മറച്ചു വെച്ചത്….

രചന :Shamsudheen.

‘ ഒന്നു പോടി…

നീ ആക്‌സിഡന്റ് ആയിട്ടുണ്ടെന്നോ…?’

‘ ഈ ഏട്ടനോട് പറഞ്ഞിട്ട് എന്താ വിശ്വസിക്കാത്തെ… സത്യം പറയുവാണെന്നെ… ഞാൻ ആക്‌സിഡന്റ് ആയി സീരിയസ് ആയിരുന്നത്രെ…’

കിടക്കാൻ നേരം കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലാണ് പാർവതി അനുഭവങ്ങൾ ഹരിയോട് പങ്കു വെക്കുന്നത്… അതും അല്പം അഹങ്കാരത്തോടെ…

‘ എന്നിട്ട് നിന്നെ ദൈവം വിളിച്ചില്ലേടീ…’

അവളുടെ വാക്കുകളെ ഹരി നല്ല രീതിയിൽ തന്നെ പരിഹസിച്ചു… കൂടെ ഒരു ചെറു ചിരിയും ഒതുക്കി… അല്ലേലും കൊച്ചു കുട്ടികളെ പോലെയാണ് പാർവതി… ഒരു വിവാഹം കഴിഞ്ഞ സ്ത്രീയണവളെന്നു പ്രവർത്തികളിൽ നിന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ട് തന്നെയാണ്… ലാളനകൾ കൂടി പോയത് കൊണ്ടാവാം അവളീ കൊഞ്ചലുകളും കിണുങ്ങലും വിട്ടൊഴിയാതെ ജീവിക്കുന്നത്…

‘ ഹോ… ഇപ്പൊ ഞാൻ മരിക്കാത്തതായോ കുറ്റം.. ‘

പിണക്കം വന്നു തുടങ്ങുകയായിരുന്നു… പിണക്കം ഇണക്കത്തിന്റെ ആക്കം കൂട്ടുമെങ്കിൽ ഹരിയുടെത് സന്തോഷ ജീവിതം തന്നെയായിരിക്കും… അത്രത്തോളം പിണക്കങ്ങൾ ഉണ്ടാവാറുണ്ട്…. കൊച്ചു പിണക്കങ്ങൾ… ഇണങ്ങാൻ സമയം വളരെ കുറച്ചു മതി… അല്ലെങ്കിൽ ഹരിയിൽ നിന്നുള്ള ഒരു തലോടൽ, ചുടുചുമ്പനം ; ഇതെല്ലാം അവളിൽ നിന്നും പിണക്കം ഒഴിഞ്ഞു പോവാൻ കാരണമാവാറുണ്ട്..

‘ അല്ലേലും നിങ്ങൾക്കെന്നോട് ഒരിഷ്ട്ടവും ഇല്ല… ഞാനിങ്ങനെ വെറുതെ പറയുന്നെന്നെ ഉള്ളു… ‘

‘ പിണങ്ങല്ലെടി… ‘

സമാധാനിപ്പിക്കാൻ പതിവുകൾ തെറ്റിക്കാതെ ഹരിയുടെ കൈകൾ നീണ്ടു… ആ മുഖത്തിൽ ഒന്നു തലോടാൻ..

‘ വേണ്ട…. എന്നോടൊന്നും പറയണ്ട…’

‘ നീയെന്താടി കൊച്ചു കുട്ടികളെ പോലെ… ഞാനൊന്നു തമാശ പറയുമ്പോഴേക്കും… ഇത്ര പെട്ടെന്ന് പിണങ്ങുന്നവളാണോ എന്റെ ഭാര്യ… ‘

സ്ഥിരം ഉണ്ടാകുന്ന കലാപരിപാടികൾ വീണ്ടും അരങ്ങേറി… പിണങ്ങിയ അവളെ ആദ്യമായി പിണക്കം കാണുന്ന പോലെയുള്ള വാക്കുകൾ കൊണ്ട് മൂടി.. സ്നേഹവും പുകയ്ത്തലുകളും നിറഞ്ഞു നിൽക്കുന്ന ആ വാക്കുകൾക്ക് അവളുടെ പിണക്കത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ടായിരുന്നു….

‘ വേണ്ട…. എന്നോടൊന്നും പറയണ്ട… മരിക്കേണ്ടതായിരുന്നു… അറിയിക്കേണ്ടവരെ അറിയിച്ചോളാനും പറഞ്ഞതാണ്… ഏതോ ഒരു നല്ല മനുഷ്യന്റെ ഔദാര്യം മാത്രമാണ് ഞാൻ… ‘

‘ നീയിങ്ങോട്ട് അടുത്ത് വന്നേ, ഞാനൊന്ന് പറയട്ടെ… ‘

ഹരി തിരിഞ്ഞു കിടക്കുന്ന അവളുടെ കൈകൾ പിടിച്ചു വലിച്ചു… മെല്ലെ അടുത്തേക്ക്… എതിർപ്പുകൾ കുറഞ്ഞിരിക്കുന്നു.. നാണം തൂകി നിൽക്കുന്ന അവളുടെ മുഖം മെല്ലെ തന്റെ ചുണ്ടുകളിലേക്കടുപ്പിച്ചു… തിരുനെറ്റിയിൽ ഒരു ചുടുചുമ്പനം…. നിരാശയും കൊച്ചു ദേഷ്യവും അടങ്ങിയിരുന്ന മുഖത്തിൽ പുഞ്ചിരി വിടർന്നു…

‘ ഞാൻ നല്ല രീതിയിൽ പറഞ്ഞു വരികയായിരുന്നല്ലോ… നിങ്ങളെന്തിനാ അതിനിടക്ക് പരിഹസിച്ചേ… അതോണ്ട് അല്ലെ ഞാൻ…’

തന്റെ ഭാഗം ന്യായീകരിക്കുന്നതോടപ്പം കാരണങ്ങൾ നിരത്താനും മറന്നില്ല… കൂട്ടത്തിൽ ഹരിയുടെ ഭാഗത്തുള്ള തെറ്റുകളും ചൂണ്ടിക്കാട്ടി…

‘ ഇല്ലെടോ… അതൊക്കോ വിട്… ഇതൊന്നുമില്ലേൽ നമ്മുടെ ജീവിതത്തിനു എന്ത് രസം…. ഇതൊക്കോ തന്നെയല്ലേ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്… പ്രതീക്ഷകൾ സമ്മാനിക്കുന്നത്.. ‘

സമാധാനിപ്പിക്കലിന്റെ വാക്കുകൾ അവളിലേക്ക് ചെന്നെത്തുമ്പോൾ ആ ചുടുചുമ്പനം കവിളിൽ ചാർത്തി നൽകാനും ഹരി മറന്നില്ല… സ്നേഹത്തിന്റെ മറ്റൊരു രൂപമായി മാറുകയായിരുന്നു അവരുടെ ഇടയിലെ പിണക്കങ്ങളും അതു മൂലമുണ്ടാകുന്ന മറ്റു പ്രവർത്തികളും…

‘ പിന്നെ നീ നേരത്തെ പറഞ്ഞില്ലേ…; ഏതോ ഒരാളുടെ ഔദാര്യം എന്നൊക്കോ… അതെന്താ…? ‘

ആവശ്യ സാധൂകരണത്തിനാണ് ആ സ്നേഹ പ്രകടനങ്ങളെല്ലാമെന്നു അവൾ അറിഞ്ഞില്ല… ഏതോ വാക്കുകൾ ഹരിയുടെ മനസ്സിൽ തട്ടിയിരിക്കുന്നു… അതിന്റെ വിശദീകരണമാണ് ആവശ്യം..

‘ അതൊന്നുമില്ല… ഞാൻ അപ്പോഴത്തെ ദേഷ്യത്തിനു… ‘

‘ എന്താ പാറു … നീ എന്നോട് മറച്ചു വെക്കുന്നെ… ?’

അദ്ദേഹത്തിന്റെ ചോദ്യം പാർവതിയിൽ ചെന്നെത്തുമ്പോൾ അവൾ പറയാൻ മടിക്കുന്നുണ്ടായിരുന്നു.. ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു…

‘ അത്… അത് ഞാൻ പറയാം… പക്ഷെ നിങ്ങളെന്നെ കളിയാക്കരുത്.. എന്നോട് ദേഷ്യമൊന്നും തോന്നരുത്.. ‘

‘ എന്താ പാറു; കഴിഞ്ഞതിനെക്കുറിച്ച് ദേഷ്യപ്പെട്ടിട്ട് … പിന്നെ കളിയാക്കൽ; അത് നിന്റെ കോപം വരുമ്പോഴുള്ള മുഖം കാണാൻ അല്ലെ…. ‘

തനിക്ക് വേണ്ട ഉത്തരങ്ങൾ കിട്ടാനായി ഹരി നന്നായി പരിശ്രമിച്ചു.. അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു…. ഒടുവിൽ അദ്ദേഹത്തിന് വേണ്ട ഉത്തരങ്ങൾ നൽകാൻ അവൾ ബാധ്യസ്ഥയായി… സ്നേഹത്തോടെയുള്ള നിർബന്ധപ്രകാരമായിരുന്നു…

കഴിഞ്ഞു പോയ കാലങ്ങളിലേക്ക് വീണ്ടുമൊരു യാത്ര പോയി… അവൾ പറയാൻ പോകുന്ന കഥകളും അമ്മയിൽ നിന്നും കേട്ടതാണ്.. എങ്കിലും ഹരിയേട്ടനു പറഞ്ഞു കൊടുക്കേണ്ടി വന്നു… തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നാളുകളെക്കുറിച്ചു അവൾ വിവരിക്കാൻ തുടങ്ങി…

*****

ഒരാക്സിഡന്റായിരുന്നു ആ ഹോസ്പിറ്റൽ മെത്തയിലേക്ക് തന്നെ കൊണ്ടെത്തിച്ചത്… വളരെ സൗകര്യം കുറവായ ഹോസ്പിറ്റലെന്നു കണ്ണുകൾ തുറന്നപ്പോൾ തന്നെ ബോധ്യമായി കഴിഞ്ഞിരുന്നു… അത്രയും നേരം ബോധം മറഞ്ഞിരുന്നു… പിന്നെപ്പോയോ ആണ് ഓർമ തിരികെ വന്നത്..

കണ്ണു തുറന്നു നോക്കുമ്പോൾ തന്റെ അടുത്ത് കൂടി നിൽക്കുന്ന ഒരു കൂട്ടത്തെ തന്നെ കണ്ടു… മുകളിൽ പൊടിപടലങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ഫാനും… വളരെ പഴകിയ ചുവരുകളും…

‘ ഡോക്ടർ … കുട്ടിക്ക് ബോധം വന്നു… ‘

നീട്ടിയുള്ള വിളിയിലൂടെ കുറേപേരുടെ പ്രാർഥനക്ക് ഉത്തരം കിട്ടിയ പോലെയായിരുന്നു… ഓടി വന്ന ഡോക്ടറെ സ്വീകരിക്കാനെന്നോണം നെയ്‌സുമാർ ബാക്കിയുള്ളവരെ മാറ്റുന്നുണ്ടായിരുന്നു… ഒന്നങ്ങോട്ട് മാറി നിൽക്ക് ന്ന സ്ഥിരം പ്രയോഗവുമായി…

ഡോക്ടറുടെ സ്‌തസ്കോപ്പ് മാറിടത്തിൽ പതിച്ചു… ശരീരത്തിന്റെ പല ഭാഗത്തും പതിച്ചു.. ഡോക്ടറുടെയും മുഖ ഭാവം മാറുന്നുണ്ടായിരുന്നു… സങ്കടം നിറഞ്ഞ പോലെ… ആകാംക്ഷയും ടെൻഷനും മനസ്സിൽ കുന്നു കൂടിയ പോലെ…

‘ സിസ്റ്റർ … കുട്ടിയെ നമ്മുടെ സ്‌പെഷൽ റൂമിലേക്ക് മാറ്റിക്കൊള്ളു… ‘

സ്ട്രക്ച്ചറിൽ കയറ്റി നേരെ എങ്ങോട്ടോ… കുറഞ്ഞ വരാന്തകൾ മാത്രമേ പിന്നിട്ടുള്ളൂ… അത്രയും ചെറിയ ഹോസ്പിറ്റൽ ആയെന്നെരിക്കണം…. മുകളിൽ ചെറിയ പ്രകാശങ്ങൾ മാത്രമേ കണ്ടുള്ളൂ… നേരെ മറ്റൊരു മുറിയിലേക്ക്..

ആദ്യത്തിലേറെ സൗകര്യം ഉണ്ടെന്ന് തോന്നുന്നു… എങ്കിലും പറയത്തക്ക വിധത്തിലൊന്നുമില്ല…. ബോധം വീണ്ടും നശിക്കാനൊരുങ്ങുന്നു…

ഡോക്ടറുടെ മുഖത്ത് വീണ്ടും ആ നിരാശ വന്നെത്തി… ആദ്യത്തിലേറെ ഇരട്ടിയായി തോന്നിപ്പിക്കുന്നുണ്ടായിരുന്നു ആ നിരാശ.. അവളുടെ ദേഹത്ത് വെച്ചു കൊണ്ടിരുന്ന സ്‌തസ്കോപ്പ് മെല്ലെ കഴുത്തിലേക്ക് തന്നെ… പതിയെ റൂമിനെ വെളിയിലേക്ക് നടന്നു…

‘ ക്ഷമിക്കണം… രക്ഷപ്പെടാനുള്ള സാധ്യത വളരെകുറവാണ്… ആവശ്യത്തിലധികം രക്തം വാർന്നു പോയിരിക്കുന്നു.. അതും എ നെഗറ്റീവ്… കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള ചോര തന്നെയാണ്… സൗകര്യങ്ങൾ കുറവായ ഈ ഹോസ്പിറ്റലിൽ ചില അപാകതകൾ മൂലം അവൾക്ക് ആവശ്യമുള്ളത്ര രക്തം ഇല്ല…..

ഇനിയിപ്പോ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രക്തം ലഭിക്കണം… ഒരാളെങ്കിലും വന്നാൽ മതിയാകും… നിങ്ങൾക്ക് വേണമെങ്കിൽ മറ്റു ഹോസ്പിറ്റലിലേക്ക് മാറ്റം… എന്നാൽ എന്റെ അറിവിൽ ഇവിടെ അടുത്തൊന്നും വേറെ നല്ല ഹോസ്പിറ്റൽ ഇല്ലാത്തത് കാരണം നല്ലൊരു ഹോസ്പിറ്റലിൽ എത്തുമ്പോയേക്കും…. ‘

ഡോക്ടർ എങ്ങനെയോക്കൊയോ ആ കൂട്ടത്തോട് വാക്കുകൾ പറഞ്ഞു മനസ്സിലാക്കി… അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായിരുന്നു… നിർഭാഗ്യവശാൽ ആ കൂട്ടത്തിൽ ആരുടെയും രക്തം എ നെഗറ്റീവ് അല്ല… അദ്ദേഹം വീണ്ടും തുടർന്നു…

‘ ഇനിയിപ്പോ അറിയിക്കേണ്ടവരെ അറിയിക്കാം… ‘

വാക്കുകൾ വളരെ പതിയെയായിരുന്നു… ആരുടെ മുഖത്തേക്കും നോക്കാതെ മെല്ലെ മുന്നോട്ട് നീങ്ങി… ആ റൂമിന്റെ മുന്നിൽ കൂടിയ ആ കൊച്ചു കൂട്ടത്തിൽ നിന്നും ആർപ്പു വിളികൾ ഉയർന്നു… അമ്മ അലമുറയിടുന്നുണ്ടായിരുന്നു…

‘ എന്താ ചേട്ടാ പ്രശനം…?’

കൂട്ടത്തിന്റെ അവസാനം നിന്ന വ്യക്തിയോട് സാഹചര്യം മനസ്സിലാക്കി തായ്‌ന്ന സ്വരത്തിൽ ഒരു യുവാവ് ചോദിച്ചു….

‘ അത്… കുട്ടിക്ക് ആക്സിഡന്റ് പറ്റിയത് ആണത്രേ… ഒരുപാട് രക്തം വാർന്നിട്ടുണ്ട്… ആർക്കും കൊടുക്കാൻ സാധിക്കില്ല… ഏതൊയൊരു എ നെഗറ്റീവ് ചോരയാണെന്ന കേട്ടത്.. ആരുടെ പക്കലും കൊടുക്കാനില്ല… കൊടുക്കാൻ ഉള്ളവരുടേത് എന്തൊക്കൊയോ അസുഖങ്ങൾ ഉണ്ടെന്ന് പറഞ്ഞു ഇവര് വാങ്ങുന്നുമില്ല… ഇതിപ്പോ കഴിഞ്ഞ മട്ടാ…’

‘ എന്റേത് എ നെഗറ്റീവ് ആണല്ലോ.. ഞാൻ കൊടുക്കാം… ‘

ആ വാക്കുകൾ കൂടി നിന്ന എല്ലാവരുടെയും ചെവിയിൽ എത്തിപ്പെടാൻ താമസമുണ്ടായില്ല… അവിടെ കൂടി നിന്നവരുടെ മുന്നിൽ ഒരു മാലാഖയെ പോലെയാണ് അയാൾ പ്രത്യക്ഷപ്പെട്ടത്… അച്ഛനും അമ്മയും അദ്ദേഹത്തെ വരവേറ്റു.. സന്തോഷത്താൽ എന്തു ചെയ്യണമെന്നറിയാതെ…

നിരാശ കലർന്ന ഡോക്ടറുടെ മുഖവും തെളിഞ്ഞിരുന്നു…. ചോര കയറ്റിയ ശേഷം ഡോക്ടർ പുറത്തേക്ക് വന്നു…

‘ ദൈവം രക്ഷിച്ചു… കൂടെ അയാളും… പരിധിയിൽ കൂടുതൽ ചോര ആവശ്യമുണ്ടായിരുന്നു.. എടുത്തോളാൻ ആ മനുഷ്യനും നിയബന്ധിച്ചു… ‘

നന്ദി സൂചകമായി ദൈവത്തിനോട് ഏവരും നന്ദി പറഞ്ഞു… പിന്നെ നന്ദി വാക്കുകൾ സമ്മാനിക്കേണ്ടത് ആ അജ്ഞാത വ്യക്തിക്ക്… അദ്ദേഹത്തെ കിടന്ന റൂമിനെ ലക്ഷ്യമാക്കി അച്ഛനടങ്ങുന്ന ആ കൂട്ടം നടന്നു…

എന്നാൽ അവരുടെ നന്ദി വാക്കുകൾ അയാൾക്ക് വേണ്ടായിരിക്കും ; അതിനാലാവാം ആരോടും പറയാതെ അവിടെ നിന്നും കടന്നു കളഞ്ഞത്.. ആ മുറി ശൂന്യമായിരുന്നു.. സങ്കടത്തിനിടയിൽ ആ മുഖം ഓർത്ത് വെക്കാൻ പോലും ഏവരും മറന്നു പോയി…

നല്ലവളായ എന്നെ രക്ഷിക്കാൻ ദൈവമയച്ച മാലാഖ തന്നെയാണെന്ന് ഏവരും ഉറപ്പിച്ചു…

*****

‘ ഹോ … അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ…, എന്നിട്ട് അദ്ദേഹത്തെ നീ പിന്നീട് എപ്പോയെങ്കിലും കണ്ടോ…? ‘

‘ ഹഹ… പിന്നീട് എപ്പോയെങ്കിലും കണ്ടിരുന്നേൽ നിങ്ങളുടെ മാറിൽ എന്റെ ഈ ശിരസ്സ് ഉണ്ടാവുമായിരുന്നില്ല… ഞാൻ അദ്ദേഹത്തിന്റെ മണവാട്ടിയായി വാഴുന്നുണ്ടാവും…

സത്യത്തിൽ പ്രണയമായിരുന്നു ഹരിയേട്ടാ … ആ ജീവൻ രക്ഷിച്ച വ്യക്തിയോട്…’

‘ പോട്ടെ ടോ… നിനക്ക് ഞാനില്ലേ.. അത് ദൈവം പറഞ്ഞയച്ച മാലാഖ തന്നെയാവും.. ‘

ഹരി അവളെ സമാധാനിപ്പിക്കാൻ വേണ്ടിയാവും പറഞ്ഞത്…

‘ ഹാ. . അങ്ങനെയായിരിക്കും… പിന്നെ എന്റെ ഹരിയേട്ടൻ ഉണ്ടല്ലോ ന്ന സമാധാനം ഉണ്ട്… ന്നാലും ഞാൻ ഒരുപാട് പ്രാർത്ഥിച്ചിരുന്നു… അദ്ദേഹത്തെ ഒരു തവണയെങ്കിലും എന്റെ മുന്നിൽ ചെന്നെത്തിക്കാൻ വേണ്ടി… ഹാ… ദൈവം എന്റെ പ്രാർത്ഥന കേട്ടു കാണില്ല… ‘

സങ്കടം ചെറിയ തോതിൽ അവളുടെ മനസ്സിനെ വേട്ടയാടിയിരുന്നു… കഴിഞ്ഞ കാലങ്ങളെകുറിച്ചുള്ള ചിന്തകളാവാം.

അവളുടെ വാക്കുകൾക്കുള്ള മറുപടികൾ ഹരി മനസ്സാൽ പറഞ്ഞു..

‘ ഇല്ലെടോ … ദൈവം പ്രാർത്ഥന കേൾക്കാതിരുന്നിട്ടില്ല… നിന്റെ പ്രാർത്ഥനക്ക് നല്ല രീതിയിൽ തന്നെ ഉത്തരം നൽകി…

എന്റെ ചോരയോടുന്ന നിന്നെയും അന്വേഷിച്ചു ഞാനും ഒരുപാട് നടന്നു… ഈ മണിയറ വരെ കൊണ്ടെത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ടി…

ആണെടോ … ആ ഹോസ്പിറ്റലിൽ വന്നത് ഞാനായിരുന്നു…’

മനസ്സിൽ ചൊന്ന വാക്കുകൾക്കൊപ്പം തന്റെ മാറിൽ തല വെച്ചുറങ്ങുന്ന അവളുടെ തിരുനെറ്റിയിൽ ചുംബനങ്ങൾ കൊണ്ടൊരു ഉത്സവം തന്നെ നടത്തിയിരുന്നു….

അന്നത്തെ തന്റെ സഹായം ഇപ്പോഴും മറന്നില്ലലോ എന്നതിന് നന്ദി സൂചകമായി…

രചന :Shamsudheen.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters