരു വീട് പണിതു…നാലുമാസമേ ആയുള്ളൂ പുതിയ വീട്ടിലേക്ക് കയറി താമസം തുടങ്ങിയിട്ട്….
അവന് ഒരു സങ്കടം മാത്രേ മനസ്സിനെ അലട്ടിയുള്ളൂ…താന്‍ അധ്വാനിച്ചു ഒരു നേരത്തെ ഭക്ഷണം അച്ഛനും അമ്മയ്ക്കും കൊടുക്കാന്‍ കഴിഞ്ഞില്ലലോന്ന്….
നാട്ടിലെ എല്ലാം തികഞ്ഞവര്‍ക്ക് പോലും പെണ്ണിനെ കിട്ടാനില്ലാന്നറിഞ്ഞ മനു ഒരു വിവാഹത്തെ കുറിച്ച് ഒരു കുഞ്ഞു സ്വപ്നം പോലും കണ്ടിരുന്നില്ല…
ആയുസ്സുള്ള കാലം വരെ ആരെകൊണ്ടും ഒരു മോശവും പറയിക്കാതെ ജീവിക്കണം… ….അതായിരുന്നു അവന്‍റെ സ്വപ്നം ……
++++++++ ++++++++
ആ വാര്‍ത്ത അറിയാത്തവരായി നാട്ടില്‍ ഇനി ആരും തന്നെ ബാക്കിയില്ല….കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു…..സങ്കടപ്പെട്ടു….അസൂയ മൂത്ത് പലര്‍ക്കും ഊണും ഉറക്കവും വരെ നഷ്ടമായി……
മനു വിവാഹിതനാവാന്‍ പോവുന്നു…. വധു മീര …അവിടുന്ന് പതിനഞ്ചു കിലോമീറ്റര്‍ ദൂരെയാ വധൂഗൃഹം… മനു തന്നെയാ മീരയുടെ ഫോട്ടോ അവന്‍റെ മൊബൈലീന്ന് എല്ലാവര്‍ക്കും കാട്ടികൊടുത്തത്……ഇനി പത്തുനാള്‍ കഴിഞ്ഞാല്‍ ആ പാലുപോലത്തെ പെണ്ണിനെ ഈ കരുമാടി താലി കെട്ടി കൂടെ പൊറുപ്പിക്കും…പലരും തലപുകഞ്ഞു…അതൊന്നു മുടക്കാന്‍…
ചുറ്റിലും ഉയരുന്ന പരിഹാസങ്ങളും ശീല്‍ക്കാരങ്ങളും മനു കേള്‍ക്കുന്നുണ്ടായിരുന്നു…എല്ലാം അവഗണിച്ചു വിവാഹ ഒരുക്കങ്ങളില്‍ അവന്‍ മുഴുകി…
ക്ഷമ നശിച്ചു വഴിയില്‍ തടഞ്ഞു നിര്‍ത്തിയവര്‍ക്ക് മാത്രം അവന്‍ മറുപടി നല്‍കി…മീരയുടെ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചൊരു വിവാഹം … അതിന്ന് ഞാന്‍ തയ്യാറായി….അത്രമാത്രം…
ഒടുവില്‍ വിവാഹത്തിന് രണ്ടു നാള്‍ മുന്നേ മനുവിന് മീരയുടെ കോള്‍ വന്നു… ടൗണില്‍ കാത്തിരിക്കുന്നുണ്ട് ഒന്നു കാണണം ….
മിരയെയും കയറ്റിയ ഓട്ടോ മനു പാര്‍ക്കിനടുത്ത് ഓരം ചേര്‍ത്തു നിര്‍ത്തി … രണ്ടുപേരും പാര്‍ക്കിലെ സിമന്‍റ് ബെഞ്ചില്‍ ചേര്‍ന്നിരുന്നു….
മനുവേട്ടാ ….മീര വിളിച്ചു
എന്നെ പൂര്‍ണ്ണ മനസ്സോടെ ആണോ സ്വീകരിക്കുന്നത്.
മനു അവളുടെ കണ്ണുകളിലേക്ക് നോക്കി…. ദുഃഖം ഖനീഭവിച്ച മുഖം …
ഇവളെത്ര സുന്ദരിയാണ്…ഒരു ജീവിതകാലം മുഴുവന്‍ എന്തെല്ലാം പഴി കേള്‍ക്കേണ്ടി വരും…
മീരാ ….നിനക്ക് ഇനിയും സമയമുണ്ട്… ഒരു ജീവിതം എന്നെ പോലൊരുവനു മുന്നില്‍ അടിയറ വെച്ചാല്‍ …..
മീര അവന്‍റെ വായ് പൊത്തി… മതി….
മനുവേട്ടാ ഇതെത്രാമത്തെ തവണയാ എന്നോട് തന്നെ പറയുന്നെ ഈ കാര്യം …
പിന്നെ എന്നെങ്കിലും ഒരു നാള്‍ മീര അതോര്‍ത്തു സങ്കടപ്പെടരുത്…
അതോര്‍ത്ത് പറഞ്ഞതാ….
അങ്ങനെ ഒരിക്കലും ഉണ്ടാവില്ല…. എന്നെ വിശ്വാസിക്കാം മനുവേട്ടന്….
മീരയുടെ മിഴികള്‍ നിറഞ്ഞിരുന്നു…അറിയോ നിങ്ങള്‍ക്ക്…? അന്നു രാത്രി ഞാനും അമ്മയും കെട്ടിപ്പിടിച്ചു കരയുകയായിരുന്നു…അച്ഛനും കരയുകയായിരുന്നു …ഉറക്കമില്ലാതെ നടന്നും ഇരുന്നും നേരം വെളുപ്പിച്ചു… രാവിലെ എഴുന്നേറ്റു കുളിച്ചു വേഷം മാറുമ്പോള്‍ രണ്ടുപേരോടും കൂടെ വരാന്‍ പറഞ്ഞു….നിങ്ങളെ കാണുകമാത്രം ലക്ഷ്യം വെച്ചു വന്നു… മനുവേട്ടന്‍ അന്നെന്നെ വേണ്ടാന്ന് ഒരുവാക്ക് പറഞ്ഞിരുന്നെങ്കില്‍ ഇന്നീ മീര ജീവനോടെ കാണത്തില്ലായിരുന്നു…
മനുവിന്‍റെ മനസ്സ് അപ്പോള്‍ പുറകിലേക്ക് പാഞ്ഞു…
ഒരുമാസം മുന്നേ ഒരു വൈകുന്നേരംദൂരേക്ക് ഒരു ഓട്ടം പോയി മടങ്ങുമ്പോള്‍ മൊബൈലില്‍ ഒരു കാള്‍ വന്നു….ഓട്ടോ ഒതുക്കി നിര്‍ത്തി ഫോണില്‍ സംസാരിക്കുമ്പോള്‍ അമ്മേന്നൊരു നിലവിളി കേട്ടു…
അടുത്ത വീട്ടിന്നായിരുന്നു അത് കേട്ടത് അവന്‍ വെളിയിലിറങ്ങി….പിന്നെയും അമര്‍ത്തിയ ഒരു നിലവിളി കേട്ടു…
വിടിനകത്തേക്ക് പാഞ്ഞു കയറിയപ്പോള്‍ കണ്ട കാഴ്ച അവന്‍റെ കൈകളെ തരിപ്പിച്ചു…
ഒന്നും നോക്കിയില്ല … കയ്യില്‍ കിട്ടിയത് ഒരു ക്രിക്കറ്റ് ബാറ്റായിരുന്നു…
അവന്‍റെ അരയ്ക്കു താഴെ ആഞ്ഞാഞ്ഞടിച്ചു ….എത്ര തവണ അടിച്ചുവെന്നോര്‍മ്മയില്ല….
അവിടുന്ന് ഇറങ്ങി ഓടിയ അവന്‍റെ പിറകേ പാഞ്ഞു ……കനാല്‍ കരയിലെത്തിയപ്പോള്‍ വീണുപോയ അവന്‍റെ രണ്ടു കാലുകളിലും തല്ലി….. …….അരിശം തീരുംവരെ…..
മരിച്ചു കാണുമോ അവന്‍…? മീര ചോദിച്ചു ….
ഇല്ല…..ഒരു ജീവച്ചവമായി ഒരായുസ്സ് മുഴുവന്‍ നരകിക്കും…അത്രയ്ക്ക് കൊടുത്തു……
മനുവേട്ടാ …..
അന്നു അവനെന്നെ കീഴ്പെടുത്തിയിരുന്നെങ്കില്‍ പിന്നെ ഈ മീര ഉണ്ടാവുമായിരുന്നില്ല…
ഈ ജീവിതം മനുവേട്ടന്‍റെ ദാനമല്ലേ….?
അതു ഞാന്‍ വേറെ ആരോടൊപ്പം ജീവിച്ചിട്ടാ അതിന്‍റെ കടം വീട്ടുക…?
മനു എഴുന്നേറ്റു …മീരയും….
സ്നേഹിക്കാനറിയാം….താലോലിക്കാനും അറിയാം..പട്ടിണിക്കിടാതെ നോക്കാം പൊന്നുപോലെ….അതു മതിയോ നിനക്ക്….?
മീര മനുവിനെ കെട്ടിപ്പിടിച്ചു
….മതി….അതുമാത്രം മതി ഈ മീരയ്ക്ക്……അതിനെന്നെ അനുവദിക്കണം…..!!!
രചന :Nkr Mattannur…..