അടുക്കളയിൽ നിന്ന് സവാള അരിയുന്ന അവളെ പുറകിലൂടെ ചെന്ന് ചേർത്ത് പിടിച്ച് ചെവിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു…

രചന : അനാമിക ആമി

ജീവാംശമായ്

ഏട്ടൻ കഴിഞ്ഞ ജന്മത്തിൽ വല്ല യക്ഷിയുമായിരുന്നോ, കഴുത്തിനോടാണല്ലോ പ്രിയം നീ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയിൽ പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കഴുത്തിന്റെ പുറകിലെ നനുത്ത രോമങ്ങളിൽ ഉമ്മ വെക്കുന്നതിന്റെ സുഖമൊന്ന് വേറെയാ ….. എന്റെ കരവലയങ്ങളെ ഭേദിക്കാനാവാതെ അവൾ ചിണുങ്ങി..

ദേ വിനുവേട്ടാ, അമ്മ കാണൂട്ടോ എങ്കിൽ എന്റെ മോള് വേഗം ഈ ചുണ്ടിലൊരുമ്മ തന്നിട്ട് പാത്രം കഴുകിക്കോ

“എടാ വിനീഷേ എണീക്കാനായില്ലേ…?

“അമ്മേ ഇതൊന്ന് തന്നോട്ടേ ”

”നിനക്കൊന്നല്ല രണ്ടാതരേണ്ടത്, എണീറ്റ് പോയ് വണ്ടി കഴുകിയിടെടാ സ്കൂൾഓട്ടം പോകണ്ടേ..?”

ശ്ശെടാ അമ്മയിങ്ങനെ രംഗബോധമില്ലാതായാൽ സ്വപ്നത്തിൽ പോലും ഒരുമ്മ കിട്ടൂല്ലല്ലോ, എന്നാലും എന്റെ മീനാക്ഷീ, രാവിലെ തന്നെ കൊതിപ്പിച്ച് കടന്ന് കളഞ്ഞല്ലോ, അവളും അവളുടെ അമ്മാവൻമാരും അറിയണ്ട എന്നെ വെട്ടിക്കൊല്ലും അവളെ സ്വപ്നം കണ്ടെന്നകുറ്റത്തിന്.

“അമ്മേ ഒരു തുണിയിങ്ങെടുത്തേ ഈ വണ്ടിയുടെ ഗ്ലാസ് ഒന്ന് തുടക്കട്ടെ..” വണ്ടിയുടെ ഗ്ലാസ് തുടയ്ക്കും തോറും മീനാക്ഷിയുടെ മുഖം അതിൽ തെളിയുന്ന പോലെ …. അവൻ അതിൽ തന്നെ നോക്കി നിന്നു. … ദൈവമേ, മീനാക്ഷിയുടെ അമ്മാവനാണല്ലോ വരുന്നത് ഞാൻ സ്വപ്നം കണ്ടത് ഇത്ര പെട്ടെന്ന് അവിടെയറിഞ്ഞോ

“ഡാ വിനീഷേ മീനാക്ഷീടേ കല്യാണം ഉറപ്പിച്ചു, ഈ വരുന്ന ചിങ്ങത്തിലാ, കല്യാണത്തിന് നിന്റെ ട്രാവലർ ബുക്ക് ചെയ്യാൻ വന്നതാ.”

“ശരി മോഹനേട്ടാ നമ്മുടെ മീനാക്ഷീടെ കല്യാണത്തിന് അങ്ങോളമിങ്ങോളമോടാൻ ഈ വിനീഷും വണ്ടിയും റെഡി”…

എന്നാലുമെന്റെ വ്യാകുലമാതാവേ എന്നോടീ ചതി വേണ്ടായിരുന്നെട്ടോ, കൃഷ്ണന്റെ അമ്പലത്തിലെ താലത്തിന് അവളെ ചുമ്മാ വായ്നോക്കിയ തെറ്റല്ലേ ഞാൻ ചെയ്തിട്ടുള്ളൂ,പിന്നെ എന്തിനാ വെറുതെ ബോധമില്ലാതെ ഉറങ്ങിക്കിടന്നിരുന്ന എന്നെക്കൊണ്ടങ്ങനെ സ്വപ്നം കാണിച്ചത്, മോഹനേട്ടൻ പോകുന്നത് നോക്കി നെടുവീർപ്പിട്ടു ……………………………………………………………. “ഹലോ മീനാക്ഷിയുടെ വീടല്ലേ അല്ല,ഇതെന്റെ വീടാണ്, അവളെന്റെ മോളാ, ഇതാരാണ്”

“ഞാൻ ബാലുവാണ് ”

“ഏത് ബാലു….?”

“അത് ഞാൻ ബാലകൃഷ്ണൻ, മീനാക്ഷിയുമായി കല്യാണം ഉറപ്പിച്ച… ” വിറച്ച് കൊണ്ട് പറഞ്ഞു ദൈവമേ പോത്തിനെ വെട്ടാൻ നിൽക്കുന്ന പോലെയുള്ള ഈ മനുഷ്യനോട് എങ്ങനെ അവളുടെ ഫോൺ നമ്പർ ചോദിക്കും, പെങ്ങളില്ലായ്മ ഒരു നഷ്ടം തന്നെയാണെന്ന് മനസ്സിൽ ഓർത്തു

“ഹാ ഹാ പറ മോനേ എന്തുണ്ട് വിശേഷം, എനിക്കാളെയങ്ങ് ആദ്യം മനസ്സിലായില്ല ”

“മീനാക്ഷി…..?”

“അവൾ സുഖമായിരിക്കുന്നു”

“അതല്ല, …… മീനാക്ഷി ഡിഗ്രി കഴിഞ്ഞ് പിഎസി കോച്ചിങ്ങിനൊന്നും പോയില്ലേ…?”

“അവൾ ഡ്രിഗ്രിക്ക് തന്നെ പോയത് അവൾടെ അമ്മയുടെ നിർബന്ധം കൊണ്ടാ തല്ലിപ്പഴുപ്പിച്ചിട്ടെന്ത് കാര്യം, ഈ ചെറുപ്രായത്തിൽ സർക്കാർ ജോലി മേടിച്ച മോൻവേണം ഇനി അവളെയൊന്ന് നേരെയാക്കാൻ…. ”

“ഒരു ബുക്കുണ്ട് അത് ഞാൻ മീനാക്ഷിക്ക് പറഞ്ഞ് കൊടുക്കാം മീനാക്ഷിയോട് എഴുതിയെടുക്കാൻ പറ.”

“മീനൂ ഒരു പേനയും പേപ്പറുമായിട്ട് വന്നേ ഈ ചെക്കന്റ കൂടെ കൂടിയെങ്കിലും ഒന്ന് നന്നാവാൻ നോക്കടീ… ”

“ഹലോ…”

“മീനുവാണോ…?”

“ഉം ”

“എഴുതിയെടുത്തോ രാത്രി മിസ്ഡ് അടിക്കണം ഞാൻ വിളിക്കും ഇതല്ലാതേ വേറെ നിവർത്തിയില്ലായിരുന്നു, ഫോൺ നമ്പർ എഴുതിയ പേപ്പർ അച്ഛനെ കാണിക്കല്ലേ… രാത്രി നന്നായി സംസാരിക്കണം ഈ നാണമൊന്നും വേണ്ടാട്ടോ…”

“ബുക്കിന്റെ പേര് കിട്ടിയോ മോളേ…? ”

“ഈ ബുക്ക് ഞാൻ വായിച്ചിട്ടുണ്ടച്ഛാ കൊള്ളത്തില്ല, ഓൺലൈനായി പഠിക്കുന്നതാ നല്ലതെന്ന് പറഞ്ഞൊപ്പിച്ച് അവൾ മുറിയിലേക്കോടി എടീ ഷീലേ നമ്മുടെ മരുമോൻ മിടുക്കനാടീ അവന്റെ നമ്പറേ ഈ എന്നോട് കുട്ടികൾക്കറിയില്ലല്ലോ നിങ്ങളിതിനപ്പുറം ചാടിക്കടന്നവനാണെന്ന് ………………………………………………………….. ഹലോ മീനൂട്ടീ ഉം എന്തേലും പറയടോ ഉം ഉം

എനിക്കിയാളെ ഒരു പാടിഷ്ടായി ,എന്നെ ഇഷ്ടായോ

ഉം കുട്ടിക്ക് മൂളാൻ മാത്രമേ അറിയൂള്ളൊ ഹോ ഒന്ന് ചിരിച്ചല്ലോ അത് മതി

തന്റെ അച്ഛനെ പോലെ ഞാനും മീനൂട്ടീന്ന് വിളിക്കട്ടെ ഉം ഏതായാലും താൻ ഉം മാത്രമേ പറയൂ അതിന്റെ കൂടെ ഒരു മ യും കൂടി ചേർത്ത് തന്നൂടേ

അയ്യേ എനിക്ക് നാണമാ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു

എനിക്ക് നാണമൊന്നുമില്ല, കെട്ടിപ്പിടിച്ച് ചക്കരയുമ്മ രാവിലെ വിളിക്കാട്ടോ

ഹലോ ബാലുവേട്ടാ, എണീറ്റില്ലേ

ആഹാ ഇന്നാള് സ്മാർട്ടായല്ലോ

അതേയ് ഇടിവെട്ടുള്ള രാത്രികളിൽ ഞാൻ അമ്മയുടെ കൂടെയേ കിടക്കാറുള്ളൂ, ഇന്നലെ അമ്മ ഉണ്ടായിരുന്നു കൂടെ, പിന്നെ വിളിക്കാൻ പറഞ്ഞത് കൊണ്ട് വിളിച്ചൂന്നേ ഒള്ളൂ

ച്ഛേ, പറയണ്ടേ മോളേ

സാരമില്ല, ഇനി മേലാൽ അമ്മയുടെ അടുത്ത് വന്ന് കിടക്കരുതെന്ന് അമ്മ പറഞ്ഞു

കേട്ടിട്ടുണ്ടാകുമോ

ഏയ്, അമ്മ പൊട്ടിയാണല്ലോ

രാത്രി വിളിക്കാട്ടോ

ഹലോ, മീനൂട്ടി കിടന്നോ

ബാലുവേട്ടൻ വന്നിട്ട് കിടക്കാമെന്ന് കരുതി ദേ ഏട്ടൻ വന്നു, നീങ്ങി കിടക്ക്

അയ്യടാ

മീനുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താ

ഐസ്ക്രീം

ഫസ്റ്റ് നൈറ്റിൽ പാല് വേണ്ട നമുക്ക് ഐസ്ക്രീം മതി

ഉം, പറ നമുക്കാദ്യം മോള് മതീട്ടോ എന്റെ മീനൂട്ടിയെ പോലെ

ഉം,പറ

പറയല്ല തറ, എന്നെ വെറുതെ തറയാക്കരുത്, ഈ പറ യെന്ന വാക്കില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനേ മീനൂട്ടി

എന്നാലെന്റ ബാലുവേട്ടൻ ഒരു പാട്ട് പാടി താ ഉറങ്ങാൻ നീയെനിക്കരികിൽ വേണം…. ഉണരുമ്പോൾ എൻകണിയാവേണം

പിന്നീടുള്ള ഇരവുകളും പകലുകളായ് മാറി…. ഉറക്കം തഴുകുന്ന കണ്ണുകളിലെ ഉറങ്ങാതിരിക്കുന്ന സ്വപ്നമായ് പരസ്പരം അവരിരുവരുംമാറി

എടി പെണ്ണേ ഇങ്ങനെയാണേൽ കല്യാണത്തിന് മുമ്പ് ചെവിയിൽ ഓട്ട വീണ് പൊട്ടിയായിപ്പോകും

ഒന്ന് പോ അമ്മേ ….അരികിലില്ലെങ്കിലും അറിയുന്നു ഞാനിന്ന്…….

മിനി സാറേ ഈ ബാലു സാറ് ഓഫീസിലിരുന്ന് വെറുതേ ചിരിക്കുന്നു കല്യാണം ഉറപ്പിച്ചതിൽ പിന്നെയങ്ങനയാടോ ചന്ദ്രാ കല്യാണം കഴിയുമ്പോൾ ഈ ചിരി മാഞ്ഞോളും

എല്ലാവരുടെയും ചിരിയിൽ ബാലുവും നാണത്തോടെ പങ്കു ചേർന്നു ………………………………………………………. എടാ വിനീഷേ ഒരു ഓട്ടമുണ്ട് നീ വേഗം റെഡിയാവ് ഞാൻ അവരേയും കൂട്ടി വരാം

കല്യാണം ചിങ്ങത്തിലല്ലേ മോഹനേട്ടാ

ഉം, ഇരുത്തിയൊന്ന് മൂളിയിട്ട് അയാൾ പുറത്തേക്കിറങ്ങി

അമ്മേ ബാലുവേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ, രാവിലെ വിളിച്ചപ്പോൾ എന്തൊക്കെയോ ശബ്ദം കാരണം കേൾക്കാൻ പറ്റിയില്ല

അവൻ വല്ല ജോലിത്തിരക്കിലുമായിരിക്കും, നിന്നെപ്പോലെ വെറുതെയിരിക്കുവല്ലല്ലോ

മീനൂ നീ വേഗം റെഡിയാവ്, നമുക്കൊരിടം വരെ പോകാം

അമ്മ വരുന്നുണ്ടോ ഞങ്ങൾ പുറത്ത് പോകുവാ

അമ്മ വന്നാൽ അച്ഛമ്മയെ ആര് നോക്കും

ആഹാ വിനീഷേട്ടന്റെ വണ്ടിയിലാണോ കറങ്ങാൻ പോണേ, എന്നാൽ ഞാൻ മുൻപിലിരിക്കാം, കോളേജ് വിട്ടിട്ട് ഈ മനുഷ്യനെ മഷിയിട്ട് നോക്കിയിട്ടും കണ്ടിട്ടില്ല

വിനീഷേട്ടന്റെ വണ്ടിയാണല്ലേ എന്റെ കല്യാണ ഓട്ടമോടുന്നത്, വിളിച്ചിട്ട് കിട്ടുന്നില്ല അല്ലെങ്കിൽ ബാലുവേട്ടനെ പരിചയപ്പെടുത്തി തരാമായിരുന്നു

അളിയാ അവളോട് കാര്യം പറയ് വീടെത്താറായി

മോഹനാ നീ പറയ്

ഞാനെങ്ങനെ

മോളേ ബാലുവിന് ചെറിയൊരു അപകടം പറ്റി നമ്മളവനെ കാണാൻ പോകുവാ

ആ ഒരു നിമിഷം കൊണ്ടവൾ നിശ്ചലയായി, കണ്ണിമ വെട്ടുന്നില്ല, ഒരിറ്റ് കണ്ണീർ പോലും പൊടിഞ്ഞില്ല, ശ്വാസനിശ്വാസത്തിന്റെ ചലനം മാത്രം ബാക്കിയായി

വണ്ടി ഇവിടെ നിർത്തിയാൽ മതി വിനീഷേ നീ ഇവളെയൊന്ന് നോക്കിക്കോണേ, ഞങ്ങൾ അവിടെ ചെന്ന് സ്ഥിതിഗതികൾ നോക്കിയിട്ടിറക്കാം കുട്ടിയെ

എന്താണ്ടായേ

രാവിലെ ജോലിക്ക് പോകാനിറങ്ങിയ ചെക്കനാ, ഫോൺ ചെയ്ത് കൊണ്ട് റെയിൽപാളം ക്രോസ് ചെയ്യുന്നതിനിടയിൽ ട്രെയിൻ വന്നതറിഞ്ഞില്ല, ഇപ്പഴത്തെ കുട്ടികൾ കല്യാണം ഉറപ്പിച്ച് കഴിഞ്ഞാൽ ഈ ലോകത്തൊന്നുമല്ലല്ലോ ആൾക്കൂട്ടത്തിൽ നിന്നൊരാൾ പറഞ്ഞു

ദേ ആ ചാക്ക് കെട്ടല്ലാതെ കാണാൻ പോലും ഒന്നും കിട്ടിയില്ല മാഷേ, മോളെ ഇങ്ങോട്ടിറക്കണ്ട ,അവൾക്കിവടെ കയറാൻ യോഗമില്ല, ഏക മകനെ നഷ്ടപ്പെട്ട അച്ഛൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു

അവള് വന്നിട്ടുണ്ടോ ഭ്രാന്തിയെപ്പോലെ ആ സ്ത്രീ പുറത്തേക്കോടി പിടിച്ചു മാറ്റാൻ സാധിക്കുമായിരുന്നിട്ടും അവരെ തടയാതെ കുറേ പെണ്ണുങ്ങളും പുറകേ ഓടി

കൊന്നില്ലേ എന്റെ മോനെ കൊന്നില്ലേ ഇരുപത്തിനാല് മണിക്കൂറും ഫോൺ ചെയ്ത് കൊന്നില്ലേ ,നഷ്ടപ്പെട്ടത് എനിക്ക് മാത്രം

മീനാക്ഷി എന്റെ കൈകളിലേക്ക് കുഴഞ്ഞ് വീണു. എന്റെ കണ്ണിൽ നിന്നടർന്ന് വീഴുന്ന കണ്ണീരല്ലാതെ ഒരു തുള്ളി വെള്ളം പോലും വണ്ടിയിലില്ല ഒന്ന് മുഖത്ത് തളിക്കാൻ .അവളെ സീറ്റിലേക്കെടുത്ത് കിടത്തി അശുപത്രിയിലെത്തിച്ചു.

വേദനിച്ച് പുളയുന്നവരെയും പുഴുവരിച്ച് മരണം കാത്ത് കിടക്കുന്നവരെയും കൊണ്ട് പോയാൽ തട്ടിപ്പറിക്കുന്നതിലെ സുഖം കിട്ടില്ലല്ലോ, ജീവിതം ചിലപ്പോൾ അങ്ങനെയാണ്….. …………………………………………….. കാലചക്രം പതിയെ തിരിഞ്ഞു, മുറിപ്പാടുകൾ മനസ്സിന്റെ കോണിലൊളിപ്പിച്ച് അവൾ ചിരിച്ചു അച്ഛനും അമ്മയ്ക്കും വേണ്ടി, പക്ഷെ വിവാഹത്തെപ്പറ്റി അവൾക്ക് ചിന്തിക്കാൻ സാധ്യമല്ലായിരുന്നു, കാരണം അവളിന്നൊരു മനോരോഗിയാണ്, ഫോൺ ബെല്ലടിച്ചാൽ അലറി കരയുന്ന മനോരോഗി

ഞാനൊരു കാര്യം ചോദിച്ചോട്ടേ, ഈ മീനാക്ഷിയെ എനിക്ക് കെട്ടിച്ച് തരോ, സഹതാപം കൊണ്ടൊന്നുമല്ല ഇഷ്ടമാണ് ഒരുപാട്, ഒരു പക്ഷേ മീനാക്ഷി മറ്റൊരാളെ സ്നേഹിക്കുന്നതിൻ മുന്നേ ഇഷ്ടപ്പെട്ടിരുന്നു

മോനേ വിനീഷേ ഒന്നും തോന്നരുത്, നിന്റെ നല്ല മനസ്സിന് നന്ദി, പക്ഷെ അവസാനം നിനക്ക് അവളൊരു ബാധ്യതയായി തോന്നരുത്. ഇവിടുത്തെ ലാൻറ് ഫോണും മൊബൈൽ ഫോണും ഒളിപ്പിച്ച് എത്ര നാളിങ്ങനെ രോഗത്തെ തടഞ്ഞ് നിർത്തും

ഞാൻ ഇവളെ പഴയ മീനാക്ഷിയാക്കും വാക്ക് …………………………………..:……. ഡോക്ടർ ഇതാണ് മീനാക്ഷിയുടെ കഥ ഇന്നവൾക്ക് ഫോണിനെ ഭയമാണ് അത് മാറാൻ എന്ത് ചെയ്യണം

സൈക്യാട്രിയിൽ ഇതിനെ ഫോബിയ എന്ന് വിളിക്കും. ഒരു ഷോക്കിൽ നിന്നുണ്ടായ ഭയമായത് കൊണ്ട് ഷോക്ക് മാറാൻ നിങ്ങളുടെ പ്രണയം ഉപകരിക്കും പക്ഷെ ഈ ഭയം മാറണമെങ്കിൽ ഏത് വസ്തുവിനെയാണോ അവൾ ഭയക്കുന്നത് ആ വസ്തു കൊണ്ട് തന്നേ മാറ്റാനാവൂ നന്ദി ഡോക്ടർ

സ്നേഹം കൊണ്ട് ഭേദമാക്കാനാവാത്ത ഒരു മനോരോഗ വുമില്ല അവൾക്കെഴുതി, കാലം മായ്ക്കാത്ത മുറിവുകളില്ല മീനാക്ഷീ ….

മുറിവുകൾ മാഞ്ഞാലും ആ പാടുകൾ ഒരു നീറ്റൽ ഉണ്ടാക്കുന്നുണ്ടെന്നവൾ മറുപടിയെഴുതി

കത്തുകളിലൂടെ പതിയെ പതിയെ സൗഹൃദം പ്രണയത്തിന് വഴിമാറി.ആ നീറ്റൽ മാറാൻ പ്രണയമൊരു മരുന്നായി.

പിറന്നാൾ സമ്മാനം വാങ്ങാൻ കണ്ണടച്ച്കൈ നീട്ടി നിന്ന അവളുടെ കൈകളിലേക്ക് ഒരു ഫോൺ വെച്ച് കൊടുത്തു.

അലറിക്കരഞ്ഞ അവളുടെ കൈയ്യിൽ നിന്ന് ഫോൺ മാറ്റാൻ അനുവദിക്കിതെ അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു ഏതൊരു വസ്തുവും ആവശ്യത്തിന് മാത്രമുപയോഗിച്ചാൽ ആർക്കുമൊരു അപകടോം വരൂല്ലാ മീനാക്ഷി,നിന്റെ വിനുവേട്ടൻ കൂടെയുള്ളപ്പോൾ നീ ഈ ഭൂമിയിൽ ഒന്നിനേം ഭയക്കേണ്ടതില്ല

അവൾ പൊട്ടിക്കരഞ്ഞു. ഭയത്തിന്റെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു.മഴ പെയ്ത് തോർന്ന മാനം പോലെ അവളുടെ മുഖം തെളിഞ്ഞു…. ……………………………………………………… അടുക്കളയിൽ നിന്ന് സവാള അരിയുന്ന അവളെ പുറകിലൂടെ ചെന്ന് ചേർത്ത് പിടിച്ച് ചെവിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു, നീയെന്റെ പ്രാണനാണ് പെണ്ണേ

ഏട്ടാ ഈ വെളുപ്പാം കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമല്ലേ, പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഇത് പോലൊരു സ്വപ്നം ഞാൻ കണ്ടിരുന്നു, അന്നെന്നെ പുറകിലൂടെ ചുറ്റിപ്പിടിച്ചത് എന്റെ വിനുവേട്ടനായിരുന്നല്ലേ

നിനക്കിന്ന് ജോലിക്ക് പോവണ്ടേടാ ചെക്കാ കാലമെത്ര മാറിയാലും രംഗബോധമില്ലാത്ത അമ്മയ്ക്ക് മാത്രം ഒരു മാറ്റോമില്ല….

കാലം തെറ്റി പെയ്ത മഴയെ പഴിച്ച് ജോലിക്ക് പോകാനൊരുങ്ങവേ ഞാനോർത്തു, ആത്മാക്കളുടെ സന്തോഷമത്രേ മഴ……

ലൈക്ക് കമന്റ് ചെയ്യണേ

രചന : അനാമിക ആമി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters