മണവാട്ടിയായി ഈ വീട്ടിൽ വന്നു കയറിയിട്ട് മിനുട്ടുകളെ ആയിട്ടുള്ളൂ…

രചന: Mahira Majid

ഇന്ന്‌ ഷൈമയുടെ രണ്ടാം വിവാഹമായിരുന്നു.. ആശംസകൾക്ക് പകരം പരിഹാസങ്ങളും കുത്തുവാക്കുകളും ഹൃദയം കീറി മുറിക്കുന്നുണ്ട്.. മണവാട്ടിയായി ഈ വീട്ടിൽ വന്നു കയറിയിട്ട് മിനുട്ടുകളെ ആയിട്ടുള്ളൂ…. അപ്പോഴേക്കും കൂട്ടം കൂട്ടമായി നിന്ന് ആളുകൾ അവളെ പച്ചക്ക് തിന്നു തീർക്കുകയാണ്…

“”ഇപ്പോ എന്തായി… 12 കൊല്ലം കഴിഞ്ഞിട്ടും അവള് അവന്റെ വാലും തൂങ്ങി നടക്കല്ലായിരുന്നോ..? ഇനിയിപ്പോ ആ കുട്ടിയും അവന്റെതല്ല എന്ന് ആര് കണ്ടു…. “”

“”‘ഏതായാലും നല്ല വിഷം തന്നെ ഓള് ഓന്റെ മേൽ കുത്തി വെച്ചത്… അല്ലെങ്കി പ്പോ ഓൻ പന്ത്രണ്ടു വയസ്സുള്ളൊരു കുട്ടിയുടെ തള്ളയെ കെട്ടുമോ…. !!!!???”””

“”ഏതു വിഷം ആയിട്ടെന്താ…എല്ലാത്തിനും ഒരു കാലാവധിയൊക്കെയുണ്ട്… അതുകഴിഞ്ഞാൽ അറിയാം ഈ കല്യാണത്തിന്റെ ഫലം…. അന്നോന് മനസി ലാകും ഓൻ ചെയ്ത മണ്ടത്തരം… “”

സദാചാര വാദികളുടെ വാക് പോരാട്ടവും തറപ്പിച്ചുള്ള നോട്ടവും കൊണ്ട് ശ്വാസം മുട്ടിയപ്പോൾ അവൾ പതിയെ ആരുടേയും ശല്യമില്ലാത്ത ഒരൊഴിഞ്ഞ റൂമിലേക്ക്‌ മാറി നിന്നു…

തുറന്നിട്ട ജനലഴികളിൽ പിടിമുറുക്കി നിറഞ്ഞ മിഴികളെ സാരി ത്തലപ്പ് കൊണ്ട് ഒപ്പിയെടുത്തു.. പടിഞ്ഞാറേ ചക്ര വാളം വർണ്ണ വിഭൂഷിതയായിരിക്കുന്നു… അസ്തമയാർക്കൻ തന്റെ താൽകാലിക വിട വാങ്ങൽ രേഖപ്പെടുത്താൻ വെമ്പി നിൽക്കുന്നു….

ഷൈമയുടെ മിഴികളിൽ അനുമോന്റെ നിഷ്കളങ്ക മുഖം തെളിഞ്ഞു…..

പാവം ഇപ്പോൾ എന്ത് ചെയ്യുകയാവും ആവോ….എന്നെ വിട്ടുപിരിഞ്ഞുള്ള ആദ്യ രാത്രി … എങ്ങനെയാകും അവൻ ഇന്നത്തെ ദിവസം കഴിച്ചു കൂട്ടുക…

അണിഞ്ഞൊരുങ്ങിയ എന്നെ കണ്ടപ്പോഴും അഥിതികളെ സ്വീകരിക്കുമ്പോഴും അവസാനമായി യാത്ര പറഞ്ഞിറങ്ങിയപ്പോൾ ആ കുഞ്ഞി കൈ കൊണ്ട് യാത്രാ മംഗളം നേർന്നപ്പോഴും ആ പ്രകാശിക്കുന്ന മുഖം വാടിയിരുന്നില്ലേ….

ആ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന ബാഷ്പകണങ്ങളെ ആരും കാണാതെ കുഞ്ഞു കൈ കൊണ്ട് തുടക്കുന്നത് കണ്ടപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും ചാടാനാണ് എനിക്ക് തോന്നിയത്…

പൊങ്ങി വരുന്ന തേങ്ങലുകൾ ചുടു നിണങ്ങളായി അവളിൽ പെയ്തിറങ്ങി ..

ഇന്നലെയുടെ ഉണങ്ങാത്ത വൃണങ്ങൾ വീണ്ടും അവളുടെ മിഴികളിൽ വിലാപം തീർത്തു…

ആദ്യ വിവാഹം വെറും സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിൽ പര്യവസാനിച്ചപ്പോൾ രണ്ടാമതൊരു വിവാഹം വേണ്ടെന്നു ഉറപ്പിച്ചതാണ്… പിജി ക്ക് പഠിക്കുമ്പോൾ വന്ന നല്ലൊരാലോചനയ്ക്ക്‌ മുമ്പിൽ വീട്ടു കാരുടെ നിർബന്ധത്തിൽ കഴുത്തു നീട്ടുകയായിരുന്നു…. എന്നാൽ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നില്ല എന്റെ ജീവിതം.. അയാളൊരു സംശയ രോഗിയായിരുന്നു…. അദ്ദേഹത്തിന്റെ ആവശ്യമില്ലാത്ത പല സംശയങ്ങളുടെയും ഊഹങ്ങളുടെയും പേരിൽ ഞാൻ ബലിയാടാക്കപ്പെട്ടു …

കോളേജിൽ നിന്നും ഒരഞ്ചു മിനുട്ടു നേരം വൈകി വന്നാൽ… മൊബൈലിലേക്ക് ഏതെങ്കിലും ആൺ സുഹൃത്തുക്കൾ വിളിച്ചാൽ… എന്തിനേറെ അറിയുന്നവരോട് പോലും ഒന്ന് മിണ്ടിയാൽ…. അന്നത്തേക്ക് പിന്നെ അതുമതിയായിരുന്നു അയാൾക്ക്‌…

അദ്ദേഹത്തിന്റെ സംശയ പീഡനത്തിന് മുന്നിൽ വീർപ്പുമുട്ടുമ്പോഴാണ് ആ സംഭവം നടക്കുന്നത്….

അന്ന് ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു പോരുമ്പോൾ ചൂടിന്റെ തീക്ഷ്ണതയിൽ ദാഹിച്ചു വലഞ്ഞപ്പോഴാണ് ടൗണിലെ ആ കൂൾബാറിൽ കയറുന്നത്.. അവിടെ വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി കണ്ട എന്റെ പഴയ സുഹൃത്ത് അമീന്റെ ക്ഷണം സ്വീകരിച്ചു അവനോടൊപ്പം ജ്യൂസ്‌ കുടിച്ചു ഇറങ്ങുമ്പോൾ എന്നെ കാത്തിരിക്കുന്ന വിധിയെ ഞാൻ സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല.

അന്ന് വീട്ടിൽ വന്നു കയറുമ്പോൾ സിറ്റൗട്ടിൽ ഞങ്ങളുടെ ഫോട്ടോയും പിടിച്ചു നിന്ന് സിംഹത്തെ പോലെ ഗർജിക്കുന്ന അയാളെ കണ്ടു ഞാൻ ആകെ ഭയന്നു വിറച്ചു…

കണ്ടവന്റെ കൂടെ അഴിഞ്ഞാടാനായിരുന്നു അല്ലേ നീ എന്നും രാവിലെ ഉടുത്തൊരുങ്ങി ഇറങ്ങുന്നതെന്ന് അയാൾ അലമുറയിട്ടപ്പോൾ എനിക്കൊരു കാര്യം മനസിലായി സംശയ നിഴലിൽ പുഴുത്ത അയാളുടെ കണ്ണുകൾ എന്റെ പിറകെ സദാ സഞ്ചരിക്കുന്നുണ്ടാ യിരുന്നെന്ന്…

അന്നെനിക്ക് ഏറ്റുപറച്ചിലിനോ നിരപരാധിത്വം തെളിയിക്കാനോ ഒരവസരം തരാതെ അവിടെ നിന്നും പടിയിറങ്ങേണ്ടി വന്നപ്പോൾ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു വേവലാതിപ്പെട്ടത് ….

ഒരു അഴിഞ്ഞാട്ടക്കാരിയുടെ കുഞ്ഞിന്റെ പിതൃത്വം പോലും അയാൾ നിരസിച്ചപ്പോൾ അവിടെ കിടന്നു വിലപിക്കുകയല്ല അന്തസായി അവനെ പ്രസവിച്ചു വളർത്തുകയാണ് വേണ്ടതെന്നു എനിക്കു തോന്നി…

ഒറ്റമോളുടെ ദുർവിധിയിൽ സ്പന്ദനം നിലച്ച ഹൃദയം പോലെ നിശ്ചലമായിരുന്നു എന്റെ കുടുംബം അപ്പോഴേക്കും…

വൈകാരികമായി ചിന്തിച്ചാൽ ജീവിതത്തിനെന്നല്ല ഒരുപക്ഷേ ഒരു സമസ്യക്കും യഥാർത്ഥ പരിഹാരം കിട്ടില്ല…ഒരു ചവിട്ടു പടിയിൽ തെന്നി വീണെന്നു കരുതി ജീവിതകാലം മുഴുവൻ അവിടെ കിടന്നു പുഴുവരിക്കരുത്…

പിന്നെ അവിടം തൊട്ട് വാശിയുടെ പോരാട്ടമായിരുന്നു…അയാളുടെ മുന്നിൽ ജയിച്ചു കാണിക്കണം…എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അവനെയും കൊണ്ട് പഠിച്ചുയർന്നു….

എല്ലാം കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷമായിരുന്നു താൻ കാരണം വിവാഹമോചിതയായ എന്നെക്കുറിച്ച് ഒരു സുഹൃത്ത് വഴി അമീൻ അറിയുന്നത്.. കുറ്റബോധത്തിൽ വിങ്ങിയ മന സുമായി അവൻ മൂന്നു തവണ എന്റെ വീടിന്റെ പടി കടന്നു വന്നിട്ടുണ്ട്…

ഞാൻ കാരണം നഷ്ടമായ ജീവിതത്തിനു എന്റെ ജീവിതം തന്നെ പ്രായശ്ചിത്തം നല്കാൻ തയ്യാറാണെന്നും പറഞ്ഞു…

കേട്ടടങ്ങിയ വിവാദങ്ങളുടെ പുനർജനിയും മോന്റെ ഭാവിയും ആലോചിച്ചു അവനിലെരിയുന്ന കനൽ കണ്ടിട്ടും ഇനിയൊരു വിവാഹം ഇല്ല എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു…

“”നിങ്ങളുടെ മോളെ തന്നെ എനിക്ക് വേണമെന്നില്ല പക്ഷെ അവളുടെ വിവാഹം വേറെ കഴിയുന്നതിനു മുൻപേ എനിക്കൊരു ജീവിതം ഇല്ലെന്നും”” പറഞ്ഞു അന്നു അവസാനമായി അവൻ ആ പടിയിറങ്ങുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു…

കാലത്തിന്റെ കുത്തൊഴുക്കിൽ അതെല്ലാം മറന്നു അവൻ വേറെ വിവാഹം ചെയ്തിട്ടുണ്ടാവും എന്നാണു ഞാൻ കരുതിയത്…

എന്നാൽ എട്ടു വർഷങ്ങൾക്കിപ്പുറവും എന്റെ വിവാഹം കഴിയാനാണ് അവൻ കാത്തിരുന്നതെന്നറിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് മനസ്സ് ആർത്തിരമ്പുകയായിരുന്നു…

പതിവുപോലെ അന്ന് മോന്റെ കൂടെ സ്കൂൾ വിട്ടു വീടിന്റെ പടി കയറുമ്പോൾ അവിടെ എന്നെ കാത്തിരിക്കുന്ന അഥിതിയെ കണ്ട്‌ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു

മുഖവുരയില്ലാതെ മോൾ കാരണം നഷ്ടപ്പെടുന്നത് എന്റെ മോന്റെ ജീവിതം കൂടെയാണെന്ന് അയാൾ നിറമിഴികളോടെ എന്നോട് പറഞ്ഞപ്പോൾ എനിക്കതൊരിക്കലും വിശ്വസിക്കാനായില്ല…

“”മോളെ ഇനിയെങ്കിലും എന്റെ മോളുടെ തീരുമാനത്തിൽ ഒരു മാറ്റമുണ്ടാവണം…. ഈ കുടുംബം മാത്രമല്ല നിന്റെയീ അവസ്ഥയിൽ കണ്ണീരും പ്രാർത്ഥനയുമായി കഴിയുന്നതെന്നു കൂടി നീ മനസ്സിലാക്കണം…”” എന്റെ ഉപ്പയുടെ ആ വാക്കുകൾ ഹൃദയത്തിൽ വല്ലാതെ ആഴ്ന്നിറങ്ങി…

ശരിയാണ് വരുന്ന ആലോചനകൾ മുഴുവൻ ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും പിടയുന്ന നെഞ്ച് കാണാഞ്ഞിട്ടല്ല… മോന്റെ നല്ല ഭാവി നഷ്ടപ്പെടുമോ എന്ന ഭീതിയായിരുന്നു … എന്റെ കാഴ്ചപ്പാടും സമൂഹത്തിലെ പരിഹാസങ്ങളും ഭയന്നു ഞാൻ അമ്മാനമാടുന്നത് എന്റെ മാത്രം ജീവിതമല്ല എന്നത് മനസിനെ വല്ലാതെ പിടിച്ചു കുലുക്കി… എന്നാലും ഈ വിവാഹം തന്നെ വേണോ എന്ന് പലവട്ടം ചിന്തിച്ചു… വീണ്ടും ആളുകൾക്കിടയിൽ ഒരു പരിഹാസ കഥാപാത്രമാകുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…. എന്തു പറയണമെന്നറിയാതെ നിശ്ചലമായി ഞാൻ ഒരുപാട് നേരമങ്ങനെ ആ നിൽപ് തുടർന്നു… പ്രതീക്ഷ മുറ്റിയ മൂന്നു ജോഡി കണ്ണുകൾ എന്നോട് യാചിക്കുന്നത് പോലെ തോന്നി എനിക്കപ്പോൾ..

അവിടം തളംകെട്ടി നിന്നിരുന്ന നിശബ്ദതയെ ഭേദിച്ചു പെട്ടന്നാണാ ശബ്ദം ഉയർന്നത്…

“””എന്റെ ഉമ്മക്ക് ഈ വിവാഹത്തിൽ സമ്മതമാണ്… ഇത്രയും കാലം എനിക്ക് വേണ്ടി സ്വന്തം ജീവിതം പോലും വേണ്ടാന്ന് വെച്ച ഉമ്മ ഈ വിവാഹത്തിന് സമ്മതിക്കണമെന്ന് കരഞ്ഞു പറഞ്ഞപ്പോൾ പന്ത്രണ്ടു വയസു കാരനായ എന്റെ മോന്റെ വാക്കുകളിൽ ഒരു ഇരുപതു വയസു കാരന്റെ പക്വത ഞാൻ കണ്ടു…. പിന്നെ എല്ലാം പെട്ടന്നായിരുന്നു… അന്നു തുടങ്ങിയതാ ഈ പരിഹാസങ്ങളും കുത്തുവാക്കുകളും… ഞങ്ങൾ തമ്മിൽ ആദ്യ വിവാഹത്തിന് മുന്നേ പ്രണയത്തിൽ ആയിരുന്നെന്നും ഞങ്ങളുടെ വഴി വിട്ട ബന്ധം പിടിക്കപ്പെട്ടപ്പോഴായിരുന്നു വിവാഹ മോചനം എന്നും അനുമോൻ അമീന്റേതാണെന്ന് പോലും സമൂഹം പറഞ്ഞു പരത്തി….. എത്രയൊക്കെ നന്മ ചെയ്താലും അവിടെയും തിന്മ ചികയുന്ന ഒരു പറ്റം മനുഷ്യരെ കണ്ടപ്പോൾ പിറന്ന മണ്ണിനോട്‌ പുച്ഛമാണ് തോന്നിയത്….

പുറത്തു ഇപ്പോഴും പരിഹാസങ്ങളുടെ അഭിഷേകം നടന്നു കൊണ്ടിരിക്കുന്നുണ്ട്…

അമീനെ ഇവിടെയെങ്ങും കാണാനില്ല…അതൊരു തരം സ്വയം ഒളിച്ചോട്ടമാകും… കണ്ണിൽ ചോരയില്ലാത്ത….മറ്റുള്ളവരുടെ മാംസം പച്ചയോടെ കഴിക്കുന്ന ഒരു പറ്റം മനുഷ്യത്വം മരവിച്ച ആളുകളിൽ നിന്നും… പാവം എന്നേക്കാൾ കൂടുതൽ സമൂഹം ഇന്നു പഴി ചാരുന്നത് അവനെയാകും…എന്തെല്ലാം സഹിക്കുന്നുണ്ടാവും എനിക്ക് വേണ്ടി… എല്ലാം ആലോചിച്ചപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല.. എത്ര നേരമാണ് അങ്ങനെ കിടന്നു കരഞ്ഞതെന്നറിയില്ല…

റൂമിലെ കാൽ പെരുമാറ്റം കേട്ടപ്പോഴാണ് അവൾ കണ്ണു തുടച്ചു എണീറ്റത്…

അമീൻ….

അവനെക്കണ്ടപ്പോൾ അവൾ ചിരിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാഴായിപ്പോയി… അടക്കിയ തേങ്ങലുകൾ പൂർവ്വാധികം ശക്തിയോടെ പുറത്തു ചാടി… കണ്ണുകൾ തുടച്ചു ഇനിയും കരയരുതെന്നും എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ടെന്നും മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കേണ്ടെന്നും പറഞ്ഞ് ആ നെഞ്ചോടു ചേർക്കുമ്പോൾ കളിചിരി പറയുന്നൊരു കൂട്ടുകാരനെയല്ല ഉത്തരവാദിത്തമുള്ളൊരു പുരുഷനെ അവൾ അവിടെ കണ്ടു…..

(എത്രയൊക്കെ നന്മ ചെയ്താലും അതിലും തിന്മയെ ചികയുന്ന നമ്മുടെ സമൂഹത്തിന്റെ ഒരു നേർകാഴ്ച്ച, ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ)

രചന: Mahira Majid

Related Posts

This Post Has One Comment

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters