ദാമ്പത്യജീവിതത്തിൽ മറ്റെന്തിനെക്കാളും മനസ്സുകൾ തമ്മിലുള്ള ചേർച്ചയാണ് ഏറ്റവും വലുത്…

രചന: Pradeep Kumaran

” ഡാ , ആന്റുചേട്ടനും ചേച്ചിയും തമ്മിൽ ഒരു ചേർച്ചയുമില്ലല്ലോ? ” .

” ശരിയാ, എന്ത് കണ്ടിട്ടാണ് അവർ പ്രേമിച്ച് കല്യാണം കഴിച്ചതെന്ന് മനസിലാകുന്നില്ല.പ്രേമത്തിന് കണ്ണില്ല എന്നൊക്കെ പറയുന്നത് ശരിയാണ് അല്ലേടാ?.”

മഴ പെയ്തിറങ്ങുന്ന ഒരു വൈകുന്നേരം ആന്റുചേട്ടന്റെ വീട്ടിൽ നിന്നും റമ്മി കളിയെല്ലാം കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ ബിജോവിന്റെ അഭിപ്രായത്തിനോട് ഞാനും യോജിച്ചു. ജോലിയും കൂലിയുമൊന്നുമില്ലാതെ തേരാ പാര നടന്നിരുന്ന ഞങ്ങൾക്ക് റമ്മി കളി സമയം കളയാനുള്ള ഉപാധിയെക്കാൾ അഭിനിവേശമായി തോന്നിയ നാളുകൾ. വീട്ടിലും പറമ്പിലും പൊടിമീശ കിളിർത്ത പിള്ളേർ ചീട്ട് കളിച്ചു നടക്കുന്നുയെന്ന വീട്ടുകാരുടെ പരാതിയിൽ സമാധാനമായി ഒരു കളിസ്ഥലം നോക്കി നടക്കുമ്പോളാണ് ബിജോയ്‌ ആന്റു ചേട്ടനെ കുറിച്ച് പറഞ്ഞത്. ഇഷ്ട്ടിക കളം നടത്തിപ്പ് ആയിരുന്നു ആന്റുചേട്ടന്റെ തൊഴിൽ. മഴകാലമായാൽ വീട്ടിൽ തന്നെയിരിക്കുന്ന ആന്റു ചേട്ടന് ഞങ്ങളുടെ അങ്ങോട്ടുള്ള വരവ് നന്നേ ബോധിച്ചു. ആറ് അടിയോളം പൊക്കവും , കഷണ്ടി തലയും കട്ട മീശയും മുഴങ്ങുന്ന ശബ്ദവുമുള്ള ആന്റുചേട്ടൻ കാഴ്ചയിൽ ഒരു പരുക്കനായി തോന്നിയെങ്കിലും വെറും ഒരു പാവമാണെന്നു പിന്നീട് ഞങ്ങൾക്ക് മനസ്സിലായി..പൊക്കം കുറഞ്ഞ മെലിഞ്ഞ ത്രേസ്യമ്മ ചേച്ചി ഞങ്ങളോട് സ്നേഹത്തോടെയും വാത്സല്ല്യത്തോടെയും മാത്രമേ പെരുമാറിയിട്ടൊള്ളു. കുസൃതികളയ മൂന്ന് കുട്ടികളും അടങ്ങുന്ന ആ കുടുംബം സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ചീട്ട് കളിയും കാരംസ് കളിയും കുട്ടികളുടെ കുസൃതികളുമായി മാസങ്ങളും വർഷങ്ങളും കടന്ന് പോയത് ഞങ്ങളറിഞ്ഞില്ല. ചേച്ചി ഉണ്ടാക്കി തരുന്ന കട്ടൻ ചായയും പലഹാരങ്ങളും ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. ഒരു ദിവസം പോലും അങ്ങോട്ട് പോകാതിരിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഞങ്ങളെ കാണാതിരുന്നാൽ കുട്ടികളെ വിട്ട് അന്വേഷിപ്പിക്കുന്ന ചേട്ടനും ചേച്ചിയും. ആ കുടുംബവുമായി ഞങ്ങൾക്ക് ഒരു ഹൃദയബന്ധം ഉടലെടുത്തിരുന്നു. കൂട്ടത്തിൽ പ്രാരാബ്ധക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല എന്നോട് അവർക്ക് പ്രത്യേക താൽപ്പര്യം ഉണ്ടായിരുന്നു.

” ചേച്ചി ഞാനൊരു കാര്യം ചോദിക്കട്ടെ? ”

ഒരു ദിവസം ചുമ്മാ അവിടെ ഇരിക്കുമ്പോൾ ഞാൻ ത്രേസ്യമ്മചേച്ചിയോട് ചോദിച്ചു.

” നീ ചോദിക്ക് പ്രതി.എനിക്കറിയാവുന്നത് ആണെങ്കിൽ പറയാം.”

” ചേച്ചിയും ചേട്ടനും തമ്മിൽ പ്രായത്തിലും രൂപത്തിലും ഒരുപാട് വ്യത്യാസമുണ്ടല്ലോ?. പിന്നെയെങ്ങനെയാണ് നിങ്ങൾ പ്രേമിച്ച് കല്യാണം കഴിച്ചത്? ”

എന്റെ മണ്ടൻ ചോദ്യത്തിൽ ഒന്നമ്പരന്നുയെങ്കിലും പിന്നെ ചിരിച്ചുകൊണ്ട് ചേച്ചി മറുപിടി തന്നു.

” ഡാ, കുടുംബ ജീവിതത്തിൽ നീ ഈ പറഞ്ഞ കാര്യങ്ങളെക്കാൾ പ്രാധാന്യമുള്ള വേറെ പലതുമുണ്ട്. ഇപ്പോൾ അതൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകില്ല.നിങ്ങൾക്ക് ഒരു കുടുംബജീവിതമുണ്ടാകുമ്പോൾ ഞാൻ ഈ പറയുന്ന കാര്യങ്ങൾ താനേ മനസിലാകും.”

ചേച്ചി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലയെങ്കിലും ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.

ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ സിറ്റ്ഔട്ടിൽ ഇരുന്നു ഞാനും കുട്ടികളും കൂടി കാരംസ് കളിച്ചുകൊണ്ടിരിക്കുമ്പോളാണ് ബ്ലൈഡ്ക്കാരൻ ഡെവിസ് റോഡിൽ കൂടി നടന്ന് വരുന്നത് ഞാൻ ശ്രദ്ധിച്ചത്. ഈ ആഴ്ച അടവ് കൊടുക്കാൻ എന്റെ കയ്യിൽ കാശ് ഇല്ലായെന്നതും അയാളെ അഭിമുഖികരിക്കാൻ മടിയുള്ളതും കൊണ്ട് ഞാൻ പെട്ടന്ന് ഹാളിലോട്ടു ഓടികയറി. TV കണ്ടുകൊണ്ടിരുന്ന ആന്റുചേട്ടനും ചേച്ചിയും എന്റെ ഓടി വരവും മുഖഭാവവും ശ്രദ്ധിച്ചു കൊണ്ട് കാര്യമെന്തായെന്ന് ചോദിച്ചു. ഒന്നുമില്ലായെന്ന എന്റെ മറുപിടി ഖന്ധിച്ചുകൊണ്ട് പിന്നാലെ വന്ന ആൻസി പ്രദീപേട്ടൻ ബ്ലൈഡ് ക്കാരനെ കണ്ട് പേടിച്ചോടിയതാണെന്ന് പറഞ്ഞു. ആൻസിമോളുടെ മറുപിടി കേട്ട ആന്റുചേട്ടൻ ചേച്ചിയെ ഒന്ന് നോക്കി.ചേട്ടന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയിട്ടാന്നോണം ചേച്ചി കയ്യിൽ കിടന്ന വളകൾ ഊരി.

” പ്രതി, നീ ആ വളകൾ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്തിട്ട് ഇപ്പോഴുള്ള നിന്റെ ബാധ്യതകൾ തീർക്കു.ബാക്കിയെല്ലാം നമ്മൾക്ക് പിന്നീട് ആലോചിക്കാം.”

ആന്റുചേട്ടന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങിയപ്പോഴും എന്റെ കണ്ണുകളെ എനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല. ഒരു നോട്ടം കൊണ്ട് ചേട്ടന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞ ചേച്ചിയുടെ മനഃപൊരുത്തത്തിൽ ഞാൻ അത്ഭുതംകൊണ്ടു.

” ചേട്ടനെന്താണ് ഈ പറയുന്നത്?. ഇല്ലായെന്ന് പറയാനുള്ള മടികൊണ്ടു മാത്രമാണ് ഞാൻ അയാൾ കാണാതെ മാറി നിന്നത്. അത് ഞാൻ അടുത്ത ദിവസം തന്നെ കൊടുത്ത് കൊള്ളാം.”

” പ്രതി , ഇപ്പോൾ ചേട്ടൻ പറയുന്നത് അനുസരിക്കുക. ബാക്കിയെല്ലാം നമ്മൾക്ക് പിന്നെ ആലോചിക്കാം. ഇപ്പോൾ മോൻ ഇത് കൊണ്ട്പോയി കാര്യങ്ങൾ നടത്തു.”

എന്റെ കയ്യിൽ വളകൾ നിർബന്ധിച്ചു ഏൽപ്പിക്കുമ്പോൾ എന്റെ കണ്ണുനീർ പൊടിയുന്നത് കണ്ട ചേച്ചി ചെവിക്ക് പിടിച്ച് രണ്ട് തിരിയും തിരിച്ചു.

ദാമ്പത്യജീവിതത്തിൽ മറ്റെന്തിനെക്കാളും മനസ്സുകൾ തമ്മിലുള്ള ചേർച്ചയാണ് ഏറ്റവും വലുതെന്നു അവരുടെ ജീവിതത്തിൽ നിന്നും എനിക്ക് മനസിലായ്.അവർ തമ്മിൽ ചേർച്ചയില്ല എന്ന ഞങ്ങളുടെ നിഗമനത്തിൽ തെറ്റ് പറ്റിയതോർത്ത് ഞാൻ കുണ്ഠിതപ്പെട്ടു. വർഷങ്ങൾക്ക് ശേഷം എനിക്കും ഒരു കുടുംബജീവിതമായപ്പോൾ ദാമ്പത്യ ജീവിതത്തിൽ മനസ്സുകൾ തമ്മിലുള്ള പൊരുത്തതിന്റെ ആവശ്യകത അനുഭവിച്ചറിഞ്ഞു. ലൈക്ക് കമന്റ് ചെയ്യണേ…

രചന: Pradeep Kumaran

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters