പെണ്ണ് കെട്ടിയത് കൊണ്ട് ആരും നന്നാകില്ല, നന്നാവണമെങ്കില്‍ അവര് തന്നെ വിചാരിക്കണം…

രചന: ഗോവിന്ദനുണ്ണി

പൊന്നമ്മേ നമ്മുടെ ലക്ഷ്മികുട്ടിയെ കുറിച്ച് എന്താണ് ഇങ്ങടെ അഭിപ്രായം…??

മുലയംപറമ്പത്ത് കാവില്‍ തൊഴുത് നമ്മുടെ പേടകമായ യമഹ ആര്‍ എക്സ് ഹണ്ട്രഡ് മെല്ലെ… പൊട്ടിച്ച്… പൊട്ടിച്ച്…മടങ്ങി വരുമ്പോഴാണ്…ഞാനിത് അമ്മയോട് ചോദിച്ചത്…

എന്തഭിപ്രായം എന്ന രീതിയില്‍ അമ്മ എന്റെ മുഖത്തേക്കൊന്ന് നോക്കി…മിററിലൂടെ നോക്കിയപ്പോള്‍…മൂപരുടെ മുഖം അത്ര പന്തിയല്ല…വിഷയം മാറ്റി പിടിച്ചു…അല്ല അവള് പഠിക്കാനൊക്കെ മിടുക്കിയാണല്ലൊ…അതുകൊണ്ട്…

അതിന്…??

അല്ല…അവളെ കുറിച്ച് ഇങ്ങടെ…അഭിപ്രായം…

മോനെ ഉണ്ണി…കാള വാല് പൊക്കുന്നത് രണ്ട് കാര്യത്തിനാണ്…അത് കൊണ്ട് പൊന്ന് മോന്‍ അത് വിട്ട് പിടി…ഞാനും അവളുടെ അമ്മയും തമ്മില്‍ ചെറുപ്പത്തിലെ ഉള്ള കൂട്ടാണ്…കൂടാതെ അവളുടെ അച്ഛനും നിന്റെ അച്ഛനും തമ്മിലും…ഇനി നീയായിട്ട് ഞങ്ങളുടെ ബന്ധം കളയരുത്…അല്ല അപ്പൊ നിന്റെ ഇന്ദു നിന്നെ തേച്ചോ…??

ശെടാ…ചോദിക്കണ്ടായിരുന്നു…

പൊന്നമ്മേ ഞാന്‍ വെറുതെ ചോദിച്ചതാണ്…പിന്നെ ഇന്ദു…അവള് ശരിയല്ലന്നെ…അവള്‍ക്ക് വേറെയും കുറെ ചെക്കന്‍മാരുമായി ബന്ധമുണ്ട്…അതിലൊരുത്തന്‍ മാത്രമായിരുന്നു ഞാന്‍…

നിന്നോട് ഞാന്‍ അന്നേ പറഞ്ഞതല്ലെ അവള് തേക്കും എന്ന്…അപ്പൊ നീ കേട്ടില്ല…എന്നിട്ടിപ്പോ എന്തായി…അവളെ ഞാനൊന്ന് കാണട്ടെ…അവളുടെ മോന്തക്കിട്ട് ഒരെണ്ണം കൊടുക്കണം…പെണ്ണുങ്ങളെ പറയിപ്പിക്കാന്‍ വേണ്ടി…

ഹ്മം…അത് ഞാന്‍ കൊടുത്തിട്ടുണ്ട്…പൊന്നീച്ച പറന്നിട്ടുണ്ടാകും കരഞ്ഞിട്ടാ അവള് പോയത്…പിന്നെ ഇൗ പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ല്യാത്തത് കൊണ്ട് അവളെ പറ്റി കൂടുതല്‍ ഒന്നും അറിയാനും ശ്രദ്ധിക്കാന്‍ പറ്റിയില്ല…

ഇൗശ്വരാ…ഇൗ കുരുത്തകെട്ട കാലനെ കൊണ്ട് തോറ്റുപോയല്ലൊ…നിനക്ക് പോലീസ് സ്റ്റേഷനില്‍ കേറി പൂതി മതിയായില്ലെ…ഇതിന്റെ പേരില്‍ ഇനി എന്തൊക്കയാണാവൊ സംഭവിക്കാന്‍ പോകുന്നത്…

അമ്മാ…ഇങ്ങള് തന്നെ ഇങ്ങനെ പറയല്ലെ…വിളക്കിന് താലമെടുത്ത് നില്‍ക്കുന്ന അപ്പുചേച്ചിയെ തോണ്ടുകയും തട്ടുകയും ഒക്കെ ചെയ്തിട്ടല്ലെ ഞാനാ രാമേട്ടന്റെ ചെക്കനെ ഇടിച്ചത്…ഒരുപ്രാവശ്യം അല്ല…രണ്ട് മൂന്ന് വട്ടം അവനത് തുടര്‍ന്നു…ആദ്യം ഞാനവനോട് പറഞ്ഞതാ മാറി നില്‍ക്കാന്‍ അവന്‍ കേട്ടില്ല…അപ്പൊ പിന്നെ രണ്ടെണ്ണം…കൊടുത്തു…അത് ഇത്തിരി കനത്തിലായത് എന്റെ കുറ്റമാണോ…

എന്നിട്ട് ഇൗ പറയണ അപ്പുചേച്ചി കമാന്ന്…ഒരക്ഷരം മിണ്ടിയോ പോലീസ് കാര് നിന്നെ കൊണ്ട് പോകുമ്പോള്‍…കുന്തം വിഴുങ്ങിയപോലെ നിന്നില്ലെ അവള്…കാര്‍ന്നോമാരുടെ കുരുത്തം കൊണ്ടും എന്റെ പ്രാര്‍ത്ഥനകൊണ്ടും അവര് വേഗം വിട്ടു അല്ലെങ്കില്‍ കാണായിരുന്നു ചേല്…

അത് അപ്പുചേച്ചിക്ക് മോശമാകണ്ട എന്ന് കരുതി…ഞാന്‍ ഒന്നും പറയേണ്ട എന്ന് പറഞ്ഞതുകൊണ്ടാ…അല്ലെങ്കില്‍ ചേച്ചി പറഞ്ഞേന്നെ…

അല്ല…ഇപ്പോ ലക്ഷമികുട്ടിയെ കുറിച്ച് ചോദിക്കാന്‍ എന്താണാവോ കാരണം…??

അത് പിന്നെ ഓള്‍ക്ക് എന്നെ ഇഷ്ട്ടാത്രേ…കുറച്ചൊരു നാണത്തോടെ ഞാനിത് പറഞ്ഞപ്പോള്‍ അമ്മ പൂരചിരി എന്നിട്ടൊരും ചോദ്യവും…

അല്ല ഇവളൊക്കെ…ഇത് എന്ത് കണ്ടിട്ടാണ്…?? ഇപ്പോഴത്തെ പെണ്‍കുട്ട്യോള്‍ടെ ഒരു കാര്യം…

എനിക്കെന്താ ഒരുകുറവ്…ഞാന്‍ സുന്ദരനാന്ന് ഇങ്ങള് തന്നല്ലേ പറയാറ്…

എടാ…കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണ്…എന്റെ പൊന്ന്മോന് ഇനി എന്ന് വിവരം വെക്കാനാണ്…എന്തായാലും അവളുടെ അമ്മയെ ഞാനൊന്ന് വിളിക്കട്ടെ…

വിളിച്ചോ…കുഴപ്പമില്ല ഇത് പൊളിച്ചടക്കി കൈയില്‍ തരരുത്…ഇക്കും ഓളെ ഇഷ്ട്ടാണ്…

നിന്നെക്കാള്‍ നല്ല കുട്ടിയാ അത്…പാവമാണത്…അത് കൊണ്ട് എനിക്കൊന്ന്…ആലോചിക്കണം…

പിന്നെ അച്ഛനോട് പറഞ്ഞ് നാറ്റിക്കരുത്…മൂപര് പോയ സപ്ലി എഴുതിയെടുക്കാന്‍ പറഞ്ഞ് എന്നെ അപമാനിക്കും…അത് കൊണ്ടാണ്…

മം…

************
വീട്ടിലെത്തുമ്പോള്‍ പതിവ് പോലെ ഉമ്മറത്ത് തന്നെ അച്ഛന്‍ ചാര് കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു…റേഡിയോ വാര്‍ത്തകളും കേട്ട് കൊണ്ട്…ഞാന്‍ പതിയെ കാല് കഴുകി അകത്തേക്ക് വലിഞ്ഞു…ശരീരം അകത്താണെങ്കിലും മനസ്സും ചെവിയും പുറത്തായിരുന്നു…എന്തോ കുശു കുശുപ്പ് കേള്‍ക്കാനുണ്ട്…ഫോണ്‍ വിളിക്കുകയാണെന്ന് തോന്നുന്നു…പിന്നെ…അച്ഛന്റെ ഉച്ചത്തിലുള്ള ചിരിയും…ഛെ…അമ്മ പറ്റിച്ചിരിക്കുന്നു…അച്ഛനോട് പറഞ്ഞിരിക്കുന്നു…ഇനിയിപ്പോ വിളി വരും നാണം കെടുത്താന്‍… താമസിച്ചില്ല…

ഉണ്ണീ…നീയൊന്ന് ഉമ്മറത്തേക്ക് വന്നേ…അച്ഛനെന്തോ ചോദിക്കാനുണ്ടെന്ന്…

ഞാന്‍ കേട്ടത് സത്യമാണോ…നിങ്ങള്‍ ഇഷ്ട്ടത്തിലാണോ…??

അത് പിന്നെ അച്ഛാ…ഓള് ഇഷ്ട്ടാണെന്ന് പറഞ്ഞു…ഇപ്പോ ഒരു ആലോചന ശരിയായിട്ടുണ്ട് എന്നും…ഞാനൊന്നും പറഞ്ഞില്ല…ഇങ്ങടെ എല്ലാം തീരുമാനം അറിഞ്ഞിട്ട് പറയാന്ന് വെച്ചിട്ട്…ഇളിഭ്യനായി…ഇത്രയും പറഞ്ഞപ്പോള്‍ അച്ഛന്‍ കനപ്പിച്ച് എന്നെയൊന്ന് നോക്കി…

എന്നിട്ട് ലക്ഷ്മികുട്ടി അങ്ങനെ അല്ലാലോ പറഞ്ഞത്…നിനക്ക് അവളെയും അവള്‍ക്ക് നിന്നേയും ഇഷ്ട്ടമാണ് എന്നാണല്ലോ പറഞ്ഞത്…പിന്നെ തല്ലുംപിടിയും ഉണ്ടാക്കാന്‍ മാത്രം പോരാ ധൈര്യം…നിനക്ക് ശരി എന്ന് തോന്നുനത് ആരുടെ മുന്‍പിലും തുറന്ന് പറയാനും വേണം ധൈര്യം…

അച്ഛന്റെ ഡയലോഗ് കേട്ട് പറന്ന് പോയ കിളിയെ ഞാന്‍ കഷ്ട്ടപ്പെട്ട് തിരിച്ച് കൊണ്ടു വന്നു…

അതേ അച്ഛാ..ഞാനും അവളും അനന്തവും അഗാധവും അനിര്‍വജനീയവുമായ ദിവ്യപ്രണയത്തിന്റെ ഉത്തമമകുടോദ്ദാഹരണങ്ങളാണ്…ഞങ്ങള്‍ രണ്ട് ശരീരമാണെങ്കിലും ഒരൊറ്റ മനസ്സാണ്…ഞങ്ങളെ പിരിക്കാന്‍ ഇൗ ലോകത്ത് ഒന്നിനാലും സാധ്യമല്ല…

അച്ഛന്റെ കിളിയും പോയെന്ന് തോന്നുന്നു…ഇടംകണ്ണിട്ടൊന്ന് നോക്കിയപ്പോള്‍ അമ്മയും അന്തംവിട്ട് കിളിപോയി നില്‍ക്കുന്നു…സംഭവം ഏറ്റു…പുതിയൊന്ന് കൂടി പറയാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ കൈകൊണ്ട് വിലക്കി…

ഹ്മം…നിന്റെ സാഹിത്യമൊക്കെ ഫേസ്ബുക്കില് മതി…പിന്നെ സപ്ലി മുഴുവന്‍ എഴുതി എടുത്ത് നിന്നെ എന്‍ജിനിയറായി കാണാന്‍ പറ്റും എന്നതിലുള്ള എന്റെ പ്രതീക്ഷയൊക്കെ അവസാനിച്ചിരിക്കുന്നു…അത് കൊണ്ട് നാളെ മുതല്‍ കട നോക്കി നടത്തികൊള്ളണം…

അച്ഛാ…അത് പിന്നെ ഞാനീ ബീടെക്ക് ഒക്കെ പഠിച്ചിട്ട്…പലച്ചരക്ക് കടയില് ഇരിക്ക്യാ…എന്നൊക്കെ പറഞ്ഞാല്…

പറഞ്ഞാല്…എന്താ പ്രശ്നം…ഇതുവരെ പഠിച്ചതും…വളര്‍ത്തിയതും ഒക്കെ അത് കൊണ്ട് തന്നെയാണ്…ഒരു ഉപകാരമില്ലെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ലലോ…ബുദ്ധിമുട്ടാണെങ്കില്‍ പൊന്ന്മോന്‍ ലക്ഷ്മികുട്ടിയുടെ കാര്യം അങ്ങ് മറന്നേക്ക്…ഞാനിപ്പോ വിളിച്ചിരുന്നു…അവര്‍ക്ക് ഇഷ്ട്ടകേടൊന്നും ഇല്ല്യാ…നിനക്ക് ജോലി ഇല്ല്യാത്തത് ആണ് വിഷയം അതിപ്പോ ശരിയായല്ലോ…

കാര്യങ്ങളുടെ കിടപ്പ് വശം എനിക്കപ്പോഴാണ് പിടികിട്ടിയത്…

നാളെ ആറരക്ക് തുറന്നാല്‍ പോരെ അച്ഛാ കട…എന്ന് ചോദിച്ചപ്പോള്‍…സന്തോഷം കൊണ്ട് ആ മുഖമൊന്ന് വിടര്‍ന്നിരുന്നു…ഏഴ് ആയാലും കുഴപ്പമില്ല…നാളെ ഞാനും വരാം…നിനക്ക് കൂട്ടിന്…കാര്യങ്ങളൊക്കെ ഒന്ന് പരിചയപെടുത്തി തരാന്‍…

*********

ഒരുമിച്ച് ഭക്ഷണം കഴിച്ച്…കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമായ സന്തോഷത്തില്‍ ലക്ഷ്മികുട്ടിയേയും വിളിച്ച് സംസാരിച്ച് അങ്ങനെ കിടക്കുമ്പോഴാണ്…ആ…സ്മശാനമൂകമായ നിശബ്ദതയില്‍ ഞാന്‍ വീണ്ടുമൊരു കുശു കുശുപ്പ് കേട്ടത്…യോഗാചാര്യന്‍മാരെയെല്ലാം മനസ്സില്‍ ധ്യാനിച്ച്…ശ്വാസം ഉള്ളിലേക്ക് പരമാവധി വലിച്ച് പിടിച്ച് ഞാന്‍ കാതോര്‍ത്തു…

“””ഇപ്പോ നമ്മുടെ മോന്‍ എന്ത് നല്ല കുട്ടിയാ…എന്താ വിനയം…എന്താ അനുസരണ…അന്ന് വേദക്കാവില് വച്ച് രണ്ടിനേയും ഞാന്‍ കണ്ടതാ…ലക്ഷ്മികുട്ടി ഓന് ചന്ദനമൊക്കെ തൊട്ട് കൊടുക്കുന്നത്…അപ്പോഴെ ഞാന്‍ വിചാരിച്ചിട്ടുണ്ട്…എന്തായാലും അന്ന് നമ്മള്‍ അവിടെ പോയി കാര്യങ്ങള്‍ സംസാരിച്ചത് നന്നായി…നീ ലക്ഷ്മികുട്ടിയോട് പ്രത്യേകം പറയണം…ഇല്ല്യാത്ത ഒരാലോചന വന്നു എന്ന് നമ്മള്‍ പറയിപ്പിച്ചതാണെന്ന് ഇവന്‍ ഒരിക്കലും അറിയിക്കരുതെന്ന്…അതുകൊണ്ട് ഇപ്പോ എല്ലാം ഒന്ന് നേരെയായി…അല്ലെങ്കില്‍ പഴയ പോലെ തെണ്ടി തിരിഞ്ഞ് തല്ലുണ്ടാക്കി നടന്നേന്നെ…”””

എന്നെ ഒതുക്കികളയാനുള്ള അച്ഛന്റെ ഇൗ മാരക നീക്കം കേട്ട്…പിടിച്ച് വച്ച ശ്വാസം ഒരുനിമിഷത്തേക്ക് കൂടി അങ്ങനെ തന്നെ നിന്നുപോയി…ശ്വാസം കിട്ടാതെ ശരീരം തരിച്ചപ്പോള്‍ ഒരു വെപ്രാളത്താല്‍ ശ്വാസം വലിച്ച് വിട്ട് ലക്ഷമിക്കുട്ടിയുടെ അച്ഛനപ്പൂന്മാരെ നല്ല രീതിയിലങ്ങ് സ്മരിച്ചു…അച്ഛന്‍…മാസ്സാണ്…പിന്നല്ലാതെ…എന്റെ അച്ഛനല്ലെ മാസ്സാകാതെ ഇരിക്ക്യോ…

ലക്ഷ്മികുട്ടി നിനക്കുള്ളത് ഞാന്‍ തരുന്നുണ്ട്…കല്ല്യാണമൊന്ന് കഴിയട്ടെ ഇതിനുള്ള എന്റെ പ്രതികാരം…നിന്നെകൊണ്ട് ഇരട്ടകളെ പ്രസവിപ്പിച്ച് കൊണ്ടുള്ളാതാണെന്ന് ഒരു ശപഥവുമെടുത്ത്…അവളെ തന്നെ സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വഴുതി…

പെണ്ണ് കെട്ടിയത് കൊണ്ട് ആരും നന്നാകില്ല…നന്നാവണമെങ്കില്‍ അവര് തന്നെ വിചാരിക്കണം…എന്നാലും ചിലരൊക്കെ പെണ്ണ് കെട്ടി നന്നായ ചരിത്രവുമുണ്ട്…ഞാനേതായാലും ചരിത്രത്തിന്റെ ഭാഗമാകാന്‍ ഉദ്ദേശിക്കുന്നില്ല…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

രചന: ഗോവിന്ദനുണ്ണി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters