രചന :Anjana Mariya Thomas.
ഓഫീസിൽ നിന്നും തിരിച്ചു വന്നതുമുതൽ കുഞ്ഞേച്ചിയുടെ മുഖത്തു പതിവ് പ്രസന്നതയുണ്ടായിരുന്നില്ല…. യാത്രക്ഷീണമായിരിക്കും എന്നാണ് ഞാൻ കരുതിയത്… ഫ്രഷായി വന്നു എല്ലാവരോടുമൊപ്പമിരുന്നു ഭക്ഷണം കഴിക്കുമ്പോഴും കുഞ്ഞേച്ചി എന്നെത്തെയും പോലെ സംസാരിക്കുകയോ ഓഫീസിലെ വിശേഷങ്ങൾ പങ്കുവെക്കുകയോ ചെയ്യാത്തതു കണ്ടു ചോദിച്ചപ്പോൾ ചെറിയൊരു തലവേദന ആണെന്നായിരുന്നു മറുപടി…
പക്ഷെ ആ പറഞ്ഞത് കള്ളമായിരുന്നെന്ന് മറ്റാർക്കും മനസിലായില്ലെങ്കിലും എനിക്കു അറിയാമായിരുന്നു…. ഭക്ഷണശേഷം അച്ഛനും അമ്മയും അനിയത്തികുട്ടിയും അവരുടേതായ ലോകത്തു വ്യാപൃതരായപ്പോഴും എന്റെ മനസു നിറയെ കുഞ്ഞേച്ചിക്ക് എന്തു പറ്റിയെന്നുള്ള സംശയമായിരുന്നു…
കയ്യിലൊരു ബാം എടുത്തു മുറിയിലേക്ക് ചെല്ലുമ്പോൾ ലൈറ്റ് അണച്ചു ബെഡിന്റെ ഒരറ്റത്തായിരുപ്പുണ്ടായിരുന്നു കുഞ്ഞേച്ചി… ബാം നെറ്റിയിൽ പുരട്ടി കൊടുത്തുകൊണ്ട് ‘ഓഫീസിലെന്താ സംഭവിച്ചെതെന്ന് ‘ ചോദിച്ചപ്പോഴേക്കും വിതുമ്പി കരഞ്ഞു കൊണ്ട് കുഞ്ഞേച്ചി എന്നോടെല്ലാം പറഞ്ഞിരുന്നു… അവസാനമായി ഒരു വാക്കും ..
” അച്ഛനോ അമ്മയോ ഒന്നും അറിയരുത്.. അവരുകൂടി വിഷമിക്കും…. നാളെ മുതൽ ഞാനാ ഓഫീസിലേക്കില്ല.. ശമ്പളം കുറവായതു കൊണ്ട് ജോലി രാജി വെച്ചതാണെന്ന് ഞാൻ തന്നെ അച്ഛനോടും അമ്മയോടും പറഞ്ഞോ…”
കുഞ്ഞേച്ചിക്ക് പറഞ്ഞു പൂർത്തിയാക്കാൻ അവസരം കൊടുക്കാതെ തന്നെ ഞാനെന്റെ തീരുമാനം കുഞ്ഞേച്ചിയോടായ് പറഞ്ഞു
“കുഞ്ഞേച്ചി പതിവ് പോലെ നാളെയും ഓഫീസിൽ പോകും… കൂടെ ഞാനുമുണ്ടാകും…”
കുഞ്ഞേച്ചിയോടതു പറയുമ്പോൾ ഞാനും മനസ്സിൽ ചിലതു കണക്കു കൂട്ടിയിരുന്നു… എന്റെ കണ്ണുകളിലെ തീഷ്ണതയും മുഖഭാവവും കണ്ടിട്ടാകാം കുഞ്ഞേച്ചി മറുത്തൊന്നും പറയാതിരുന്നത്.. ആദ്യമായും ഒരുപക്ഷെ അവസാനമായും കുഞ്ഞേച്ചിയുടെ സമ്മതത്തിന് കാത്തു നിൽക്കാതെ ഞാനെടുത്ത തീരുമാനം അനിവാര്യമാണെന്ന് കുഞ്ഞേച്ചിക്കും തോന്നിയിരിക്കാം….
പിറ്റേന്ന് പതിവ് സമയത്തു തന്നെ കുഞ്ഞേച്ചി ഓഫീസിലേക്ക് പോകാനിറങ്ങിയപ്പോൾ ഞാനും കൂടെ കൂടിയിരുന്നു….. ഒരിക്കൽ പോലും അത്ര രാവിലെ എഴുന്നേൽക്കാത്ത ഞാൻ നേരത്തെ എഴുന്നേറ്റു റെഡിയായത് കണ്ടു അമ്മക്ക് തികച്ചും അത്ഭുതമായിരുന്നു… എന്റെ പതിവില്ലാത്ത പ്രവൃത്തി കണ്ടു സംശയിച്ചു , ‘ ഇത്ര രാവിലെ എങ്ങോട്ടാണ് ‘ എന്നു അമ്മ ചോദിച്ചപ്പോൾ ‘ബസ് ഇല്ലാത്തതു കൊണ്ട് കുഞ്ഞേച്ചിയെ ഓഫീസിലാക്കാൻ പോകുന്നു ‘ എന്നു പെട്ടന്ന് തോന്നിയ കള്ളവും പറഞ്ഞു….. ബൈക്ക് ഗേറ്റ് കടക്കുന്നതു വരെ അമ്മയുടെ കണ്ണുകൾ ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…
ഓഫീസിന്റെ പടി കടന്നു മാനേജറുടെ റൂമിലേക്ക് പോകാൻ മടിച്ചു നിന്ന, കുഞ്ഞേച്ചിയുടെ കൈയിൽ പിടിച്ചു കയറി ചെല്ലുന്ന എന്നെ കണ്ടു അയാളുടെ മുഖമാകെ പരിഭ്രമിച്ചു വിളറിയിരുന്നു.. കുഞ്ഞേച്ചിയും ഞാനും കൂടെയുയൊരു വരവ് ഒരിക്കലും അയാൾ പ്രതീക്ഷിച്ചിരിക്കില്ല.. എങ്കിലും അയാൾ തന്റെ ഭയം പുറത്തു കാണിക്കാതെ തന്നെ മുൻപിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിലേക്ക് ആതിഥ്യ മര്യാദയെന്നോണം കൈകൾ ചൂണ്ടിയപ്പോഴേക്കും എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു…
“തന്റെ സൽക്കാരം സ്വീകരിക്കാനല്ല ഞാൻ വന്നത്… താനിന്നലെ എന്റെ കുഞ്ഞേച്ചിയോട് എന്തു വൃത്തികേടാടോ പറഞ്ഞത് ? ”
എന്റെ ശബ്ദം ഉയർന്നപ്പോഴേക്കും മറ്റു ജീവനക്കാരുടെയും ശ്രദ്ധ ആ മുറിയിലേക്കെത്തിയിരുന്നു..
“ശബ്ദം ഉണ്ടാക്കല്ലേ… എനിക്കൊരു അബദ്ധം പറ്റിയതാണ്… പ്ലീസ് മറ്റുള്ളവരെ കൂടി അറിയിക്കരുത്… ”
കൈകൾ കൂപ്പി പിടിച്ചു കൊണ്ട് അയാളതു പറയുമ്പോൾ എന്റെ ദേഷ്യം ഇരട്ടിക്കുകയല്ലാതെ തെല്ലു ദാക്ഷിണ്യം പോലും എനിക്കയാളോട് തോന്നിയില്ല..
“കേൾക്കട്ടെ… എല്ലാവരും അറിയട്ടെ മാനേജരുടെ സൽസ്വഭാവം … നിനക്ക് രാത്രിയിൽ എന്റെ കുഞ്ഞേച്ചിക്കൊപ്പം ചിലവഴിക്കണം അല്ലെടോ ? താനൊക്കെയുള്ളടത്തോളം കാലം തനിച്ചു ഒരു പെൺകുട്ടി വൈകി എങ്ങനെ ജോലി ചെയ്യും ? ”
“പ്ലീസ് … നമുക്ക് പുറത്തു പോയി സംസാരിക്കാം… ”
“വേണ്ട… ഇവിടെ നിന്നു തന്നെ സംസാരിച്ചാൽ മതി… പിന്നെ തന്നോടെനിക്കൊരു കാര്യത്തിൽ മാത്രം നന്ദിയുണ്ട്…. തനിച്ചായിരുന്നിട്ടും അവസരമുണ്ടായിരുന്നിട്ടും താനെന്റെ കുഞ്ഞേച്ചിയെ ശാരീരികമായി ഉപദ്രവിച്ചില്ല…. അതിലെനിക്ക് തന്നോട് ഒത്തിരി നന്ദിയുണ്ട്… എന്റെ അമ്മയുടെ പ്രാർത്ഥനയുടെ ഫലമായിരിക്കാം… പക്ഷെ ഇന്നു ഞാൻ പ്രതികരിച്ചില്ലെങ്കിൽ നാളെ ഒരവസരം കിട്ടിയാൽ , ഒരു പെൺകുട്ടിയെ തനിച്ചു കിട്ടിയാൽ താനതും ചെയ്യും.”
മാനേജറോടത് പറഞ്ഞു അയാളുടെ നേരെ എന്റെ കൈ ഞാൻ വീശിയപ്പോഴേക്കും മറ്റൊരു കരം അയാളുടെ മുഖത്തു പതിഞ്ഞിരുന്നു…ആ കരത്തിന്റെ ഉടമയെ അറിയുവാനായി പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ , ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു തീക്കനൽ പോലെ നിൽക്കുന്ന കുഞ്ഞേച്ചിയെയാണ് ഞാൻ കണ്ടത്… കുഞ്ഞേച്ചിയിൽ നിന്നും ഞാനോ അയാളോ ഒരിക്കലും അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല….
“ഇനിയൊരു പെൺകുട്ടിയോട് മോശമായി പെരുമാറാൻ തോന്നുമ്പോൾ തനിക്കിപ്പോൾ കിട്ടിയ ഈ അടി എന്നും ഓർമയിലുണ്ടായിരിക്കണം … പിന്നെ ഇതെന്റെ രാജി കത്താണ്.. ഞാൻ തന്റെ മുൻപിൽ തോറ്റത് കൊണ്ടല്ല ഞാൻ രാജി വെക്കുന്നത്…. തന്നെ കാണുന്നതു പോലും എനിക്കു വെറുപ്പാണ്… ”
ലജ്ജിച്ചു തല താഴ്ത്തി നിൽക്കുന്ന മാനേജറുടെ മുഖത്തെക്ക് ആ രാജി കത്തു വലിച്ചെറിഞ്ഞു , എല്ലാവരും നോക്കി നിൽക്കെ കുഞ്ഞേച്ചി എന്റെ കൈ പിടിച്ചു ഇറങ്ങി പോരുമ്പോൾ ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത കുഞ്ഞേച്ചിയുടെ മുഖമാണ് ഞാനാനിമിഷം കണ്ടത്…. മാനത്തിന് വില പറയുന്നവന്റെ മുൻപിൽ ശക്തമായി പ്രതികരിക്കുന്ന പെണ്ണിന്റെ മുഖം….
രചന :Anjana Mariya Thomas.