അല്ലേലും കിടക്കാനേരം ഞാൻ മുത്തും തേനും പാലുമൊക്കെയാണല്ലോ…

രചന: Laizy Yoozaf

“ഗംഗേ…….. ”

മണിച്ചിത്രത്താഴിൽ ശൂരേഷ്‌ഗോപി വിളിക്കുന്നതിനേക്കാൾ ഡബിൾ സ്‌ട്രോങിൽ അനിൽ ഭാര്യയെ നീട്ടി വിളിച്ചു… എന്നിട്ടെന്താ കാര്യം.. വെടി പൊട്ടിച്ചാൽപോലും അവളറിയില്ല…

അനിൽ പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് ചെന്നു..

“എടീ ആ ഫോണൊന്ന് താഴെ വയ്ക്ക്.. എന്റെ ഷർട്ട് തേച്ചോ നീ.. ??”

“അയ്യോ.. ഞാനത് മറന്നു… ”

“ഹാ നീ മറക്കും… എങ്ങനെയാ മറക്കാതിരിക്കാ… ഇരുപത്തിനാല് മണിക്കൂറും ഫോണല്ലെ കയ്യിൽ… ഫേസ് ബുക്ക്, വാട്സപ്പ്.. ദേ എല്ലാംകൂടെ ഒരുദിവസം ഒറ്റ ഏറുണ്ടാവും.. ”

ദേ പോയി… മറ്റെന്തും അവൾ സഹിക്കും.. പക്ഷെ വാട്സപ്പ്പും ഫേസ് ബുക്കും പറഞ്ഞാ അവൾടെ ഫെയ്‌സിൽ കടുന്നെല്ല് കുത്തിയപോലെ ആവും.. ഇനിയിപ്പോ ഞാൻതന്നെ തേക്കണമല്ലോ… എന്റെ ഈശ്വരാ കെട്ടിയപ്പോ എഴുത്തും വായനേം അറിയാത്ത ഒന്നിനെ കെട്ടിയാമതിയായിരുന്നു…

“ഹാ..എന്നിട്ടെന്തേ… കെട്ടാഞ്.. ”

“ആഹാ നീ ഇവിടെ നില്പുണ്ടായിരുന്നോ… എടി ഒന്ന് തേച്ചു താടീ.. ”

“ഉം… എന്നാ എനിക്ക് വൈകീട്ട് വരുമ്പോ ദാത്രീന്റെ ഹെയർ ഓയിൽ കൊണ്ടുവരോ.. ?”

“ആ.. മറന്നില്ലേൽ നോക്കാം.. ”

“പിന്നെ ഒരു ഫെയർ ആൻഡ് ലോവ്‌ലി ക്രീമും… ”

“എന്താപ്പോത്… ഫാഷൻ പരേഡ് ണ്ടോ.. ?”

“കളിയാകേണ്ട.. അല്ലേലും നിങ്ങക്കിപ്പോ പണ്ടത്തെപ്പോലെ എന്റെ സൗന്ദര്യത്തിൽ ഒരു നോട്ടവുമില്ല.. ”

“ആ.. പണ്ട് ഞാൻ നോക്യേന്റെ ആണല്ലോ ഇപ്പൊ അനുഭവിക്കണ്…. ”

“എങ്ങനെ.. എങ്ങനെ… ”

“ഒന്നുല്ല പൊന്നേ…. ”

ഷർട്ട് ധരിച്ച് ബൈക്കിന്റെ കീയും കയ്യിലെടുത്ത് അനിൽ പുറത്തേക്കിറങ്ങി… പതിയെ ഉമ്മറപ്പടിയിലേക്കൊന്ന് എത്തിനോക്കി…

ആ അവൾ ഫോണിൽ കുത്തുകയാവും… എന്നെ യാത്ര അയക്കാനൊക്കെ അവള്കെവിടാ സമയം…

ബൈക്കിൽ കയറിയപ്പോൾ അപ്പുറത്തെ ഫ്ളാറ്റിലെ രമേശനും ഭാര്യയും കുണുങ്ങി ചിരിക്കുന്നതുകേട്ട് അനിൽ തിരിഞ്ഞൊന്ന് നോക്കി.. ആ. എന്താ ചേർച്ച.. ഇപ്പോളും കാമുകി കാമുകന്മാരെ പോലെയാണ്… രമേശൻ ജോലിക്ക് പോവുമ്പോ അവൾ റ്റാറ്റാ കാണിച്ച് കൊടുക്കും.. വൈകീട്ട് വരുമ്പോ ഉമ്മറപ്പടിയിൽ കാത്ത് നിൽക്കുന്നുണ്ടാവും അവൾ… ഈശ്വരാ.. ഇതിനൊക്കെ ഒരു ഭാഗ്യം വേണം…. എന്റെ ഭാര്യയെ ജോലിക്ക് പോകുമ്പോൾ കണ്ടാ കണ്ടു.. വൈകീട്ട് വരുമ്പോ പോത്ത് പോലെ കിടക്കുന്നുണ്ടാവും….. ശവം.

വൈകീട്ട് ജോലി കഴിഞ്ഞ് അനിൽ വന്നപ്പോൾ ഗംഗ പടിവാതിലിൽ കാത്ത് നിക്കുന്നുണ്ടായിരുന്നു..

എന്റെ ഈശ്വരാ.. ഇത് സ്വപ്നമാണോ…ഏയ്.. എന്നെ കാണാൻ പൂതിയായിട്ടൊന്നും ആവില്ല…ഫോണിലെ ബാലൻസ് തീർന്നുകാണും…

“എന്താടീ ഭാര്യേ… മിഴിനട്ടിരിക്കുന്നെ.. ”

“നിങ്ങളെ നോക്കി നിക്കായ്രുന്നു.. ”

“ആഹാ…. ”

പ്രത്യേകിച്ചൊന്നും പറയാതെ അവൾ കയ്യിലെ കവറിലേക്ക് നോക്കുന്നുണ്ടായിരുന്നു… ”

“ഇതാ…പഞ്ചസാരേം. ചായപ്പൊടീം… എടുത്തവയ്ക്ക്.. ”

“ഉം… ”

പുഞ്ചിരി തൂകി പടിവാതിലിൽ നിന്ന ഗംഗയുടെ മുഖത്തു പെട്ടെന്നൊരു വിഷാദഭാവം… ” അവൾക്കിതെന്ത് പറ്റി…. ” അപ്പോഴാണ് അനിൽ ഓർത്തത്…

അയ്യോ അവൾ പറഞ്ഞത് ഞാൻ മറന്നല്ലോ….

കമിഴ്ന്ന് കിടന്ന് ഉറക്കം നടിച്ച് കിടക്കുന്ന ഗംഗയെ അനിൽ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു..

“ഏട്ടൻ മറന്നതാ ഡീ.. നാളെ എന്തായാലും കൊണ്ടുവരാ ട്ടോ.. ”

“വേണ്ട… വെറുതേ ഒലിപ്പിക്കണ്ട… ”

“അല്ലാടീ.. സത്യായിട്ടും കൊണ്ടുവരാം ”

“ഉറപ്പാണോ… ”

“ഉറപ്പ് . ”

“എന്നാ സുല്ല്.. പിന്നെ ഏട്ടനറിഞ്ഞോ.. അപ്പുറത്തെ രമേശന്റെ ഭാര്യ ഒളിച്ചോടി പോയി.. ”

“ന്ത്… നേരോ.. ????”

“നേരുതന്നെ.. ഒരു കത്തെഴുതി വച്ചിട്ടാ അവൾ പോയത്… ”

അനിൽ രാവിലെ കണ്ട രംഗം മനസ്സിലൊന്നോർത്തെടുത്തു….

. ഈശ്വരാ അവളീ ടൈപ് ആയിരുന്നോ….. !

“എടീ.. നിനക്കൊന്ന് ഒളിച്ചോടി പൊയ്ക്കൂടേ.. ?”

“അയ്യടാ.. എന്നിട്ട് നിങ്ങൾക് സുഗിച്ച്‌ ജീവിക്കാനല്ലേ. ”

“അപ്പൊ നടക്കൂലാ അല്ലേ. ”

“ഈ ജന്മം നടക്കൂല്ല.. നിങ്ങളെ അങ്ങനെ ഞാൻ വിടില്ല.. ”

“എടീ..നീയൊരു മുത്താണ്. ”

“അല്ലേലും കിടക്കാനേരം ഞാൻ മുത്തും തേനും പാലുമൊക്കെയാണല്ലോ.. ”

“ഹിഹി. … അല്ലാടി…നീയെപ്പോളും എന്റെ മുത്താണ്… “…..!!!!!!! ലൈക്ക് കമന്റ് ചെയ്യണേ, ഇനിയും കഥകൾക്ക് കുപ്പിവള എന്ന ഈ പേജ് ലൈക്ക് ചെയ്യുക…

രചന: Laizy Yoozaf

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters